ഉഷരഭൂമിയിലെ ശീത കാറ്റുകൾ(70) Great respect to Mrs.Bhahjath Al Matrook. (Part-14)...

ഉഷരഭൂമിയിലെ ശീത കാറ്റുകൾ(70)

Great respect to Mrs.Bhahjath Al Matrook.
(Part-14)... 
---------------------------------
തയ്യാറാക്കിയത് -  രാധാകൃഷ്ണൻ നായർ
                                  (ന്യൂസിലാൻഡ്)
--------------------------------
ഗൾഫ് രാജ്യങ്ങളിൽ നിന്ന്, കോവിഡ് കാലത്ത്, നമ്മുടെ ആൾക്കാരെ ഒഴിപ്പിച്ചു കൊണ്ട് വരുന്നത് കണ്ടപ്പോൾ, പണ്ട് കുവൈറ്റിൽ നിന്ന്  ജോർദാൻ വഴി ഞങ്ങളെയൊക്കെ ബോംബയിൽ എത്തി
ച്ചത് ഓർമ്മ വരുന്നു...ഒരു ലക്ഷത്തി എൺപത്താറായിരം ഇന്ത്യക്കാരിൽ, വിരലിൽ എണ്ണാവുന്നവർ കുവൈറ്റിൽ തങ്ങി.കുറച്ചുപേർ പല വഴികളിൽ കുടി വളരെ ബുദ്ധിമുട്ടി നാട്ടിൽ എത്തി.സ്വന്തം വണ്ടിയുമായി എത്തിയവർ വരെ ആ കുട്ടത്തിൽപ്പെടും.ഞങ്ങളൊക്കെ അവസാന ബാച്ചുകളിൽ വന്നെത്തി...
വന്ന ഉടൻ തന്നെ,ഞാൻ തിരുവനന്തപു
രത്തു ഒരു വാടക വീട്ടിലേക്ക് താമസം മാറി.
ശാസ്തമംഗലത്തെ കൊച്ചാർ റോഡിൽ...
രാഷ്ട്രീയക്കാരുടെ നടുവിൽ...
പാലോട് രവി, തമ്പാന്നൂർ രവി, തലേക്കുന്നിൽ ബഷിർ,ജി.കാർത്തികേയൻ, വയലാർ രവി, രണ്ട് കുട്ടത്തിലുമുള്ള വിജയകുമാർ, എ.കെ.ആന്റണി, അങ്ങനെ കുറെ നേതാക്കന്മാർ... 
സിനിമാക്കാരുടെ നടുവിൽ...
ബാലചന്ദ്രമേനോൻ,വിപിൻ മോഹൻ, ബൈജു, ഗായകൻ വേണുഗോപാൽ,
കൊടിയേറ്റം ഗോപി,സൂര്യ കൃഷ്ണമൂർത്തി.
സാഹിത്യവിമർശകൻ കൃഷ്ണൻ നായർ സാർ, മാധവികുട്ടി, അങ്ങനെ നീണ്ടു പോകുന്നു ആ അയൽക്കാർ...
അവിടം ഒന്ന് പൊരുത്തപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ, കുവൈറ്റ് പെട്രോളിയം ഇന്റർനാഷണലിന്റെ (K. P. I.)
