ഊഷരഭൂമിയിലെ ശീതക്കാറ്റ് (83)
==================================
തയ്യാറാക്കിയത്, - രാധാകൃഷ്ണൻ നായർ
ന്യൂസീലാൻഡ്.
-------------------------------------
ഇന്ന് അധികം ആരോടും പറഞ്ഞിട്ടില്ലാത്ത സത്യസന്ധമായ ഒരു ചെറിയ അനുഭവം ഞാൻ ഇവിടെ പങ്കു വയ്ക്കാം...ഈ കഴിഞ്ഞ ഓഗസ്റ്റ് രണ്ടാം തീയതി കുവൈറ്റികൾക്കും കുറെ വിദേശികൾക്കും മറക്കാൻ കഴിയാത്ത ഒരു ദിവസമായിരുന്നല്ലോ...ഇറാഖിന്റെ കുവൈറ്റ് അധിനിവേശം...അപ്രതീക്ഷതമായി കുവൈറ്റിൽ നിന്ന് വന്ന ഒരു പഴയ സുഹൃത്തിന്റെ ടെലിഫോൺ സംഭാഷണമാണു ഇപ്പോൾ ഈ ലേഖനമെഴുതാനുണ്ടായ കാരണം...
കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ഫഹാഹീൽ ബ്രാഞ്ച് മനേജരായിരിക്കുന്ന കാലഘട്ടത്തിൽ,അന്ന് 70 വയസ്സിനുമേൽ പ്രായം ചെന്ന ഒരു കുവൈറ്റി കസ്റ്റമർ എനിക്കുണ്ടാ
യിരുന്നു...ട്രൈബൽ കുവൈറ്റി സമൂഹത്തിൽ ഉള്ള കുടുംബത്തിൽപ്പെട്ടതായിരുന്നങ്കിലും,
അമിതമായ സമ്പത്തിന്റെ ഉടമ...അതുകൊണ്ടു തന്നെ മുന്നോക്കത്തിൽ നിൽക്കുന്ന കുവൈറ്റി
കളുടെ ഇടയിൽ അദ്ദേഹം വളരെ ബഹുമാന്യനും പ്രശസ്തനുമായിരുന്നു...കുവൈറ്റിലെ ഉയർന്ന പോലീസ് ഉദ്യോഗത്തിൽ നിന്ന് വിരമിച്ചു, ധാരാളം കെട്ടിട സമുച്ചയങ്ങളുടെ ഉടമയായി വിശ്രമ ജീവിതം നയിക്കുന്ന സമയത്തു,ഹൃദയ സംബന്ധ
മായ രോഗങ്ങൾ മൂലം അമേരിക്കയിൽ പോയി ഓപ്പറേഷൻ ഒക്കെ ചെയ്തു ഇരിക്കുന്ന സമയം...നാലു വിവാഹത്തിലായി ഏഴുമക്കൾ...
...അഞ്ചു ആണും, രണ്ടു പെൺകുട്ടികളും...
ഏറ്റവും കൂടുതൽ സ്നേഹം പെണ്കുട്ടികളോ
ടായിരുന്നു...ഭാര്യമാരെയും ആൺകുട്ടികളെയും ശകലം പോലും വിശ്വാസമില്ലാത്ത ഒരാളാണ് അദ്ദേഹം...എന്നോട് അമിതമായ സ്നേഹവും അതിൽ ഏറെ സന്തോഷവും, വിശ്വാസവും...
മക്കളോ ഭാര്യമാരോ വന്നു ചോദിച്ചാൽ, അദ്ദേഹത്തിന്റെ ബാങ്ക് ബാലൻസുകളോ, ലോക്കറിലിരിക്കുന്ന സ്വർണത്തിന്റെയോ വിവരങ്ങളോ പറയരുതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്...മൂത്ത മകൻ കുവൈറ്റിലെ ഒരു മന്ത്രിസഭയിൽ ഇപ്പോൾ അണ്ടർ സെക്രട്ടറി ആയി എത്തിയിട്ടുണ്ട്...ആൺ മക്കളും ഭാര്യമാരും മാറി മാറി സ്വത്തുവിവരങ്ങൾ അറിയാൻ എന്റടുത്തു വരുമായിരുന്നു... അവർക്കെല്ലാം എന്നെ കുടുംബത്തിലെ ഒരംഗത്തെപോലെ സ്നേഹമായിരുന്നെങ്കിലും,
ഇദ്ദേഹത്തിന്റെ സ്വത്തു വിവരങ്ങൾ വന്നു ചോദിക്കുമ്പോൾ ഒന്നും പറയാതെ ഞാൻ ഉഴപ്പി വിടുമായിരുന്നു...
