ഉഷാരാഭൂമിയിലെ ശീത കാറ്റുകൾ"...(72) Great respect to Mrs.Bhahjath Al Matrook. (Part-16)...

ഉഷാരാഭൂമിയിലെ ശീത കാറ്റുകൾ"...(72)
Great respect to Mrs.Bhahjath Al Matrook.
(Part-16)... 
----------------------------------
തയ്യാറാക്കിയത് - രാധാകൃഷ്ണൻ നായർ
                                 (ന്യൂസിലൻഡ്)
----------------------------------
ഞാൻ ഹോട്ടലിൽ താമസമായി ഒരു ദിവസം കഴിഞ്ഞപ്പോൾ, താഴെ ഓരത്തു റെസ്‌റ്റോറന്റ് നടത്തുന്ന അഹമ്മദ് കുട്ടി സാഹിബുമായി വളരെ അടുക്കാൻ അവസരം ഉണ്ടായി.അതിന് കാരണം പ്രഭാത ഭക്ഷണമായിരുന്നു എന്ന് മുൻപിലത്തെ എപ്പിസോഡിൽ  പറഞ്ഞിരുന്നല്ലോ.ബോംബയിൽ എത്തിച്ചേർന്നതിന്റെ മൂന്നാമത്തെ ദിവസം, കുവൈറ്റ് കോൺസുലേറ്റിന്റെ മുൻപിൽ,  വിസയും പാസ്സ്പോർട്ടും എല്ലാം ഏൽപ്പിച്ചിരുന്ന ടൈപ്പിസ്റ്റിനെ കണ്ട് മെഡിക്കലിനുള്ള പേപ്പർ വാങ്ങാൻ, കാലത്തു തന്നെ ഒരുങ്ങി പോകുന്നതിന് മുൻപ്,പ്രഭാത ഭക്ഷണത്തിന്
അഹമ്മദ് കുട്ടി സാഹിബിന്റെ കടയിൽ കയറി... കൈലിയും, ഹാഫ്ഷർട്ടും ആണ് സാഹിബിന്റെ വേഷം...റെസ്റ്റോറിന്റെ തൊട്ട് മുൻപിലാണ് ഞാൻ മുൻപ് പറഞ്ഞ ഹനുമൽസ്വാമിക്ഷേത്രം.
കാലത്തു,പ്രഭാതഭക്ഷണത്തിനിരുന്നപ്പോൾ 
കുറെ ആളുകൾ അവിടെ വന്ന് പ്രാർത്ഥിക്കു
ന്നുണ്ടായിരുന്നു...കാണിക്ക അർപ്പിക്കുന്നു... പൂജാരിക്ക് ദക്ഷിണ കൊടുക്കുന്നു...പൂജാരി നെറ്റിയിൽ പൊട്ടു തൊടുവിക്കുന്നു...
ഭക്തജനങ്ങളിൽ ഭൂരിഭാഗവും ജോലിക്കാരാണ്.
അപൂർവ്വം ചിലർ കുടുംബവുമായും വരുന്നുണ്ട്. ഇതെല്ലാം രാവിലത്തെ പ്രഭാത ഭക്ഷണത്തിനി
ടയ്ക്കു ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
അക്കൂട്ടത്തിൽ ശ്രദ്ധയിൽപ്പെട്ട മറ്റൊരു കാര്യം,ക്ഷേത്രത്തിനോട് ചേർന്ന് ഒരു സ്ത്രീ ഒരു പശുവിനെയും കൊണ്ട് നിൽക്കുന്നു...കൂടെ ചെറിയ ഒരു കുട്ടി...ഒരു ചാക്കിൽ കുറെ "പോച്ച"
യുടെ കെട്ടുകളുമായി കൂടെയുണ്ട്..."പോച്ച" എന്ന് പറഞ്ഞാൽ പശുവിന് കൊടുക്കുന്ന പച്ച തീറ്റയെന്നാണ്...ഈ തൊഴാൻ വരുന്ന ഭക്ത ജനങ്ങളിൽ പലരും തൊഴുതു കഴിഞ്ഞു, ഈ കുട്ടിയുടെ കയ്യിൽ നിന്ന് കാൽ രൂപ കൊടുത്തു ഒരുപിടി തീറ്റ വാങ്ങി പശുവിന് കൊടുക്കുന്നു...
അതെനിക്കൊരു പുതിയ അനുഭവമായിരുന്നു.
അത് കണ്ട് നിന്ന ഞാൻ, പരസ്യമായി അതിനെ വിമര്ശിച്ചു...അല്പം പരിഹസച്ചുവയിൽ...!!! 
