ഊഷര ഭൂമിയിലെ ശീതകാറ്റുകൾ(80)...........H.E.late Sheikh Fahad Al Ahmad Al Jabar Al Sabah.

ഊഷര ഭൂമിയിലെ ശീതകാറ്റുകൾ(80)...........H.E.late Sheikh Fahad Al Ahmad Al Jabar Al Sabah.
ഇന്നത്തെ എന്റെ ഓർമ്മയിൽ വന്നു പെട്ടത് കുവൈറ്റിലെ മറ്റൊരു രാജ കുടുംബാംഗത്തെ പറ്റിയാണ് . 1990 ലെ ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന്റെ ആദ്യത്തെ ദിവസം തന്നെ ഇറാഖി പട്ടാളത്തോട് പൊരുതി മരിച്ച "ഷെയ്ഖ് ഫഹദ് അൽ അഹ്‌മദ്‌ അൽ ജാബർ അൽ സബാഹ്".വേണമെങ്കിൽ മറ്റു രാജകുംബംഗങ്ങളോടൊപ്പം സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു രക്ഷ പെടാമായിരുന്നു . എന്നാൽ മനസ്സ് അനുവദിച്ചില്ല . യുദ്ധം ചെയ്തു വീര ചരമം പ്രാപിച്ചു.അഞ്ചു ദിവസം അമീരി ഹോസ്പിറ്റലിൽ മോർച്ചറിയിൽ മൃതദേഹം കിടന്നു . അതിനു ശേഷമായിരുന്നു കബറടക്കം . ഒന്ന് കാണാൻ പോലും പറ്റിയ സാഹചര്യമായിരുന്നില്ല അന്ന് .

കുവൈറ്റിലെ പത്താമത്തെ രാജാവായിരുന്ന (1921 മാർച്ച് 29 മുതൽ 1950 ജനുവരി 25 ആം തീയതി വരെ ഭരിച്ചിരുന്ന) "ഹിസ് ഹൈനസ് ഷെയ്ഖ് അഹ്മദ് അൽ ജാബർ അൽ സബാഹ്" യുടെ പതിനൊന്നാമത്തെ ഭാര്യയിൽ ഉണ്ടായ ഏറ്റവും ഇളയ മകനായിരുന്നു വീര മൃത്യു വരിച്ച ഷെയ്ഖ് ഫഹദ് . അമ്മയുടെ പേര് ഓർമ്മയിൽ വരുന്നില്ല .ഏതായാലും അമ്മ രാജ കുടുംബാംഗമാണെന്നു തോന്നുന്നില്ല .

കുവൈറ്റിന്റെ സംസ്‍കാരത്തിൽ അച്ഛനാണ് പരമ പ്രധാനം .

കുവൈറ്റ് ഇറാഖ് യുദ്ധ സമയത്തുണ്ടായിരുന്ന രാജാവ് 
"ഹിസ് ഹൈനസ് ഷെയ്ഖ് ജാബർ അൽ അഹ്‌മദ്‌ അൽ ജാബർ അൽ സബാഹ് ", ഇ, ഷെയ്ഖ് ഫഹദ് ഇന്റെ മൂത്ത സഹോദരനായിരുന്നു . പക്ഷെ അമ്മ രാജകുടുംബാംഗമായിരുന്ന "ഷെയ്‌ഖ ബീബി അൽ സാലം" ആയിരുന്നു . ഇപ്പോഴത്തെ രാജാവും , രാജപ്രമുഖനും , സഹോദരന്മാരാണ് . എന്നാൽ അമ്മമാർ പല കുടുംബത്തിൽ നിന്ന് വന്നവരാണ് . ഇപ്പോഴത്തെ രാജാവിന്റെ അമ്മ "അൽ അയ്യർ" കുടുംബത്തിൽ നിന്ന് വന്ന ആളാണ് . ഇപ്പോഴത്തെ രാജ പ്രമുഖന്റെ (കിരീടാവകാശി ) അമ്മയുടെ പേരും "യമമ" എന്നായിരുന്നു .