അന്നത്തെ ചെയർമാനായിരുന്ന"കാമൽ അൽ ഹർമ്മി"യെ ലണ്ടനിൽ ഒന്ന് ബന്ധപ്പെടാൻ ടെലിഫോണിലൂടെ ശ്രമം നടത്തി.അദ്ദേഹം എന്റെ കസ്റ്റമർ ഒന്നുമായിരുന്നില്ലങ്കിലും, വളരെ അടുത്ത് പരിചയമുള്ള ഒരു സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ ലണ്ടൻ ഓഫീസിന്റെ ബിസിനസ്സ് കാർഡ് എന്റെ കൈവശം ഉണ്ടായിരുന്നു. അദ്ദേഹവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ നിന്ന്, അന്നത്തെ കുവൈറ്റ് പെട്രോളിയം കോർപറേഷൻ ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്ടറായിരുന്ന "നാദർ അൽ സുൽത്താൻ",പിന്നെ അക്കാലത്തു കുവൈറ്റ് ഓയിൽ സെക്ടറിൽ രുപം കൊണ്ട് വന്നിരുന്ന ഒരു ഡിവിഷൻ..."Q8" ജനറൽ മാനേജർ "മൊഹമ്മദ് അൽ കാസ്സിം",അന്നത്തെ കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനി (K O T C)  ചെയർമാൻ  "അബ്ദുൽഫതാഹ് അൽ ബദർ", ഞങ്ങളുടെ അന്നത്തെ ബാങ്കിന്റെ ചെയർമാൻ "ഹമദ് അൽ ഹമദ്",കുവൈറ്റ് നാഷണൽ പെട്രോളിയം കോർപ്പറേഷന്റെ അന്നത്തെ ഡെപ്യൂട്ടി മാനേജിങ്‌ഡയറക്ട
റായിരുന്ന "ഹാനി അബ്ദുൽഅസീസ് അൽ ഹുസൈൻ" തുടങ്ങിയവരെല്ലാം, അന്ന് ലണ്ടനിൽ ഉണ്ടന്ന് മനസ്സിലായി...പിറ്റേ ദിവസം തന്നെ, നാദർ സുൽത്താൻ എന്നെ വിളിച്ചു... സാൽഹിയ കോംപ്ലെക്സിന്റെ അവസ്ഥയെ കുറിച്ചൊക്കെ ചോദിച്ചു.
അതിന് ശേഷം അബ്ദുൽഫതാഹ് അൽ ബദറുമായും, ഹാനി അബ്ദുൽഅസീസ് അൽ ഹുസൈനു മായും സംസാരിച്ചു...
ആ സമയത്തു, ബാങ്കിന്റെ അന്നത്തെ 
ഐ. ടി. യുടെ ഹെഡ് ആയിരുന്ന, ശ്രീ കുരിയൻ വർഗീസിന്റെ ഒരു പത്രകുറിപ്പ് മനോരമയിൽ കണ്ടു. ബാങ്കിന്റെ ലണ്ടനിൽ ഉള്ള യൂണിറ്റിൽ നിന്ന്, സ്റ്റാഫ് അംഗങ്ങൾക്ക് ധനസഹായം ചെയ്യുന്നുണ്ട്.അദ്ദേഹത്തെ ഡീറ്റെയിൽസ് അറിയിച്ചു കൊടുക്കണമെ
ന്നായിരുന്നു പത്രക്കുറിപ്പിലെ വിവരം.
അദ്ദേഹം തിരുവല്ലയിലായിരുന്നു താമസം.അതനുസരിച്ചു എന്റെ വിശദാംശങ്ങൾ  അദ്ദേഹത്തിന് ഞാൻ
അയച്ചു കൊടുത്തു.ബോംബെ ആസ്ഥാനമാക്കി അന്നത്തെ റീറ്റെയ്ൽ അഡ്മിനിസ്ട്രേഷൻ മാനേജരായിരുന്ന (Branches Administration Manager) 
പ്രബോദ് പ്രഭാകറും, ഡൽഹി ആസ്ഥാനമാക്കി അന്നുണ്ടായിരുന്ന കോർപ്പറേറ്റ് ഡിവിഷനിലെ ഒരു മാനേജരായിരുന്ന ജി.പി.സഹാനിയും,  അദ്ദേഹത്തിന്റെ സഹായിയായി, അവിടെത്തന്നെ ഉണ്ടായിരുന്ന ഇന്റേണൽ കൺട്രോൾ യൂണിറ്റിന്റെ (Management Internal Control) മാനേജരായിരുന്ന, നവീൻ മൽഹോത്രയും, തെക്കേ ഇന്ത്യയിൽ, കുരിയൻ വര്ഗീസ്, ഒക്കെ ചേർന്നായിരുന്നു ബാങ്കിന്റെ ലണ്ടൻ ഓഫീസുമായുള്ള കമ്മ്യൂണിക്കേഷൻ എല്ലാം തന്നെ നടന്നിരുന്നത്. ബാങ്കിന്റെ എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും, രണ്ട് പ്രാവശ്യം,ലണ്ടൻ യൂണിറ്റ് സാമ്പത്തിക സഹായം (ഇറാഖിന്റെ അധിനിവേശ സമയത്തും) നൽകി എന്നുള്ളത് സ്‌തുത്യർഹമായ ഒരു കാര്യമായിരുന്നു...വലിപ്പ ചെറുപ്പം നോക്കാതെ തുല്യമായി...
