ഇരട്ടി മധുരം ...
ഈ കഴിഞ്ഞ കുറെ ദിവസങ്ങൾ എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസങ്ങളായിരുന്നു.
കാരണമെന്താന്നോ? സിനിമയിലെ എന്റെ ഒരു സൂപ്പർ ഹീറോ വിജയ് ഒരു പാർട്ടിയുണ്ടാക്കി തമിഴ്‌നാട്ടിൽ ഇലക്ഷനിൽ ഭൂരിപക്ഷം നേടി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു... ഇതൊരു വെറും വിജയമായിരുന്നില്ല.
മക്കൾ തിലകം എം.ജി.റിനേക്കാൾ പത്തു പടി മുന്നിൽ...നിമിഷ നേരംകൊണ്ട് സ്വന്തമായി ഒരു പാർട്ടിയുണ്ടാക്കി അതിനിടയിൽ തിക്തമായ ചില അനുഭവങ്ങളും നേരിട്ട് നൂറിൽ അധികം സീറ്റു നേടി ഭരണത്തിൽ വന്നത് ഇന്ത്യയിൽ ഒരു നേതാവിനും ചിന്തിക്കാൻ പോലും പറ്റുന്നതായിരുന്നില്ല...
എനിക്കൊരുപാട് ഇഷ്ട്ടമുള്ള സിനിമ
നടൻമാർ അന്നുമിന്നുമുണ്ട്.
പണ്ട് ഏറ്റവും ആകർഷിച്ചിരുന്നത്
നടികർ തിലകം ശിവാജി ഗണേശനും, ജയശങ്കറുമായിരുന്നു...
ഇപ്പോൾ വിജയ്, സൂര്യ, അല്ലു അർജുൻ, ജൂനിയർ എൻ ടി ആർ, രാം ചരൺ,മമ്മൂട്ടി, തുടങ്ങിയവരാണ് എന്റെ ഹീറോകൾ... ഇവരുടെയൊക്കെ സിനിമ ഒരു ദിവസം പത്തു മിനിറ്റെങ്കിലും കാണാതെ എന്റെ ഒരു ദിവസം കടന്നു പോകില്ല...
ഇതൊന്നുമല്ല എനിക്ക് ഇരട്ടി മധുരമായി ഇന്ന് വന്നു ഭവിച്ചതിനു പ്രധാന കാരണം. എന്റെ ആത്മസുഹൃത്തും സഹോദരതുല്യം ഞാൻ സ്നേഹ ബഹുമാനങ്ങൾ നൽകുകയും ചെയ്യുന്ന എന്റെ സഹോദരൻ ഡോക്ടർ
കെ. വിജയകൃഷ്ണന്റെ മരുമകൾ ശ്രീമതി ലക്ഷ്മിപ്രിയ ഐ. എ. എസ്. ആണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് വകുപ്പിന്റെ ഔദ്യോഗിക സെക്രട്ടറി ആയി ശ്രീ വിജയ് ഇന്നലെ തെരഞ്ഞെടുത്തിരിക്കുന്നത്...
ലക്ഷ്മിപ്രിയ മുൻപ് തമിഴ് നാട് കാർഷികമേഖലയുടെ സെക്രട്ടറി ആയിരുന്നു. പിന്നീട് എം. കെ. സ്റ്റാലിന്റെ കാലത്തു ഹരിജനക്ഷേമവകുപ്പു സെക്രട്ടറി ആയി മാറുകയുണ്ടായി.
ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് വകുപ്പിന്റെ ഔദ്യോഗിക സ്ഥാനം നൽകി തമിഴ് നാട് ആദരിച്ചിരിക്കുന്നു...
ലക്ഷ്മിയുടെ ഭർത്താവ് അതായതു വിജയകൃഷ്ണന്റെ മകൻ
ശ്രീ അരുൺ ഐ.എ.എസ്. ഇപ്പോൾ
തമിഴ്നാട് വ്യവസായ വകുപ്പിന്റെ സെക്രട്ടറിയാണ്. അദ്ദേഹത്തെപ്പറ്റി ഞാൻ മുൻപ് ഒരു എപ്പിസോഡിസിൽ എഴുതിയിട്ടത് പ്രിയ വായനക്കാർ ഓർക്കുന്നുണ്ടാകുമെന്നു വിചാരിക്കുന്നു...
