ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ. (ഭാഗം-22)
Great respect to Mr. Simon Clement.
മൂന്നാം ഭാഗം തുടർച്ച.....
----------------------------------------------------------------------------------
ഔദ്യോഗിക പദവിയിൽ ഇരിക്കുന്ന ഒരു വ്യക്തി, തന്റെ കിഴിൽ ജോലി ചെയ്യുന്ന ഒരാളിൽ അന്ധമായി വിശ്വാസം അർപ്പിച്ചു മുന്നോട്ടുള്ള പ്രയാണങ്ങൾക്കു കരുക്കൾ നീക്കുമ്പോൾ പൊടുന്നനെ കിഴിലുള്ള ആ വ്യക്തി, അത് ഞാനായിരുന്നാലും, കൈവിടുമ്പോൾ ഉണ്ടാകുന്ന മാനസിക അവസ്ഥ അനുഭവിച്ചാൽ മാത്രമേ അറിയാൻ കഴിയുകയുള്ളു. കാരണം സൈമൺ ക്ലമന്റ് അന്നനുഭവിച്ച മനസ്സിന്റെ പിരിമുറുക്കം പിൽക്കാലത്തു, ഞാൻ ഔദ്യോഗിക പദവിയിലെത്തിയപ്പോൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അത് ഏതൊരാളും അറിഞ്ഞുകൊള്ളണമെന്നില്ല...
ഇനി കാര്യത്തിലേക്കു വരാം...
അന്ന് വർച്യുൽ ബാങ്കിങ് (Virtual Banking) യൂണിറ്റ് മാനേജ് ചെയ്തിരുന്നത് യാസർ ബെഹ്‌ബെഹാനി എന്ന പുതുമുഖമായ കുവൈറ്റി യുവാവും, റീറ്റെയ്ൽ മാർക്കറ്റിംഗും, ഡയറക്റ്റ് സെയിൽ യൂണിറ്റും, ഒന്നിച്ചു മാനേജ് ചെയ്തിരുന്നത് ലെബനൻ കാരനായ റംസി സബൂറി എന്ന എക്സിക്യൂട്ടീവ് മാനേജ്മെന്റ്
അംഗവുമായിരുന്നു.
ഡയറക്റ്റ് സെയിൽസ് യൂണിറ്റ് എന്നെ ഏൽപ്പിച്ചപ്പോൾ തന്നെ റംസി യുടെ
ദിവസങ്ങൾ എണ്ണപ്പെട്ടു എന്ന് എനിക്ക് മനസ്സിലായി.
ഇത് മനസ്സിലാക്കിയ സൈമൺ, അനൗദ്യോഗികമായി റീറ്റെയ്ൽ മാർക്കറ്റിംഗ് യൂണിറ്റിന്റെ കമ്മിറ്റിയിലേക്ക് എന്നെ തെരഞ്ഞെടുക്കുകയും ആഴ്ചയിൽ മുന്ന് പ്രാവിശ്യം ഹെഡ് ഓഫീസിൽ രണ്ട് മുതൽ
മുന്ന് മണിവരെ നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കണമെന്ന് ഈ മെയിലിലൂടെ (e-mail) അറിയിക്കുകയും ചെയ്തു. കമ്മിറ്റി എന്ന് ഉദ്ദേശിക്കുന്നത്, പ്രോഡക്റ്റ് ഡെവലപ്മെന്റ് ടീമും മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷനും, വെർച്യുൽ യൂണിറ്റും ചേർന്നുള്ള കമ്മിറ്റിയാണ്.
ഇതൊക്ക പറയാൻ കാരണം, 2006 മുതൽ ഈ ബാങ്കിന്റെ ചെറുതും വലുതുമായ എല്ലാ തീരുമാനങ്ങളും വ്യക്തിയിൽ അധിഷ്ടിതമാണ്.
യാതൊരു ഔദ്യോഗിക പദവിയും പ്രത്യക്ഷത്തിൽ ഇല്ല. എന്നാൽ എല്ലാം ഉണ്ട് താനും. അദ്ദേഹത്തിന്റെ മുൻപിൽ സെൻട്രൽ ബാങ്കും ചെയർമാനും ബോർഡ് മെമ്പറന്മാരും സി. ഈ. ഓ. യും, അങ്ങനെയെല്ലാവരുമുണ്ട്.
പക്ഷേ..?