അധികം താമസിയാതെ, അമേരിക്ക, ബ്രിട്ടൻ, മുതലായ രാജ്യങ്ങളുടെ സഹായത്തോടെ കുവൈറ്റ് തിരിച്ചെത്തി... യുദ്ധത്തിന് മുൻപ് കുവൈറ്റ് ബാങ്കിങ്ങ് മേഖലയിൽ ഉണ്ടായിരുന്ന 99 ശതമാനം പലസ്‌തീനികളും അപ്പോഴേക്കും കുവൈറ്റ് വിട്ടിരുന്നു...അങ്ങനെയാണ് യുദ്ധത്തിന് മുൻപുണ്ടായിരുന്ന, അസിസ്റ്റന്റ് ജനറൽ മാനേജർ പദവിയിൽ ഉണ്ടായിരുന്ന, 
"മഹമൂദ് ബർഹും" എന്ന പലസ്‌തീനി റീറ്റെയ്ൽ ഡിവിഷൻ ഹെഡിന് പകരം, ഇന്ത്യക്കാരനായ  "ഗൗതം സഹാനി" എന്ന  "ജി. പി. സഹാനി"ആ തലപ്പാവില്ലാത്ത ഡൽഹിക്കാരൻ സിക്കുകാരനെ ,ആദ്യത്തെ ബാച്ചിൽ തന്നെ ബാങ്കിന്റെ മാനേജ്മെന്റ് തിരിച്ചു കൊണ്ട് വന്ന് റീറ്റെയ്ൽ ഡിവിഷന്റെ സീനിയർ മാനേജരാക്കി.അതിന്റെ ഒരു പ്രധാന കാരണം അന്നുണ്ടായിരുന്ന ചീഫ് ജനറൽ മാനേജർ "ഡോക്ടർ അബ്ദുൾ റഹ്‌മാൻ അൽ യാഹ്യാ"യുടെ അടുത്ത രണ്ടു സുഹൃത്തുക്കൾ ആയിരുന്നു മുകളിൽ പറയുന്ന "ബർഹുമും" "സഹാനിയും"...!!! "ബർഹും" നാട് വിട്ടപ്പോൾ, പിന്നെ "സഹാനി"
ഒരാവശ്യത്തിലുപരി...അത്യാവിശ്യ
മായിരുന്നു...!!!
കുവൈറ്റ് തിരിച്ചു വന്ന് മാസങ്ങൾക്കു
ള്ളിൽ,ഹെഡ് ഓഫീസിൽ ജോലിയിൽ ഉണ്ടായിരുന്ന എല്ലാ ഇന്ത്യൻ ജീവനക്കാരേ
യും,മുന്ന് നാല് ബാച്ചുകളായി തിരികെ കൊണ്ടുപോയി...അതിന്റെ ഒരു പ്രധാന കാരണം, പലസ്‌തീനികളുടെ കുട്ടത്തോടെയുള്ള തിരിച്ചുപോക്ക് ഇന്ത്യാക്കാർക്ക് ഗുണം ചെയ്തു.
ബ്രാഞ്ചുകൾ തുറക്കുന്നത് അനുസരിച്ചു്, ബ്രാഞ്ച് സ്റ്റാഫിനെ കൊണ്ട്
വരാമെന്നായിരുന്നു തീരുമാനം...
കുവൈറ്റിൽ നിന്ന് തിരികെ വന്ന എനിക്ക്, ആകെക്കൂടി രണ്ടേ രണ്ട് ബാങ്ക്
ജീവനക്കാരുമായി മാത്രമേ  അടുത്ത
ബന്ധമുണ്ടായിരുന്നുള്ളു...
ഒന്ന്. ബാങ്കിന്റെ ഹെഡ് ഓഫീസ് ഇന്റർനാഷണൽ ഡിവിഷനിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്ന "ചാണ്ടി മാത്യു".രണ്ട്. ബാങ്കിന്റെ ഫർവാനിയ ബ്രാഞ്ച് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായിരുന്ന "തോമസ് എബ്രഹാം".
ആദ്യത്തെ ബാച്ചുകളിൽ ചാണ്ടി മാത്യു ഒക്കെ പോയിരുന്നു.ആയിടക്ക് തന്നെ എന്റെ മൂത്ത സഹോദരനും കുവൈറ്റിലേക്ക് മടങ്ങി...
