ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ. (ഭാഗം-23)
Great respect to Mr. Simon Clement.
നാലാം ഭാഗം തുടർച്ച...
-----------------------------------------------------------------------------------
ഒരു മാർച്ച് മാസത്തിലെ ആദ്യ പകുതി.
കാലത്തു പതിനൊന്നു മണി ആയിരുന്നു.
ഞാൻ "സബാഹ് അൽ സാലത്തിലുള്ള" ( Sabah Al Salam area) എന്റെ റീജിയണൽ ഓഫീസിലിരുന്ന് ഫയലുകൾ, ഓരോന്നായി തള്ളി നീക്കുമ്പോൾ, മൊബൈൽ ശബ്ദിക്കുന്നു...
പേര് നോക്കിയപ്പോൾ"ഷെയ്ഖ് മൊഹമ്മദ്"... ഈ ഷെയ്ഖ് മൊഹമ്മദ് ആരാണെന്ന് ഇവിടെയിനി പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തൽ ആവിശ്യമില്ലല്ലോ.
അദ്ദേഹം എന്റെ കരിയറിന്റെ നിർണ്ണായകമായ ഭാഗം കൂടിയാണ്. കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു. കുറെ വർഷങ്ങൾക്ക് ശേഷം അതെ പദവിയിൽ ഇതാ വീണ്ടും എത്തിയിരിക്കുന്നു .വേറൊരു ബാങ്കിലാണന്ന് മാത്രം .ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക ബാങ്കുകളിലൊന്നായ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിലാണ് പുതിയ പദവിയിലെത്തിയിരിക്കുന്നത് .
"ദാവ്‌ലി" എന്ന് അറബിയിലുള്ള ഓമനപ്പേരിൽ ആറിയപ്പെട്ടിരുന്ന കുവൈറ്റ് ഇന്റർനാഷണൽ ബാങ്ക്. എല്ലാ പത്രങ്ങളിലും ചൂടുള്ള വാർത്ത വന്നതേയുള്ളു. അപ്പോഴാണ് ഈ ടെലിഫോൺ കാൾ വന്നിരിക്കുന്നത് .
പെട്ടന്ന് ഫോണെടുത്തു."ഹലോ ബു നാസ്സർ".
അപ്പോൾ അങ്ങേ തലക്കൽ...
ദാവ്‌ലിയുടെ, പുതിയ ചെയർമാനും, മാനേജിങ് ഡയറക്ടറും ആയി ഞാൻ ചാര്ജെടുത്തിരിക്കുന്നു. അറിഞ്ഞു കാണുമല്ലോ. ഏതായാലും നീ എന്നെ വന്നു കാണുക...
അറിഞ്ഞു അബു നാസ്സർ.
ഞാൻ വൈകിട്ട് വീട്ടിൽ വന്നു കാണാം.
ഇന്ന് തന്നെ വരും.
എന്റെ മറുപടി...
"ദിവാനിയ തുടങ്ങുന്നതിന് മുൻപ് എത്തണം".
അങ്ങേ തലക്കൽ...
ആ സമയം മുതൽ ഉള്ളിൽ ഒരു പിടച്ചിൽ തുടങ്ങി. നെഞ്ചിലൊരു വിമ്മിഷ്ടം.
എനിക്കറിയാം എന്തിനാ വിളിച്ചതെന്നും?
എന്താണ് പറയാൻ പോകുന്നതെന്നും?
പെട്ടന്ന്, മൊബൈലിൽ അപ്‌ലോഡ് ചെയ്തു വച്ചിരുന്ന "ജാതകം" തിരിച്ചും, മറിച്ചും,
നോക്കി...ബുധ ദശയാണ്. ചന്ദ്രാപഹാരം...
ലഗ്നത്തിൽ നിൽക്കുന്ന ബുധന്റെ ദശ നല്ലതു ചെയ്യും. ബുധ ദശ തുടങ്ങിയപ്പോഴാണ് റീജിയണൽ മാനേജർ പദവിയൊക്കെ വന്നു ചേർന്നത്. മേടം ലഗ്നം. ലഗ്നാധിപൻ ലഗ്നത്തിൽ. ദോഷമില്ല നല്ലതു വരും. ചൊവ്വ ബുധന് ശത്രുവാണെങ്കിലും, ബുധന് ശത്രുതയില്ല. അൽപ്പം ടെൻഷൻ കുടും. ഇതൊന്നും അവിടെ വിലപ്പോകില്ല എന്നറിഞ്ഞിട്ടും...ചുമ്മാ... ഒന്ന് നോക്കിയെന്നു മാത്രം...
പക്ഷേ ഞാൻ സൈമൺ ക്ലെമെന്റിനോട്
എന്ത് പറയും? പ്രൊമോഷനും എഴുതി വിട്ടു. എല്ലാത്തിലും ശുഭപ്രതീക്ഷ വച്ച് പുലർത്തുകയാണ്. കാരണം എന്നെ
അത്രയ്ക്ക് ഇഷ്ടവും വിശ്വാസവും ആയിരുന്നു. പാവം സായിപ്പ്.
