ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ.(42) Great respect to Sheikh Nawaf Al Yousef Al Sabah.
----------------------------------------------------------------
1990 ഇന്റെ രണ്ടാം പകുതി . അന്ന് ഞാൻ "കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റി"ന്റെ "അബ്ദുള്ള മുബാറക് ബ്രാഞ്ചി"ന്റെ മാനേജർ ആയിരിക്കുന്ന സമയം . "ഡേവിഡ് ബെറി" എന്നൊരു അനിതരസാധാരണ പ്രതിഭയാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ . റീറ്റെയ്ൽ ബാങ്കിന്റെ ജനറൽ മാനേജർ "ക്ലൈവ് ഷെവാർഡ്" എന്നൊരു മറ്റൊരു പ്രതിഭ . ഹെഡ്ഓഫീസ് കഴിഞ്ഞാൽ ഏറ്റവും അധികം ബിസിനസ് ഉള്ള രണ്ടു ബ്രാഞ്ചകളിൽ ഒന്ന് "അബ്ദുള്ള മുബാറക്" ബ്രാഞ്ചും പിന്നെ "ഫഹാഹീൽ" ബ്രാഞ്ചും ആയിരുന്നു .
അന്ന് "റീറ്റെയ്ൽ ട്രെയിനിങ്ങി"ന്റെ മുഴുവൻ ചുമതലയും എനിക്കായിരുന്നു . ആ തീരുമാനം അന്നത്തെ ബോർഡിന്റെതായിരുന്നു . എന്നു മാത്രമല്ല കൊമേർഷ്യൽ ബാങ്കിന്റെ ട്രെയിനിങ് സെന്റർ പോലും എന്റെ ബ്രാഞ്ചിലേക്കു മാറ്റുകയുണ്ടായി . അന്നത്തെ ട്രെയിനിങ് മാനേജർ ഒരു കുവൈറ്റി സ്ത്രീ ആയ "ലതീഫ അൽ ദോസരിയും" , ഞാനും ചേർന്നുള്ള ഒരു സംയുക്ത ട്രെയിനിങ് ആയിരുന്നു . എനിക്കൊരുപാട് അംഗീകാരങ്ങൾ വന്നു ചേരാൻ ഈ ട്രെയിനിങ് പ്രോഗ്രാം സഹായകമായി . ആയിടയ്ക്കാണ് ബാങ്കിന് ആദ്യമായി ISO 9001 സർട്ടിഫിക്കറ്റ് കിട്ടുന്നത് . അതിൽ റീറ്റെയ്ൽ ട്രൈനിംഗിനെപ്പറ്റി പരാമർശിച്ചിരുന്നു എന്ന് അന്നത്തെ ഹ്യൂമൻ റിസോഴ്സ്‌സിന്റെ തലപ്പത്തിരുന്ന "അമൽ അൽ ഹുബൈസി" എന്നോട് പറയുകയും, പ്രത്യേക അംഗീകാരങ്ങൾ എനിക്ക് തരികയും ചെയ്തിരുന്നു .ആ തീരുമാനം വന്നത് എനിക്ക് ധാരാളം കുവൈറ്റി സുഹൃത്തുക്കളെ നേടി തന്നു .ഏതാണ്ടൊരു രണ്ടു വർഷക്കാലം കൊണ്ട് 135തിൽ അധികം കുവൈറ്റികളെ പല തരത്തിൽ പല ലെവലിൽ എനിക്ക് വേണ്ട ട്രെയിനിങ് കൊടുക്കുവാൻ അവസരം ഉണ്ടായി . അവരെല്ലാം അന്നും ഇന്നും നല്ല സുഹൃത്തുക്കളായി നിലനിൽക്കുന്നു .
അതിൽ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ രാജാകുടുംബാംഗമായ "ഷെയ്ഖ് നവാഫ് അലി അൽ സബാഹ്" . . ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട് കുവൈറ്റ് രാജകുടുംബത്തിൽ പല തായ്‌വഴികളുണ്ട് . എല്ലാവര്ക്കും രാജാവോ , രാജ പ്രമുഖനോ , പ്രധാന മന്ത്രിയോ ആകാൻ അവകാശമില്ല . ആദ്യ രാജാവായിരുന്ന മുബാരക് അൽ കബീറിന്റെ രണ്ടു ആൺ മക്കളായിരുന്നു അൽ ജാബർ അൽ അഹ്‌മദ് , അൽ സാലം അൽ മുബാരക് , ഇവരുടെ പിൻഗാമികൾക്കു മാത്രമേ രാജാവാകാൻ അവകാശമുള്ളൂ . ഇതൊരു നൂറു വർഷം കുവൈറ്റിൽ ജീവിച്ചാലും ഒരു വിദേശിക്ക് അറിയാൻ കഴിയണമെന്നില്ല . അങ്ങനെ വരുമ്പോൾ ഞാൻ ട്രെയിനിങ് കൊടുത്ത മുകളിൽ പറഞ്ഞ "ഷെയ്ഖ് നവാഫ്" അമ്മ വഴി ഈ ഗ്രൂപ്പിൽ വരുന്ന രാജകുടുംബത്തിലെ ഒരു പ്രധാന കണ്ണിയാണ് . ഞാനൊക്കെ കുവൈറ്റിൽ ചെല്ലുമ്പോൾ അന്നത്തെ ഇൻഫർമേഷൻ മിനിസ്റ്ററായിരുന്ന ഷെയ്ഖ് അലി അൽ നവാഫ് അൽ സാലം അൽ സബാഹിന്റെ മകളുടെ മകൻ .