ഇതൊന്നുമായിരുന്നില്ല ഞാൻ പറയാൻ വന്ന വിഷയം...... "എന്ത് കൊണ്ട് എന്നെ തിരിച്ചു കൊണ്ട് വരണ്ട എന്ന് ബാങ്ക് തീരുമാനിച്ചു"...!!! അത് എന്നോട് ആദ്യമായി ടെലിഫോണിലൂടെ നാട്ടിൽ വിളിച്ചു പറഞ്ഞത് "അദ്നാൻ ഈസാ അൽ ജെർക്കി"(Adnan Essa Al Jerki)എന്ന എന്റെ കുവൈറ്റി ആത്മസുഹൃത്തായിരുന്നു...
കേട്ടപ്പോൾ ഞെട്ടിപ്പോയി...
"അദ്നാൻ അൽ ജർക്കിയും",(Adnan Al Jerki) ഞാനും, കുവൈറ്റ് യുദ്ധത്തിന് മുൻപ് അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.
അദ്ദേഹം അന്ന്, സാൽമിയ ബ്രാഞ്ച് മാനേജരും, ഒപ്പം ക്രെഡിറ്റ് കോഴ്സും, കഴിഞ്ഞ ഏക റീറ്റെയ്ൽ ബ്രാഞ്ച്മാനേജരും ആയിരുന്നു...(Salmiya Branch Manager,Credit course-Retail Regional Manager)...കുവൈറ്റ് യുദ്ധത്തിൽ, എണ്ണമറ്റ പലസ്‌തീനികളും, ജോർദാനികളും, പാശ്ചാത്യരും, ബാങ്കിൽ നിന്ന് പുറത്തു പോയത് കുവൈറ്റികൾ
ക്ക് ധാരാളം ഗുണം ഉണ്ടായി...കേവലം ഒരു ക്രെഡിറ്റ് ഓഫീസറായി, അബ്ദുള്ള മുബാറക്‌ റീജിയണൽ ഓഫീസിൽ, ജോലി ചെയ്തിരുന്ന, "യൂസഫ് ജാസ്സിം അൽ ഒബൈദ്",(Yousef Jassim Al Obaid) സിറ്റി റീജിയണൽ മാനേജർ പദവിയിലേക്ക് യുദ്ധാനന്തരം ഉയർത്തപ്പെട്ടു...
അതുപോലെ ക്രെഡിറ്റ് കോഴ്സ് മാത്രം (Credit course) കൈമുതലായിരുന്ന "അബ്ദുൽമജീദ് അഷ്കനാനിയും"
(Abdulmajid Ashkanani) റീജിയണൽ മാനേജരായി....
ഇതൊന്നും അല്ലല്ലോ ഞാൻ പറയാൻ 
വന്ന വിഷയം...!!!
"എന്നെ മാത്രം എന്ത് കൊണ്ട് തിരിച്ചു കൊണ്ട് വരണ്ട എന്ന് തീരുമാനിച്ചു..."?
അത് വിശദമായി പറയാം...യുദ്ധത്തിന് മുൻപ് എന്റെകൂടെ ആറു മാസമായി ജോലി ചെയ്തിരുന്ന ഒരു കുവൈറ്റി പെൺകുട്ടി
യുണ്ടായിരുന്നു.....പേര് "സഹർ അൽ ബനായ്".....(Sahar Al Banai) പുതുതായി ജോലിയിൽ വന്ന് മുന്ന് മാസത്തെ പ്രൊബേഷൻ(Probation period) കഴിഞ്ഞു. ജോലിയിൽ സ്ഥിരപ്പെടുത്തി. എന്നോട് വളരെ സ്നേഹവും, ബഹുമാനവും, ഒക്കെ പുലർത്തി ജോലി ചെയ്യുന്ന സമയത്താണ് ഇറാഖിന്റെ പിടിയിൽ കുവൈറ്റ് ചെന്ന് വീഴുന്നത്. ആ കുട്ടിയുടെ സഹോദരൻ "നാസ്സർ അൽ ബനായ്"(Nassar Al Banai) എന്റെ വളരെ അടുത്ത സ്നേഹിതനും, കുവൈറ്റ് ആർമിയിൽ ഒരു മേജറും(Army Major) ആയിരുന്നു. വളരെ ദേഷ്യക്കാരനാ
യിരുന്നു നാസ്സർ അൽ ബനായ്...ഈ സഹോദരൻ നാസ്സർ, ഇറാഖിന്റെ പിടിയിൽ കുവൈറ്റ് വീണപ്പോൾ, കുവൈറ്റിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ ഒളിച്ചു താമസിക്കു
കയായിരുന്നു.ഇറാഖിന്റെ, അഭിനിവേശ സമയത്തു കുവൈറ്റിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതിരുന്ന കുറെയേറെ കുവൈറ്റികൾ, ഭീതിയുടെ പിടിയിൽ, വെളിയിൽ ഇറങ്ങാൻ കഴിയാതെ ജീവിക്കുന്നുണ്ടായിരുന്നു...