അതൊക്കെ എന്തായാലും നമുക്ക് വീര മൃത്യു വരിച്ച "ഷെയ്ഖ് ഫഹദി"ലേക്കു മടങ്ങി വരാം.

1945ൽ ജനിച്ച "ഷെയ്ഖ് ഫഹദ്" പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു കുവൈറ്റ് ആർമിയിൽ ചേർന്ന് ട്രെയിനിങ് എടുത്തു . തുടർന്ന് ഇംഗ്ലണ്ടിലെ മിലിറ്ററി ഇന്സ്ടിട്യൂഷനിൽ ചേർന്ന് ഉന്നത ട്രെയിനിങ്ങുകൾ നേടി തിരിച്ചു വീണ്ടും കുവൈറ്റ് ആർമിയിൽ പ്രവേശിച്ചു . അപ്പോഴും സ്പോർട്സിനോടുള്ള അഭിനിവേശം അദ്ദേഹത്തിന് എന്നും ഹരമായിരുന്നു . കുവൈറ്റി ആർമിയിൽ സേവനം അനുഷ്ഠിക്കുമ്പോൾ തന്നെ കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി ചെയർമാൻ , ഖദ്‌സിയ സ്പോർട്സ് പ്രസിഡന്റ് , തുടർന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ചെയർമാൻ പദവി വരെ എത്തിച്ചേർന്നു .

1967ലെ ഇസ്രായേൽ അറബ് സംഘർഷത്തിൽ ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ കുവൈറ്റ് ആർമിയെ ഈജിപ്ഷൻ പട്ടാളത്തോടു ചേർന്നു നയിച്ചത് "ഷെയ്ഖ് ഫഹദ്" ആയിരുന്നു .

