ഊഷര ഭൂമിയിലെ ശീതകാറ്റുകൾ...(ഭാഗം 45 )തുടർച്ച......അവസാന ഭാഗം....... Great respect to Dr. Ali Fahad Al Mudhaf.(Part Three).continuing...Last part of this episode.

ഊഷര ഭൂമിയിലെ ശീതകാറ്റുകൾ...(ഭാഗം 45  )തുടർച്ച......അവസാന ഭാഗം.......

Great respect to Dr. Ali Fahad Al Mudhaf.(Part Three).continuing...Last part of this episode.
........................................................................

ആ ദിവസങ്ങളിൽ ഒക്കെ, ശരിക്കും, മനസ്സിന്റെ സമനില തെറ്റിയ നിമിഷങ്ങൾ...

ഒരു ഭാഗത്തു,...വരാൻ പോകുന്ന വിപത്തും...
ജോലി നഷ്ടപ്പെടുമോ എന്നുള്ള ഭയവും, തുടർന്നുണ്ടായേക്കാവുന്ന നിയമ പ്രശ്നങ്ങളും...!!!

മറുവശത്തു,...പ്രതീക്ഷയ്ക്കു വകയുള്ള, എത്തിപ്പിടിക്കാൻ കഴിയാത്ത "റീജിയണൽ മാനേജർ പദവി"...ഒരു റീജിയണൽ പദവി ഒരു മൂന്നാംകിട രാജ്യക്കാരന്, പ്രത്യേകിച്ച് അറബി അല്ലാത്തവന്, കുവൈറ്റ് പോലെയുള്ള രാജ്യത്തു, അപ്രാപ്യമാണ്...
കാരണം ഇത്തരം മുൻനിര പദവികളിൽ, നമ്മുടെ "സാങ്കേതിക മേഖലയിൽ" ഉള്ള കഴിവുകൾ ഒരു അളവ്കോൽ അല്ലാ...
അല്ലേ അല്ലാ...വീണുകിട്ടിയാൽ മഹാഭാഗ്യം...
അല്ലങ്കിൽ തലേവര...എന്നൊക്കെ പറയാനേ സാധിക്കു... എൻ്റെ ഓർമ്മയിൽ ഒരു മലയാളി റീജിയണൽ മാനേജർ ഉണ്ടായിരുന്നു...
എഴുപതുകളിൽ കഷ്ടിച്ചു ഒരു ആറു മാസം... "ആക്റ്റിംഗ് റീജിയണൽ മാനേജരാ"യിരുന്ന "ശ്രീ വി. ഗോപാലകൃഷ്ണൻ"...ദിവംഗതനായ 
ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ ഭാര്യ സഹോദരൻ...അത് വീണുകിട്ടിയ അവസരം ആയിരുന്നു...താൽക്കാലീക പദവി ആയിരുന്നെങ്കിലും അങ്ങനെ ഒരാൾ പേരിനു പറയാനുണ്ട്....
ഇത്തരം പദവികൾ "കുവൈറ്റി"കളുടെ സ്വപ്നമാണ്...അത് വിദേശികൾക്കില്ല...
അന്നും. ഇന്നും... ഇനി എന്നും.... അത്തരം ഒരു പദവി, എനിക്ക് വേണ്ടി പറഞ്ഞു
കേട്ടപ്പോൾ ഒരു മനോസുഖം...
അത് മറു വശത്തു...!!!

"സാങ്കേതിക മേഖലകളിൽ"കഴിവ് തെളിയിച്ചിട്ടുള്ള കുറച്ചുപേരെങ്കിലും, കുവൈറ്റ് ബാങ്കിങ് മേഖലയിൽ, ഇന്ത്യക്കാരുടെ നിരയിൽ,ഉണ്ടായിട്ടുണ്ട്... 
ഇപ്പോഴും ഉണ്ട്....പ്രത്യേകിച്ച് "ഐ ടി", "അക്കൗണ്ട്സ്", "ഓപ്പറേഷൻസ്", "റിസ്ക്", മേഖലകളിൽ...അതിനൊക്കെ സാങ്കേതിക മികവുണ്ടാകണം...!!! ഇതൊന്നും എനിക്കൊട്ടു ഇല്ലതാനും...!!!

ഏതായാലും മുന്ന് ദിവസം എങ്ങനെ കടന്നുപോയി എന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല.... കൂടെ നിഴൽപോലെ ഉണ്ടായിരുന്ന കുക്കു "ചന്ദ്രനും",   ചേട്ടത്തിയുടെ സഹോദരൻ
"ദയാനന്ദിനും"പോലും, എനിക്ക് ശരിക്കും മാനസിക പിരിമുറുക്കമാണെന്നു മനസ്സിലായി...കാരണങ്ങൾ ഒന്നും പറഞ്ഞില്ല...!!!

അവസാനം ആ ദിവസമെത്തി...
ഡോക്ടർ അലിയെ കണ്ട്, നേരത്തെ തന്ന അപ്ലിക്കേഷൻ കാണിച്ചു... അതിന്റെ കാലാവധി തീരാൻ രണ്ടു ദിവസം ബാക്കി...!!! കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അദ്ദേഹവും നിച്ഛലനായി ഇരുന്നു പോയി... 
വേഗം ഫൈനാൻസിന്റെ ജനറൽ മാനേജരായിരുന്ന "അബ്ദുൽറഹ്‌മാൻ അൽ ആസ്‌മി"യെ വിളിച്ചുവരുത്തി ഉപദേശം തേടി...അദ്ദേഹം പറഞ്ഞു, 
"ഈ ആപ്പ്ളിക്കേഷന്റെ ഒരു കോപ്പി വ്യവസായ മന്ത്രാലയത്തിനും, ഒരു കോപ്പി ദിവാൻ മുഹസിബയിലും,(STATE AUDIT BUREAU) പോയിട്ടുണ്ട്...
അതാണ പ്രശ്‍നം...!!! അല്ലായിരുന്നെങ്കിൽ എന്തെകിലും ഒരു പോംവഴി കാണാമായിരുന്നു...

"എന്തായാലും നായർ നീ ഇപ്പോൾ പോകു.ഈ ലെറ്റർ എന്റെ കയ്യിലിരിക്കട്ടെ.എന്തെങ്കിലും പരിഹാരം ഉണ്ടോ എന്ന് നോക്കട്ടെ? ഞാൻ വിളിക്കാം". ഡോക്ടർ അലി...

പിന്നീടുള്ള ദിവസങ്ങൾ പറഞ്ഞറിയി
ക്കാൻ പറ്റാത്ത അവസ്ഥ...
ദിവസങ്ങൾക്കു വർഷങ്ങളുടെ ധൈർഘ്യം...വിളിക്കാത്ത ദൈവങ്ങളില്ല...ജാതകം സ്വയം നോക്കിയപ്പോൾ, ചന്ദ്രാൽ ഏഴരശ്ശനി അവസാനം...ബുധ ദിശയിലെ ചൊവ്വ അപഹാരം...ചൊവ്വ ലഗ്നാധിപനാണ്...
ബുധൻ ലഗ്നത്തിൽ...ദോഷം വരാനിടയില്ല.പ്രതീക്ഷക്കു വകയുണ്ട്...എന്ന് സമാധാനിക്കും... മനസ്സെന്ന കീറാമുട്ടി...

നാലു ദിവസങ്ങൾ എങ്ങനെയോ തള്ളിനീക്കി.

ഉറങ്ങാൻ കഴിയാതെ തള്ളി നീക്കിയ ഒരു വ്യാഴാഴ്ച...അതി കാലത്തു തന്നെ, "ഷംലാന്റെ" മൊബൈൽ...

"രാവിലെ തന്നെ ഡോക്ടർ അലിയെ കാണാൻ എത്തണം"...

ഒരുഷോക്കേറ്റതുപോലെ ചാടി എണീറ്റു. പെട്ടന്ന് വേഷഭൂഷാതികൾ അണിഞ്ഞു നേരെ പബ്ലിക് അതോറിറ്റിയിലേക്കു യാത്ര തിരിച്ചു...പോകുന്ന പോക്കിൽ അസിസ്റ്റന്റ് "നദിമിനെ" വിളിച്ചു. ബ്രാഞ്ചിലെ കാര്യമൊക്കെ നോക്കി
ക്കൊള്ളാൻ പറയുകയും ചെയ്തു...

ചെന്നപ്പോൾ തന്നെ അകത്തേക്ക് വിളിച്ചു...പരിചയമില്ലാത്ത കുറെ കുവൈറ്റി മുഖങ്ങൾ..പരിചയപ്പെട്ട
പ്പോൾ എല്ലാവരും വലിയവർ.
ഞാൻ അവിടെ നിശ്ശബ്ദനായിരുന്നു...
കുറെ കഴിഞ്ഞപ്പോൾ,എല്ലാവരും പിരിഞ്ഞു...

ഞാനും ഡോക്ടർ അലിയും മാത്രം....

അദ്ദേഹം മന്ദസ്മിതം തൂകി..."പേടിച്ചു അല്ലേ? വളരെ പേടിച്ചു? സാരമില്ല...നീ ചെയുന്നത് "സേവനം" തന്നെ അല്ലേ...? അള്ളാഹു ഏതു പ്രതി സന്ധിയിലും നിന്നെ കൈവിടില്ല...ഞാൻ വേണ്ടതെല്ലാം ചെയ്തു...എല്ലാവരിൽ നിന്നും "റഫറൻസും, അപ്പ്രൂവലും, വാങ്ങിയിരിക്കുന്നു"....

"ഞങ്ങൾ മുൻപ് തന്ന ആപ്പ്ലിക്കേഷൻ നീ വാങ്ങിയിട്ടുമില്ല...ഞങ്ങൾ
തന്നിട്ടുമില്ല...ഇതാ പുതിയ ആപ്പ്ലിക്കേഷൻ...ഇന്നു മുതൽ ഒരു മാസത്തേക്ക് ഒരു സ്ഥിര നിക്ഷേപം തുടങ്ങുക"...

എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ കടൽപോലെ ഒഴുകി...ഡോക്ടർ അലി സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ചു പറയുന്നു...

"തെറ്റുകൾ ആർക്കും സംഭവിക്കാം". "അതിന്റെ പരിണിതഫലങ്ങൾ എല്ലാം അല്ലാഹുവിനു സമർപ്പിക്കു"...

ഭഗവാനെ...ഇതിനൊക്കെ ഞാൻ എന്ത് ഉപകാരം കൊണ്ട് കടങ്ങൾ വീട്ടും...? 
ഒരു ജന്മമോ പത്തു ജന്മമോ നൂറു ജന്മമോ തീർത്താൽ തീരാത്ത കടങ്ങൾ ബാക്കി ആക്കിയിട്ടു ...ഇനിയെഴുതാൻ എനിക്ക് വാക്കുകളില്ല ...!!!

പുതിയ സ്ഥിരനിക്ഷേപത്തിനുള്ള ആപ്പ്ലിക്കേഷനും വാങ്ങി തിരികെ ബ്രാഞ്ചിലേക്കു മടങ്ങുമ്പോൾ, ദ്വാരകയിൽ പോയി മടങ്ങിവന്ന കുചേലന്റെ വിധി.... ബ്രാഞ്ചിൽ എത്തി...അപ്പോൾ തന്നെ അസിസ്റ്റന്റിനെ വിളിച്ചു സ്‌പെഷ്യൽ പലിശനിരക്ക് ട്രഷറിയിൽ നിന്ന് വാങ്ങി സ്ഥിരനിക്ഷേപം നടത്തികൊണ്ടി
രുന്നപ്പോൾ...!!!

മൊബൈൽ അടിക്കുന്നു.... അങ്ങേത്തലക്കൽ റീറ്റെയ്ൽ ഡിവിഷന്റെ ജനറൽ മാനേജർ 
"അലി നാസ്സർ അൽ മുദെഹിം"...

നായർ.... "മബ്‌റൂക്ക്".. "മബ്‌റൂക്ക്".....(CONGRATULATIONS)......(CONGRATULATIONS)......
നിന്നെ പത്താം ഗവർണറേറ്റിലെ റീജിയണൽ മാനേജരായി പ്രൊമോട്ടു ചെയ്തിരിക്കുന്നു...
ഇന്ന് രണ്ടുമണിക്ക് സി. ഈ. ഓ.(C.E.O.) "ജമാൽ അൽ മുതുവാ"യുമായി മീറ്റിംഗ് വച്ചിട്ടുണ്ട്....സമയത്തിനു ഇങ്ങത്തെണം...

ജീവിതത്തിൽ അത്ഭുതങ്ങൾ, പ്രതിഭാസങ്ങൾ, സർവ്വശക്ത...ഞാൻ  വെറും പമ്പരം...ചരടു പ്രപഞ്ചനാഥന്റെ കരങ്ങളിൽ... നന്ദിക്കടൽ ആരോടൊക്കെ...താങ്ങും തണലുമായി എത്രയോ പേരിലൂടെ സർവ്വശക്തൻ വന്നു ചേരുന്നു...
ഇതിനൊക്കെ ഞാൻ എന്ത് സൽപ്രവർത്തികൾ ചെയ്തിട്ടുണ്ട്...???

ഇതിൽ ഇന്നും മനസ്സിനെ വിഷമിപ്പി
ക്കുന്ന ഒരു സംഗതി, ഈ നടന്ന വിഷയം ഞാൻ ബാങ്കിന്റെ മാനേജ്മെന്റിനെ അറിയിച്ചിട്ടില്ല എന്നതാണ്...അത് മനസ്സിൽ നിന്ന് മാറാതെ വിങ്ങിക്കൊണ്ടിരുന്നു...
ഒരു കള്ളത്തരം മറച്ചാൽ അത് ആരോടെങ്കിലും തുറന്നു പറഞ്ഞില്ലെങ്കിൽ മനസ്സു വിങ്ങിപ്പൊട്ടിക്കൊണ്ടിരിക്കും...
ബാങ്കിൽ നിന്ന് പിരിയുന്ന അവസാന ദിവസം, അന്നത്തെ ചെയർമാനും,
സി.ഈ.ഓ.യും, ഒപ്പം അന്നത്തെ റീറ്റെയ്ൽ ജനറൽ മാനേജരും ഒന്നിച്ചു ബാങ്കിന്റെ ഏഴാമത്തെ നിലയിലിരിക്കു
മ്പോൾ,അവരുടെ മുൻപിൽ ഈ നടന്ന  സംഭവത്തെക്കുറിച്ചു ഞാൻ തുറന്നു പറഞ്ഞപ്പോൾ...അവരതു കേട്ട് അമ്പരന്നിരുന്നു പോയി...ഒന്നും സംഭവിച്ചില്ല...പക്ഷെ എന്റെ മനസ്സ് തണുത്തു...അതുവരെയുണ്ടായിരുന്ന
വിങ്ങൽ മാറിക്കിട്ടി...

അന്ന് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രയ്ക്കുവേണ്ടി ഡോക്ടർ അലി തന്ന ആ അപേക്ഷയുടെ ഒരു ഫോട്ടോ കോപ്പി ഞാനിന്നും ഒരു ഓർമ്മക്കായി ലാമിനേറ്റ് ചെയ്തു എന്റെ ഫൈലിൽ വച്ചിരിന്നു...എന്തിനാണെന്നോ...? ഓര്മയുണ്ടാവണം... എന്നുമെന്ന്
ഓർമ്മിക്കാൻ...കാരണം ജീവിതം ഒരു പ്രഹേളികയാണ്. ഒരു നിമിഷം മതി...  മുന്നൂറ്ററുപതു ഡിഗ്രി മാറി മറിയാൻ... ഒന്നാലോചിച്ചു നോക്ക്...അവർ ബാങ്കിൽ ഒരു കംപ്ലയിന്റ് കൊടുത്തു എന്ന് ആലോചിച്ചു നോക്ക്...ഒരു മാസത്തെ പലിശ ആരു കൊടുക്കും...? തുക ചില്ലറയൊന്നുമല്ല.പലിശ രണ്ടേകാൽ കോടി രൂപയ്ക്കു തത്തുല്യമായ കുവൈറ്റി ദിനാർ...ബാങ്കിന് അത് കൊടുക്കാതിരിക്കാൻ ഒരു വഴിയുമില്ല...  അതിനുവേണ്ടി ഞാൻ അനുഭവിക്കേണ്ടി
വരാമായിരുന്നു ദുരിതങ്ങൾ...ജോലി നഷ്ടമാകുക മാത്രമോ...കോടതി വിധി, ജയിൽ വാസം വരെ...ക്രിമിനൽ കുറ്റമല്ലെങ്കിലും,നിയമപ്രകാരം രണ്ട്‌ കയ്യിലും വിലങ്ങു വരെ വച്ച് നാടു കടത്തൽ...

എന്റെ ഈ അനുഭവക്കുറിപ്പിലൂടെ ഇന്നത്തെ  തലമുറയോട് പറയാനുള്ളത്. "ഡോക്ടർ അലി ഫഹദ് അൽ മുദ്‌ഹഫ്‌ എന്റെ ബന്ധുവല്ല, എന്റെ ജാതിയല്ല, എന്റെ മതമല്ല, എന്റെ സംസ്കാരമല്ല,
എന്റെ നാട്ടുകാരനല്ല, എന്തിന്, എന്റെ രാജ്യക്കാരൻ പോലുമല്ല...പക്ഷെ ഒരു "മനുഷ്യ"നാണ്...അതുകൊണ്ട് ജീവിതത്തിലൊരിക്കലും "മനുഷ്യത്വം" നഷ്ടപ്പെടുത്തരുത്...അത് നമ്മുടെ  മനസ്സിലുണരുന്ന സങ്കൽപ്പത്തിലെ ദൈവത്തിനും അപ്പുറമാണന്നു ഒർമ്മയുണ്ടാവണം...  

ഇവിടെ ഈ അദ്ധ്യായം നിർത്തുന്നു ...

അടുത്ത ഓർമ്മകളുമായി വരുന്നത് വരെ...

സഹകരിച്ച എല്ലാവരോടും നന്ദി, നമസ്ക്കാരം...