ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ (62)
Great respect to Mrs. Bhahjath Al Matrook.
Part six.....ഭാഗം ആറ് ......തുടർച്ച....
---------------------------------------------------------------------
"അദ്നാൻ അൽ ജർക്കിയും",(Adnan Al Jerki) ഞാനും, കുവൈറ്റ് യുദ്ധത്തിന് മുൻപ് അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.അദ്ദേഹം അന്ന് സാൽമിയ ബ്രാഞ്ച് മാനേജരും, ഒപ്പം ക്രെഡിറ്റ് കോഴ്സും, കഴിഞ്ഞ ഏക റീറ്റെയ്ൽ മാനേജരും ആയിരുന്നു.....(Salmiya Branch Manager,Credit course-Retail Regional Manager)......
കുവൈറ്റ് യുദ്ധത്തിൽ, എണ്ണമറ്റ പലസ്‌തീനികളും, ജോർദാനികളും, പാശ്ചാത്യരും, ബാങ്കിൽ നിന്ന് പുറത്തു പോയത് കുവൈറ്റികൾക്ക് ധാരാളം ഗുണം ഉണ്ടായി.... കേവലം ഒരു ക്രെഡിറ്റ് ഓഫീസറായി, അബ്ദുള്ള മുബാറക് റീജിയണൽ ഓഫീസിൽ, ജോലി ചെയ്തിരുന്ന, "യൂസഫ് ജാസ്സിം അൽ ഒബൈദ്",(Yousef Jassim Al Obaid) സിറ്റി റീജിയണൽ മാനേജർ പദവിയിലേക്ക് യുദ്ധാനന്തരം ഉയർത്തപ്പെട്ടു....!!!
അതുപോലെ ക്രെഡിറ്റ് കോഴ്സ് മാത്രം (Credit course)കൈമുതലായിരുന്ന "അബ്ദുൽമജീദ് അഷ്കനാനിയും"(Abdulmajid Ashkanani) റീജിയണൽ മാനേജരായി....
ഇതൊന്നും അല്ലല്ലോ ഞാൻ പറയാൻ വന്ന വിഷയം......!!!
"എന്നെ മാത്രം എന്ത് കൊണ്ട് തിരിച്ചു കൊണ്ട് വരണ്ട എന്ന് തീരുമാനിച്ചു"?
അത് വിശദമായി പറയാം...യുദ്ധത്തിന് മുൻപ് എന്റെകൂടെ ആറു മാസമായി ജോലി ചെയ്തിരുന്ന ഒരു കുവൈറ്റി പെൺകുട്ടിയുണ്ടായിരുന്നു.....പേര് "സഹർ അൽ ബനായ്".....(Sahar Al Banai) പുതുതായി ജോലിയിൽ വന്ന് മുന്ന് മാസത്തെ പ്രൊബേഷൻ(Probation period) കഴിഞ്ഞു. ജോലിയിൽ സ്ഥിരപ്പെടുത്തി. എന്നോട് വളരെ സ്നേഹവും, ബഹുമാനവും, ഒക്കെ പുലർത്തി ജോലി ചെയ്യുന്ന സമയത്താണ് ഇറാഖിന്റെ പിടിയിൽ കുവൈറ്റ് ചെന്ന് വീഴുന്നത്. ആ കുട്ടിയുടെ സഹോദരൻ "നാസ്സർ അൽ ബനായ്"(Nassar Al Banai) എന്റെ വളരെ അടുത്ത സ്നേഹിതനും, കുവൈറ്റ് ആർമിയിൽ ഒരു മേജറും(Army Major) ആയിരുന്നു. വളരെ ദേഷ്യക്കാരനായിരുന്നു,...!!! ഈ സഹോദരൻ നാസ്സർ..... ഇറാഖിന്റെ പിടിയിൽ കുവൈറ്റ് വീണപ്പോൾ, കുവൈറ്റിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ ഒളിച്ചു താമസിക്കുകയായിരുന്നു.....ഇറാഖിന്റെ, കുവൈറ്റ് അഭിനിവേശ സമയത്തു അവിടുന്ന്
രക്ഷപ്പെടാൻ കഴിയാതിരുന്ന കുറെയേറെ കുവൈറ്റികൾ, ഭീതിയുടെ പിടിയിൽ വെളിയിൽ ഇറങ്ങാൻ കഴിയാതെ ജീവിക്കുന്നുണ്ടായിരുന്നു....!!!