ഷെയ്ഖ് മൊഹമ്മദ്, 2006ൽ ചെയർമാൻ സ്ഥാനം വിട്ടു പോകുമ്പോൾ പിന്നെ എനിക്കവിടെയുണ്ടായിരുന്ന ഒരേ ഒരു അത്താണി രാജകുടുംബാംഗമായ ഹിസ്സ് ഹൈനെസ്സ് ഷെയ്ഖ് സാലം അൽ അലി അൽ സബാഹ്‌ന്റെ ഇളയമകൾ, "ഷെയ്‌ഖ നൗഫ്" ആണ്. ആ സ്ത്രീ ബാങ്കിൽ ആദ്യമായി വന്നപ്പോൾ ഏതാണ്ട് ആദ്യത്തെ ഒരു വർഷം ഞാൻ കൊടുത്ത ട്രെയിനിംഗ് എനിക്കൊരു "നാഗാസ്ത്രം" അഥവാ "അത്താണി" തന്നെ ആയിരുന്നു. ആ ഒരവസരം എനിക്കുണ്ടാക്കി തന്ന അന്നത്തെ ചെയർമാൻ ഷെയ്ഖ് മൊഹമ്മദിനോടും അന്നത്തെ സി. ഇ. ഓ. ഡേവിഡ് ബെറിയോടും അന്നത്തെ റീറ്റെയ്ൽ ജനറൽ മാനേജർ ക്ലൈവ്ഷെവെർഡിയോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു...പക്ഷേ ഈ നാഗാസ്ത്രം അഥവാ അത്താണി ഒരു ഗുണത്തിനും ദോഷത്തിനും ഞാൻ ഇന്നു
വരെ ഉപയോഗപ്പെടുത്തിയിട്ടില്ല...
ഈ വിവരങ്ങൾ ഒക്കെ നേരത്തെ മനസ്സിലാക്കിയിരുന്ന സൈമൺ ക്ലമന്റ് എന്റെ ഗ്രേഡ് പത്തിലേക്കുള്ള (Grade-10) പ്രൊമോഷൻ ഷീറ്റ് ഒപ്പിടുമ്പോൾ ഒരു കാര്യംകൂടി പറഞ്ഞു.???
അപ്പോഴാണ് ബാങ്കിൽ നിലവിലുള്ള ഗ്രേഡിങ് സിസ്റ്റത്തെക്കുറിച്ചു (Grading system) ഓർമ്മ വന്നത്. ഓഫീസർ ഗ്രേഡുകളിൽ മാനവ വിഭവശേഷിയുടെ ഡിവിഷനിൽ (Human resource division) നിലവിലുള്ള നിയമം,
ഗ്രേഡ് ഒന്നു മുതൽ നാലു വരെ,(So1 to So 4) സൂപ്പർവൈസറി (Supervisory) ലെവലും, അഞ്ചും ആറും ഗ്രേഡ്, "അസിസ്റ്റന്റ് മാനേജർ" (Assistant Managers) ലെവലും,
ഏഴും എട്ടും ഗ്രേഡുകൾ,"മാനേജർ"
(Managers)ലെവലും, ഒൻപത് "സീനിയർ മാനേജരും",(Senior Managers) പത്തു "എക്സിക്യൂട്ടീവ്" മാനേജരും,(Executive)പതിനൊന്നു, "അസിസ്റ്റന്റ് ജനറൽ മാനേജരും", (A.G.M) പന്ത്രണ്ട്, "ജനറൽ മാനേജരും" (G.M.) പതിമൂന്നു, "ഡെപ്യൂട്ടി ചീഫും", (Deputy CEO), പതിന്നാലു, "ചീഫ് എക്സിക്യൂട്ടീവും" (CEO)ആയിരുന്നു.
ഇതൊക്കെയാണ് ബാങ്കിന്റെ പൊതു ഗ്രേഡിങ് സിസ്റ്റമെങ്കിലും, ഓരോ ഡിവിഷനിലും,(Division) അവരുടേതായ "ടൈറ്റിലുകൾ" (Title) കൊടുക്കുന്ന ഒരു സിസ്റ്റവും,
അന്നൊക്കെനിലവിലുണ്ടായിരുന്നു.
ഉദാഹരണത്തിന്, റീറ്റെയ്ൽ ഡിവിഷനിൽ മുന്നും, നാലും, സൂപ്പർവൈസറി ഗ്രേഡുള്ളവരെ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ സി/ബി,(A.B.M. c/b) ടൈറ്റിൽ കൊടുക്കാറുണ്ട്. ഗ്രേഡ് അഞ്ചു, ബ്രാഞ്ച് മാനേജർ സി,(B.M. /c) എന്നും, ഗ്രേഡ് ആറിന്, ബ്രാഞ്ച് മാനേജർ ബി, (B.M./b)
എന്നും, ഗ്രേഡ് ഏഴിന്, ബ്രാഞ്ച് മാനേജർ എ, എന്നും,(B.M/a) ഗ്രേഡ് എട്ടിന്, റീജിയണൽ മാനേജർ, (R.M.) ഒൻപതാണങ്കിൽ സീനിയർ റീജിയണൽ മാനേജർ, എന്നിങ്ങനെ റീറ്റെയ്ൽ ഡിവിഷനിൽ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
അതുപോലെ കോർപ്പറേറ്റ് ഡിവിഷനിൽ,
"ഗ്രേഡ് എട്ടു", സീനിയർ മാനേജർ എന്നും,
ഗ്രേഡ് ഒൻപത്, എക്സിക്യൂട്ടീവ് മാനേജർ എന്നും,അവരുടെ സൗകര്യത്തിന് പറയാറുണ്ട്. ഇതൊക്കെ മറ്റ് ഡിവിഷനുകളിലും നിലവിൽ ഉണ്ടായിരുന്നു.
