ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ....
ഭാഗം പതിനൊന്നു(29)
Great Respect to " Mrs.Moona Abdullah Al Fadalah"...
-------------------------------------------------------------------
നാല് ദശാബ്ദങ്ങളിലെ ഗൾഫ് പ്രവാസ ജീവിതത്തിൽ, എല്ലാ മനുഷ്യ ജീവിതത്തിലുമുണ്ടാകുന്ന തിക്താനുഭവങ്ങളും, ഒപ്പം സുഖാനുഭവങ്ങളും, ഓർത്തെടുക്കാനുണ്ടാകും...
ചില അനുഭവങ്ങൾ നിർണായകമാണ്. അതിൽ കാരണക്കാരായി പലരുമുണ്ടാകും. ചിലരെ നമ്മൾ ദൈവ തുല്യരായി മനസ്സിൽ കാത്തു സൂക്ഷിക്കും. സ്നേഹത്തിന്റെ പ്രതീകമായി കണക്കാക്കും. അത്തരത്തിലുള്ള ഒരു കുവൈറ്റി വനിതയെയാണ് ഇന്ന് വായനക്കാരുടെ മുൻപിൽ എനിക്കാവതരിപ്പിക്കാനുള്ളത്.
"മുനാ അബ്ദുള്ള അൽ ഫദാല".
"അൽ ഫദാല" കുവൈറ്റിലെ, മുപ്പത്തിനാല് പ്രമുഖ കുടുംബങ്ങളിൽ
പ്പെടുന്ന ഒരു കുടുംബമാണ്. മന്ത്രിന്മാരും, പാർലമെന്റ് അംഗങ്ങളും, ഒക്കെ ഈ കുടുംബത്തിൽ നിന്ന് ഉടലെടുത്ത ചരിത്രം കുവൈറ്റിനുണ്ട്.സർവോപരി രാജകുടുംബവുമായുള്ള ബന്ധം വളരെ വലുതുമാണ്. ആ കുടുംബത്തിൽ
നിന്നെത്തിയ മുനാ അബ്ദുള്ള അൽ ഫദാലയാണ് ഇന്നെന്റെ മനസ്സിൽ ഓടിയെത്തിയ കുവൈറ്റി സഹോദരി...
ഞാൻ കോമ്മേഴ്സ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ അബ്ദുല്ല മുബാറക് ബ്രാഞ്ചിന്റെ മാനേജരായി ചെല്ലുമ്പോൾ, ബ്രാഞ്ചിന്റെ ഒരു കോണിൽ ഇരുന്നു ഒരു യുവതി, അക്കൗണ്ട് സർവിസിങ് യൂണിറ്റിൽ (Customer Service Representative) ക്ലറിക്കൽ സ്റ്റാഫായി ജോലി ചെയ്തു കൊണ്ടിരിക്കുന്നു.
പരിചയപ്പെട്ടപ്പോൾ, പേര് മുനാ അൽ ഫദാല. ഒരു ജൂനിയർ ക്ലറിക്കൽ സ്റ്റാഫായിട്ടാണ്, മുനാ അന്ന് ബാങ്കിൽ ജോലി ചെയ്തുകൊണ്ടിരുന്നത്.
കൂടതൽ പരിചയപ്പെട്ടപ്പോൾ, ഏകദേശം, പത്തു വർഷത്തിലേറെ ആയി, ഈ ജോലിയിൽ തുടരുന്നു എന്നറിഞ്ഞപ്പോൾ, വിശ്വസിക്കാൻ മനസ്സനുവദിച്ചില്ല...!!! കുവൈറ്റികളുടെ ഒരു ചരിത്രം എടുത്തു നോക്കിയാൽ, അധികം കാലം ഒരു ജോലിയും തുടർന്ന് കൊണ്ടിരിക്കുക പതിവില്ല.അഥവാ ഇരുന്നാൽ "പദവി"കൾ, കിട്ടികൊണ്ടേയിരിക്കണം...!!!
"സ്ത്രീ"കളാണെങ്കിൽ എടുത്തു പറയേണ്ട കാര്യവുമില്ല...!!!
ഇതിനൊക്കെ ഒരപവാദമായിരുന്നു ഞാനിപ്പറയുന്ന മുനാ.ആരും വേണ്ടത്ര ശ്രദ്ധ ഇവർക്ക് കൊടുത്തില്ല എന്നർത്ഥം.അഥവാ മുനാ അതിനുവേണ്ടി ശ്രമിച്ചുമില്ല.നല്ല കഴിവും,പ്രാപ്തിയുമൊക്കെ
യുണ്ടായിട്ടും മുനയ്ക്കു ഞാൻ ചെല്ലുന്നതു വരെ വേണ്ടുന്നത്ര അംഗീകാരങ്ങൾ കിട്ടിയില്ല...
അക്കാലത്തു ബാങ്കിന്റെ ചെയർമാൻ, രാജകുടുംബാംഗമായ, "ഷെയ്ഖ് മൊഹമ്മദ്" എന്നെ കാണാനും, സംസാരിക്കാനും, മിക്കപ്പോഴും ബ്രാഞ്ചിൽ വരുമായിരുന്നു.