പലരുടെയും അക്കൗണ്ടിൽ കാശുണ്ട്.....!!! പക്ഷേ ബാങ്കിൽ പോയി എടുക്കാൻ ധൈര്യമുണ്ടായിരുന്നില്ല....
ഒരു റീറ്റെയ്ൽ ബാങ്കർ എന്ന നിലയിൽ, ഒരുപാട് കുവൈറ്റികളെ ആ സമയങ്ങളിൽ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്......
അവരുടെയൊക്കെ പേരുകൾ സൗകര്യപൂർവ്വം പിന്നീടെഴുതാം.....അങ്ങനെ അക്കാലത്തു പലപ്രവശ്യം ഈ പറഞ്ഞ, "മേജർ നാസ്സർ അൽ ബനായിയെ" എനിക്ക് സഹായിക്കാൻ കഴിഞ്ഞു എന്നതിൽ കൃതാർത്ഥനാണ് ഞാൻ ......
കുവൈറ്റ് ഇറാഖ് യുദ്ധത്തിൽ, ഇദ്ദേഹത്തിന്റെ പങ്ക് വളരെ നിർണായകമായിരുന്നു.അതിന്റെ ഫലമായി യുദ്ധാനന്തരം, ബ്രിഗേഡിയറായി പ്രമോഷൻ കൊടുക്കുകയും ചെയ്തു..........
ആയിടക്കാണ് ആദ്യ ബാച്ച് ഇന്ത്യക്കാരെ കുവൈറ്റിൽ എത്തിച്ചതും, ബാങ്കുകളുടെ ഹെഡ് ഓഫീസുകൾ തുറക്കുകയും ഒക്കെ ചെയ്യുന്നത്......അന്ന് പ്രധാനമായും ഹെഡ് ഓഫീസ് ബ്രാഞ്ച് മാത്രമേ ആദ്യ പടിയിൽ തുറന്നിരുന്നുള്ളു. ഇന്ത്യക്കാരൊക്കെ വന്നു എന്നറിഞ്ഞ ബ്രിഗേഡിയർ നാസ്സർ എന്നെ അന്വേഷിച്ചു ഹെഡ്ഓഫീസിൽ എത്തി....
അപ്പോൾ ബാങ്കിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്ന ഏതോ ഒരു സ്റ്റാഫ്, മുകളിൽ ആറാമത്തെ നിലയിൽ "നായർ" ഇരിപ്പുണ്ടന്നു പറഞ്ഞതനുസരിച്ചു എന്നെക്കാണാൻ അദ്ദേഹം അവിടെയെത്തി.അദ്ദേഹം അവിടെ ചെന്നപ്പോൾ എന്നെയല്ല കണ്ടത്. വേറൊരു രാധകൃഷ്ണൻ നായർ അവിടെ ഉണ്ടായിയുന്നു.
എസ്സ് .രാധാകൃഷ്ണൻ നായർ. ആദ്യ ബാച്ചിൽ കുവൈറ്റിൽ എത്തിയ ഗ്രുപ്പിൽപ്പെട്ട സ്റ്റാഫ് അംഗമായിരുന്നു.
അദ്ദേഹം എന്റെ സുഹൃത്തും, ബന്ധുവും, അതിലുപരി കോളേജിൽ ഒന്നിച്ചായിരുന്നു ഡിഗ്രി എടുത്തതും....
ഹെഡ് ഓഫീസിൽ റീറ്റെയ്ൽ ക്രെഡിറ്റ് യൂണിറ്റിൽ,( Head office retail credit unit) ഞാൻ മുൻപ് പറഞ്ഞ,ജി. പി. സഹാനിയുടെ(G.P.Sahni)
കിഴിൽ, ബന്നി എന്ന സ്നേഹപൂർവ്വം വിളിക്കുന്ന, ബെർണാഡ് ഫെർണാണ്ടസ്സിനോടൊപ്പം,അന്ന് അസിറ്റന്റ് മാനേജരായി ജോലി ചെയ്‌യുകയായിരുന്നു.....