വൈകിട്ട് ഷെയ്‌ഖിന്റെ വീട്ടിൽ എത്തിയ എന്നെ വരവേറ്റത് മകൻ നാസ്സറാണ്.കൊച്ചു കുഞ്ഞായിരിക്കുമ്പോൾ മുതൽ എന്നെ അറിയാവുന്നതാണ്. കൂട്ടികൊണ്ടു പോയി അകത്തിരിത്തി. പെങ്ങന്മാരെയെല്ലാം വിളിച്ചു വരുത്തി പഴയ കഥകൾ തുടങ്ങിയപ്പോൾ ഷെയ്ഖ് വന്നു...വന്ന ഉടനെ പറഞ്ഞു. നാളെത്തന്നെ തിജാരിയിൽ( Commercial Bank) രാജി കൊടുത്തു എത്രയും പെട്ടന്ന് എന്റെ കൂടെ ചേരുക. നിന്റെ കാര്യം ഞാൻ ബോർഡ് മെമ്പറന്മാരെ അറിയിച്ചിട്ടുണ്ട്.
നിന്റെ ജോലിക്കുള്ള പുതിയ കോൺട്രാക്ട്, (contract) നാളെ കാലത്തു സി. ഈ. ഓ. (Chief Executive Officer) ഡോക്ടർ മഹമൂദിന്റെ മേശപ്പുറത്തുണ്ടാകും. ചെന്ന് ഒപ്പിടണം.
ഞാൻ ഉടൻ തന്നെ ഒരു മറുപടി കൊടുക്കാൻ
വളരെ ബുദ്ധിമുട്ടി. അക്ഷരാർത്ഥത്തിൽ ഒരു മറുപടി പറയാൻ വിമ്മിഷ്ട്ടപ്പെട്ടു.വാക്കുകൾ വരുന്നില്ല. കണ്ണ് നിറഞ്ഞു കൊണ്ട് ഞാൻ മറുപടി നൽകി. പുതിയ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കുവാനുള്ള ഒരു ബാല്യം എനിക്കില്ല.
കുവൈറ്റിലെ ഒറ്റയ്ക്കുള്ള ജീവിതം ബുദ്ധിമുട്ടായി വരുന്നു. ഇപ്പോൾ തന്നെ
ഗ്രേഡ് പത്തിലേക്കുള്ള പ്രൊമോഷൻ എഴുതിപ്പോയിട്ടുണ്ട്. മാത്രവുമല്ല അങ്ങയുടേത് ഒരു ഇസ്ലാമിക ബാങ്കാണ്. എനിക്കൊരുപാട് പരിമിതികൾ ഉണ്ട്. ഞാനൊരു ചാർട്ടേർഡ് അക്കൗണ്ടന്റോ കമ്പ്യൂട്ടർ പ്രോഗ്രാമറോ അല്ലങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഒരു സാങ്കേതിക വിദഗ്‌ദ്ധനോ അല്ലാന്നു അങ്ങേക്കറിയാമല്ലോ. എന്നിട്ടും ഇസ്ലാമത വിശ്വാസിയല്ല എന്ന് പറയാനൊന്നും ഞാൻ തുനിഞ്ഞില്ല. അദ്ദേഹത്തിന് എന്റെ മതവും ജാതിയും എന്താണെന്ന് അറിയാനും താല്പര്യമില്ലായിരുന്നു .എനിക്ക് ശെരിയത് നീയമങ്ങൾ പഠിപ്പിച്ചു തരാൻ അവസരമുണ്ടാക്കാമെന്ന് പറയാനും അദ്ദേഹം മറന്നു പോയിരിക്കണം. അത് പിൽക്കാലത്തെ അനുഭവത്തിൽ നിന്ന് ഞാൻ മാനസിലാക്കി.
എന്റെ പരിവേദനങ്ങൾക്കു അവിടെ പ്രസക്തിയൊന്നുമുണ്ടായിരുന്നില്ല.
നീ ചെറുപ്പമാണ്. അവിടെ തരുന്ന പ്രൊമോഷൻ വെറും എക്സിക്യൂട്ടീവ് മാനേജറായിട്ടാണ്.
അതിനും ഉറപ്പൊന്നുമില്ല താനും...!!!
ഇവിടെ നീ എന്റെ കൂടെയാണ്. പദവി
അസിസ്റ്റന്റ് ജനറൽ മാനേജരയിട്ടാണ്. (Assistant General Manager)പക്ഷെ ഉടനെ തരില്ല. മുന്ന് മാസം കൊണ്ട് കഴിവ് കാണിച്ചു കൊടുക്കണം. നിനക്കത് കഴിയും.
ഒരു മുന്ന് വർഷം മതി. പിന്നെ നമ്മൾക്കൊന്നിച്ചിറങ്ങാം...!!!