1982ൽ നടന്ന ഫിഫാ വേൾഡ് കപ്പിൽ ആദ്യവും ഒരു പക്ഷെ അവസാനവും കുവൈറ്റിനെ നയിച്ചത് "ഷെയ്ഖ് ഫഹദ്" ആയിരുന്നു. ഇനിയും വേൾഡ് ഫുട്ബോൾ കപ്പിൽ കുവൈറ്റ് വന്നു കൂടായ്കയില്ല . അന്നത്തെ പ്രകല്പരരായ കളിക്കാരെല്ലാം തന്നെ എന്റെ വളരെ അടുത്ത സുഹൃത്തുക്കളും കസ്റ്റമേഴ്സും ആയിരുന്നു . ക്യാപ്റ്റൻ "ജാസ്സിം അൽ യാകൂബ്" , സെന്റർ ഫോർവേഡ് "ഫൈസൽ അൽ ദക്കീൽ" , ഗോൾ കീപ്പർ "അഹ്മദ് അൽ തരബൽസി" , അങ്ങനെ നീണ്ടു പോകുന്നു ആ നിര . കുവൈറ്റിന്റെ ആദ്യത്തെ വേൾഡ് കപ്പിലെ ഗോൾ അടിച്ചത് "ഫൈസൽ അൽ ദകീൽ" ആയിരുന്നു . അതും "മൈക്കിൾ പ്ലാറ്റിനി" നയിച്ച ഫ്രാൻസിന് എതിരെ . പിന്നീട് "മൈക്കിൾ പ്ലാറ്റിനി" തിരിച്ചടിച്ച ഗോൾ വിവാദത്തിൽ വന്നു . കാണികളിൽ നിന്ന് വന്ന വിസിൽ കുവൈറ്റ് ടീമിനു പെട്ടന്ന് നിഷ്ക്രിയരാക്കിയപ്പോൾ "മൈക്കിൾ പ്ലാറ്റിനി" തിരിച്ചടിച്ച ഗോൾ വിവാദമായി . "ഷെയ്ഖ് ഫഹദ്" തന്റെ പദവി പോലും നോക്കാതെ രംഗത്ത് ഇറങ്ങി . കളി നടക്കുമ്പോൾ ബ്രസീലുകാരനായ റഫറിയെ ചോദ്യം ചെയ്തു . ഗോൾ ക്യാൻസൽ ചെയ്യാൻ നിർദ്ദേശിച്ചു . അതിന്റെ പേരിൽ "ഫിഫാ" കുവൈറ്റിനെ പിഴ ചുമത്തി . അവസാനം "ഷെയ്ഖ് ഫഹദ്" മാപ്പു പറഞ്ഞു . ഇതൊക്കെ ഇന്ന് വേൾഡ് ഫുട്ബോളിന്റെ ചരിത്ര ഭാഗമായി മാറികഴിഞ്ഞു . എന്നാൽ "ഷെയ്ഖ് ഫഹദ്" സ്പോർട്സ് സ്പിരിറ്റ് ഒന്നു കൊണ്ട് മാത്രമാണ് കുവൈറ്റിനെ വേൾഡ് കപ്പിൽ 1982 ഇൽ കളിയ്ക്കാൻ പറ്റിയത് എന്നുള്ളത് നിസ്ത്രക്കമായ വസ്തുതയാണ് . ഫുട്ബോൾ എന്നല്ല എല്ലാ തരം സ്പോർട്സിലും കുവൈറ്റിനെ മുൻപന്തിയിൽ എത്തിച്ചത് "ഷെയ്ഖ് ഫഹദി"ന്റെ നിസ്വാർത്ഥമായ ലീഡർഷിപ് ഒന്നുകൊണ്ടു മാത്രമാണ് . അദ്ദേഹത്തിന്റെ കാലശേഷം മകൻ "ഷെയ്ഖ് അഹമ്മദ്‌ അൽ ഫഹദും" , സഹോദരൻ "ഷെയ്ഖ് ഖാലിദ് അൽ ഫഹദും" ഇതേറ്റെടുത്തു കുവൈറ്റിനെ ഇപ്പോഴും മുന്നോട്ടു നയിക്കുന്നു , സ്പോർട്സ് ആൻഡ് ഗെയിംസ് മേഖലയിൽ . അതു ചരിത്ര സത്യമാണ് .

ഈ "ഷെയ്ഖ് ഫഹദിനെ" ഞാൻ ആദ്യമായി കാണുന്നത് ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന്റെ രണ്ടു വർഷം മുൻപാണ് . അന്ന് ഞാൻ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ സൽഹിയ ബ്രാഞ്ചിൽ ആയിരുന്നു . അതിനു അടുത്തുള്ള അൽ സൂർ സ്ട്രീറ്റിലെ ഷോപ്പിംഗ് കോംപ്ലെക്സിന്റെ രണ്ടാമത്തെ ഫ്ലോറിൽ "ഷെയ്ഖ് ഫഹദി"ന് ഒരു ഓഫീസ് ഉണ്ടായിരുന്നു . മാസത്തിൽ ഒന്നോ രണ്ടോ പ്രാവിശ്യം വൈകിട്ട് അഞ്ചു മുതൽ രാത്രി ഒൻപതു വരെ അദ്ദേഹം ഇരുന്നു സുഹൃത്തുക്കളെ കാണുകയും സംസാരിച്ചിരിക്കുകയും ചെയ്യുമായിരുന്നു ."ഫഹദ് അൽ അജ്മി" എന്നൊരു ട്രൈബൽ കുവൈറ്റി സുഹൃത്താണ് എനിക്ക് "ഷെയ്ഖ് ഫഹദി"നെ പരിചയപ്പെടുത്തി തന്നത് . എന്നെ ആദ്യം കണ്ടപ്പോൾ ചോദിച്ച ഒരു കുസൃതി ചോദ്യം ഇപ്പോഴും എന്റെ കാതിൽ അലയടിക്കുന്നു . "നിനക്ക് നല്ല ബിരിയാണി ഉണ്ടാക്കാൻ അറിയാമോ" . "ബിരിയാണി കഴിക്കാൻ അറിയാം" എന്റെ മറുപടി . ചിരിച്ചു . പിന്നീട് മാസത്തിൽ ഒരുതവണ അദ്ദേഹത്തെ കാണാൻ പോകുമായിരുന്നു . സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഷെയ്ഖ് ഫഹദ് പെട്ടന്ന് ദേഷ്യം വരുന്ന ആളായിരുന്നു . മുന്കോപക്കാരൻ . ഒരിക്കൽ അദ്ദേഹം തന്റെ "അൽ ഒഡലിയ" എന്ന സ്ഥലത്തുള്ള ഒരു ചെറിയ പാലസിലേക്കു ക്ഷണിച്ചു . ഞാനും "ഫഹദ് അൽ അജ്മിയും" ഒത്താണ് പോയത് . വിശ്വസിക്കാൻ പ്രയാസമുള്ള വിധം അലങ്കിരിച്ചിട്ടുള്ള ഒരു പാലസ് . ഭൂമിക്കടിയിലാണ് റിസപ്ഷൻ മുഴുവനും അലങ്കരിച്ചിരിക്കുന്നതു . നല്ല നാടൻ ബിരിയാണി എരി വളരെ കുറച്ചു റെഡിയാക്കി തന്നു . അദ്ദേഹം നേരിട്ടാണ് സെർവ് ചെയ്യുന്നത് .അധികം താമസിയാതെ അദ്ദേഹം ഓഗസ്റ്റ് 2, 1990ൽ ഈ ലോകത്തോട് യാത്ര പറഞ്ഞു .വേണമെങ്കിൽ മറ്റു രാജകുംബംഗങ്ങളോടൊപ്പം സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു രക്ഷ പെടാമായിരുന്നു . എന്നാൽ മനസ്സ് അനുവദിച്ചില്ല . യുദ്ധം ചെയ്തു വീര ചരമം പ്രാപിച്ചു..മരിക്കുന്നതിന് മുൻപ് മൈക്കിൾ പ്ലാറ്റിനിയെ കുവൈറ്റിലേക്ക് ക്ഷണിച്ചു വരുത്തി 1982 ഇൽ നടന്ന വേൾഡ് ഫിഫാ ഫുട്ബോൾ കപ്പിൽ നടന്ന വസ്തുത തുറന്നു പറഞ്ഞു മാപ്പു പറഞ്ഞു . അത്രയ്ക്ക് മനസ്സിന് വലിപ്പം ഉള്ള ആളായിരുന്നു .

പിൽക്കാലത്തു അദ്ദേഹത്തിന്റെ മകൻ ഷെയ്ഖ് ഖാലിദ് അൽ ഫഹദ് എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നപ്പോൾ പഴയ കാര്യങ്ങൾ ഒക്കെ ഞങ്ങൾ പങ്കു വയ്ക്കുമായിരുന്നു .മൂത്ത മകൻ ഷെയ്ഖ് അഹ്‌മദ്‌ അൽ ഫഹദ് അച്ഛന്റെ അതെ പാതയിൽ കുവൈറ്റിന്റെ സ്പോർട്സ് മേഖലയുമായി,ഇപ്പോഴത്തെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുമായി തുടരുന്നു . രണ്ടാമത്തെയാൾ "ഷെയ്ഖ് ഖാലിദ് അൽ ഫഹദ്" അതെ പാതയിൽ . "ഖദ്‌സിയ: സ്പോർട്സ് ക്ലബ്ബിന്റെ ഇപ്പോഴത്തെ ചെയർമാൻ ആണ് . ഒരിക്കലും അവസാനിക്കാത്ത ഒരുപിടി ഓർമ്മകൾ .