അദ്ദേഹത്തെ കണ്ടപ്പോൾ നമ്മുടെ ബ്രിഗേഡിയർ
"ഞാൻ വന്നത് താങ്കളെ കാണാനല്ല. സാൽഹിയ ബ്രാഞ്ചിലുണ്ടായിരുന്ന നായരേ കാണാൻ വന്നതാണ്"... എന്ന് പറഞ്ഞു മടങ്ങിപ്പോയി....
അക്കാലത്തു ഒരുപാട് കുവൈറ്റി കസ്റ്റമേഴ്സിന് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പിൽക്കാലത്തു എന്നോട് പറഞ്ഞിട്ടുണ്ട്...എന്നെ അന്വേഷിച്ചു ബാങ്കിന്റെ ഹെഡ്ഓഫീസിൽ പോയ അനുഭവങ്ങൾ.....
അവർക്കൊക്കെ എന്നെ അത്രയ്ക്ക് സ്നേഹമായിരുന്നു...... ഒപ്പം മറക്കാനാവാത്ത കടപ്പാടുകളും....അതായത് ഇറാഖിന്റെ പിടിയിൽ അമർന്ന കുവൈറ്റികളെ, ബാങ്കിൽ പോയി അവരുടെ അക്കൗണ്ടിൽ നിന്ന് കാശെടുത്തു വീട്ടിൽ കൊണ്ടെത്തിച്ചു കൊടുത്ത കടപ്പാടിൽ...
അവരിൽ പലരേയും ഇപ്പോഴും ഓർമ്മകളിൽ.... അലി അബ്ദുള്ള അൽ ഹബിഷി, സലാഹ് ഫഹദ് അൽ മർസുഖ്, അബ്ദുള്ള അൽ അജമി, ഒത്തു മാൻ ദാവൂദ് അൽ ഹനീഫ്, ഫൈസൽ അൽ ഖത്തറാഷ്,....
അങ്ങനെപോകും ആ നീണ്ട നിര.... അത് അടുത്ത എപ്പിസോഡിൽ പറയാം....!!!
എന്നിട്ടും എന്നെ തിരിച്ചു കൊണ്ട് പോകാൻ ബാങ്ക് തയ്യാറാകാഞ്ഞത് എന്ത് കൊണ്ട് എന്ന് പറയാൻ മറന്നു......!!!
അതുകൂടി പറഞ്ഞു ഈ എപ്പിസോഡ്അവസാനിപ്പിക്കാം................
മുകളിൽ പറഞ്ഞ ബ്രിഗേഡിയർ നാസ്സർ എന്നെ അന്വേഷിച്ചു ഹെഡ് ഓഫീസിൽ പോയ വിവരം, അദ്ദേഹം തന്റെ വീട്ടിൽ വന്നു പറഞ്ഞു. അത് കേട്ട് കൊണ്ടിരുന്ന സഹോദരി, അതായതു കുവൈറ്റ് അധിനിവേശത്തിന് മുൻപ് എന്റെകൂടെ ജോലി ചെയ്തിരുന്ന "സഹർ അൽ ബനായ്" (Sahar Al Banai)ഇത് ശ്രദ്ധിച്ചു.....!!! ആ കുട്ടി യുദ്ധാനന്തരം, ബാങ്കിൽ റീറ്റെയ്ൽ ഡിവിഷനിൽ(Retail Division) നിന്ന് കൊമേർഷ്യൽ ഡിവിഷനിലേക്ക്(Commercial Division) ജോലി മാറിയിരുന്നു.
