ഊഷരഭൂമിയിലെ ശീത കാറ്റുകൾ".(73). Great respect to Mrs.Bhahjath Al Matrook. (Part-17)...

ഊഷരഭൂമിയിലെ ശീത കാറ്റുകൾ".(73).

Great respect to Mrs.Bhahjath Al Matrook.
(Part-17)... 
----------------------------------
എഴുതുന്നത്  -രാധാകൃഷ്ണൻ നായർ
                                (ന്യൂസിലാൻഡ്)
----------------------------------
ഞാറാഴ്ച്ച...രാവിലെ തന്നെ കുളി, വസ്ത്രധാരണം, എല്ലാം കഴിഞ്ഞു...അഹമ്മദ്‌ കുട്ടി സഹാബിന്റെ ഹോട്ടലിൽ എത്തിയപ്പോൾ, അദ്ദേഹം എന്നെ പ്രതീക്ഷിച്ചു കാത്തു നിന്നിരുന്നു...സാറിന്റെ കയ്യിൽ ചില്ലറ തുട്ടുകൾ ഉണ്ടോ?  ചോദ്യം...ഇല്ലാ...എന്റെ മറുപടി..പെട്ടന്ന് മേശ തുറന്നു രണ്ട്, കാൽ രൂപാ തുട്ടും, ഒരു പത്തു പൈസാ തുട്ടും, എന്റെ കയ്യിൽ തന്നു. സാരമില്ല പിന്നെ കണക്ക് തീർക്കുമ്പോൾ തന്ന മതി.എന്റെ കൂടെ വരൂ...ഞാൻ അദ്ദേഹത്തിന്റെ കൂടെ അമ്പലത്തിന്റെ മുന്നിൽ എത്തി.സാറ് പ്രാർത്ഥിക്കണം...തടസ്സങ്ങൾ ഓക്കെ മാറാൻ പടച്ചവനോട് പ്രാർത്ഥിക്കണം...അറിയാതെ മുൻപ് പറഞ്ഞതെല്ലാം അവിടുന്ന് മാപ്പു തരും.
എനിക്കുറപ്പുണ്ട്‌...എന്റെ കയ്യിൽ തന്ന പത്തു പൈസയുടെ തുട്ട്  പ്രാർത്ഥിച്ച ശേഷം,കാണിക്ക കുടത്തിൽ  നിക്ഷേപിക്കണം...എനിക്ക് എന്റെ ചെറുപ്പകാലങ്ങൾ ഓർമ്മയിൽ വന്നു. 
അമ്മ അമ്പലത്തിൽ കൊണ്ട് പോയിരുന്ന ഓർമ്മകൾ... അതിന് ശേഷം പൂജാരിയോടെ മറാട്ടിയിൽ എന്തൊക്കെയോ പറഞ്ഞു...പൂജാരി,ആ ചെറിയ അമ്പലത്തിനുള്ളി
ലേക്ക് കടന്ന് എനിക്ക് വേണ്ടി പ്രാർത്ഥിച്ചു... ചെറിയ വിളക്ക് തട്ടത്തിൽ കത്തിച്ചു. പൂവും, പ്രസാദവും, ഒക്കെ വച്ച്, ഹനുമൽസ്വാമിയ്ക്കു നിവേദിച്ചു. തിരികെ വന്നു എന്റെ നെറ്റിയിൽ ചന്ദനവും, കുങ്കുമവും  ഒക്കെ തൊടുവിച്ചപ്പോൾ അഹമ്മദ് കുട്ടി സാഹിബ് തന്ന കാൽ രൂപാ തുട്ടു പൂജാരിയുടെ തട്ടത്തിൽ ഇട്ട് പ്രാർത്ഥിച്ചു...