"നല്ല ഒരു ബിസിനസ് ആണല്ലോ". അവർ തന്നെ പശുവിനെയും, പോച്ചയും കൊണ്ടുവരുക. കാശുവാങ്ങി പോച്ച പശുവിന് കൊടുക്കുക... ഒരു വെടിക്ക് രണ്ട് പക്ഷി" തുടങ്ങിയ വിമർശനങ്ങൾ...
ഇതെല്ലാം ശ്രദ്ധയോട് കേട്ട് നിന്ന അഹമ്മദ് സാഹിബ് ഒന്നും മിണ്ടാതെ നിശ്ശബ്ദനായി നിൽക്കുകയായിരുന്നു... അതിന് ശേഷം പ്രഭാതഭക്ഷണം കഴിഞ്ഞു, കുവൈറ്റ് കോണ്സുലേറ്റിലേക്കു മെഡിക്കൽ പേപ്പർ വാങ്ങാനായി പോയി.അവിടെയെത്തിയപ്പോൾ മെഡിക്കൽ പേപ്പറുമായി ആ ബംഗ്ലാദേശ്കാരൻ ടൈപ്പിസ്റ്റു അവിടെയുണ്ടായിരുന്നു.അയ്യാളുടെ നിർദേശപ്രകാരം ഡോക്ടർ പട്ടൻകരുടെ(Dr. Patankar medical clinic) ക്ലിനിക്കിലാണ് എന്റെ മെഡിക്കൽ എക്‌സാമിനേഷൻ... അന്ന് കുവൈറ്റ് എംബസ്സിയുടെ ലിസ്റ്റിൽ അഞ്ച് ക്ലിനിക്കുകളിൽ ഒന്നായിരുന്നു ഡോക്ടർ പട്ടങ്ങറുടെ ക്ലിനിക്കും.അങ്ങനെ പട്ടങ്ങറുടെ ക്ലിനിക്കിൽ പോയി മെഡിക്കൽ എല്ലാം കഴിഞ്ഞു...ഫീസ് അടച്ച രസീത്‌ തിരികെ വന്ന് ടൈപ്പിസ്റ്റിന്റെ കയ്യിൽ ഏൽപ്പിച്ചു...ഹോട്ടിലേക്കു മടങ്ങി...ഒന്നോ രണ്ടോ ദിവസത്തിനകം വിസയും ടിക്കറ്റും സ്റ്റാമ്പ് ചെയ്ത് കിട്ടുമെന്നാണ് ടൈപ്പിസ്റ്റ് എന്നെ അറിയിച്ചത്...എല്ലാം ഞാൻ താമസിക്കുന്ന ഹോട്ടലിൽ കൊണ്ട് എത്തിക്കാം എന്ന് അയ്യാൾ പറഞ്ഞു. അതിന് ശേഷമാണ് ഞാൻ അവിടെ നിന്ന് മടങ്ങിയത്.. ഇതിനിടയിൽ വീണ്കിട്ടിയ രണ്ട് ദിവസം,ബോംബേ നഗരം, ഒരു ഓട്ടപ്രദിക്ഷണം നടത്താൻ അവസരം കിട്ടി...
രണ്ട് ദിവസം കഴിഞ്ഞു...മൂന്നാം ദിവസവും അയ്യാൾ എത്തിയില്ല...!!! സംശയമായി...!!!
മൂന്നാം ദിവസം കാണാതായപ്പോൾ വിവരം ഞാൻ അഹമ്മദ്‌കുട്ടി സാഹബിനെ അറിയിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ചു ഞാൻ കുവൈറ്റ് കോൺസുലേറ്റിന്റെ പരിസരത്തെത്തിയപ്പോൾ ആ ബംഗ്ലാദേശുകാരനും സഹായിയും
അവിടെത്തന്നെ ഉണ്ടായിരുന്നു...അയാൾ പറഞ്ഞു...ദിവസം മുന്നും നാലും പ്രാവിശ്യം ഞാൻ കോൺസുലേറ്റിൽ പോയി അന്വേഷിക്കാറുണ്ട്...സാറിന്റെ മെഡിക്കൽ പേപ്പർ ഇത് വരെ വന്നിട്ടില്ല...!!!
പിന്നെങ്ങനെ വിസാ സ്റ്റാമ്പ് ചെയ്തു കിട്ടും? നമ്മുക്ക് പട്ടങ്ങറുടെ ക്ലിനിക്കിൽ പോയി ഒന്നന്വേഷിക്കാം...ഞാനും കൂടെ വരാം...