അവർക്ക് "അൽവാഫ്രാ"(Al wafra) എന്ന സ്ഥലത്തു വളരെ വിശാലമായ"ഫാം ലാൻഡ്"
ഉണ്ട്...എന്നെ പലപ്പോഴും അവിടെ കുട്ടി കൊണ്ട് പോകും...വിഭവ സമർത്ഥമായ ആഹാരങ്ങൾ...
ബാങ്കിലും വിതരണം ചെയ്യാറുണ്ടായിരുന്നു...
ഇങ്ങനെ ഒക്കെ ആണ് എങ്കിലും, ഒരു കാര്യത്തിൽ, വളരെ അധികം ദുഃഖിച്ചാണ് ഒരു സുന്നി മുസ്ലിം വിശ്വാസി ആയിരുന്ന എന്റെ സ്നേഹിതൻ, ഇവിടം വിട്ടു പോയത്...കാരണം പെൺമക്കളെ കൂടുതൽ സ്നേഹിച്ചിരുന്ന അദ്ദേത്തിന്റെ മരണശേഷം തന്റെ സ്വത്തുക്കളിൽ ഒരു ചെറിയ ഭാഗത്തിന് മാത്രമേ അവർക്ക് അവകാശം ഉള്ളല്ലോ എന്ന ദുഃഖം...ഇസ്ലാമിലെ "ശരിയാ" നിയമം പിൽക്കാലത്തു പഠിച്ചിട്ടുള്ള എനിക്ക്, അതിന്റെ വാസ്തവീകത പിന്നീടാണ് മനസ്സിലായത്...ആൺ മക്കൾക്ക് കിട്ടുന്ന
സ്വത്തിന്റെ പകുതി മാത്രമേ പെൺമക്കൾക്ക് അവകാശം ഉള്ളു എന്ന ഇസ്‍ലാമിക നിയമം...
ആൺമക്കൾ ഇല്ലങ്കിൽ, ചെറുമക്കളായ ആണ്മക്കൾക്കു സ്വത്തു തുല്യമായി കൊടുക്കും...
ഒരു ഇസ്ലാമായ,അഞ്ചുനേരം നിസ്കരിക്കുന്ന, സക്കാത്തു കൊടുക്കുന്ന,ഹജ്ജു കർമ്മവും, ഓംറയും, അനുഷ്ഠിക്കുന്ന ആ മനുഷ്യനെ അവസാന നാളുകളിൽ വളരെ തളർത്തി
യിരുന്നു...ആൺ മക്കളും ഭാര്യമാരും എല്ലാം സ്വാർത്ഥികളാണെന്നു പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്...ഏറ്റവും ഇളയ കുട്ടികളായിരുന്നു
പെൺമക്കൾ രണ്ടുപേരും...വയസാംകാലത്തു കിട്ടിയ രണ്ടു അമൂല്യ നിധികൾ...അവരെ ആൺ മക്കളൊന്നും ശ്രദ്ധിക്കില്ല എന്നൊരു തോന്നൽ...
ഒരിക്കൽ അദ്ദേഹം എന്നെ രഹസ്യമായി വിളിച്ചു ഒരുകാര്യം പറഞ്ഞു...നീയൊരു "കാഫിർ" അല്ലേ? നിനക്ക് ഞാനൊരു അധികാരപത്രം (Power of attorney) കോടതിമുഖേന വാങ്ങി തരാം...ഞാൻ ചോദിച്ചു...എന്തിന്? അദ്ദേഹത്തിന്റെ മറുപടി വളരെ വിചിത്രമായിരുന്നു...അദ്ദേഹം മരിച്ചാൽ അദ്ദേത്തിന്റെ സ്വത്തു മുഴുവൻ തുല്യമായി വീതം വച്ച് കൊടുക്കാനുള്ള അധികാരം... ഒരു "കാഫിറായ" നിനക്ക് സാധിക്കും...നീ മുസ്ലിം അല്ലല്ലോ...!!! ഒരു തമാശയാണെങ്കിൽ കുടി എന്നെ അത്ര വിശ്വാസമാണ്...മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് "അൽ അദആൻ" ആശുപത്രിയിൽ ഞാൻ പോയി കണ്ടിരുന്നു...
എന്നെ കണ്ടപ്പോൾ വലിയ സന്തോഷമായി...
ആരെയും മുറിയിലേക്ക് കടത്തിവിടരുതെന്ന് നഴ്സിനോട് പറഞ്ഞു മുറി അടക്കാൻ പറഞ്ഞു...