ഇതിൽ ഗ്രേഡ് ഒന്നു മുതൽ നാലു, വരെയുള്ള പ്രൊമോഷൻ, ഡിവിഷൻ ഹെഡിന്റെ അധികാര പരിധിയിലും, അഞ്ചു മുതൽ ഒൻപതു വരെയുള്ള ഗ്രേഡുകൾ, സി.ഈ. ഓ. (C.E.O.) യുടെ പരിധിയിലും, പത്തു മുതൽ ചെയർമാൻ ഉൾപ്പടെയുള്ള ബോർഡ് എഛ്. ആർ. കമ്മിറ്റിയുടെ (Board H R Committe) പരിധിയിലുമാണ്.)
ഇതിന്റെ ഒക്കെ പൊരുൾ, എനിക്ക് ഗ്രേഡ് പത്തു (Grade 10) കിട്ടണമെങ്കിൽ, ചെയർമാൻ ഒപ്പിടണം...ഒപ്പിടണമെങ്കിൽ ആരുടെയോ പച്ചക്കൊടി വേണം...!!! എന്നൊക്കെ എന്റെ അറിവിന് വേണ്ടി സൈമൺ പറഞ്ഞു മനസ്സിലാക്കി എന്നേയുള്ളു...
ഇതിനിടയിൽ, മാനവ വിഭവ ശേഷിയിൽ (Human resource division) ഇരിക്കുന്ന ഡിവിഷൻ ഹെഡിനും,(Division Head) അവരുടെ അസിസ്റ്റന്റ് ആയിരിക്കുന്ന മറ്റൊരു കുവൈറ്റി സ്ത്രീയ്ക്കും, അവർക്ക് താല്പര്യമുള്ള ഒരു കുവൈറ്റി യുവാവിനെ ബ്രാഞ്ച് മാനേജരായ കൊണ്ട് വരണം പോലും...!!!
മറ്റു റീജിയണൽ മാനേജരന്മാരോട് പറഞ്ഞാൽ, അവരൊന്നും, ഇവരുടെ വാക്കുകൾക്ക് ഒരു വിലയും കല്പിക്കില്ല. അത് അവർക്കറിയുകയും ചെയ്യാം. "സൈമൺ ക്ലെമെന്റി"നോട് പറയാൻ ഇവർക്ക് ധൈര്യവുമില്ല...അപ്പോഴാണ് ഒരു കാര്യം കുടി എനിക്ക് മനസ്സിലായത്.
സായ്പ്പിനെക്കണ്ടാൽ "കബത്" മറക്കുന്നവർ ഇന്ത്യക്കാർ മാത്രമല്ല.അറബിയും മറക്കും...
എന്റെ റീജിയണിൽ തൊഴിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
എന്നോട് മാനവവിഭവ ശേഷിയിൽ(HRD) നിന്ന്, ഈ രണ്ട് സ്ത്രീകൾ മാറി മാറി നടത്തിയ ടെലിഫോൺ സംഭാഷണങ്ങളെ വളച്ചൊടിച്ചു, അവർക്ക് താല്പര്യമുള്ള കുവൈറ്റി യുവാവിനെ എന്റെ റീജിയണിൽ, ബ്രാഞ്ച് മാനേജരാക്കാൻ "ഞാൻ അംഗീകാരം കൊടുത്തു" എന്ന് വരുത്തി തീർത്തു. സർക്കുലറും ഇറക്കി...
എന്റെ കിഴിലുണ്ടായിരുന്ന ഒരു ബ്രാഞ്ചിൽ നിലവിലുണ്ടായിരുന്ന ബ്രാഞ്ച് മാനേജർ എന്നോട് വളരെ സ്നേഹവും ബഹുമാനവും ഉള്ള ഒരു കുവൈറ്റി യുവതി ആയിരുന്നു. പുതിയ ആൾ എത്തിയപ്പോൾ ഇവരെ ഞാൻ എവിടേയ്ക്ക് വിടണമെന്നറിയാതെ കുഴങ്ങി...?മാനവ വിഭവ ശേഷിയിൽ നിന്ന്, ഇറക്കിയ സർക്കുലർ കണ്ട് അവർ വളരെ വിഷമിച്ചു. എനിക്കും ദുഃഖം താങ്ങാവുന്നതായിരുന്നില്ല.