അങ്ങനെ ഞങ്ങൾ രണ്ടുപേരും ചേർന്ന് പട്ടങ്ങറുടെ ക്ലിനിക്കിൽ എത്തി.അവിടെച്ചെന്ന്
അന്വേഷിച്ചപ്പോൾ അവിടെനിന്നു കുവൈറ്റ് കോൺസുലേറ്റിലേക്കു അയച്ചതായി അവരുടെ ഓഫീസിൽ നിന്ന് പറഞ്ഞു...പിന്നെവിടെ
പ്പോയി എന്റെ മെഡിക്കൽ ഫിട്നെസ്സ് റിപ്പോർട്ട്? ചോദ്യചിഹ്നം ഉയർന്നു...പിന്നീട് സംഭവിച്ചതും, അതിന് മുൻപ് അഹമ്മദ്‌കുട്ടിസാഹിബ് പറഞ്ഞു തന്നതും, ഇപ്പോഴും എന്റെ മുൻപിൽ...
വിശ്വസിച്ചാലും ഇല്ലെങ്കിലും...!!!
മുന്ന് ദിവസംകൊണ്ട് മെഡിക്കൽ എല്ലാം കഴിഞ്ഞു ,നാലാം ദിവസം കുവൈറ്റിൽ എത്താമെന്ന പ്രതീക്ഷയിൽ ബോംബെയിലേക്ക് പ്ലെയിൻ കയറിയ എനിക്ക്, എട്ട് ദിവസം കഴിഞ്ഞിട്ടും എങ്ങും എത്താൻ കഴിയാതെ വന്നപ്പോൾ  ഞാൻ അസ്വസ്ഥനായി...ഒട്ടും ക്ഷമയില്ലാത്ത സർവാങ്കം ഈഗോയുമായി നടന്ന എനിക്ക്, വീണ്ടും കുവൈറ്റ് കോൺസുലേറ്റിൽ പോയി ആദ്യം മുതൽ വീണ്ടും വിസയുമായി  മെഡിക്കലിനും ഒക്കെ പോയി,കാര്യങ്ങൾ നടത്തി എടുക്കാനുള്ള ക്ഷമ ഇല്ലാത്തതിരുന്നതിനാൽ,  തിരുവനന്തപുരത്തേക്കു മടങ്ങാമെന്ന് തീരുമാനിച്ചു...കയ്യിൽ ഉണ്ടായിരുന്ന പണവും തീരുന്നു...ക്രെഡിറ്റ് കാർഡും, മൊബൈൽ ഫോണുമൊന്നും, ആയിട്ടില്ലാത്ത കാലം...
അന്നൊരു ശനിയാഴ്ച ആയിരുന്നു...വളരെ അസ്വസ്ഥനായി വരുന്ന എന്നെക്കണ്ട്, നമ്മുടെ അഹമ്മദ് കുട്ടി സാഹിബ്, അദ്ദേഹത്തിന്റെ ഹോട്ടലിൽ വച്ച് കണ്ടപ്പോൾ...സാറിന് എന്തുപ്പറ്റി? മടങ്ങി പോകാൻ തീരുമാനിച്ചോ?ഞാൻ പറഞ്ഞു. അതെ...അതിന് അദ്ദേഹം പറഞ്ഞ മറുപടി എന്നെ ഇരുത്തി ചിന്തിപ്പിച്ചതും, അതുവരെയുള്ള എന്റെ കാഴ്ചപ്പാടുകൾ മാറ്റി മറിക്കുന്നതുമാ
യിരുന്നു...
"സാറിന് വിദ്യാഭ്യാസവും, വിവരവും, ലോക
പരിജ്ഞാനവും, ഉള്ള ഒരു വ്യക്തിത്വമാണല്ലോ... തിരിച്ചു കുവൈറ്റിലേക്ക് മടങ്ങാൻ വന്നിരിക്കു
കയും, ആണല്ലോ...? 
