ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ. (ഭാഗം-21) Great respect to "Mr. Simon Clement" (Former General Manager, Retail Division, Commercial Bank of Kuwait) രണ്ടാം ഭാഗം തുടർച്ച..

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ. (ഭാഗം-21)

Great respect to "Mr. Simon Clement"
(Former General Manager, Retail Division, Commercial Bank of Kuwait) രണ്ടാം ഭാഗം തുടർച്ച.....

------------------------------------------------------------------------------------

സൈമൺ ക്ലമന്റ്, ബർഗാൻ ബാങ്കിൽ (Burgan Bank) നിന്ന് പുറംതള്ളപ്പെട്ടത് പുതിയ ബോർഡും  ചെയർമാനും ഒക്കെ നിലവിൽ വന്നപ്പോൾ, സാധാരണ എല്ലാ ബാങ്കുകളിലും എക്സിക്യൂട്ടീവ് മാനേജ്മെന്റിൽ
സംഭവിക്കുന്ന ഒരു ദുര്യോഗത്തിന്റെ ഭാഗം തന്നെ ആയിരുന്നു. ഏതൊരു ബാങ്കിലും, പുതിയ ബോർഡും, പുതിയ ചെയർമാനും, വരുമ്പോൾ, നിലവിലുള്ള സി.ഈ.ഓ(C.E.O)
ഉൾപ്പടെയുള്ള പല എക്സിക്യൂട്ടീവ് മാനേജ്മെന്റ് മെമ്പറന്മാരും, പുറത്തു പോകാറുണ്ട്. പല മുഖങ്ങളും പുതുതായി പ്രത്യക്ഷപ്പെടും. ഇത് അന്നും  ഇന്നും ഇനിയെന്നും അങ്ങനെതന്നെ ആയിരിക്കും. കുവൈറ്റ് ബാങ്കിങ്ങ് മേഖലയിൽ കണ്ട് വരുന്ന സ്ഥിരം പ്രവണതയാണ് ഇത്.
അങ്ങനെ ഇരിക്കുമ്പോഴാണ്, കൊമേർഷ്യൽ ബാങ്കിൽ (Commercial Bank of Kuwait) സൈമൺ ക്ലെമന്റിന് ഒരു അവസരം വന്നു ചേർന്നത്.  ഒരുപാട് നിബന്ധനകൾ, അംഗീകരിച്ചു കൊണ്ടാണ് സൈമൺ കൊമേർഷ്യൽ ബാങ്കിൽ  ജോലിയിൽ പ്രവേശിച്ചത്. നിശ്ചിത ശമ്പളം.(Fixed salary)
രണ്ടു വർഷത്തെ സ്പെഷ്യൽ കോൺട്രാക്ട്.(Special contract) കൂടെയുണ്ടായിരുന്ന ആരെയും പുതുതായി കൊണ്ട് വരാൻ പാടില്ല. ഉള്ളവരെ വച്ച് മാനേജ് ചെയ്ത്  നല്ല റിസൾട്ട് കാണിച്ചാൽ  കോൺട്രാക്ട് പുതുക്കും.

ഇങ്ങനെ വിഷമം പിടിച്ച ചുറ്റുപാടിൽ വന്ന് കയറിയ  സൈമൺ വളരെ പെട്ടന്ന് എന്റെ അടുത്ത സുഹൃത്തായി മാറി. അതിന് അടിസ്ഥാനപരമായി പല കാരണങ്ങളുമുണ്ടായിരുന്നു.

