ഊഷരഭൂമിയിലെ ശീതകാറ്റുകൾ (87)
സ്നേഹനിധിയായ എന്റെ ആത്മമിത്രം ശ്രീ ജമാൽ അൽ ബലൂഷി യാത്രയായി...
"ADHAM ALLAH AJERAKKUM".
ഇരുപത്തി അഞ്ചു വർഷത്തെ സ്നേഹബന്ധം. ഒരു കുടപ്പിറപ്പിനെപ്പോലെ ആയിരുന്നു എന്ന് പറഞ്ഞാൽ അതിൽ അതിശോക്തിയൊന്നും ഉണ്ടായിരുന്നില്ല. ഞാൻ 1999ൽ കുവൈറ്റ് കൊമേർഷ്യൽ ബാങ്ക് അഹമ്മദി ബ്രാഞ്ചിൽ നിന്ന് ഫഹാഹീൽ ബ്രാഞ്ചിലേക്കു മാനേജരായി സ്ഥലം മാറി വന്ന സമയം. മധ്യവയസ്കനായ ഒരു കുവൈറ്റി കസ്റ്റമർ എന്നെ വന്നു ഷേക്ക് ഹാൻഡ് തന്നു സ്വയം പരിചയപ്പെടുത്തി.
ഞാൻ എഞ്ചിനീയർ ജമാൽ. കുവൈറ്റ് എലക്ട്രിസിറ്റി ബോർഡിൽ ഷൈബാ ഇൻഡസ്ട്രിയൽ ഏരിയയിൽ ജോലി
ചെയ്യുന്നു.അന്ന് തുടങ്ങിയ ആത്മബന്ധം ഒരു നദിയൊഴുകുന്നത് ഈ കഴിഞ്ഞ സെപ്റ്റംബർ മാസത്തിലും തുടർന്ന് കൊണ്ടേയിരുന്നു. പടിപടിയായി കുവൈറ്റ് ഇലട്രിസിറ്റി വകുപ്പിൽ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി വരെയെത്തി നിൽക്കുമ്പോൾ ജോലിയോട് വിടപറഞ്ഞു. ഒരിക്കൽ കുവൈറ്റി സമൂഹത്തിനു വേണ്ടി ഞാൻ ചെയ്തിട്ടുള്ള സേവനങ്ങൾ കണക്കിലെടുത്തു കുവൈറ്റ് വൈധ്യുത മന്ത്രാലയത്തിലേക്കു ക്ഷണിച്ചു വരുത്തി ഒരു അംഗീകാരം തരാൻ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. കുവൈറ്റ് ട്രഡീഷണൽ വസ്ത്രത്തിൽ അപ്പൂർവമായി മാത്രമേ അദ്ദേഹത്തെ ഞാൻ കണ്ടിട്ടുള്ളു.ലണ്ടനിൽ നിന്ന് എഞ്ചിനിയറിങ്ങിൽ ബിരുദം നേടിയിട്ടുള്ള ജമാൽ ഒരു വെള്ളക്കാരനെക്കാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കും. കുവൈറ്റിലെ ഒരു നല്ല കുടുംബത്തിൽ ജനിച്ചു വളർന്ന ജമാലിന്റെ മക്കൾ നാസറും അബ്രാരും ഒക്കെ വിദേശ വിദ്യാഭ്യാസം നേടിയവരാണ്. ഞാൻ അന്ന് കുവൈറ്റിൽ ഒറ്റയ്ക്കാണ് താമസമെന്നു അറിയാവുന്ന ജമാലും ഭാര്യയും പലപ്പോഴും വീട്ടിൽ പാകം ചെയ്ത ആഹാരം ബാങ്കിലെത്തിക്കാൻ മറക്കാറില്ല.കൂടെ ജോലിയുള്ള എത്രയോ സുഹൃത്തുക്കളുടെയും ബന്ധു മിത്രാദികളുടെയും ബാങ്ക് അക്കൗണ്ടുകൾ ജമാൽ എന്റെ ബ്രാഞ്ചുകളിലേക്കു എത്തിച്ചു തന്നിട്ടുണ്ട്.
ഈശ്വര ഈ നന്ദിക്കടൽ എത്ര ജന്മംകൊണ്ട് മടക്കി കൊടുക്കാൻ കഴിയും. ഓരോ പത്തു ദിവസം കൂടുമ്പോഴും ലോകത്തിന്റെ ഏതു ഭാഗത്തായിരുന്നാലും, ഞാൻ സ്നേഹത്തോടെ അബു നാസ്സർ എന്ന് വിളിക്കുന്ന ജമാലിന്റെ വഹട്സപ്പ് കോളുകൾ വന്നുകൊണ്ടിരിക്കും... "ഹലോ നായർ ബാഷ, ഹൌ ആർ യു? ഇനി ആ വിളിയില്ലല്ലോ എന്നോർക്കുമ്പോൾ തീർത്താൽ തീരാത്ത ദുഃഖം അണ പൊട്ടി ഒഴുകുന്നു...
അവസാനമായി സംസാരിച്ചത് കഴിഞ്ഞ സെപ്റ്റംബർ ആദ്യ വാരത്തിലാണ്.
അത് അവസാനത്തേതാകുമെന്നു അന്ന് ഊഹിക്കാൻ പോലും കഴിഞ്ഞിരുന്നില്ല...
അള്ളാഹു ജമാലിന്റെ ആത്മാവിന് നിത്യശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം ഉമ്മനാസ്സറിന്റെയും മക്കളുടെയും ദുഃഖത്തിൽ എന്റെയും എന്റെ കുടുംബങ്ങളുടെയും അഗാധമായ ദുഖവും അറിയിക്കട്ടെ.
ആദം അള്ളാ അജെറിക്കും...