പലരുടെയും അക്കൗണ്ടിൽ കാശുണ്ട്...!!! പക്ഷേ ബാങ്കിൽ പോയി എടുക്കാൻ ധൈര്യമുണ്ടായിരുന്നില്ല...ഒരു റീറ്റെയ്ൽ ബാങ്കർ എന്ന നിലയിൽ, ഒരുപാട് കുവൈറ്റികളെ ആ സമയങ്ങളിൽ സഹായിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്...
അവരുടെയൊക്കെ പേരുകൾ സൗകര്യ
പൂർവ്വം പിന്നീടെഴുതാം...അങ്ങനെ അക്കാലത്തു  ഈ പറഞ്ഞ, "മേജർ നാസ്സർ അൽ ബനായിയെ" പലപ്രവശ്യം എനിക്ക് സഹായിക്കാൻ കഴിഞ്ഞു എന്നതിൽ കൃതാർത്ഥനാണ് ഞാൻ...കുവൈറ്റ്/ഇറാഖ് യുദ്ധത്തിൽ, ഇദ്ദേഹത്തിന്റെ പങ്ക് വളരെ നിർണായകമായിരുന്നു.അതിന്റെ ഫലമായി യുദ്ധാനന്തരം, ബ്രിഗേഡിയറായി  പ്രമോഷൻ കൊടുക്കുകയും ചെയ്തു...
ആയിടക്കാണ് ആദ്യ ബാച്ച് ഇന്ത്യക്കാരെ കുവൈറ്റിൽ എത്തിച്ചതും, ബാങ്കുകളുടെ ഹെഡ് ഓഫീസുകൾ തുറക്കുകയും ഒക്കെ ചെയ്യുന്നത്.അന്ന് പ്രധാനമായും ഹെഡ് ഓഫീസ് ബ്രാഞ്ച് മാത്രമേ ആദ്യ പടിയിൽ തുറന്നിരുന്നുള്ളു. ഇന്ത്യക്കാരൊക്കെ വന്നു എന്നറിഞ്ഞ ബ്രിഗേഡിയർ നാസ്സർ എന്നെ അന്വേഷിച്ചു ഹെഡ് ഓഫീസിൽ എത്തി...
അപ്പോൾ ബാങ്കിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്ന ഏതോ ഒരു സ്റ്റാഫ്, മുകളിൽ ആറാമത്തെ നിലയിൽ "നായർ" ഇരിപ്പുണ്ടന്നു പറഞ്ഞതനുസരിച്ചു എന്നെക്കാണാൻ അദ്ദേഹം അവിടെ
യെത്തി.അദ്ദേഹം അവിടെ ചെന്നപ്പോൾ എന്നെയല്ല കണ്ടത്. വേറൊരു രാധകൃഷ്ണൻ നായർ അവിടെ ഉണ്ടായിയുന്നു. എസ്സ് .രാധാകൃഷ്ണൻ നായർ. ആദ്യ ബാച്ചിൽ കുവൈറ്റിൽ എത്തിയ ഗ്രുപ്പിൽപ്പെട്ട സ്റ്റാഫ് അംഗമായിരുന്നു.അദ്ദേഹം. എന്റെ സുഹൃത്തും, അകന്ന ബന്ധുവും, അതിലുപരി കോളേജിൽ ഒന്നിച്ചായിരുന്നു ഡിഗ്രി എടുത്തതും...ഹെഡ് ഓഫീസിൽ റീറ്റെയ്ൽ ക്രെഡിറ്റ് യൂണിറ്റിൽ,( Head office retail credit unit) ഞാൻ മുൻപ് പറഞ്ഞ,
ജി. പി.സഹാനിയുടെ(G.P.Sahni)കിഴിൽ,  ബന്നി എന്ന സ്നേഹപൂർവ്വം വിളിക്കുന്ന, ബെർണാഡ് ഫെർണാണ്ടസ്സിനോടൊപ്പം,
അന്ന് അസിറ്റന്റ്‌ മാനേജരായി ജോലി ചെയ്‌യുകയായിരുന്നു...