തുടർന്ന് അമ്പലത്തോട് ചേർന്ന് പശുവിനെയും കൊണ്ട് നിന്ന കുട്ടിയേയും അമ്മയേയും കണ്ടു. ബാക്കി തന്ന കാൽ രൂപാ കൊടുത്തു ഒരു പിടി പച്ചപ്പുല്ല് വാങ്ങി പശുവിന് കൊടുക്കാൻ പറഞ്ഞപ്പോൾ, ഞാൻ അഹമ്മദ് സാഹിബിനോട് പറഞ്ഞു എങ്ങനെയാ കാൽ രൂപാ
കൊടുക്കുന്നത്? അഞ്ച് രൂപാകൊടുത്തേക്കാം...
അദ്ദേഹത്തിന്റെ മറുപടി എനിക്കതിശയമായി തോന്നി...എന്റെ പൊന്നു സാറെ അവരുടെ ഫീസ് കാൽ രൂപയാണ്. അതിൽ കൂടുതൽ കൊടുത്താൽ, അതൊക്കെ വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെടും..ഇത് ബോംബെ നഗരമാണ്. സാറിനിവിടൊന്നും പരിചയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.. അങ്ങനെ കാൽ രൂപാ കൊടുത്തു വൈക്കോൽ വാങ്ങി പശുവിന് കൊടുത്തു. മടങ്ങി രാവിലത്തെ കാപ്പി കുടിക്കാൻ തിരിച്ചു അദ്ദേഹത്തോടൊപ്പം റെസ്റ്റോറന്റിലേക്ക് മടങ്ങി... 
ഇനിപ്പറയുന്നത്, യുക്തിവാദികൾ, പുരോഗമന ചിന്താഗതിക്കാർ, ഇവർക്കാർക്കും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണന്നറിയാം...!!!
എന്നാൽ ഇത് യാഥാർച്ഛികമാകാം...എന്നാൽ ഞാൻ കണ്ട അനുഭവിച്ചറിഞ്ഞ ഒരു സത്യമാണ് താഴെപ്പറയുന്നത്...ഞാൻ രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനു കയറിയതും....എന്നെ അന്വേഷിച്ചു ഞാൻ താമസിച്ചിരുന്ന ഹോട്ടലിലെ സെക്യൂരിറ്റി സ്റ്റാഫ് വന്ന് പറഞ്ഞു... സാറിനെ അന്വേഷിച്ചു ഒരാൾ റിസപ്ഷനിൽ വന്ന് നിൽക്കുന്നു...ഞാൻ പറഞ്ഞു...അയ്യാളെ ഇങ്ങോട്ട് പറഞ്ഞു വിടുക...അയ്യാൾ വന്നു...അത് മറ്റാരുമല്ല കുവൈറ്റ് കോൺസുലേറ്റിന്റെ മുൻപിലിരുന്നു ടൈപ്പ് ചെയ്യുന്ന, എന്റെ പേപ്പർ എല്ലാം വാങ്ങിയ ആ ബംഗ്ലാദേശുകാരൻ മുഹമ്മദ്...വന്ന ഉടനെ അയ്യാൾ പറഞ്ഞു...സാർ...സാർ... താങ്കളുടെ നഷ്ടപ്പെട്ടു എന്ന് വിചാരിച്ച മെഡിക്കൽ പേപ്പർ കണ്ട് കിട്ടിയിട്ടുണ്ട്...ഞാൻ ചോദിച്ചു...എവിടെ? അത് ഡോക്ടർ പട്ടങ്ങറുടെ ക്ലിനിക്കിൽ (Dr. Pattangar clinic) അദ്ദേഹത്തിന്റെ മേശപ്പുറത്തി
രുപ്പുണ്ട്...സാർ ഇപ്പോൾ എന്റെ കൂടെ വരണം...
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇന്ന് തന്നെ വാങ്ങണം.ഞാൻ ചോദിച്ചു.ഇന്ന് ഞായറാഴ്ച്ച അല്ലേ? ക്ലിനിക് തുറക്കുമോ? സാർ അതൊന്നും ഓർത്തു വിഷമിക്കണ്ട...അതൊക്കെ കോൺസുലേറ്റിൽ നിന്ന് പറഞ്ഞു വച്ചിട്ടുണ്ട്. ഡോക്ടർ താമസിക്കുന്നത് ക്ലിനിക്കിന്റെ മുകളിലത്തെ ഫ്ലോറിലാണ്.