മലയാളിയായ നേഴ്സ് ചിരിച്ചുകൊണ്ട് കതകടച്ചു പുറത്തു പോയി...അതിനു ശേഷം ബാങ്കിലെ ലോക്കറിന്റെ താക്കോൽ എടുത്തു എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു..."നീ പോയി ബാങ്കിലെ ലോക്കറിലുള്ള സ്വർണം എല്ലാം എടുത്തു എന്റെ രണ്ടു പെൺമക്കൾക്കും കൊടുക്കണം"...
നിസ്സഹായനായി നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു...എന്റെ കണ്ണു നിറഞ്ഞു തുളുമ്പി...
ഒന്നും ചെയ്യാൻ വയ്യാത്ത അവസഥ...ആശുപത്രി
യിലെ എല്ലാ മുറികളിലും "പരിശുദ്ധ ഖുർആൻ" വച്ചിട്ടുണ്ട്...ഞാൻ അതെടുത്തു അദ്ദേത്തിന്റെ
കയ്യിൽ കൊടുത്തു...അദ്ദേഹം താഴെവച്ചിട്ട് എന്നെകെട്ടിപ്പിടിച്ചു..വിതുമ്പുന്നുണ്ടായിരുന്നു...നിനക്കിതൊന്നുംബാധകമല്ലല്ലോ...ഞാൻ അദ്ദേഹത്തെ സമാധാനിപ്പിച്ചു...മനുഷ്യ ജീവിതത്തിൽ പ്രതിസന്ധികൾ ഓരോ തരത്തിൽ വന്നുകൊണ്ടിരിക്കും... അതിനൊക്കെ അതിന്റെതായ കാരണങ്ങൾ ഉണ്ടാകും...എല്ലാം നമുക്കറിയണമെന്നില്ലല്ലോ...അല്ലാഹുവിന്റെ അനുഗ്രഹമായി കരുതുക... പ്രാർത്ഥിക്കുക...
താമസിയാതെ അദ്ദേഹം കടന്നുപോയി...
മുന്ന് ദിവസത്തെ ദുഃഖചരണം കഴിഞ്ഞു...
അധികം കഴിഞ്ഞില്ല... ഒരു ദിവസം,
ഒരു "വരത്" അല്ലങ്കിൽ "മിറാത്" മായി കോടതിയുടെ നിയമപ്രകാരം വീതം വാങ്ങാൻ, മക്കളും ഭാര്യമാരും എത്തി...
"വരത്" അല്ലങ്കിൽ "മിറാത്" ഇത് അറബി വാക്കാണ്...അതായതു "ശരിയത്" നിയമപ്രകാരം ഒരാളുടെ മരണാനന്തര സ്വത്തു വിഹിതം ഭാഗം വയ്ക്കൽ... കോടതി കൊടുക്കുന്നതാണ്...പാവം പിടിച്ച രണ്ടു പെൺകുട്ടികൾ കറുത്ത വസ്ത്രങ്ങളും അണിഞ്ഞു മുഖവും മറച്ചു വളരെ പിറകിൽ...ഞാൻ കുട്ടികളുടെ അടുത്ത് ചെന്ന് പറഞ്ഞു...നിങ്ങളുടെ ബാപ്പാ നിങ്ങളെ അങ്ങേ അറ്റം സ്നേഹിച്ചിരുന്നു... ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ സ്നേഹം നിറഞ്ഞ "ബു അബ്ദുള്ള"....
വേണ്ട... അദ്ദേഹത്തിന്റെ പേര് പറയാൻ ഞാനിഷ്ടപ്പെടുന്നില്ല...പിന്നെ കുവൈറ്റല്ലേ? കുവൈറ്റികളുടെ എല്ലാക്കാര്യങ്ങളും ഗവണ്മെന്റ് നോക്കിക്കൊള്ളും...
പെൺകുട്ടികളൊക്കെ നല്ല വിദ്യാഭ്യാസം നേടി...ഒരാൾ സ്കൂൾ അദ്ധ്യാപികയായി... മറ്റൊരാൾ കുവൈറ്റ് ഓയിൽ കമ്പനിയിൽ കമ്പ്യൂട്ടർ ഡിവിഷനിൽ ജോലി ചെയ്യുന്നു... മിടുക്കരായിപ്പോയി...ബാപ്പയുടെ സ്വത്തിൽ പകുതിയെ കിട്ടിയുള്ളൂ എങ്കിൽത്തന്നെ എത്രയാ സമ്പാദ്യം...ഇപ്പോഴും ആ കുട്ടികൾ, ഈദിനും, റമദാനും, ക്രിസ്തുമസ്സിനും,മെസ്സേജുകൾ അയക്കാറുണ്ട് ...ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല...കുവൈറ്റിൽ ഇത് സർവ സാധാരണമാണ്...തുടരെയുള്ള സംഭവങ്ങളാണ്...
തുടരും...