"സാറ് കഴിഞ്ഞ ദിവസം ഇവിടെ ഇരുന്ന് കൊണ്ട്,ഈ അമ്പലത്തെക്കുറിച്ചും, പശുവിന് പച്ച തീറ്റ കോടുക്കുന്നതിനെപ്പറ്റിയും,ഒക്കെ വിമർശിക്കുന്നത് ഞാൻ ശ്രദ്ധയോട് കേൾക്കുക ആയിരുന്നു...സാറ് അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു...വന്ദിക്കേണ്ട...പക്ഷേ നിന്ദിക്കരുത്....!!! കാരണം ഇതൊരു വലിയ സമൂഹത്തിന്റെ വികാരവും,ശ്വാസവും, നിശ്വാസവും, ഒക്കെയാണ്...സാറിനറിയാമോ? ഇരുപതാമത്തെ വയസ്സിൽ കാര്യമായ ഒരു വിദ്യാഭ്യാസവും ഒന്നുമില്ലാത്, മലപ്പുറത്ത് നിന്ന് ജീവിക്കാൻ വേണ്ടി, ഇവിടെ വന്നിറങ്ങിയതാണ് ഞാൻ...ആ കാണുന്ന വി. ടി. റെയിൽവേ സ്റ്റേഷനിൽ, പെട്ടിക്കടക്കാരുടെ കുടിയാണ് എന്റെ ജീവിതം തുടങ്ങുത്....!!! അൻപതു വർഷം കഴിഞ്ഞിരിക്കുന്നു...ഞാൻ വരുമ്പോഴും ഈ ചെറിയ ഹനുമാൻ കോവിൽ ഇവിടെയുണ്ട് ...
കഴിഞ്ഞ കുറെ വർഷങ്ങളായി ആ പാവം സ്ത്രീ, അവരുടെ കുട്ടിയേയും പശുവിനെയും കുട്ടി ഇവിടെ വന്ന് അമ്പലത്തിന്റെ മുന്പിൽ രാവിലെ മുതൽ വൈകുന്നത് വരെ നിൽക്കുന്നത് ജീവിക്കാൻ വേണ്ടിയാണ്...വിശക്കുന്നുത്‌ കൊണ്ടാണ്...ഈ അമ്പലത്തിൽ വന്ന് പ്രാർത്ഥിക്കുന്നവരെല്ലാം, ജീവിതത്തിന്റെ "പ്രാരാബ്ധങ്ങൾ ഇറക്കി വയ്ക്കാൻ" വരുന്നവരാണ്...അത് മനസ്സിലാക്കാൻ നമ്മക്ക് സന്മസ്സുണ്ടാകണം...ഞാനൊരു ഇസ്ലാംമത വിശ്വാസിയാണ്...അഞ്ച് പ്രാവിശ്യം നിസ്‌ക്കരിക്കാനോ, സക്കാത്തു കൊടുക്കാനോ, ഹജ്ജ് കർമ്മം അനുഷ്ഠിക്കാനോ, ഒന്നും കഴിഞ്ഞിട്ടില്ല...ഇടയ്ക്കയിടെ പള്ളി കമ്മിറ്റിക്കാർ പിരിവിന് വരുമ്പോൾ, കഴിയുന്ന സംഭാവനകൾ കൊടുക്കാറുണ്ട്...പക്ഷേ എല്ലാ ദിവസവും രാത്രിയാകുമ്പോൾ, ഈ ഹോട്ടലിൽ അധികം വരുന്ന ഭക്ഷണം, ഈ അമ്പലത്തെ ചുറ്റിപ്പറ്റി കുറെ പാവങ്ങൾക്ക്, ഞാൻ ഹോട്ടലിന്റെ പിൻവാതിലിലൂടെ കൊടുക്കും...അത് കഴിച്ചു കഴിയുമ്പോൾ അവരുടെ മനസ്സിലുണ്ടാകുന്ന സന്തോഷം...ഞാൻ പരമ കാരുണ്യവാനായ അല്ലാഹുവിലുടെ കാണുന്നു...സാറിനറിയാമോ? എല്ലാ ദിവസവും കാലത്തു ഹോട്ടൽ തുറക്കുന്നതിന് മുൻപ്, ഒരു പത്തു പൈസത്തുട്ടു ഈ അമ്പലത്തിന്റെ കാണിക്ക കുടത്തിൽ ഇവിടെ ജോലി ചെയ്യുന്ന ഗോപിയെക്കൊണ്ട് നിക്ഷേപിക്കാറുണ്ട്.മുടങ്ങാതെ എല്ലാ ദിവസവും.
ഏകദേശം പത്തു മണിയാകുമ്പോൾ രണ്ട് കാൽ രൂപാ തുട്ടുകൾ, ഗോപിയുടെ കയ്യിൽകൊടുക്കും.
അവൻ അതിൽ കാൽ രൂപാ പൂജാരിയ്ക്കു കൊടുക്കും...അദ്ദേഹം അവിടുന്ന് പൂവും പൊട്ടും ഒക്കെ കൊടുത്തയക്കും...ബാക്കി കാൽ രൂപാ, ആ പാവം കൊച്ചിനു കൊടുത്തു, ഒരുപിടി വൈക്കോൽ വാങ്ങി, പശുവിന് കൊടുക്കും...