ആറു ഗവർണറേറ്റിലായി ആറു സീനിയർ റീജിയണൽ മാനേജരുണ്ടായിരുന്നതിൽ, 
ഒരു അറബിയല്ലാത്ത എന്നെ സൈമൺ
എന്തുകൊണ്ടോ  വളരെയധികം ഇഷ്ടപ്പെട്ടു.
എന്റെ റീജിയണിൽ, പ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു.  എന്റെ എല്ലാ കാര്യങ്ങളും ബഡ്ജറ്റിനപ്പുറമായിരുന്നു. ഇതിനൊക്കെ അപ്പുറം കുവൈറ്റി സമൂഹത്തിനിടയിൽ, എനിക്കുണ്ടായിരുന്ന മതിപ്പും മാന്യതയും
ചിരകാല പരിചയങ്ങളും  സുഹൃത്തു ബന്ധങ്ങളുമെല്ലാം അത്ഭുതത്തോടെയാണ് സൈമൺ നോക്കി കണ്ടത്. പല മീറ്റിംഗികളിലും ഞാൻ സൈമനെ എന്റെയൊപ്പം കുട്ടാറുണ്ടായിരുന്നു.കുവൈറ്റ് ബാങ്കിങ് മേഖലയിൽ മുൻ പരിചയവും അറിവും ഉണ്ടായിരുന്നെങ്കിലും സൈമനെ സംബന്ധിച്ചിടത്തോളം എന്റെ നീക്കങ്ങളെല്ലാം അയാൾക്ക്‌ പുതുമയും ഒപ്പം താങ്ങും തണലുമായിരുന്നു.

കഷ്ടിച്ചു മുന്ന് മാസം തികഞ്ഞോ എന്നറിയില്ല ഒരു സീനിയർ റീജിയണൽ മാനേജരുടെ 
എല്ലാ ഉതിരവാദിത്ത്വവും നില നിർത്തി കൊണ്ട് തന്നെ മേലധികാരികളുടെ അംഗീകാരം വാങ്ങിക്കൊണ്ട് ശുഷ്ക്കിച്ചു കിടന്നിരുന്ന സെയിൽസ് യൂണിറ്റിന്റെ ചുമതലകുടി സൈമൺ ഔദ്യോഗികമായി എന്നെ ഏല്പിച്ചു. ഇത് മാത്രമല്ല, ഇതിനിടെ സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ട  അഞ്ചാം ഗവർണറേറ്റിലെ റീജിയണൽ മാനേജരുടെ മുന്നിൽ ഒരു ഭാഗം ബ്രാഞ്ചുകൾ കുടി എന്റെ റീജിയണിൽ ലയിപ്പിച്ചു. അങ്ങനെ എനിക്ക് രണ്ട് ഓഫീസുകൾ. സബാഹ് അൽ സാലം റീജിയണൽ ഓഫീസ്‌. മറ്റൊന്ന് ഹവല്ലി റീറ്റെയ്ൽ സെയിൽസ് ഓഫീസ്‌. രണ്ട് സെക്രട്ടറിമാർ. കുവൈറ്റി സൈന്യങ്ങൾ പട പോലെ എന്തിനും ഏതിനും ചുറ്റും...

ശമ്പളത്തിൽ ഏറ്റവും വലിയ ഒരു നേട്ടം  മറ്റാരുമറിയാതെ ഉണ്ടാക്കി തന്നു...
ഞാൻപോലും പ്രതീക്ഷിച്ചില്ല. 
ഈ അംഗീകാരം മറ്റ് റീജിയണൽ മനേജരന്മാരെ ചൊടിപ്പിച്ചു എങ്കിലും, 
സൈമൺ അതിനൊന്നും ചെവി കൊടുത്തില്ല. കാരണം അത് അയാളുടെ നിലനിൽപ്പിന്റെ കുടി പ്രശ്നമായിരുന്നു.

സ്റ്റാഫ് അംഗങ്ങൾക്കു  ഓരോ വർഷവും അവരുടെ അതാതു വര്ഷങ്ങളിലെ പ്രവർത്തിയുടെ ആകെ തുക  വിലയിരുത്തുന്ന ഒരു നടപടിക്രമം നിലവിലുണ്ടായിരുന്നു.(Performance Appraisals).പണ്ട് മുതലേ ഉള്ള 
ഒരു നടപടിക്രമമായിരുന്നു. നമ്മുടെ നേരെ മുകളിലുള്ളവരായിരുന്നു നമ്മളെ വിലയിരുത്തുന്നത്.(Immediate supervisor/Boss).  

അഞ്ചു വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്.
(Five level of ratings).

ഇന്നും അതൊക്കെ തന്നെയാണ് ഉള്ളതെന്ന് തോന്നുന്നു.

ഒന്ന്‌. അംഗീകരിക്കാനാവില്ല(Unacceptable)...

