ഊഷര ഭൂമിയിലെ ശീതകാറ്റുകൾ ( 41).Tribute to His Excellency Late Sheikh Saud Al Nassar Al Sabah.
----------------------------------------------------------------------------------
ഗൾഫ് യുദ്ധം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ് . അനുഭവിച്ചവർക്കു മാത്രമേ അതിന്റെ തീവ്രത മനസ്സിലാക്കാൻ പറ്റു . 1990 ആഗസ്റ്റ് രണ്ടാം തീയതി ഇറാഖിന്റെ പടുകൂറ്റൻ സൈന്യ വ്യൂഹം, കരയിലൂടയും കടലിലൂടെയും ആകാശത്തിലൂടെയും ഒരു ചെറു രാജ്യമായ കുവൈറ്റിന്റെ വിരിമാറിലൂടെ ചീറി പാഞ്ഞു ചവുട്ടി അരച്ചപ്പോൾ ലക്ഷക്കണക്കിനുള്ള സ്വദേശികളുടെയും വിദേശികളുടെയും ജീവിതവും സ്വപ്നങ്ങളും ചവുട്ടി അരക്കുകയാണുണ്ടായത്.
അഞ്ചു ദശ ലക്ഷത്തോളും പലസ്തീനികളെ തീറ്റി പോറ്റിയിരുന്ന കുവൈറ്റിനെ അന്നത്തെ പലസ്‌തീൻ നേതാവ് യാസർ അറാഫത്ത് ഒറ്റുകൊടുക്കാൻ തയ്യാറായി . പിന്നീടു ഒരുപാടു നാടകങ്ങൾ അരങ്ങേറി. കണ്ടതും കാണാത്തതുമായ ഒരുപാടു കഥ പാത്രങ്ങൾ . യമനും ജോർദാനും ഒക്കെ കുവൈറ്റിന് അനുകൂലമായ നിലപാട് എടുക്കാതിരുന്നപ്പോൾ ലെബനോനും സിറിയയും ഈജിപ്തും കുവൈറ്റിനെ അനുകൂലിച്ചു . ഇന്ത്യയിൽ അന്നു ശക്തമായ ഒരു നേതൃത്വം ഇല്ലാത്തതിന്റെ പോരായ്മകൾ നമ്മളിൽ പലരും നേരിട്ട് കണ്ടതാണ് .
ആരൊക്ക എന്ത് എങ്ങനെ പറഞ്ഞാലും അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും, ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്ഗരറ്റ് താച്ചറും, ആത്മാർത്ഥമായി കുവൈറ്റിനെ സഹായിച്ചില്ലെങ്കിൽ ഇന്ന് ചരിത്രം വേറെയാകുമായിരുന്നു .
അന്നത്തെ രാജ്യം വിടേണ്ടി വന്ന കുവൈറ്റിലെ രാജാവും രാജാ പ്രമുഖനും മറ്റു ഭരണാധികാരികളും കുവൈറ്റ് തിരിച്ചു വരാൻ വേണ്ടി എന്തിനും തയ്യാറായെങ്കിലും, അമേരിക്കയുടെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും നേതാക്കളെ ബന്ധിപ്പിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ച ഒരു കുവൈറ്റ് രാജകുടുംബാംഗം ഉണ്ടായിരുന്നു . 2012ൽ അകാലത്തിൽ പൊലിഞ്ഞു പോയ അന്നത്തെ കുവൈറ്റിന്റെ അമേരിക്കയിലെ അംബാസിഡറായിരുന്ന "ഹിസ് എക്സ് ലൻസി ഷെയ്ഖ് സൗദ് അൽ നാസ്സർ അൽ സബാഹ്".
ഷെയ്ഖ് സൗദ്,രാജ കുടുംബത്തിലെ ഒരു പ്രധാന കണ്ണിയായിരുന്ന . വിദേശ വിദ്യാഭ്യാസം നേടിയിരുന്ന ഷെയ്ഖ് സൗദ് ഇംഗ്ലീഷുൾപ്പടെ പല ഭാഷകൾ അനായാസമായി സംസാരിക്കുമായിരുന്നു . എഴുപതുകളിൽ തുടങ്ങി എൺപതുകൾ വരെ ബ്രിട്ടനിലെ കുവൈറ്റ് അംബാസിഡർ . എൺപത്തിഒന്നുമുതൽ തൊണ്ണൂറ്റി രണ്ടു വരെ അമേരിക്കയിലെ കുവൈറ്റ് അംബാസിഡർ . അതിനു ശേഷം ആറു വർഷക്കാലം കുവൈറ്റ് ഇൻഫർമേഷൻ മിനിസ്റ്റർ .ശേഷം രണ്ടു വർഷക്കാലം കുവൈറ്റ് ഓയിൽ മിനിസ്റ്ററായും പ്രവർത്തിച്ചിരുന്നു . രണ്ടായിരത്തിൽ കുവൈറ്റിലെ ഒരു ഓയിൽ കിണറിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു ജോലിക്കാരുടെ ജീവൻ നഷ്ടമായപ്പോൾ അതിന്റെ മുഴുവൻ ഉത്തരവാദിത്ത്വം ഏറ്റടുത്തു മന്ത്രി സ്ഥാനം രാജി വയ്ക്കുകയായിരുന്നു . മുസ്ലീം തീവ്രവാദത്തെ ശക്തമായി എതിർത്തിരുന്ന ഷെയ്ഖ് സൗദിനെ ഒരുപാടു വിമർശനങ്ങൾക്ക് വിധേയനാകേണ്ടി വന്നിട്ടുണ്ട് .പിന്നീട് കുവൈറ്റി സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി ഒരു വ്യാഴ വട്ടകാലം പ്രയക്നിച്ചു . 2012 ജനുവരി 21ന് രോഗബാധയെ തുടർന്ന് ഇഹ ലോകവാസം വെടിഞ്ഞു..
ഇദ്ദേഹത്തിനെ കുവൈറ്റ് യുദ്ധത്തിന് മുൻപ് പലപ്രാവശ്യം "അൽ സബാഹ് ദിവാനി"യയിൽ വച്ച് പരിചയപ്പെടാൻ അവസരം ഉണ്ടായിട്ടുണ്ടങ്കിലും,യുദ്ധ കാലത്താണ് കൂടുതൽ അടുത്തറിയാൻ കഴിഞ്ഞത് . അന്ന് ഞാൻ തിരുവനന്തപുരത്തു വാടകവീട്ടിൽ താമസിക്കുമ്പോൾ വ്യക്തിപരമായി യൂ ൻ സെക്രട്ടറി ജനറലിനും , അമേരിക്കൻ പ്രസിഡന്റ് നും , ബ്രിട്ടീഷ് പ്രൈം മിനിസ്റ്റർക്കും ഒക്കെ എഴുതിയ കത്തുകളുടെ കോപ്പികൾ ഇദ്ദേഹത്തിന് അയച്ചിട്ടുണ്ട് . അതിനെല്ലാം അദ്ദേഹം വളരെ വില മതിച്ചിരുന്നു . കുവൈറ്റ് വിമോചിതമായി കഴിഞ്ഞപ്പോൾ എന്നെ അദ്ദേഹം ടെലിഫോണിലൂടെ സമ്പർക്കം പുലർത്തി . കുവൈറ്റിൽ നിന്നു ജർമ്മനി വഴി അമേരിക്കയിലേക്കു മടങ്ങുമ്പോൾ എനിക്ക് നാട്ടിലേക്കു കത്തയക്കാൻ അദ്ദേഹം മറന്നില്ല .എനിക്ക് നാട്ടിലേക്കു അയച്ചുതന്ന എഴുത്തിന്റെ കീറിപോയ ബാക്കി ഭാഗം ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട് .
യുദ്ധാനന്തരം, കുവൈറ്റ് യുദ്ധത്തിൽ മരണപ്പെട്ട അമേരിക്ക , ബ്രിട്ടൻ , ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ സൈന്നികരുടെ കുടുംബത്തിലെ അടുത്ത ബന്ധുക്കളെ അവരവരുടെ നാടുകളിൽ നിന്ന് വിളിച്ചു വരുത്തി കുവൈറ്റ് ഷെറാട്ടൺ ഹോട്ടലിൽ ഷേഖ് സൗദ് ഒരുആകർഷമായ വിരുന്നു സൽക്കാരം കൊടുത്തു . അതിൽ എന്നെ ക്ഷണിക്കാൻ അദ്ദേഹം മറന്നില്ല . ആ വിരുന്നു സൽക്കാരത്തിൽ അന്നത്തെ ബഹുമാനപ്പെട്ട കുവൈറ്റ് രാജാവും , രാജ പ്രമുഖനും,ഇപ്പോഴത്തെ രാജാവും , (അന്നത്തെ വിദേശ കാര്യാ മന്ത്രി) പങ്കെടുത്തിരുന്നു . നവംബർ 1991ന് നടന്ന ആകർഷമായ വിരുന്നു സൽക്കാരത്തിൽ നിരവധി വിലപ്പെട്ട സമ്മാനങ്ങൾ വിതരണം ചെയ്തിരുന്നു . അന്നത്തെ ആ വിരുന്നു സൽക്കാരത്തിൽ മഹാനായ ഷെയ്ഖ് സൗദ് അൽ നാസ്സർ ഇംഗ്ലീഷിലും അറബി ഭാഷയിലും നടത്തിയ പ്രസംഗം എല്ലാവരെയും ഈറനണിയിച്ചു .
ഇൻഫർമേഷൻ മിനിസ്റ്റർ ആയിരിക്കുമ്പോഴും , ഓയിൽ മിനിസ്റ്റർ ആയിരിക്കുമ്പോഴും അദ്ദേഹത്തെ കാണാനും സംസാരിക്കാനും അവസരങ്ങൾ എനിക്കുണ്ടായിട്ടുണ്ട് . അവസാനം കാണുന്നത് മരണശയ്യയിലാണ് . ശവസംസ്കാര ചടങ്ങിലും പങ്കെടുത്തു . ഒരാളെ എങ്ങനെ ബഹുമാനിക്കണം , ഏതു തലത്തിൽ ബഹുമാനിക്കണം എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഷെയ്ഖ് സൗദ് . ഒരായിരം ഓർമ്മകൾ കുവൈറ്റിലെ വരും തലമുറയ്ക്ക് ബാക്കി വച്ചിട്ട് കടന്നുപോയ മഹാനുഭാവൻ . എന്റെ ഏറ്റവും സ്നേഹനിധിയായ "ബു നാസ്സർ"