ചെറുപ്പം മുതലേ എനിക്കടുത്തറിയാവുന്ന ഒരു കുടുംബമാണ് വിജയകൃഷന്റെ കുടുംബം.എന്റെ പേരമ്മ വഴി ഞങ്ങൾ ബന്ധുക്കളുമാണ്. ഞങ്ങൾ രണ്ടു കൂട്ടരുടെയും ബന്ധുവായ ഒരു ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് അന്ന് എറണാകുളത്തുണ്ടായിരുന്നു. വിജയകൃഷ്ണന്റെ അച്ഛന്റെ ഒരു എഴുത്തും വാങ്ങി ഞാനും വിജയകൃഷ്ണനു കുടി എനിക്ക് പാസ്പോര്ട്ട് കിട്ടാനുള്ള അപ്പ്ലിക്കേഷനിൽ അപ്പ്രൂവലിനു വേണ്ടിപ്പോയ കഥകൾ...
എറണാകുളത്തു വച്ച് പോക്കറ്റടിച്ചു എന്റെ കയ്യിൽ ഉണ്ടായിരുന്ന കാശു നഷ്ട്ടപ്പെടുത്തുമെല്ലാം രസകരമായ ഓർമ്മകളിൽ ഇന്നും നില നിൽക്കുന്നു. അന്നൊക്കെ ഒരു പാസ്പോർട്ട് കിട്ടാൻ എത്ര വിഷമം പിടിച്ച സംഗതി ആയിരുന്നെന്നോ ? ചിലപ്പോൾ ഒരു വർഷം വരെ കാത്തിരിക്കണം. പോലീസ് വെരിഫിക്കേഷൻ വരാൻ തന്നെ മാസങ്ങളെടുക്കും. അതില്ലാതെ പാസ്പോര്ട്ട് വേഗം കിട്ടാൻ വേണ്ടിയാണ് ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റിന്റെ അപ്പ്രൂവനിലായി എറണാകുളത്തെത്തിയത് . ഇന്നിപ്പോൾ
അര നിമിഷം കൊണ്ട് ഏതു ചേപ്പനും,
ചെരുപ്പ് കുത്തിക്കും, ചെണ്ട പൂവാലനും, പാസ്പോര്ട്ട്കിട്ടും .(പഴയ ഒരു ശൈലി പഴംചൊല്ല് ഓർത്തുപോയി). ഞാനും വിജയകൃഷ്ണനും ശക്തമായ അടിയുറച്ച കമ്മ്യൂണിസ്റ്റ് ചിന്ത ഗതിക്കാരാണ്. അടിയന്തിരാവസ്ഥക്കാലത്തു എന്റെ വാചകമടി കാരണം നിമിഷങ്ങൾ കൊണ്ടാണ് അകത്താകാതെ ഞങ്ങൾ രക്ഷപ്പെട്ടത്. അല്ലങ്കിൽ രണ്ടു "രാജന്മാർ"
കുടി കേരളം ചരിതത്തിൽ എഴുതിച്ചേർക്കുമായിരുന്നു...
വിജയകൃഷ്ണന്റെ അച്ഛൻ തിരുവല്ല ബാർ അസ്സോഷ്യനിലെ അറിയപ്പെട്ടിരുന്ന ഒരു വക്കിലായിരുന്നു. പ്രഗൽഭനായ മണ്ണൂർ കൃഷ്ണൻ നായർ...മുതിർന്ന സഹോദരൻ കേരള പബ്ലിക് സർവീസ് കമ്മീഷനിലെ
ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു...
രണ്ടാമത്തെ സഹോദരൻ കേരള സ്റ്റേറ്റ് എലക്ട്രിസിറ്റി ബോർഡിലെ ചീഫ്
എഞ്ചിനീയർ ആയിരുന്നു. എല്ലാവരും കാലയവനികക്കുള്ളിൽ ആണെങ്കിലും ഇവരെല്ലാം എന്നും എല്ലായ്പ്പോഴും നല്ല ഓർമ്മകൾ തന്നുകൊണ്ടിരിക്കുന്നു...