എക്സ്ട്രാ ഫീസ് കൊടുക്കേണ്ടി വരും..പക്ഷേ സാർ നേരിട്ട് ചെല്ലണം...പ്രഭാത ഭക്ഷണം കഴിഞ്ഞു.അയ്യാളുടെ കൂടെ ഞാൻ ഡോക്ടർ പട്ടൻകർ ക്ലിനിക്കിലെത്തി...ഞാറാഴ്ച്ച ആയിരുന്നതിനാൽ ക്ലിനിക്ക് അടച്ചിരുന്നു എങ്കിലും ബെൽ അടിച്ചപ്പോൾ സെക്യൂരിറ്റി വാതിൽ തുറന്നു.അകത്തു ചെന്നപ്പോൾ, "ഡോക്ടർ പട്ടൻകർ" എന്റെ വരവും കാത്തു എന്ന പോലെ...അദ്ദേഹത്തിന്റെ ഓഫീസിൽ കാത്തിരിക്കുന്നു...അതും ഞായറാഴ്ച....
അദ്ദേഹത്തെ ചെന്ന് കണ്ടപ്പോൾ തന്നെ, എന്റെ ഫയൽ എടുത്തിട്ട് പറഞ്ഞു..."നിങ്ങൾക്ക് രക്ത സമ്മർദ്ദം കൂടുതലാണ്"..."അതുകൊണ്ടാണ് ഫയൽ ഒപ്പിടാതെ തടഞ്ഞു വച്ചത്...നൂറു രൂപാ ഫീസടച്ചാൽ, മരുന്ന് കുറിച്ച് തരാം"...ഒപ്പം ഫിറ്റ്നസ് സെര്ടിഫിക്കറ്റും ഒപ്പിട്ട് തരാം...!!! 
സാധാരണ ഇത്തരം മെഡിക്കൽ റിപ്പോർട്ട് ആരുടെയും കയ്യിൽ കൊടുത്തു വിടാറില്ല. നേരിട്ട് എത്തിക്കുകയാണ് പതിവ്... ഞാൻ നൂറു രൂപാ മേശപ്പുറത്തു വച്ചു. അയാൾ മരുന്നിന് കുറുപ്പടി എഴുതി...ഫിറ്റ്നസ് സർട്ടിഫിക്കറ്റും, പിറ്റേ ദിവസത്തെ ഡേറ്റ് ഇട്ടു എന്റെ കയ്യിൽ ഏൽപ്പിച്ചു...അപേക്ഷ ഫോറത്തിൽ, മാനേജർ, ബിസിനസ്സ്, എൻജിനീയർ,ഡോക്ടർ, ഇങ്ങനെയൊക്കെ "പ്രൊഫഷൻ" എഴുതുന്നവരിൽ നിന്ന്, കൂടുതൽ കാശുണ്ടാക്കാൻ വേണ്ടി, പലരീതിയിൽ അക്കാലത്തു മെഡിക്കൽ ഫിറ്റ്നസ് റിപ്പോർട്ട് തടഞ്ഞു വയ്ക്കാറുണ്ട് പോലും...!!! ഇതിന്റ പിന്നിൽ കോണ്സുലേ
റ്റിലെ ഇന്ത്യൻ സ്റ്റാഫ് അംഗങ്ങൾ പോലും കയ്യൂണ്ടന്നാണ് പിന്നീട് മുഹമ്മദ് തന്നെ എന്നോട് പറഞ്ഞു തന്നത്...
എന്തായാലും, എന്റെ മെഡിക്കൽ ഫിട്നെസ്സ് സർട്ടിഫിക്കറ്റ് കിട്ടി.അതുടനെ തന്നെ, കൂടെയുണ്ടായിരുന്ന ബംഗ്ലാദേശ്കാരൻ മുഹമ്മദിന്റെ കയ്യിൽ ഏല്പിച്ചു...സാർ നാളെ കാലത്തു കുവൈറ്റ് കൺസുലേറ്റിന്റെ മുൻപിൽ വന്നാൽ മതി...വിസാ സ്റ്റാമ്പ് ചെയ്തു ടിക്കറ്റ് എൻഡോർസ് ചെയ്തു, ഞാൻ കാത്തു നിൽക്കും....!!! ഞങ്ങൾ പിരിഞ്ഞു... ഞാൻ മനഃസംതൃപ്തിയോടെ ഹോട്ടലിലേക്ക് തിരികെ മടങ്ങി. 
ഏകദേശം മൂന്നര മണിക്കൂർ കഴിഞ്ഞു കാണും...ഹോട്ടലിന്റെ റിസപ്ഷനിൽ നിന്ന് ഫോൺ ശബ്ദിക്കുന്നു... ഞാൻ ടെലിഫോൺ എടുത്തു.സാർ, സാറിനെ കാണാൻ ഒരാൾ റിസപ്ഷനിൽ വന്നിരിക്കുന്നു...ഞാൻ താഴേക്ക് ചെന്നു...വിശ്വസിക്കാനായില്ല...കുവൈറ്റ് കാൺസുലേറ്റിന്റെ മുൻപിലെ ടൈപ്പിസ്റ്റ് മുഹമ്മദ് തന്നെ...ചിരിച്ചു കൊണ്ടയാൾ എന്നെ ഒരു കവർ ഏൽപ്പിച്ചു....തുറന്ന് നോക്കിയപ്പോൾ അന്തം വിട്ടു പോയി.... അതും ഞായറാഴ്ച്ച ഉച്ച സമയം...ടിക്കറ്റും, വിസാ സ്റ്റാമ്പ് ചെയ്തു പാസ്സ്പോർട്ടും, എല്ലാം റെഡി ആക്കി എത്തിച്ചിരിക്കുന്നു.
സാർ നാളെ രാത്രി അതായത് ചൊവ്വാഴ്ച്ച വെളുപ്പിന് നാല് മണിക്കുള്ള കുവൈറ്റ് എയർവെയ്‌സ് ഫ്ലൈറ്റാണ് കിട്ടിയിട്ടു
ള്ളതു്...രാത്രി ഒരു മണിക്ക് എയർപോർട്ടിലെത്തണം....
ഇന്ന് ഞായറാഴ്ച്ച അല്ലേ? എങ്ങനെ ഇതെല്ലാം സാധിച്ചു? എന്റെ ചോദ്യത്തിന് മുഹമ്മദിന്റെ മറുപടി ഇങ്ങനെ....!!! തിരക്ക് കാരണം, എംബസ്സി കോൺസുലേറ്റ് ഞാറാഴ്ച്ചയും ജോലി ചെയ്യുന്നുണ്ട്.... അപ്പോൾ എയർലൈൻസോ? (ഓൺലൈൻ ബുക്കിംഗ് ഒന്നുമില്ലാത്ത കാലമാണെന്നോർക്കണം..)എന്റെ ചോദ്യം...അതിനൊക്കെ ഇവിടെ വഴിയുണ്ട് സാർ...മറുപടി...ഒപ്പം മൊഹമ്മദിന്റെ മന്നസ്മിതവും...ഏതായാലും എന്റെ കാര്യം സാധിച്ചല്ലോ...എന്റെ മനസ്സിൽ അപ്പോൾ ഓടിയെത്തിയത്, തലേ ദിവസം അഹമ്മദ് കുട്ടി സാഹിബ് എന്ന ഹോട്ടലിന്റെ ഉടമയുടെ വാചകങ്ങളും, കാലത്തേ അദ്ദേഹത്തിന്റെ കൂടെ അമ്പലത്തിൽ പോയതും തുടർന്നുണ്ടായ അനുഭവങ്ങളും ഒക്കെയാണ്. യാഥാർച്ഛികമാകാം....!!! 
എങ്ങനെയൊക്കെ കുട്ടി കിഴിച്ചിട്ടും പൂരിപ്പിക്കാൻ കഴിയാത്ത ചില സമസ്യകൾ ജീവിതത്തിൽ ഉണ്ടാകും...!!! അതിനെയൊക്കെ എങ്ങനെ വേണമെങ്കിലും വിലയിരുത്താം...!!! ഈശ്വരൻ എന്ന വാക്കിന് അനന്തകോടി വ്യാഖ്യാനങ്ങൾ ഉണ്ട്‌... ജീവിതാനുഭവങ്ങളുടെ ആകെ തുകയാണ് ഈശ്വരൻ...അള്ളാഹു...മിശിഹാ...യുക്തിവാദികൾ, ഇതൊന്നുമില്ലാത്തവർ... എല്ലാ കൂട്ടർക്കും നീതി ന്യായങ്ങൾ നിരവധി നിരത്താനുണ്ടാകും...ഒരു അവുധി ദിവസമായ ഞാറാഴ്ച...ഒരുവിദേശ എംബസിയിൽ നിന്ന് പാസ്പോര്ട്ട് വിസ ചെയ്തു കയ്യിൽ കിട്ടുക...അതെ അവുധി ദിവസം ഇന്റർനാഷണൽ ഫ്ലൈറ്റ് കൺഫേം ചെയ്തു കയ്യിൽ കിട്ടുക...അതെ അവുധി ദിവസം മെഡിക്കൽ ക്ലിനിക്കിൽ നിന്ന് മെഡിക്കൽ ഫിറ്റ്നസ് പിറ്റേ ദിവസത്തെ തീയതി ഇട്ടു കിട്ടുക .എത്ര കൂട്ടി കിഴിച്ചിട്ടും സമസ്യ പൂരിപ്പിക്കാൻ കഴിയുന്നില്ല...!!!
നാളെ രാത്രിയിൽ എയര്പോര്ട്ടിലെത്തണ
മെങ്കിൽ അതിനടുത്തുള്ള ഒരു ഹോട്ടലിലേക്ക് താമസം മാറ്റണം...
അങ്ങനെ ഒരു തീരുമാനത്തിൽ എത്തി...
ഇനി അല്ലേ? സംഭവ ബഹുലമായാ വിശേഷങ്ങൾ....
ഞാൻ എയർപോർട്ടിനടുത്തുള്ള ഹോട്ടലിലേക്ക് താമസം മാറുന്നതിന് 
മുൻപ്, അഹമ്മദ് കുട്ടി സാഹിബിനെ കണ്ട് സ്നേഹാന്വേഷങ്ങൾ പരസ്പരം കൈമാറി. "കുവൈറ്റിൽ എത്തിയ ശേഷം വിശദമായി എഴുതാം.വഴിപാടിനുള്ള പൈസാ അയക്കാം".ഞാൻ പറഞ്ഞു...അതിന് അദ്ദേത്തിന്റെ മറുപടി... "പോകുന്നതിന് മുൻപ് അമ്പലത്തിന് മുൻപിൽ പോയി പ്രാർത്ഥിച്ചിട്ടു പോകണം"...അങ്ങനെ എല്ലാം ചെയ്തു...പിറ്റേ ദിവസം രാത്രിയിൽ എയർപോർട്ടിൽ എത്തി...
ഇമ്മിഗ്രേഷൻ കഴിഞ്ഞു അകത്തു കടന്നപ്പോൾ, ഞാൻ ജോലി ചെയ്തിരുന്ന അതെ ബാങ്കിൽ കോർപ്പറേറ്റ് ഡിവിഷന്റെ ഇന്റർനാഷണൽ  യൂണിറ്റിൽ, യുദ്ധത്തിന് മുൻപ് ജോലിയിൽ ഉണ്ടായിരുന്ന ഫിലിപ്പ് തോമസ് അവിടെയിരിക്കുന്നു.
സംസാരത്തിനിടയിൽ, അയാളുടെ ചുറ്റുപാടും ഏതാണ്ട്‌ എന്റെ തന്നെ അവസ്ഥയായിരുന്നു...
എനിക്ക് ഇന്ത്യക്കാരനായ റീറ്റെയ്ൽ ഡിവിഷൻ ഹെഡ്, സീനിയർ മാനേജർ 
ജി. പി. സഹാനി ആയിരുന്നു വിലങ്ങു തടിയെങ്കിൽ, ഫിലിപ്പ് തോമസിന് വിലങ്ങു തടിയായി വന്നത് യുദ്ധത്തിന് മുൻപ് അയ്യാളുടെ കൂടെ, അസിസ്റ്റന്റ് മാനേജരായിരുന്ന "അലി അബ്ദുള്ള" എന്ന കുവൈറ്റി യുവാവായിരുന്നു.
യുദ്ധത്തിന് മുൻപ് ,ഫിലിപ്പ്, ഈ അലിഅബ്ദുള്ളയുടെ മാനേജരായിരുന്നു...ബാങ്കിൽ അക്കാലങ്ങളിൽ  ആറു മാസത്തെ ഒരു ക്രെഡിറ്റ് കോഴ്സ് (credit course) നിലവിൽ ഉണ്ടായിരുന്നു. ആ ക്രെഡിറ്റ് കോഴ്സ് പാസായാൽ, നേരിട്ട് ഗ്രേഡ് നാല്... (Grade-4)ക്രെഡിറ്റ് ഓഫീസറായി പദവി കിട്ടും..ഗ്രേഡുവേഷൻ കഴിഞ്ഞു, ക്ളറിക്കൽ സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന മലയാളി
കളടക്കം, പല ഇന്ത്യക്കാർക്കും ഇതൊരു നല്ല സുവർണ്ണ അവസരമായി.ആദ്യത്തെ ക്രെഡിറ്റ് കോഴ്സ് ഗ്രീസിലെ,എതൻസിൽ വച്ചു നടന്നു .ആ ബാച്ചിൽ പോകാൻ അവസരം കിട്ടിയ ഒരാളായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. ആ കോഴ്സിന് പോകുന്നതിന് മുൻപ്, അദ്ദേഹം ഷുവൈഖ് ബ്രാഞ്ചിലെ ഒരു ഗ്രേഡ് വൺ സൂപ്പർവൈസറായി അബ്ദുൽഗനി എന്നൊരു പലസ്തിനിയൻ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരുടെ കിഴിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടാമത്തെ ക്രെഡിറ്റ് കോഴ്സ്, ഹോങ്കോങ്ങിൽ വച്ചായിരുന്നു.അന്ന് ആ കോഴ്സിന് കുവൈറ്റികളെ മാത്രമേ സെലക്ട് ചെയ്തിരുന്നുള്ളു.ഒരു ഇറാഖിയും...!!! അയാൾ കോഴ്സ് കഴിഞ്ഞു വന്ന്, അബ്ദുള്ള മുബാറക്ക് സ്ട്രീറ്റ് ബ്രാഞ്ച് മാനേജരാകുകയും ചെയ്തു.ആ ബാച്ചിൽ പോയി പഠിച്ചു വന്ന ആളാണ് ഞാൻ മുകളിൽ പറഞ്ഞ "അലി അബ്ദുള്ള"... മൂന്നാമത്തെ ബാച്ച്‌ മുതൽ, ഈ ആറു മാസത്തെ ക്രെഡിറ്റ് കോഴ്സ് കുവൈറ്റിൽ തന്നെ തുടങ്ങി. അക്കൂട്ടത്തിൽ ട്രെയിനിങ് കിട്ടിയ ആളായിരുന്നു ഈ ഫിലിപ്പ് തോമസ്. ആ ട്രെയിനിംഗ് കിട്ടിയ ഇന്ത്യക്കാരുടെ കുട്ടത്തിൽ, പെട്ടന്ന് ഏറ്റവും മുൻപന്തിയിൽ വന്ന ഒരാളാണ്  ഫിലിപ്പ്. മിക്കവാറും എല്ലാവരും ഗ്രേഡ് നാല് ക്രെഡിറ്റ് ഓഫീസേഴ്‌സായപ്പോൾ, അദ്ദേഹം അക്കാലത്തു നിലവിലുണ്ടായിരുന്ന "എ സിഗ്നേച്ചർ" (A signature)കിട്ടിയ ഗ്രേഡ് ഏഴ് (Grade-7) മാനേജർ ലെവലിൽ എത്തിച്ചേർന്നു.അതിനുമുൻപ് വിദേശത്തു അങ്ങ് ഹോങ്കോങ്ങിൽ പോയി ക്രെഡിറ്റ് കോഴ്സ് കഴിഞ്ഞു വന്ന സ്വദേശിയായ അലി അബ്ദുള്ള അയാൾക്ക്‌ താഴെ...