ഇതൊക്കെ ചെയ്യാൻ,ജാതിയും മതവും വിദ്യാഭ്യാസവും ഒന്നും തന്നെ ആവിശ്യമില്ല...
മനുഷ്യനായാൽ മതി...മനുഷ്യത്വം ഉണ്ടായാൽ മതി...മനഃസാക്ഷി ഉണ്ടായാൽ മതി...സാറിന് മറ്റൊരു കാര്യം പറഞ്ഞാൽ ഇഷ്ടപ്പെടുമോ ആവോ...? എന്താണത്...? ഞാൻ ചോദിച്ചു...
നിങ്ങൾ ഹിന്ദുക്കൾക്ക്‌ മാത്രം ഉള്ള ഒരു ദുസ്വഭാവം ഉണ്ട്...സ്വന്തം മതത്തെ ഏറ്റവും കൂടുതൽ വിമർശിക്കുകയും, പരിഹസിക്കു
കയും,  ചെയ്യുന്നത് നിങ്ങൾ ഹിന്ദുക്കൾ തന്നെയാണ്...നിങ്ങൾക്ക് സ്വന്തം മതത്തെ വിമർശിക്കുകയോ, പരിഹസിക്കുകയോ, ചെയ്യുന്ന ഒരു മുസ്ലിമിനേയോ, ക്രിസ്തനി
യെയോ ,കാണാൻ വളരെ ബുദ്ധിമുട്ടാണ്...
അതൊക്കെ പോകട്ടെ സാർ...ഏതായാലും 
സാർ മടങ്ങിപ്പോകാൻ വരട്ടെ...നാളെ ഞായറാഴ്ച്ച. സാർ രാവിലെ കുളി ഒക്കെ കഴിഞ്ഞു ഇങ്ങു ഹോട്ടലിലേക്ക് കാലത്തേ 
തന്നെ വരണം...ഞാനിവിടെയുണ്ടാകും...
അദ്ദേഹം പറഞ്ഞ വാക്കുകൾ എന്റെ മനസ്സിന്റെ തലം തന്നെ മാറ്റി...
ഇത്തരത്തിൽ ഉള്ള, "മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു, മതവിശ്വാസികൾ ഇന്ത്യയിൽ ഉണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം.അതിന് എന്റെ അച്ഛൻ തന്നെയാണ് എനിക്ക് ചൂണ്ടി കാണിക്കാനുള്ള ഒരു ഉദാഹരണം.
അതിനാണല്ലോ മത സൗഹാർദ്ദം എന്നൊക്കെ നമ്മൾ പറയുന്നത്. 
പക്ഷെ അതിനുഅപ്പുറമാണ് നമ്മുടെ സാഹിബ്. മത സൗഹാർദം വേറെ... മറ്റു മതങ്ങളെ ഉൾക്കൊണ്ട് ജീവിക്കുക...
തമ്മിൽ ദുരം വളരെ വലുതാണ്... രാത്രിയിൽ കിടന്നിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു വിദ്യാഭ്യാസവും ഒന്നുമില്ലാത്ത, അറിവുമില്ലാത്ത  വലിയ മനസ്സിന്റെ ഉടമയായ,"അഹമ്മദ്‌ കുട്ടി സാഹിബിന്റെ" വാക്കുകൾ, പേർത്തും പേർത്തും മനസ്സിന്റെ അകത്തളങ്ങൾ ഊഷ്മളമാക്കി കൊണ്ടിരുന്നു...ഒരു തരത്തിൽ നേരം വെളുപ്പിച്ചു.പിറ്റേന്ന് ഞാറാഴ്ച്ച...രാവിലെ തന്നെ കുളിയെല്ലാം കഴിഞ്ഞു.അഹമ്മദ്‌ കുട്ടി സഹാബിന്റെ ഹോടലിൽ എത്തിയപ്പോൾ, അദ്ദേഹം എന്നെ പ്രതീക്ഷിച്ചു കാത്തു നിന്നിരുന്നു... പിന്നീട് നടന്ന സംഭവങ്ങൾ  യുക്തിക്ക് മനസ്സിലാക്കാൻ കഴിയാത്തതും,ഈശ്വര വിശ്വാസികൾക്ക് സുഖം തരുന്നതും, സർവോപരി ഞാൻ നേരിട്ടനുഭവിച്ച
തുമായ അനുഭവങ്ങൾ...
അടുത്ത ലക്കത്തിൽ... 
തുടരും...