ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ ഭാഗം 38.
Great respect to Mrs. Rawya Mohammad.
(Part Two).തുടർച്ച....
------‐-----------------------------------------------------------------
തയ്യാറാക്കിയത് - രാധാകൃഷ്ണന്‍ നായര്‍
(ന്യൂസിലന്‍ഡ്)
---------------------------------------------------------------------------
ഞാനും എന്റെ കുടുംബവും നിരവധി ബന്ധുമിത്രാദികളും അവരുടെ കുടുംബാംഗങ്ങളും ഇന്നും ജീവിച്ചു പോരുന്നത് കുവൈറ്റ് എന്ന ഇസ്ലാമിക രാജ്യത്തു നിന്ന് കിട്ടിയ സാമ്പത്തിക നേട്ടങ്ങൾ കൊണ്ട് തന്നെയാണ്... അതുകൊണ്ട് തന്നെ ആ രാജ്യത്തെയും അവുടുത്തെ ജനസമൂഹത്തെയും മത വിശ്വാസങ്ങളെയും അടുത്തറിയാനുള്ള അവസരങ്ങൾ എനിക്ക് ഉണ്ടായിട്ടുമുണ്ട്. എന്റെ യൗവനത്തിൽ തുടങ്ങി നാലു ദശബ്ദങ്ങളിൽ ഏറെ ഞാൻ അവിടെ ജീവിച്ചിട്ടുണ്ട്.എന്റെ ഓരോ ശ്വാസത്തിലും കുവൈറ്റുണ്ട്. അവുടുത്തെ ജനങ്ങളുണ്ട്.
സംസ്ക്കാരമുണ്ട്. മതവും അതിലെ ഉൾപ്പിരിവുകളുമുണ്ട്. രാജാധിപത്യത്തിന്റെ പ്രൗഢി ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഏറ്റക്കുറ
ച്ചിലുകൾ, കുടുംബ മഹിമകൾ, ദിവാനിയ
കൾ. എല്ലാമെല്ലാം ആവോളം കണ്ടറിഞ്ഞി
ട്ടുണ്ട്. ഒരുപാട് അറിവുകൾക്ക് വഴിയൊ
രുക്കി തന്നിട്ടുണ്ട്. നബി തിരുമേനി സ്വർഗത്തു പോയി വന്ന പലസ്തീനിലെ അൽ ഖുദ്സ് പള്ളിക്കകത്തു കയറി കുടുംബസമേതം മുഖം മുത്തി പ്രാർത്ഥി
ക്കാൻ അള്ളാഹു എനിക്കവസരം ഒരുക്കി തന്നിട്ടുണ്ട് . ഞാനൊരു മുസ്ലിമല്ല എന്നറിഞ്ഞിട്ടു കുടി അവർ ഞങ്ങളെ ഉള്ളിലേക്ക് കയറ്റി വിട്ടു. മടങ്ങി പോരുമ്പോൾ അവുടുത്തെ ഇമാം
എനിക്ക് വച്ച് നീട്ടിയ പൈൻ മരത്തിൽ കടഞ്ഞെടുത്ത പള്ളിയുടെ രൂപം ഇന്നും എന്റെ വീട്ടിലെ വിളക്കിന്റെ മുന്നിൽ ദിവ്യതയോടെ നില കൊള്ളുന്നു. നബി തിരുമേനിയുടെ മകളുടെ ഭർത്താവും നാലാമത്തെ ഖലീഫയുമായിരുന്ന ഇമാം അലി അന്ത്യ വിശ്രമം കൊള്ളുന്ന ഇറാഖിലെ അൽ നജഫിലും, അദ്ദേഹത്തിന്റെ മകൻ ഇമാം ഹുസ്സൈന്റെ തിരു ഉടൽ മാത്രം അന്ത്യ വിശ്രമം കൊള്ളുന്ന ഇറാഖിലെ കർബല
യിലും, തലഭാഗം അന്ത്യ വിശ്രമം കൊള്ളുന്ന ഈജിപ്തിലെ കയ്‌റോയിലും,തലഭാഗം കെട്ടിത്തൂക്കി എന്ന് പറയുന്ന സിറിയയിലെ ഡാമസ്ക്കസ്സിലുള്ള വലിയ പള്ളിയിലും, തിരുമേനിയുടെ ഏഴാം തലമുറയിലെ ഇമാം റീദ അന്ത്യ വിശ്രമം കൊള്ളുന്ന ഇറാനിലെ അൽ മഷാദിലും പ്രാർത്ഥിക്കാനും അള്ളാഹു എനിക്കവസരമുണ്ടാക്കി തന്നിട്ടുണ്ട്.
സത്യം പറയാമല്ലോ...പതിനൊന്നു വർഷങ്ങൾ ഞാൻ റമദാനിലെ നോയമ്പ് നോക്കിയിട്ടുണ്ട്. ആരും നിർബന്ധിച്ചിട്ടില്ല. ഗതികേട് കൊണ്ടുമല്ല. സന്തോഷത്തോടെ അതിനെ എല്ലാ അർത്ഥത്തിലും ഉൾക്കൊണ്ടു തന്നെ... "സക്കാത്തു" ഇന്നും മുറതെറ്റാതെ ഞാൻ ചെയ്യുന്നു...
വാസ്തവത്തിൽ "ഇസ്ലാം" വളരെ ലളിതമായ
ഒരു മതമാണ്. "അഞ്ചു മഹാസത്യങ്ങൾ" പരിപാലിക്കപ്പെട്ടാൽ, ഇസ്ലാമിന്റെ അടിസ്ഥാനമായി.അതായത് അഞ്ചു നേരത്തെ നിസ്കാരം, റമദാനിലെ നോയമ്പ്, സക്കാത്തു, ഹജ്ജ് കർമ്മം, സർവോപരി ആ ഏക ദൈവമായ അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം...
എന്നാൽ അതിലെ "യഥാർത്ഥ പ്രശ്‍നം", ഇസ്ലാമിനക്കകത്തുള്ള "ഉൾപ്പിരി"വാണ്.
"ഇസ്ലാമിലെ വിഭാഗിയത" വിരലിൽ എണ്ണാവുന്നതല്ല. ഉദാഹരണത്തിന്,
മത/ഈശ്വര വിശ്വാസം ഇല്ലാത്തവരെ കൊന്നാൽ, സ്വർഗം കിട്ടുമെന്ന് വിശ്വസിക്കുന്നവർ മുതൽ, എഴുപത്തിഅഞ്ചിൽ അധികം ഔദ്യോഗികവും, അതിന്റെ എത്രയോ അധികം അനൗദ്യോഗികവുമായ വിഭാഗീയത ആ മതത്തെ ഒരുപാട്
ദുരുപയോഗപ്പെടുത്താൻ ശ്രമിക്കുന്നു എന്നത് സത്യം തന്നെയാണ്...
ഇതിപ്പോ എല്ലാ മതങ്ങളുടെയും മുഖമുദ്രയാണ്. ഏതു മതവും എടുത്തു നോക്കിക്കോ? ഇത്തരം വിഭാഗീയത എവിടെയും കാണാം. ഹിന്ദു സമൂഹത്തിന്റെ "ആദ്യന്തിക സത്ത" അറിയാൻ കഴിയാത്ത ജാതിമതക്കോമരങ്ങൾ അടിസ്ഥാന
മറിയാതെ കാട്ടികൂട്ടുന്ന അന്ധതയുടെയും അനാചാരങ്ങളുടെയും ഘോഷയാത്രകളല്ലേ നടത്തിക്കൊണ്ടിരിക്കുന്നത്...
ഇനിയിപ്പോ ക്രിസ്ത്യൻ സമൂഹത്തിലോട്ടു
നോക്ക്? വിഭാഗിയത. ഈശ്വരനോട് പ്രാർത്ഥിക്കാൻ പോലും തമ്മിലടി.
വത്തിക്കാൻ വരെ പോയാലും തീരാത്ത പ്രശ്നങ്ങൾ...
ഇതൊക്കെ പറയാൻ കാരണം, നമ്മുടെ "ശ്രീമതി റാവിയ മുഹമ്മദ്", ഇസ്ലാം മതത്തിലെ, ഷിയാ സമ്പ്രദായത്തിലെ, ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു.അവരുടെ വിശ്വാസത്തിൽ എല്ലാം "ഇമാം അലി"യാണ്. അതായതു നബിതിരുമേനിയുടെ മകൾ ഫാത്തിമയുടെ ഭർത്താവും, നാലാമത്തെ ഖലീഫയുമാ
യിരുന്ന "ഇമാം അലി"...
"റാവിയ" പറയുന്നത്, ഇമാം അലിക്കായി
രുന്നു ശരിക്കും പരിശുദ്ധ ഖുർആൻ കിട്ടേണ്ടിയിരുന്നത് എന്നാണ്...അത് നബി തിരുമേനിയുടെ കയ്യിൽ കൊടുത്തത്, ദൈവത്തിന് പറ്റിയ ഒരു കൈപ്പിഴയാണ് പോലും...രണ്ടാമത്തെ ഖലീഫയായിരുന്ന "ഒമറിന്" ശരിക്കും ഇവർക്കിഷ്ടമല്ല...
അതിൽ ത്തന്നെ വേറൊരു പിരിവുണ്ട് .
നബി തിരുമേനിയുടെ ചെറുമകൻ അതായതു ഇമാം അലിയുടെ രണ്ടാമത്തെ മകൻ "ഇമാം ഹുസ്സൈന്" പ്രാധാന്യം കൊടുക്കുന്ന മറ്റൊരു വിഭാഗം... ഇക്കൂട്ടർ കുവൈറ്റികളുടെ ഇടയിൽ ധാരാളമുണ്ട്. അവർക്കെല്ലാം ഇമാം ഹുസൈനാണ്. അങ്ങനെ എത്ര എത്ര എത്ര...
ഇതൊന്നും എന്റെ വിഷയമല്ല. സന്നർഭോചിതമായി പറഞ്ഞു എന്ന് മാത്രം.അതുകൊണ്ടു ഞാൻ വിഷയത്തിലേക്കു വരാം...
ഞാൻ ബ്രാഞ്ചുകളിൽ മാനേജരായിരുന്ന
പ്പോൾ, അല്ലങ്കിൽ മാനേജ് ചെയ്തുകൊണ്ടി
രുന്നപ്പോൾ, ഒരു കുടുംബം പോലെയാണെ
ല്ലാവരും ജോലി ചെയ്തിരുന്നത്. ഇത്തരം മതങ്ങൾക്കുള്ളിലെ വിഭാഗീയതക്കും വൈരുധ്യങ്ങൾക്കും സ്ഥാനം കൊടുത്തു ആരെയും കൂടെ ക്കൂട്ടാൻ ഞാൻ തയ്യാറായിരുന്നില്ല. പരസ്പരം പഴിചാരിയും, കുറ്റം പറഞ്ഞും, കുതികാൽ വെട്ടിയും, ജോലി ചെയ്താൽ, അത് ബ്രാഞ്ചിന്റെ ബസ്സിനസ്സിനെ ബാധിക്കും എന്നു അറിയാവു
ന്നത് കൊണ്ട്, അന്നത്തെ അഹമ്മദി ബ്രാഞ്ചിന്റെ ശരിയായ ഒരവസ്ഥ, ഒരവസരത്തിൽ "ഡെപ്യൂട്ടി ചെയർമാനോട്" വിശദികരിച്ചു. അധികം താമസിച്ചില്ല. മുന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അന്നത്തെ ആക്റ്റിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാ
യിരുന്ന "ജമാൽ അൽ മുതുവാ", എഴുതിയ ഒരു മെമ്മോ എനിക്ക് വന്നു. അത് എനിക്കൊരു വലിയ താങ്ങായി. ബ്രാഞ്ചിന്റെ ബിസിനസ്സ് പുരോഗതിക്കു എന്തൊക്കെ പ്രയോജനപ്പെടുമോ അതിന് വേണ്ടതെല്ലാം ചെയ്യാമെന്നായിരുന്നു മെമ്മോയുടെ താൽപ്പര്യം.