അവൾ പിറ്റേ ദിവസം ബാങ്കിൽ എത്തി.അനുവാദം ഒന്നും ചോദിക്കാതെ, മുൻപ് പറഞ്ഞ റീറ്റെയ്ൽ ഡിവിഷൻ ഹെഡ് ആയിരുന്ന തലപ്പാവില്ലാത്ത സിക്കുകാരൻ, ജി. പി. സഹാനിയുടെ(G.P.Sahni) ഓഫീസിലേക്ക് കയറിച്ചെന്നു.....!!! അപ്പോൾ അദ്ദേഹം മുൻപ് സൂചിപ്പിച്ച റീജിയണൽ മാനേജർ, "അദ്നാൻ അൽ ജർക്കി"(Adnan Al Jerki) യുമായി മീറ്റിംഗ് നടക്കുകയായിരുന്നു....
താഴെക്കിടയിൽ ഉള്ള ഒരു ക്ളറിക്കൽ സ്റ്റാഫ്,അനുവാദം ഇല്ലാതെ വാതിൽ തുറന്ന് അകത്തു ചെന്നത്, അദ്ദേഹത്തിന് ഇഷ്ടമായില്ല....!!!
പക്ഷെ അവൾ ഒരു കുവൈറ്റി ആയത് കൊണ്ടും, ഒരു സ്ത്രീ ആയത് കൊണ്ടും, സർവോപരി ഇറാഖിന്റെ അധിനിവേശത്തിൽ കുവൈറ്റിൽപ്പെട്ടു പോയ കുവൈറ്റികൾക്കുള്ള ഒരു പ്രത്യേകതയും കണക്കിലെടുത്തു, ഒരു മൂന്നാംകിട രാജ്യക്കാരന് ഒന്നും പറയാൻ ആയില്ല....!!!
" എന്തുകൊണ്ടാണ് സാൽഹിയ ബ്രാഞ്ചിലെ എന്റെ മുൻ ബ്രാഞ്ച് മാനേജർ മിസ്റ്റർ നായരേ കൊണ്ട് വന്നില്ല".....അവളുടെ ആദ്യത്തെ ചോദ്യം???
(അവിടെ തുടങ്ങി എന്റെ ശനിദശയുടെ അവസാനത്തെ അഞ്ചു വർഷം)....
സഹാനിക്ക് ചോദ്യം ഇഷ്ടപ്പെട്ടില്ല.....!!! എന്നിട്ടും മറുപടി പറഞ്ഞു......
"അതൊക്കെ ഞങ്ങൾ സൗകര്യംപോലെ ബ്രാഞ്ച് തുറക്കുന്നതനുസരിച്ചു തീരുമാനിക്കും".....
ആ മറുപടി അവൾക്കും ഇഷ്ടപ്പെട്ടില്ല....!!!
അവൾ പറഞ്ഞ മറുപടി അതിലും വിചിത്രം....!!! എന്നോടുള്ള സ്നേഹക്കൂടുതലാവാം.............
"തന്റെ തന്തയുടെ വകയല്ല കൊമേർഷ്യൽ ബാങ്ക്.....ഞങ്ങൾ കുവൈറ്റികൾ തീരുമാനിക്കും ആരേ കൊണ്ടുവരണം"....!!!
അവൾ ദേഷ്യത്തോടെ കതക് വലിച്ചടച്ചു പുറത്തു പോയി.......
(എന്റെ ശനിദശയുടെ ഒടുക്കം മാത്രമല്ല,... കണ്ടക ശനിയും ഏഴാം ഭാവത്തിൽ കുടി...... ഒപ്പം കേതു അപഹാരവും......അവിടെ തുടങ്ങുന്നു)....
ഇതിനെല്ലാം മൂക സാക്ഷിയായി അദ്നാൻ അൽ ജർക്കിയും.....(Adnan Al Jerki).....എല്ലാ കാര്യങ്ങളും വിശദമായി അദ്നാൻ എന്നെ ടെലിഫോണിലൂടെ അറിയിച്ചപ്പോൾ...... ഞാൻ എന്റെ ജാതകം തിരുവനന്തപുരത്തെ വാടക വീട്ടിൽ ഇരുന്നു വായിക്കുകയായിരുന്നു........
തുടർന്നുള്ള സംഭവ ബഹുലമായ നാടകങ്ങൾ വരും എപ്പിസോഡുകളിൽ...........
തുടരും.......