രണ്ടു. പുരോഗതി പ്രതീക്ഷിക്കുന്നു.(Need Improvements)...

മുന്ന്. തൃപ്തികരം.(Satisfactory)...

നാലു. പ്രതീക്ഷിച്ചത്. (Excellent or Commendable)...

അഞ്ചു. പ്രതീക്ഷക്കപ്പുറം.(Outstanding)...

സത്യം പറയാമല്ലോ. ഒരു ബ്രാഞ്ച് മാനേജരായി  അബ്ദുള്ള മുബാറക് ബ്രാഞ്ചിലും, അഹമ്മദി ബ്രാഞ്ചിലും,  ഫഹാഹീൽ ബ്രാഞ്ചിലും, ഇരിക്കുമ്പോൾ അഞ്ച് പ്രാവിശ്യം 
അഞ്ചാമത്തെ റേറ്റിംഗ്, അതായത്...
പ്രതീക്ഷക്കപ്പുറം (Outstanding)
എനിക്ക് കിട്ടിയിട്ടുണ്ട്. അതിന് ഞാൻ
അദ്നാൻ അൽ ജെർക്കി, അബ്ദുൽമജീദ് അൽ അഷ്‌ക്കനാനി,  താഹർ അൽ വസാൻ, തുടങ്ങിയ അതാതു കാലങ്ങളിലെ, റീജിയണൽ മാനേജരന്മാരോടും, ക്ലൈവ് ഷേവാർഡ് എന്ന റീറ്റെയ്ൽ ജനറൽ മാനേജരോടും, പലപ്പോഴായി കടപ്പെട്ടിരിക്കുന്നു. അവരെയൊക്കെ, നന്ദിപൂർവം ഇത്തരുണത്തിൽ സ്മരിക്കുന്നു.

ഒരു റീജിയണൽ മാനേജർ ആയതിൽപ്പിന്നെ, "പ്രതീക്ഷക്കപ്പുറം"(Outstanding),എന്ന അഞ്ചാമത്തെ "റേറ്റിംഗ്" ഒരിക്കൽപ്പോലും എനിക്ക് ആരും തന്നിട്ടില്ല...!!!
എന്നാൽ കേവലം എട്ടു മാസത്തിൽ താഴെ മാത്രം പരിചയമുള്ള സൈമൺ, ആദ്യമായും, അവസാനമായും, എന്റെ ആ വർഷത്തെ പ്രവർത്തനം വിലയിരുത്തിയപ്പോൾ, ഞാൻ "പ്രതീക്ഷക്കപ്പുറം"(Outstanding) ആയി...
അതിലെ ചില ഭാഗങ്ങൾ ഞാൻ ഇവിടെ ചേർത്തിട്ടുണ്ട്.സെക്യൂരിറ്റി കാരണം എല്ലാം ചേർക്കാൻ കഴിയില്ല. ഒപ്പം പ്രൊമോഷൻ ഷീറ്റ്, എനിക്കും, എന്റെ കൂടെയുണ്ടായിരുന്ന റീജിയണൽ മാനേജർ ഒരു കുവൈറ്റി സ്ത്രീയ്ക്കും, എക്സിക്യൂട്ടീവ് പദവിയിലേക്ക് (Grade-10) ശക്തമായി തന്നെ റെക്കമെന്റ് ചെയ്യുകയും ചെയ്തു. എനിക്ക് "സെയിൽസ് ആൻഡ് മാർക്കറ്റിംഗും"(Sales and Marketing),
ആ സ്ത്രീയ്ക്ക്, ബ്രാഞ്ചസ് അഡ്മിനിസ്ട്രേഷനും.(Branches Administration)...

എന്നാൽ സൈമൺ ക്ലമന്റ് എന്നിൽ അർപ്പിച്ച അമിത വിശ്വാസവും ആത്മാർത്ഥയും  അയാൾക്ക്‌ തന്നെ ഒരു ബാധയായി മാറി. അതിനു അറിഞ്ഞോ അറിയാതെയോ കാരണക്കാരൻ ഞാനും...

സംഭവ ബഹുലമായ ആ വിഷയ അടുത്ത ലക്കത്തിൽ...

തുടരും...