വിജയകൃഷ്ണനെപ്പറ്റി പറയുമ്പോൾ ഞങ്ങൾ സമ പ്രായക്കാരാണ്. ഒന്നാം ക്ലാസ്സു മുതൽ എം.എ. വരെ ഒന്നിച്ചു പഠിച്ചവരാണ്. ഇടയിൽ എനിക്കൊരു കൊല്ലം പനി പിടിച്ചു. "ഉഴപ്പെന്ന" പനി...എസ്. എസ്. എൽ. സി. പരീക്ഷയിൽ വിജയകൃഷ്ണൻ കേരളത്തിൽ ഫസ്റ്റ് റാങ്കോടെ പാസ്സായപ്പോൾ ഞാൻ കണക്കിന് നൂറിൽ മുപ്പത്തഞ്ചു മാർക്ക് കിട്ടാതെ തൊറ്റു തൊപ്പിയിട്ടു. വിജയകൃഷ്ണൻ കോളേജിലേക്ക് ചേക്കറി. ഫസ്റ്റ് റാങ്ക് ഉണ്ടായിട്ടും അന്നത്തെ ഗ്ലാമർ ഗ്രുപ്പായ ഫസ്റ്റും, സെക്കണ്ടും, ഗ്രുപ്പുകൾ നിരസിച്ചു തേർഡ് ഗ്രുപ്പ് വിജയകൃഷ്ണൻ സ്വയം തെരഞ്ഞെടുത്തു...അന്നത്തെക്കാലത്തു ഫസ്റ്റ് ഗ്രുപ്പിനും സെക്കന്റ് ഗ്രുപ്പിനും വലിയ ഡിമാന്റുള്ള ഒരു കാലമായിരുന്നു. ഒന്നുകിൽ ഒരു എഞ്ചിനീയർ അല്ലങ്കിൽ ഒരു ഡോക്ടർ. അതൊക്കെ ആയാൽ എല്ലാം ആയി
എന്നാണ് അന്നത്തെ സമൂഹത്തിന്റെ
ഒരു ആവേശം...
ആ സമയത്താണ് റാങ്ക് ഉണ്ടായിരുന്ന വിജയകൃഷ്ണൻ തേർഡ് ഗ്രുപ്പ് സ്വയം
ചോദിച്ചു വാങ്ങിയത്...തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ പ്രീഡിഗ്രി ഫസ്റ്റ് റാങ്ക്,
ബി. എ. ഡിഗ്രി ഫസ്റ്റ് റാങ്ക്, എം. എ. ഡിഗ്രി ഫസ്റ്റ് റാങ്ക്, അക്കാലത്തെ ഒരു തരംഗമായിരുന്നു പൊന്നൂട്ടൻ എന്ന് ഞങ്ങളെല്ലാം സ്നേഹത്തോടെ വിളിച്ചിരുന്ന വിജയകൃഷ്ണൻ...
എം എ പാസ്സായിക്കഴിഞ്ഞുടനെ എൻ.എസ്സ്.എസ്സ്. കാർ കൊത്തിയെടുത്തുകൊണ്ടുപോയി കോളേജധ്യാപകനാക്കി. തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നിയമാവലിയിൽ എൽ. എൽ. ബി. യും നേടി. കേരളത്തിലെ വിവിധ കോളേജുകളിൽ പ്രിൻസിപ്പലായി ജോലി നോക്കിയ ശേഷം ഇപ്പോൾ വിശ്രമ ജീവിതത്തിൽ...
അദ്ദേഹത്തിന്റെ ഭാര്യ തങ്കമണിയും കോളേജ് പ്രൊഫെസ്സറായി വളരെക്കാലം ജോലി
ചെയ്തു ഇപ്പോൾ വിശ്രമത്തിൽ...
അവരുടെ ഏകമകനാണ് ഡോക്ടർ
അരുൺ ഐ. എ. എസ്സ്.
തമിഴ് നാടിന്റെ വ്യവസായ വകുപ്പിന്റെ ചുമതലയുള്ള ആരുണിന്റെ സഹധർമ്മിണിയാണ് ഇപ്പോൾ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ
കാര്യാനിർവ്വഹണം നടത്തുന്ന ഡോക്ടർ ലക്ഷ്മി പ്രിയ ഐ. എ. എസ്സ്.
അഭിമാനിക്കുന്നു...തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് മുൻ ചെയർമാനായിരുന്നു ലക്ഷ്മിപ്രിയയുടെ അച്ഛൻ. എല്ലാവര്ക്കും അഭിമാനിക്കാം. ആത്മാർഥമായി അഭിമാനിക്കുന്നു... ആശീർവദിക്കുന്നു...
എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു..