ഊഷര ഭൂമിയിലെ ശീതകാറ്റുകൾ...(ഭാഗം 43 )... Great respect to Dr. Ali Fahad Al Mudhaf. (Part one).

ഊഷര ഭൂമിയിലെ ശീതകാറ്റുകൾ...(ഭാഗം 43 )...

Great respect to Dr. Ali Fahad Al Mudhaf. (Part one).
........................................................................
നമ്മൾ അറിഞ്ഞോ അറിയാതെയോ പലപ്പോഴും പറയാറില്ലേ...? "ഒരു ജന്മം കൊണ്ട് തീർക്കാവുന്ന കടപ്പാട് അല്ല അവനോടു ഉള്ളത്‌" എന്ന്...

എന്നാൽ പത്തു ജന്മങ്ങൾ എടുത്താൽ തീരാത്ത കടപ്പാട് എന്ന് പറയുന്നതും നമ്മൾ അപൂർവ്വമായി കേട്ട് കാണും...

ഇതിൽ എന്നെ സംബധിച്ചിടത്തോളം രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന ഒരു മഹാനുഭാവനെയാണ്‌ ഇന്നെനിക്ക് നിങ്ങളുടെ മുൻപിൽ പരിചയപെടുത്താനുള്ളത്...

കുവൈറ്റിലെ ഏറ്റവും പ്രശസ്തമായ  കുടുംബങ്ങളിൽ ഒന്നാണ്"അൽമുദ്‌ഹഫ്‌" കുടുംബം...ഓയിൽ മേഖലയിൽ വലിയ പദവികൾ അലങ്കരിച്ചിരുന്ന ഒരുപാട്‌ "അൽ മുദ്‌ഹഫ്‌" കുടുംബക്കാർ സുഹൃത്തുക്കളായി എനിക്കുണ്ടായിരുന്നു.അക്കൂട്ടത്തിൽ വളരെ ശ്രദ്ധേയരാണ്.ഫൈസൽ അൽ മുദ്‌ഹഫ്‌, നാസ്സർ അൽ മുദ്‌ഹഫ്‌, ഖാലിദ് അൽ മുദ്‌ഹഫ്‌, അഹ്മദ് അൽ മുദ്‌ഹഫ്‌,അങ്ങനെ പോകുന്നു ആ നീണ്ട നിര....

ആ കുടുംബത്തിൽ നിന്നെത്തിയ ഒരു വലിയ മഹത് വ്യക്തിയാണ് "ഡോക്ടർ അലി ഫഹദ് അൽ മുദ്‌ഹഫ്‌"...പാച്യാത്യ രാജ്യങ്ങളിൽ നിന്ന് ബിരുദവും ബിരുദാനന്ദിര ബിരുദവും വ്യാവസായിക മേഖലയിൽ ഡോക്ടറേറ്റും നേടിയിട്ടുള്ള "അലി അൽ മുദ്‌ഹഫ്‌" കുവൈറ്റ് വ്യവസായ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറി ആയിരിക്കുമ്പോഴാണ്, അദ്ദേഹം "പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രയിൽ" (Public Authority For Industry) സീനിയർ അണ്ടർ സെക്രട്ടറി ആയി ചുമതല ഏൽക്കുന്നത്.പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ടറി, കുവൈറ്റ് വ്യവസായ മന്ത്രാലയത്തിന്റെ ഒരു കിഴ്‌ഘടകം ആയിരുന്നു എങ്കിലും, കുവൈറ്റിലെ എല്ലാ വ്യവസായങ്ങളേയും നിയന്ത്രിക്കുന്ന സ്വതന്ത്ര യൂണിറ്റ്/ഘടകം കൂടിയാണത്...

"പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ടറി", കൊമേർഷ്യൽ ബാങ്ക് ഫഹാഹീൽ ബ്രാഞ്ചിലെ ഏറ്റവും പ്രശസ്തരായ ഒരു കോർപ്പറേറ്റ് കസ്റ്റമറാണ്"...
രണ്ടായിരത്തിലാണ് ഞാനവിടെ ബ്രാഞ്ച് മാനേജരായി വന്ന് ചേരുന്നത്...

ഇദ്ദേഹം വന്നു ചാർജ് എടുക്കുന്നതിനു മുൻപുണ്ടായിരുന്ന അണ്ടർ സെക്രട്ടറി "ഡോക്ടർ നാസ്സർ മൊഹമ്മദ് അൽ അജീലും" ഞാനുമായിട്ടുണ്ടായിരുന്ന സുഹൃത്തു ബന്ധം ഇതിനു മുൻപുള്ള എപ്പിസോഡിൽ ഞാൻ വിശദമായി എഴുതിയിട്ടുണ്ട്.  "നാസ്സർ അൽ അജിൽ" തന്നെയാണ് പിന്നീടെത്തിയ "അലി അൽ മുദ്‌ഹഫ്‌നെ"  ഔദ്യോഗികമായി  എനിക്ക്പരിചയപ്പെടുത്തിയത്... പരിചയപ്പെടുത്തുമ്പോൾ "അൽ അജിൽ" പറഞ്ഞ വാക്കുകൾ ഇന്നും എന്നെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്...

സാക്ഷാൽ നബിതിരുമേനി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അല്ലൈഹ സല്ലം അരുളിച്ചെയ്ത അറബി വാക്കുകൾ പോലെയാണ് എനിക്ക് തോന്നിയത്...

"ഹാത കുർസി ഹല്ലാക്ക്...യംസ് ആനാ മൗജൂദ്...ഇലിയോം അലി...ബാച്ചറ മെൻ..? അള്ളാഹു ആലം...."

അതിന്റെ പരിഭാഷ ഇതാണ്...

"ഈ കസേരകൾ എല്ലാം തന്നെ ബാർബർ ഷോപ്പിലെ കസേരകൾ പോലെയാണ്...
ഇന്നലെ ഈ കസേരയിൽ ഞാനുണ്ടായിരുന്നു...ഇന്ന് അലി വന്നിരിക്കുന്നു...നാളെ ആരാണാവോ ആവോ? പടച്ച തമ്പുരാന് മാത്രമേ അറിയൂ"...

ഇതറിഞ്ഞു കൊണ്ട് തന്നെ ഞങ്ങളാണ് പരിശുദ്ധ നബിതിരുമേനിയുടെ "പിന്തുടർച്ചക്കാർ" എന്ന് പറയുന്ന ചിലരെ കാണുമ്പോൾ ദുഃഖം തോന്നാറുണ്ട്...  

എന്നാൽ "ഡോക്ടർ അലി ഫഹദ് അൽ മുദ്‌ഹഫ്‌" ഇതുകൊണ്ടൊന്നും അല്ല എനിക്ക് മറക്കാൻ കഴിയാത്ത മഹത് വ്യക്തി ആയി മാറിയത്...വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ എനിക്ക് "അലി അൽ മുദ്‌ഹഫ്‌ന്റെ" അടുത്ത സുഹൃത്താകാൻ കഴിഞ്ഞു... "അലി അൽ മുദഫിന്" കുവൈറ്റി സമൂഹത്തിനിടയിൽ വളരെ പ്രശസ്തി ഉള്ള വ്യക്തിയാണ്‌....അതുകൊണ്ടു തന്നെ ബാങ്കിന്റെ ചെയർമാൻ, ബോർഡ് മെംബേർസ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഇവരെല്ലാമായി അടുത്ത ബന്ധമുണ്ടായിരുന്നു...
കേവലം ഫഹാഹീൽ ബ്രാഞ്ച് മാനേജർ മാത്രമായിരുന്ന, അതും ഒരു ഇന്ത്യക്കാരനായിരുന്ന, എനിക്ക് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു താനും...
മറക്കാൻ കഴിയാത്ത ഒരുപാടു സംഭവങ്ങൾ ഇദ്ദേഹത്തിന്റെ ഭരണസമയത് എന്റെ ജീവിതവുമായി ബന്ധപ്പെടുത്തി പറയാനുണ്ട്...അതൊക്കെ എഴുതി തീർക്കാൻ പല എപ്പിസോഡുകൾ തന്നെ വേണ്ടിവരും...

അന്നൊരു വ്യാഴാഴ്ച ആയിരുന്നു...

ഒരു മാസത്തെ അവുധിക്കു, 
ന്യൂസിഅലൻഡിലേക്കു യാത്ര പോകാനുള്ള തിരക്കിലായിരുന്നു ഞാൻ.. കാലത്തു ഒരു ഒൻപതു മണി ആയിക്കാണും...ഡോക്ടർ അലി അൽ മുദ്‌ഹഫ്‌ന്റെ ഓഫീസിൽ നിന്ന് ഫോൺ സന്ദേശം...നായർ ..."അലി അൽ മുദ്‌ഹഫ്‌നു" നിങ്ങളോട് സംസാരിക്കണം...
തരുക...എന്റെ മറുപടി...മറുതലക്കൽ അദ്ദേഹത്തിന്റെ ശബ്ദം...ഹാ നായർ ഇന്ന് അവുധിക്ക് പോകാനുള്ള ധൃതിയിലാണ് അല്ലേ? എനിക്കെന്താ ന്യൂ സിഅലൻഡിൽ നിന്ന് കൊണ്ട് വരിക...ഒരു ജീവനുള്ള "കിവി" പക്ഷിയെ കൊണ്ടുവന്നാലും എനിക്ക് വിരോധം ഒന്നുമില്ല. (ന്യൂസിഅലാൻഡ് കാരെ പൊതുവെ വിളിക്കുന്ന പേരാണല്ലോ "കിവികൾ"). തമാശയിൽ സംഭാഷണം തുടങ്ങി കാര്യത്തിലേക്കു കടന്നു...ഞാൻ ഒരു ആപ്പ്ളിക്കേഷൻ ഇവിടെ നിന്ന് അയക്കുന്നു...
"നാല്പത്തഞ്ചു ദശലക്ഷം" കുവൈറ്റി ദിനാർ, കറന്റ് അക്കൗണ്ടിൽ(Current account)നിന്ന് "സ്ഥിര നിക്ഷേപ"മായി(Fixed deposit)ഒരു മാസത്തേക്ക് മാറ്റുക...നല്ല പലിശനിരക്ക് തരണം...അന്ന് ശരാശരി രണ്ടര ശതമാനം പലിശ നിരക്കുള്ള ഒരു കാലമായിരുന്നു... 
അരമണിക്കൂറിനുള്ളിൽ സ്ഥിരം വരാറുള്ള "മണ്ഡുബ്",(company representative) അപേക്ഷ ഫോറം  അവിടെ എത്തിക്കും...
"മണ്ഡുബ്" എന്നാൽ കമ്പനിയുടെ "പ്യുൺ" എന്ന് മാത്രമേ അർത്ഥമാക്കേണ്ടതുള്ളൂ...
അറബി സംസ്കാരത്തിൽ മണ്ഡുബ്ന് 
അതിലും കൂടുതലാണ് ഉത്തരവാദിത്ത്വം...

യാത്ര പോകാനുള്ള തിരക്കിനിടയിൽ, പകരം ചുമതല ഏൽക്കുന്ന അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ "നദീം അൽ ഖതീബിന്റെ" കയ്യിൽ ഒറിജിനൽ ലെറ്റർ (അപേക്ഷ ഫോറം)  കൊടുക്കാൻ വിട്ടു പോയി എന്ന് മാത്രമല്ല  "മണ്ഡുബ്" കൊണ്ടുവന്ന പേപ്പറിന്റെ കോപ്പിയിൽ ഒപ്പിട്ടുകൊടുത്തു ഒറിജിനൽ ലെറ്റർ എന്റെ സ്വന്തം മേശയുടെ താഴത്തെ തട്ടിൽ അറിയാതെ വച്ച് പൂട്ടുകയും ചെയ്തു...!!! എന്റെ കഷ്ടകാലത്തിനു പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രയുടെ അന്നത്തെ ഫൈനാൻസ് മാനേജർ "ഹുസൈൻ അൽ കാബ്ലി" ഏതോ ട്രൈനിങ്ങിനായി വിദേശത്തായിരുന്നു...
വ്യാഴാഴ്ച ഉച്ച കഴിഞ്ഞു ബാങ്ക് തുറക്കാറില്ല... ആഴ്ചയുടെ അവസാനം ആകയാൽ, ഒരുമണിക്ക് വാതിൽ അടച്ചപ്പോൾ എല്ലാ ഉത്തരവാദങ്ങളും അസിസ്റ്റന്റിനെ ഏല്പ്പിച്ചു ഞാൻ എന്റെ ഫ്ലാറ്റിലേക്ക് മടങ്ങി...
സാധാരണ ഞാൻ അവുധിക്കു പോകുമ്പോൾ എന്നെ എയർപോർട്ടിൽ കൊണ്ടുവിടാൻ കൂടെ ജോലി ചെയ്യുന്ന ഏതെങ്കിലും ഒരു കുവൈറ്റി സ്റ്റാഫ് ആണ് സാധാരണ വരാറുള്ളത്...അന്ന് എന്നെ എയർപോർട്ടിൽ വിടാൻ എത്തിയത് "യൂസഫ് അൽ നജിം" എന്ന കുവൈറ്റി യുവാവായിരുന്നു ...ഇന്നദ്ദേഹം ഏതോ ഒരു വിദേശ ബാങ്കിന്റെ കുവൈറ്റ് ഘടകത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ആണ് ...വൈകിട്ട് അഞ്ചു മണിക്കുള്ള കുവൈറ്റ് എയർവേസ്‌ വിമാനത്തിൽ ദുബായിലേക്കും, അവിടെനിന്ന് ഏഴുമണിക്കുള്ള തായ്‌ലൻഡ് ഫ്ലൈറ്റിൽ ബാങ്കോക്ക്...അവിടെനിന്നു പിറ്റേ രാത്രി സിഡ്‌നിയിയിലേക്കും, അടുത്ത ദിവസം രാവിലെ സിഡ്‌നിയിൽ നിന്ന് 
ന്യൂസിഅലൻഡിലേക്കും ആണ് അന്നത്തെ യാത്ര...ഇന്നത്തെപ്പോലെ എമിറേറ്റസിന്റെ ഡയറക്റ്റ് ഫ്‌ളൈറ്റുകളൊന്നും
അന്നുണ്ടായിരുന്നില്ല.

ആയിടെക്ക് എന്റെ പേര് ഒരു റീജിയണൽ മാനേജർ പദവിയിലേക്ക് ഉയർത്തുന്നതായി പൊതുവെ പറഞ്ഞു കേൾക്കുന്നുണ്ടായിരുന്നു...

കുടുംബങ്ങളോടൊപ്പംചെലവഴിക്കാനുള്ള സന്തോഷവും, റീജിയണൽ മാനേജർ പദവിയിലേക്കുള്ള കാൽവെയ്‌പ്പും, ഒക്കെ ഒരു ചലച്ചിത്രം കാണുന്ന ലാഘവത്തോടെ യാത്രയിലുടനീളം മനസ്സിൽ നിറഞ്ഞു നിന്നിരുന്നു...
കറണ്ട് അക്കൗണ്ടിൽ ഒരു പലിശയും കൊടുക്കാതെ കിടക്കുന്ന ദശ ലക്ഷക്കണക്കിനുള്ള തുകയിൽ നിന്ന്, നാൽപ്പത്തഞ്ചു ദശ ലക്ഷം കുവൈറ്റി ദിനാർ ഒരു മാസത്തേക്ക് സ്ഥിര നിക്ഷേപമാക്കാൻ ആണ് അപേക്ഷ ഫോറം തന്നിട്ടുള്ളത്...
രണ്ടര ശതമാനം പലിശ ഒരു മാസത്തേക്കുള്ളത് എത്രയാണെന്ന് ഞാൻ പറയാതെ അറിയാമല്ലോ...93750 കുവൈറ്റി ദിനാർ...ഏതാണ്ട് രണ്ടരക്കോടി രൂപാ...അത് ചെയ്യാൻ ധൃതിക്കിടയിൽ മറന്ന് പോയന്ന് പറഞ്ഞാൽ ആരു സമ്മതിക്കും...?ആരു പലിശ കൊടുക്കും...? അപേക്ഷകൻ സർക്കാരാണ്...

എന്നാൽ ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത ആ ഒരു പടുകൂറ്റൻ നീരാളിയെ, (അപേക്ഷ ഫോറം) മേശക്കുള്ളിലെ അടിത്തട്ടിൽ,  
പൂട്ടി വച്ചിട്ടാണ് യാത്ര പുറപ്പെട്ടതെന്ന സത്യം, പരമകാരുണികനായ അല്ലാഹുവിന്റെ ഉള്ളിൽ മാത്രമേ അറിയാമായിരുന്നുള്ളു...

അതിന്റെ വിശദംശങ്ങൾ...പരിണിത ഫലങ്ങൾ...അടുത്ത രണ്ടു എപ്പിസോഡുകളിൽ...

തുടരും...