അന്നു ഞാൻ ന്യൂസിഅലാൻഡ് ലേക്ക് ചേക്കേറിയ സമയമായിരുന്നു . ഒരു വർഷത്തെ നീണ്ട അവുധിയിൽ പോകാനുള്ള അത്യപൂർവ്വമായ അംഗീകാരം വാങ്ങി ടിക്കറ്റും എടുത്തിരിക്കുന്ന സമയം . പോകാൻ ദിവസങ്ങൾ ബാക്കി .
ഒരു സുപ്രഭാതത്തിൽ ബാങ്കിന്റെ അന്നത്തെ ഡെപ്യൂട്ടി ചെയർമാൻ ഫൈസൽ അബ്ദുൽ ലത്തിഫ് അൽ മർസൂഖ് രാവിലെ ബ്രാഞ്ചിൽ എത്തി . ( ചെയർമാൻ ഷെയ്ഖ് മൊഹമ്മദ് അന്നു വിദേശത്തായിരുന്നു , അദ്ദേഹമാണ് ഒരു വർഷത്തെ നീണ്ട അവുധി എനിക്ക് ബോർഡ് ഹ്യൂമൻ റിസോഴ്സ്സ് കമ്മിറ്റിയിൽ നിന്ന് വാങ്ങി തന്നിരുന്നത്) ഡെപ്യൂട്ടി ചെയർമാൻ വന്ന് എന്നോട് പറഞ്ഞു നീണ്ട അവുധിയുടെ ഡേറ്റ് മൂന്നു മാസത്തേക്ക് നീട്ടണം . ഞാൻ പറഞ്ഞു ടിക്കറ്റും ഹോട്ടൽ ബുക്കിംഗ് എല്ലാം കഴിഞ്ഞു . മറുപടി . സാധ്യമല്ല.കാരണം ഞാൻ ആരാഞ്ഞു . "ഷെയ്ഖ് നവാഫ് അലി അൽ സബാഹ്" പുതുതായി ബാങ്കിൽ ചേർന്നു . അദ്ദേഹത്തിന് നീ തന്നെ ട്രെയിനിങ് കൊടുക്കണമെന്നാണ് തീരുമാനം. എന്റെ മുൻപിൽ മറ്റുമാർഗ്ഗമൊന്നുമില്ലായിരുന്നു . എല്ലാം മൂന്നു മാസത്തേക്ക് മാറ്റി വെച്ചു .
വന്നപ്പോൾ ഒരു കൊച്ചു പയ്യൻ . സുന്ദരൻ , സുമുഖൻ . രാജകുടുംബത്തിന്റെ യാതൊരു പ്രൗഡിയുമില്ലാത്ത യുവാവ് . മാതൃഭാഷയായ അറബി സംസാരിക്കാൻ വളരെ ബുദ്ധി മുട്ടുന്നുണ്ടായിരുന്നു . ജീവിതത്തിന്റെ നല്ല ഭാഗവും അമേരിക്കയിലായിരുന്നു . അച്ഛൻ രാജകുടുംബാങ്ങമായ ഷെയ്ഖ് അലി അൽ യൂസഫ് അൽ സബാഹ് . കുവൈറ്റ് പട്ടാളത്തിലെ ഒരു ബ്രിഗേഡിയർ ആയിരുന്നു . മൂന്നു മാസം,ഒരു ജന്മം കൊണ്ട് നേടാൻ,കഴിയാത്ത സ്‌നേഹം ഈ യുവാവ് എനിക്ക് തന്നു . . ട്രെയിനിങ് കഴിഞ്ഞു ഞാൻ ന്യൂസിഅലാൻഡ് ലേക്ക് നീണ്ട അവുധിക്ക് പോരുമ്പോൾ എന്റെ പെട്ടികളെല്ലാം എയർപോർട്ടിൽ കൊണ്ടുപോകാൻ വലിയ വണ്ടിയും ഡ്രൈവറെയും വിട്ടു തന്നു . ഒരു വർഷത്തിനു ശേഷം മടങ്ങി വരുമ്പോൾ ഇദ്ദേഹം ജനറൽ സെർവിസിൽ ഒരു സൂപ്പർവൈസർ ആയി കഴിഞ്ഞിരുന്നു . പലപ്പോഴും എന്നെ ജാബ്രിയയിൽ ഉള്ള തന്റെ രാജകുടുംബത്തിലേക്കു കൊണ്ടുപോകുമായിരുന്നു . ഇന്ത്യക്കാരെ പൊതുവെ വലിയ സ്‌നേഹമാണ് .
ഇന്ന് കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ജനറൽ സർവീസ് ഡിവിഷൻ സീനിയർ മാനേജ്‌മന്റ് മെമ്പറായി വിരാജിക്കുന്നു . കാലം എത്ര കഴിഞ്ഞിട്ടും, മാസത്തിലൊരിക്കൽ ഒരു ഈമെയിൽ അയക്കാൻ മറക്കാത്ത വ്യക്തിത്ത്വം . ഇന്ത്യയിലെയും , ന്യൂസിഅലൻഡിലെയും വിശേഷ ദിവസങ്ങളിൽ ആശംസകൾ അയക്കാൻ മറക്കാത്ത ഷെയ്ഖ് അലി അൽ നവാഫ് അൽ സാലം അൽ സബാഹിന്റെ മകളുടെ മകൻ. എന്റെ ബാങ്കിങ് കാരീയറിലെ ഒരു വലിയ ചവിട്ടുപടി . ഒരു ജന്മം കൊണ്ട് തീർക്കാൻ കഴിയാത്ത കടപ്പാടുകൾ .നല്ല ഓർമകൾക്ക് മരണമില്ല.സ്നേഹം നിറഞ്ഞ എന്റെ ബു അലി . മകന്റെ സ്ഥാനത്താണ് ഞാൻ ഈ കൊച്ചേനെ ഇപ്പോഴും കാണുന്നത് .