ഇദ്ദേഹത്തിന്റെ സഹധർമ്മിണിയുടെ അകാലത്തിലുണ്ടായ വേർപാട് 2006ൽ ആയിരുന്നു. അത് അദ്ദേഹത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. അന്ന് അദ്ദേഹം കൊമേർഷ്യൽ ബാങ്കിന്റെ
ചെയർമാനായിരുന്നു. ഏതാണ്ട് ഒരു
കൊല്ലക്കാലം അദ്ദേഹം സമ്പൂർണ്ണ വിശ്രമത്തിൽ.അതിന് ശേഷം ഏതാണ്ട്
മുന്ന് വർഷക്കാലം അദ്ദേഹം കുവൈറ്റ്
റിയൽ എസ്റ്റേറ്റ് കൺസോർട്ടിയത്തിന്റെ
(Kuwait Realestate Consortium) ചെയർമാൻ പദവിയിലിരുന്നു .പിന്നീടാണ് ഇസ്ലാമിക ബാങ്കിലേക്ക് ഇപ്പോൾ വന്നിരിക്കുന്നത്. അകാലത്തിൽ പൊലിഞ്ഞു പോയ ആ രാജകുമാരി എന്റേയും എന്റെ കുടുംബത്തിന്റെയും കിടാവിളക്കായിരുന്നു.
അതറിയാവുന്നത് കൊണ്ടാണ് ഇതെല്ലാം കേട്ടിരുന്ന അദ്ദേഹത്തിന്റെ മൂത്തമകൾ ഒരു വാക്ക് പറഞ്ഞു...
"എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ"...
പിന്നെ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.
നാളെ വന്നു ഞാൻ കോൺട്രാക്ട് ഒപ്പിട്ടു
കൊള്ളാം. അന്നവിടുന്നു ആഹാരവും കഴിച്ചു, "ദിവാനിയ"യിലോട്ടു ചെന്നപ്പോൾ, നാനാ തുറയിലുള്ള വലിയ കുവൈറ്റി പ്രമുഖർ, അവിടെ തടിച്ചു കുടിയിട്ടുണ്ടായിരുന്നു.
ധാരാളം പൂക്കൾ പുതിയ ചെയർമാനെ അഭിനന്ദിക്കാൻ വരവേൽക്കാൻ അവിടെ നിരനിരയായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
പിറ്റേ ദിവസം ലേറ്റ് ആയി മാത്രമേ ഓഫീസിൽ എത്തുകയുള്ളൂ എന്ന് സൈമൺ ക്ലെമെന്റിനെ അറിയിച്ച ശേഷം, പുതിയ ബാങ്കിൽ കോൺട്രാക്ട് ഒപ്പിടാൻ പതിനഞ്ചാമത്തെ നിലയിലുള്ള സി. ഈ. ഓ. യുടെ ഓഫീസിലേക്ക് ചെന്നപ്പോൾ, അവിടെക്കുറെ നേരമായി
സി. ഈ. ഓ. യെ കാണാനായി അക്ഷമയോട് കാത്തിരിക്കുന്ന കുവൈറ്റി യുവാവ് മറ്റാരുമായിരുന്നില്ല. കൊമേർഷ്യൽ ബാങ്കിന്റെ കോർപ്പറേറ്റ് ഡിവിഷന്റെ ജനറൽ മാനേജർ സാക്ഷാൽ "ലോയി മുഖ്‌അമിസ്"...
ഇന്റർവ്യൂവിന്വന്നിരിക്കുകയാണ്...
പിൽക്കാലത്തു എന്റെ സി. ഈ. ഓ. ആയി ഞങ്ങൾ ഒന്നിച്ചു ഇവിടെ അഞ്ച് വർഷങ്ങൾ ജോലി ചെയ്തിരുന്നു.
കുവൈറ്റ് ബാങ്കുകളുടെ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാൽ, ആറു മാസത്തിലധികം ഒരു ബാങ്കിന്റെ സി. ഈ. ഓ. ആയ ശേഷം ഒരു സുപ്രഭാതത്തിൽ ആ പദവി ഒരു "ഈജിപ്ഷൻ സ്ത്രീയ്ക്ക്" (Foreigner) കൈമാറേണ്ടി വന്ന ഗതികേടുകാരനായ ഒരു കുവൈറ്റി യുവാവ്(Kuwaiti national)അവരുടെ കിഴിൽ വീണ്ടും ഒരു കോർപ്പറേറ്റ് ജനറൽ മാനേജരായി ജോലി തുടരാൻ ബുദ്ധിമുട്ടുണ്ടായിരുന്ന അവസ്ഥയിൽ,
ഷെയ്ഖ് മൊഹമ്മദിന്റെ സഹായത്തോടെ ഇന്റർവ്യൂവിന് വന്നു സി. ഈ. ഓ.യെ കാണാൻ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആ സമയത്തു് അദ്ദേഹം...ഓരോരോ ജീവിതാനുഭവങ്ങൾ...എന്തെല്ലാം കണ്ടാൽ ജീവിതത്തിന്റെ സത്ത മനസ്സിലാകും. ശരിയല്ലേ?
തുടരും...