അതായിരുന്നു ഫിലിപ്പ് തോമസിനെ തിരികെ ബാങ്ക് തിരിച്ചു കൊണ്ടുവരാൻ തടസ്സമായി വന്നത് എന്ന് അദ്ദേഹം അവിടെ വച്ച് എന്നോട് പറഞ്ഞു.ഇദ്ദേഹവും ഞാനും അടുത്തടുത്ത സീറ്റിലായിരുന്നു പ്ലെയിനിൽ...ആരോ എടുത്തു കൊടുത്ത ഒരു വിസിറ്റിംഗ് വിസയിലായിരുന്നു ഫിലിപ്പ് കുവൈറ്റിലേക്ക് പോകുന്നത്. ഫിലിപ്പിന്റെ ഭാര്യാ പിതാവ്, യുദ്ധത്തിന് മുൻപ് കുവൈറ്റ് ഇടവക വികാരി അച്ഛനായിരുന്നു. മുന്ന് വർഷത്തെ കാലാവധിയാണ്. അതാണ് അതിരൂപതയുടെ അന്നത്തെ നിയമം.
കാലാവധി കഴിഞ്ഞു മടങ്ങിപ്പോകാൻ വികാരി അച്ഛൻ തയ്യാറായില്ല. തർക്കമായി.
ഒരു കൂട്ടർ ശക്തമായി അച്ഛൻ മടങ്ങിപ്പോകാൻ സമ്മർദ്ദം ചെലുത്തി.ഫിലിപ്പ് ഉൾപ്പടെയുള്ളവർ പോകണ്ട എന്ന് വാശിപിടിച്ചു.
രണ്ട് കൂട്ടരും സംഘട്ടനത്തിന്റെ വക്കിൽ വരെയെത്തി.ഈ വിഷയങ്ങൾ ഒക്കെ നേരത്തെ എനിക്കറിയാമായിരുന്നെങ്കിലും വീണ്ടും ഞങ്ങളുടെ സംസാരത്തിൽ ഇതൊക്കെ കടന്നു വന്നു .കുവൈറ്റിനോട് അടുക്കുംതോറും ആകാശം രാത്രിപോലെ മൂടപ്പെട്ടിരുന്നു .968 ഓയിൽ കിണറുകൾ രാവും പകലും കത്തിക്കൊണ്ടിരുന്നു...സദാം ഹുസൈൻ എന്ന അരുമ സഹോദരന്റെ സംഭാവന... ആരോടെങ്കിലും പറഞ്ഞാൽ ഇത് അമേരിക്കയുടെ ഗുഡാലോചന എന്ന് പറഞ്ഞു തടി തപ്പും...
അതെന്തുമാകട്ടെ...വിഷയം അതല്ലല്ലോ.അങ്ങനെ സമയം പോയതറിഞ്ഞില്ല.
ഞങ്ങൾ കുവൈറ്റിലെത്തി.പിന്നെക്കാണാ
മെന്നു പറഞ്ഞു പിരിഞ്ഞു.എന്നെക്കാത്തു എന്റെ സഹോദരൻ എയർപോർട്ടിൽ കാത്തു നിൽപ്പുണ്ടായിരുന്നു. ഇനിയല്ലേ പറയാനുള്ളത്... "ഞാൻ എങ്ങനെ തിരിച്ചു ബാങ്കിൽ ജോലിയിൽ ചേർന്ന്" എന്നുള്ളതാണല്ലോ വിഷയം...അത് സംഭവബഹുലമായിരുന്നു... അത് അടുത്ത ലക്കങ്ങളിൽ...
തുടരും....