ഞാൻ മൂനയെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞു. "കഴിവുള്ള സ്റ്റാഫ് ആണെങ്കിൽ മാനേജ്മെന്റിന് എഴുതുക"...അദ്ദേഹം പറഞ്ഞു...അതിൻ പ്രകാരം മൂനയെ സീനിയർ ക്ലറിക്കൽ പൊസിഷനിലേക്ക്
ഉയർത്താൻ ഉത്തരവ് കിട്ടി. തുടർന്ന് അലക്സ് പെരേര എന്ന ഗോവക്കാരൻ റീറ്റെയ്ൽ സൂപ്പർവൈസറെ,സാൽഹിയ ബ്രാഞ്ചിലേക്ക് സ്ഥലമാറ്റം കൊടുത്തപ്പോൾ, ആ പദവിയിലേക്ക് മുനയ്ക്കു അവസരം കിട്ടി. അത് അലക്സിനും ഗുണം ചെയ്തു. അദ്ദേഹത്തിന് പിൽക്കാലത്തു ആ ബ്രാഞ്ചിൽ കുറേക്കാലം ബ്രാഞ്ച് മാനേജരായിരിക്കാൻ അവസരം ഉണ്ടായി.എന്റെ കണക്കുകൾ തെറ്റിയില്ല. മുനയുടെ കഴിവുകൾ ശരിക്കും
ബ്രാഞ്ചിന്റെ പുരോഗതിക്ക് ഉപകരിക്കപ്പെട്ടു. ബാങ്കിന്റെ റീറ്റെയ്ൽ ട്രൈനിംഗിന്റെ മൊത്തം ചുമതല കുടി എന്റെ ഉത്തരവാദിത്തത്തിൽ വന്നപ്പോൾ, പബ്ലിക്റിലേഷന്റെ ഉത്തരവാദിത്ത്വം എനിക്ക് രണ്ടു പേരെ ഏൽപ്പിക്കേണ്ടി വന്നു...
ഒന്ന്. "മുന അൽ ഫദാലയും"...(Moona Al Fadalah) രണ്ടു. "ഷെരീഫാ അൽ ബദറും"...(Sherifa Al Badar).
മറ്റൊരു പ്രശസ്തമായ കുവൈറ്റി കുടുംബത്തിലേക്ക് വിവാഹിതയായി പോയ മൂന, മുന്ന് ആൺ മക്കൾക്ക് ജൻമം കൊടുത്തു... എന്നാൽ ദുർഭാഗ്യമെന്നു പറയട്ടെ...മൂനയ്ക്കു, ജീവിതത്തിൽ "മുത്തലാക്കെന്ന",
ദുർവിധിയുണ്ടായപ്പോൾ, ജീവിതത്തിന്റെ താളം തെറ്റിയെങ്കിലും എല്ലാം മനസ്സിലൊതുക്കി സന്തോഷവതിയായി മുന്നോട്ടു നീങ്ങി...
അതെ സമയം ഒരു "മുത്തലാക്ക്" എന്ന ദുർവിധിയിൽ നിന്ന് കര കയറി, "ഷെരീഫാ അൽബദർ" പിന്നീട് കുവൈറ്റിലെ പ്രശസ്ത ബിസ്സിനസ് സമ്പ്രാജ്യത്തിന്റെ ഉടമയായ, റിയാദ് അൽ സുൽത്താനെ വിവാഹം കഴിച്ചു, ബാങ്കിനോട് വിടപറഞ്ഞു...!!! അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായിരുന്ന, ഷെരീഫാ ബാങ്കിൽ നിന്ന് പിരിഞ്ഞപ്പോൾ, മുനാ ആ പദവി ഏറ്റെടുത്തു...പിന്നീട് ഞാൻ റീജിയണൽ മാനേജറായപ്പോൾ, "മുന"യ്ക്കു "അബ്ദുള്ള മുബാറക്" ബ്രാഞ്ചിന്റെ മാനേജരായി പ്രൊമോഷൻ കൊടുത്തു എന്ന് മുനാ എന്നെ വിളിച്ചു പറയുമ്പോൾ അവളുടെ മനഃസന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
എന്നാൽ കുടുംബങ്ങൾ തമ്മിലുള്ള വലിപ്പ ചെറുപ്പം, കുവൈറ്റിൽ ഇപ്പോഴും, എപ്പോഴും, ഒരു ശീതസമരമായി നിലവിലുള്ളത് ഒരു "കീറ മുട്ടി"
തന്നെയാണ്... ഏതു കുടുംബമാണ് മെച്ചമെന്ന് എന്താണാവോ ഒരളവുകോൽ...? ജാതി വ്യവസ്ഥയുടെ മറ്റൊരു മുഖം... അത് അവിടെ ജീവിച്ചതുകൊണ്ട് മാത്രം ഒരു വിദേശിക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല...
കുവൈറ്റികളുടെ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിച്ചെല്ലണം. അതിനുള്ള അവസരം എനിക്കുണ്ടായി എന്ന് അഭിമാനത്തോടെ ഇവിടെ പറഞ്ഞു കൊള്ളട്ടെ...
"അൽ അബ്ദുൽ റസാക്കണോ",
"അൽ ഫാദലായാണോ", കുടുംബത്തിൽ കേമം..??? അവിടെ മുന തന്റെ രാജി സമർപ്പിക്കേണ്ടി വന്നു...വിശ്രമ ജീവിതത്തിലേക്ക് ചേക്കേറി...
അക്കാലത്തു നിലവിൽ വന്ന, അൽ മാൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, അൽ മാൽ റിയൽ എസ്റ്റേറ്റ് കമ്പനി, ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, കോസ്ററ് ഇൻവെസ്റ്റ്മെന്റ് കമ്പനി, തുടങ്ങിയ നാല് വൻകിട സംരംഭങ്ങളുടെ തുടക്കത്തിൽ, ഏതാണ്ട് നൂറ്റിഇരുപത്തിയെട്ടു ദശലക്ഷം കുവൈറ്റി ദിനാറിന്റെ(128 million Kuwaiti Dinar) ബിസിനസ്സ്, ബ്രാഞ്ചിന് കൈവരിക്കാൻ, ഒരു വലിയ പരിധിവരെ എന്നെ സഹായിച്ചത് "മുനാ അൽ ഫാദല"യാണന്നു പറയാനാണ്
എനിക്കിഷ്ടം...
അതിനൊക്കെ, എനിക്ക് കിട്ടിയ അംഗീകാരങ്ങൾ, ഒരു വിദേശി പോയിട്ട്,
സ്വദേശിയായ കുവൈറ്റിക്ക് പോലും, സ്വപ്നം കാണാൻ പറ്റുന്നതായിരുന്നില്ല.
എല്ലാം ദൈവഹിതം...!!!
"ഒരു വർഷത്തെ നീണ്ട അവുധി"...
അതുമൊരു വിദേശിക്ക്. അതിലും പ്രത്യേകിച്ച് ഒരു ഹിന്ദിക്കാരന്...
കുവൈറ്റിന്റെ ചരിത്രത്തിലില്ല...
ഇനിയുണ്ടാകാം..!!! പക്ഷേ അന്നുവരെ അത്, എന്റെ ചരിത്രമായിരിക്കും..!!!
(ന്യൂസിഅലൻഡിലേക്കുള്ള യാത്ര).
എവിടെയോ ചെയ്ത സൽപ്രവർത്തി കറങ്ങി തിരിച്ചെത്തുന്നു എന്ന് മാത്രം...!!!
കാലങ്ങൾ എത്രയോ കടന്നു പോയിരിക്കുന്നു...മൂനയുടെ മക്കളൊക്കെ വളർന്നു ഉന്നത വിദ്യാഭ്യാസവും വിദേശ വിദ്യാഭ്യാസവും ഒക്കെ കഴിഞ്ഞു വലിയ നിലയിൽ എത്തിച്ചേർന്നിരിക്കുന്നു...ഞാൻ
മൂനയെ ആദ്യമായിക്കാണുന്നതും പരിചയപ്പെടുന്നതും 1995ലാണ്. മുന്ന് വർഷങ്ങൾ ഒരേ ബ്രാഞ്ചിൽ ജോലി ചെയ്തു. പിന്നീട് ഞാൻ ന്യൂ സിഅലൻഡിലേക്കു ചേക്കേറി.ഒരു കൊല്ലം കഴിഞ്ഞു മടങ്ങിയെത്തിയ
പ്പോൾ ഞാൻ ഗവര്ണറേറ്റ് തന്നെ മാറിയാണ് വീണ്ടും ജോലിയിൽ എത്തുന്നത്...പിന്നീടുള്ള ബന്ധങ്ങൾ എല്ലാം ടെലിഫോണിലൂടെ മാത്രം.
ദശാബ്ദങ്ങൾ കടന്നു പോയിട്ടും, ഇടയ്ക്കിടെ ഫോണിലൂടെയുള്ള സംഭാഷണങ്ങൾ, സൗഹൃദം പങ്കു വയ്ക്കൽ, ഓർമ്മകൾ പുതുക്കൽ, ഇന്നും അഭംഗുരം നടന്നു പോകുന്നു...
ഇതിനൊക്കെ ഞാൻ, "മുനാ അൽ ഫദലായോടും", "ഷെരീഫാ അൽ ബദറിനോടും", ഒക്കെ എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന്, എന്റെയും നിങ്ങളുടെയും ഒക്കെ മനസ്സിൽ നിറഞ്ഞിരിക്കുന്ന,സർവ്വശക്തനായ, പരമകാരുണ്യവാനായ, "അല്ലാഹുവിന്" മാത്രം അറിയാം...എത്ര ജന്മങ്ങൾ എടുത്താലും ഇവരോടൊക്കെയുള്ള കടപ്പാടുകൾ തീർക്കാനാകുമോ?
തുടരും...