അദ്ദേഹത്തെ കണ്ടപ്പോൾ നമ്മുടെ ബ്രിഗേഡിയർ "ഞാൻ വന്നത് താങ്കളെ കാണാനല്ല...!!! സാൽഹിയ ബ്രാഞ്ചിലു
ണ്ടായിരുന്ന നായരേ കാണാൻ വന്നതാണ്".എന്ന് പറഞ്ഞു മടങ്ങിപ്പോയി.
അക്കാലത്തു ഒരുപാട് കുവൈറ്റി കസ്റ്റമേഴ്സിന് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌ എന്ന് പിൽക്കാലത്തു എന്നോട് പറഞ്ഞിട്ടുണ്ട്...എന്നെ അന്വേഷിച്ചു ബാങ്കിന്റെ ഹെഡ്ഓഫീസിൽ പോയ അനുഭവങ്ങൾ...അവർക്കൊക്കെ എന്നെ അത്രയ്ക്ക് സ്നേഹമായിരുന്നു...
ഒപ്പം മറക്കാനാവാത്ത കടപ്പാടുകളും...
അതായത് ഇറാഖിന്റെ പിടിയിൽ അമർന്ന കുവൈറ്റികളെ, ബാങ്കിൽ പോയി അവരുടെ അക്കൗണ്ടിൽ നിന്ന് കാശെടുത്തു വീട്ടിൽ കൊണ്ടെത്തിച്ചു കൊടുത്ത കടപ്പാടിൽ...
അവരിൽ പലരേയും ഇപ്പോഴും ഓർമ്മകളിൽ...അലി അബ്ദുള്ള അൽ ഹബിഷി, സലാഹ് ഫഹദ് അൽ മർസുഖ്, അബ്ദുള്ള അൽ അജമി, ഒത്തു മാൻ ദാവൂദ് അൽ ഹനീഫ്‌, ഫൈസൽ അൽ ഖത്തറാഷ്,...അങ്ങനെപോകും ആ നീണ്ട നിര...
എന്നിട്ടും എന്നെ തിരിച്ചു കൊണ്ട് പോകാൻ ബാങ്ക് തയ്യാറാകാഞ്ഞത്‌ എന്ത് കൊണ്ട് എന്ന് പറയാൻ മറന്നു...!!! 
അതുകൂടി പറഞ്ഞു ഈ എപ്പിസോഡ്
അവസാനിപ്പിക്കാം...
മുകളിൽ പറഞ്ഞ ബ്രിഗേഡിയർ നാസ്സർ എന്നെ അന്വേഷിച്ചു ഹെഡ് ഓഫീസിൽ പോയ വിവരം, അദ്ദേഹം തന്റെ വീട്ടിൽ 
വന്നു പറഞ്ഞു. അത് കേട്ട് കൊണ്ടിരുന്ന സഹോദരി, അതായതു കുവൈറ്റ് അധിനിവേശത്തിന് മുൻപ് എന്റെ
കൂടെ ജോലി ചെയ്തിരുന്ന "സഹർ അൽ ബനായ്" (Sahar Al Banai)ഇത് ശ്രദ്ധിച്ചു...!!! 
ആ കുട്ടി യുദ്ധാനന്തരം ബാങ്കിൽ,റീറ്റെയ്ൽ ഡിവിഷനിൽ(Retail Division) നിന്ന് കൊമേർഷ്യൽ ഡിവിഷനിലേക്ക്
(Commercial Division) ജോലി മാറിയിരുന്നു...
അവൾ പിറ്റേ ദിവസം ബാങ്കിൽ എത്തി.