ചെയർമാനും ബോർഡ് മെമ്പറന്മാർക്കും എന്ത് ജാതി? എന്ത് മതം? അവരൊക്കെ ബിസിനസ്സുകാരാണ്.എത്രയും കൂടുതൽ ലാഭം ഉണ്ടാകുക. ലോകത്തു കാശുണ്ട
ക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ഒരൊറ്റ ജാതിയും മതവുമേയുള്ള. "പണവും പ്രശസ്തിയും"... സാധാരണക്കാരായ നമ്മുക്കെല്ലാം മതമുണ്ട്. ജാതിയുണ്ട്. മതത്തിൽ ഉൾപ്പിരിവുകളുണ്ട്. രാഷ്ട്രീയമുണ്ട്. തമ്മിലടിയുണ്ട്. കുത്തും വെട്ടുമുണ്ട്. വെടിവെപ്പുണ്ട്. പണക്കാരുടെയും നേതാക്കന്മാരുടെയും ഇടയിൽ ഇതിനൊന്നും പ്രസക്തിയുമില്ല...
ഏതായാലും ഞാൻ "അലിക്ക് അരൻഹാ" മുതൽ മിക്ക സ്റ്റാഫ് മെംബേഴ്സിനെയും സ്ഥലം മാറ്റി. പുതിയ ആൾക്കാർ പകരം എത്തി. എന്നാൽ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായിരുന്ന "അലിക്ക്
അരൻഹാക്ക്" പകരം ആരെയും വേണ്ട എന്ന് പറഞ്ഞത്, റീറ്റെയ്ൽ മാനേജ്മെന്റിന് ശരിക്കും ഒരു ഷോക്ക് തന്നെയിരുന്നു. പകരം നമ്മുടെ "റാവിയ" ആ പദവി ഏറ്റെടുക്കട്ടെ എന്നതായിരുന്നു എന്റെ നിലപാട്.അതിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം ഞാൻ ഏറ്റടുത്തപ്പോൾ ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഡെപ്യൂട്ടി ചെയർമാന്റെ അനുഗ്രശിസ്സുകൾ കൂടെ ആയപ്പോൾ, കാര്യങ്ങൾ വ്യക്തമായി...
പാവം "റാവിയ"...ഇത് കേട്ടപ്പോൾ സന്തോഷത്തിന്റെ മുകളിലെത്തി...
അവിശ്യസനീയം ആയിരുന്നു അവർക്കു അന്ന് "ആക്റ്റിംഗ് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ"പദവി...കണ്ണുമടച്ചു റാവിയയെ വിശ്വസിക്കരുതെന്നു മാനേജ്മെന്റുൾപ്പടെ പലരും ഉപദേശിച്ചു. പക്ഷേ ഞാൻ എന്റെ മനഃസാക്ഷിയെ വിശ്വസിച്ചു. എനിക്ക് തെറ്റിയില്ല എന്ന് പിൽക്കാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
അന്നു മുതൽ ഇന്നുവരെ, ആ സ്നേഹവും ബഹുമാനവും നിലനിൽക്കുന്നു...
പിന്നീടുള്ളത് ബാങ്കിന്റെ ചരിത്രത്തിലെ ഭാഗമാണ്.....
തുടരും.......... മൂന്നാം ഭാഗത്തിൽ.