ആരുടെ അനുവാദം എടുത്താണ് നിങ്ങൾ സർക്കുലർ ഇറക്കിയെതെന്നു ഞാൻ അവരെ ചോദ്യം ചെയ്തു?
അവിടെ മാനവവിഭവ ശേഷിയിൽ ഡിവിഷൻ ഹെഡ് (H R Division Head) ആയിരുന്ന സ്ത്രീ, ആദ്യമായി ബാങ്കിൽ ജോലിക്ക് വരുമ്പോൾ, എന്റെ പക്കൽ ട്രൈനിങ്ങിന് വന്നിട്ടുള്ള ആളായിരുന്നു. അന്നവർ ഓഡിറ്റ് ഡിപ്പാർട്മെന്റിലാണ് ജോലിയിൽ പ്രവേശിച്ചിരുന്നത്.പിന്നീടാണ് അവരുടെ ഉയർച്ചയും വളർച്ചയും. എന്തായാലും ശരി
ഞാൻ ചോദിച്ച ചോദ്യത്തിന് അവർ ഉത്തരം പറയാൻ പരുങ്ങി..!!!
എന്നാൽ അവരുടെ അസിസ്റ്റന്റ്, ഒരു മടിയും കൂടാതെ എന്റെ മുഖത്തു നോക്കി പറഞ്ഞു..
"താങ്കൾ അംഗീകരിച്ചത് കൊണ്ടാണ്, ഞങ്ങൾ സർക്കുലർ ഇറക്കിയത്"എന്ന് വാദിച്ചു.
പിന്നെ അവിടെ വാദത്തിനു പ്രസക്തിയില്ല.
ദേഷ്യവും, ദുഖവും, എല്ലാംകൂടി ചേർന്ന ഒരവസ്ഥയിൽ, നിലവിൽ ഉണ്ടായിരുന്ന ബ്രാഞ്ച് മാനേജരോട്, "നിനക്ക് മുകളിൽ ആരെയെങ്കിലും പരിചയമുണ്ടങ്കിൽ എനിക്കെതിരായി ഒരു പരാതി കൊടുക്കാൻ ഞാൻ തന്നെ ഉപദേശിച്ചു".അത് കുറിക്കു കൊണ്ടു. അവൾ നേരിട്ട് ഒരു യുവാവായിരുന്ന അന്നത്തെ ചെയർമാനോട് വിവരം ധരിപ്പിച്ചു.
ക്ഷോപിതനായ യുവാവായ ചെയർമാൻ എല്ലാവരേയും അദ്ദേഹത്തിന്റെ മേശയുടെ മുൻപിൽ വരുത്തിച്ചു. ആ മീറ്റിംഗിൽ, "സൈമൺ ക്ലമന്റ്" കറതീർന്ന ആത്മാർത്ഥത, എനിക്ക് വേണ്ടി കാണിച്ചു.
മാനവവിഭവശേഷിയുടെ മാനേജർ, കുറ്റങ്ങൾ സ്വയം ഏറ്റെടുത്തു...
സ്ഥിരം "വാണിംഗ് ലെറ്റേഴ്സ്" (Warning letters) കൊടുക്കുന്നവർക്ക്, ആദ്യമായി "വാണിംഗ് ലെറ്റേഴ്സ്" കിട്ടി.എന്റെ റീജിയനിൽ, ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് പരിഹാരവുമുണ്ടായി...
വീണ്ടും കാര്യത്തിലേക്ക് തന്നെ വരാം...
മുകളിൽ ബ്രാക്കറ്റിൽ കൊടുത്ത കാര്യങ്ങൾ, സന്നർഭോചിതമായി എഴുതിയെന്ന് മാത്രം.
അങ്ങനെ കാര്യങ്ങൾ നല്ല ഗതിയിൽ മുൻപോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ, അപ്രതീക്ഷിതമായി വന്ന് ഭവിച്ച സംഭവങ്ങൾ, എല്ലാം തകിടം മറിക്കുകയാണ് ഉണ്ടായത്.
മനുഷ്യൻ ഓരോന്ന് ചിന്തിച്ചു കൂട്ടുമ്പോൾ,
"ദൈവം" അഥവാ "അള്ളാഹു" അല്ലെങ്കിൽ "മിശിഹാ" മറ്റൊന്ന് വരുത്തി തീർക്കുന്നു...
അക്കാര്യങ്ങൾ അടുത്ത ലക്കത്തിൽ.
തുടരും...