അനുവാദം ഒന്നും ചോദിക്കാതെ, മുൻപ് പറഞ്ഞ റീറ്റെയ്ൽ ഡിവിഷൻ ഹെഡ് ആയിരുന്ന തലപ്പാവില്ലാത്ത സിക്കുകാരൻ, ജി. പി. സഹാനിയുടെ(G.P.Sahni) ഓഫീസിലേക്ക് കയറിച്ചെന്നു...അപ്പോൾ അദ്ദേഹം മുൻപ് സൂചിപ്പിച്ച റീജിയണൽ മാനേജർ, "അദ്നാൻ അൽ ജർക്കി"(Adnan Al Jerki) യുമായി മീറ്റിംഗ് നടക്കുകയാ
യിരുന്നു...
താഴെക്കിടയിൽ ഉള്ള ഒരു ക്ളറിക്കൽ സ്റ്റാഫ്,അനുവാദം ഇല്ലാതെ വാതിൽ തുറന്ന് അകത്തു ചെന്നത്, അദ്ദേഹത്തിന് ഇഷ്ടമായില്ല..!!! പക്ഷെ അവൾ ഒരു കുവൈറ്റി ആയത് കൊണ്ടും, ഒരു സ്ത്രീ ആയത് കൊണ്ടും, സർവോപരി ഇറാഖിന്റെ അധിനിവേശത്തിൽ കുവൈറ്റിൽപ്പെട്ടു പോയ കുവൈറ്റികൾക്കുള്ള ഒരു പ്രത്യേകതയും കണക്കിലെടുത്തു, ഒരു മൂന്നാംകിട രാജ്യക്കാരനായ സഹാനിക്ക് ഒന്നും പറയാൻ ആയില്ല....!!!
"എന്തുകൊണ്ടാണ് സാൽഹിയ ബ്രാഞ്ചിലെ എന്റെ മുൻ ബ്രാഞ്ച് മാനേജർ മിസ്റ്റർ നായരേ കൊണ്ട് വന്നില്ല".....അവളുടെ ആദ്യത്തെ ചോദ്യം...???
അവിടെ തുടങ്ങി എന്റെ ശനിദശയുടെ അവസാനത്തെ അഞ്ചു വർഷം...
സഹാനിക്ക് ചോദ്യം ഇഷ്ടപ്പെട്ടില്ല...!!! എന്നിട്ടും മറുപടി പറഞ്ഞു..."അതൊക്കെ ഞങ്ങൾ സൗകര്യംപോലെ ബ്രാഞ്ച് തുറക്കു
ന്നതനുസരിച്ചു തീരുമാനിക്കും"...!!!
ആ മറുപടി അവൾക്കും ഇഷ്ടപ്പെട്ടില്ല...!!! 
അവൾ പറഞ്ഞ മറുപടി അതിലും വിചിത്രം...!!! എന്നോടുള്ള സ്നേഹക്കൂടുതലാവാം...
"തന്റെ തന്തയുടെ വകയല്ല കൊമേർഷ്യൽ ബാങ്ക്.....ഞങ്ങൾ കുവൈറ്റികൾ തീരുമാനിക്കും ആരേ കൊണ്ടുവരണം...ആരേ കൊണ്ടുവരണ്ട"....!!! (It's not your father's bank.We Kuwaitis will decide who has...to come,who has...not to come...)
അവൾ ദേഷ്യത്തോടെ കതക് വലിച്ചടച്ചു പുറത്തു പോയി...
അവിടെ തുടങ്ങുന്നു...എന്റെ ശനിദശയുടെ ഒടുക്കം മാത്രമല്ല,..കണ്ടക ശനി ഏഴാം ഭാവത്തിൽ കുടിയും... ഒപ്പം കേതു അപഹാരവും...
ഇതിനെല്ലാം മൂക സാക്ഷിയായി അദ്നാൻ അൽ ജർക്കിയും...(Adnan Al Jerki)...
എല്ലാ കാര്യങ്ങളും വിശദമായി അദ്നാൻ എന്നെ ടെലിഫോണിലൂടെ അറിയിച്ച
പ്പോൾ... തിരുവനന്തപുരത്തെ വാടക വീട്ടിൽ ഇരുന്നു ഞാൻ എന്റെ ജാതകം വായിക്കുകയായിരുന്നു...
തുടർന്നുള്ള സംഭവ ബഹുലമായ നാടകങ്ങൾ വരും എപ്പിസോഡുകളിൽ...
തുടരും...