ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ... (ഭാഗം-28)
To my great friend Mr. Talal Mohammed Al Baqer.
പരിശുദ്ധ റംസാനിലെ അവസാനത്തെ പത്തു ദിവസങ്ങൾ മഹാ പുണ്യ ദിവസങ്ങളാണ്. "ലൈലത്തുൽ ഖദിർ " എന്താണന്നും അതിന്റെ മഹത്വം എന്താണെന്നും ഞാൻ പറയേണ്ടതില്ലല്ലോ. ഇരുപത്തിയേഴാം രാവിന്റെ പുണ്യം. പരിശുദ്ധ ഖുർആന്റെ ഉൽപ്പത്തി. അല്ലാഹുമ്മറ സല്ലയലേക്കും...
ഞാൻ ഇന്ന് പരിചയപെടുത്താൻ പോകുന്ന വ്യക്തി, എന്റെ ജീവിതത്തിൽ എനിക്ക് ഒരു നിമിഷം പോലും മറക്കാൻ കഴിയാത്ത വലിയ സ്നേഹത്തിന്റെ ഉറവിടമാണ്. ഇസ്ലാം മതം, സാഹോദര്യത്തിന്റെ ഉറവിടമാണെങ്കിൽ, അതിന്റെ ഉത്തമ ഉദാഹരണമാണ് ഞാൻ
ഇന്ന് പരിചയപ്പെടുത്താൻ പോകുന്ന എന്റെ ആത്മമിത്രം "തലാൽ മുഹമ്മദ് അൽ ബാക്കർ" .
ഇന്നത്തെ കുവൈറ്റി സമൂഹത്തിൽ, ജന്മാവകാശം പറയാൻ, "ട്രൈബൽ" കുവൈറ്റി സമൂഹത്തിന് മാത്രമേ അവകാശം ഉള്ളു.
അതൊരു യാഥാർഥ്യം. ബാക്കി ഉള്ളവരെല്ലാം വന്നവർ തന്നെയാണ്. ഒരു മുന്ന് തലമുറയ്ക്ക് മുൻപ് സൗദിയിൽ നിന്നും, ഇറാക്കിൽ നിന്നും, ഇറാനിൽ നിന്നും, മറ്റു അറബ് രാജ്യങ്ങളിൽ നിന്നും കുടിയേറി പാർത്തവരുടെ, പിൻ തലമുറ തന്നെയാണ്. ഇന്നത്തെ പ്രഗല്ഭരും പ്രശസ്തരുമായ മിക്ക കുവൈറ്റി കുടുംബങ്ങളും വന്നു കുടിയേറി പാർത്തവരുടെ പിന്തലമുറകൾ തന്നെ. അത്തരത്തിൽപെട്ട മുന്ന് തലമുറയ്ക്ക് മുൻപ് ഇറാനിൽ നിന്ന് കുടിയേറി പാർത്ത വളരെ പ്രശസ്തമായ കുവൈറ്റി കുടുംബമാണ് "അൽ ബാക്കർ".
അദ്ധ്യാത്‌മിക തലത്തിൽ പറഞ്ഞാൽ പരിശുദ്ധ നബി തിരുമേനി റസൂൽ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിയ സല്ലത്തിന്റെ അഞ്ചാമത്തെ തലമുറയിലെ ചെറു മകൻ "അബു ജാഫർ" എന്ന ഓമനപേരിൽ അറിയപ്പെടുന്ന "അലി ഇബ്നു ഹസ്സൻ" എന്ന ഇമാമിന്റെ കുടുംബവുമായി രക്തബന്ധമുള്ള ഒരു കുടുംബമാണ് "അൽ ബാക്കർ"...
ആദ്യമേ പറഞ്ഞുകൊള്ളട്ടെ.
തലാൽ ഒരു മുസ്ലിം ആണെങ്കിലും സുന്നി സമ്പ്രദായത്തിൽപ്പെട്ട വിശ്വാസി അല്ല.
ഇസ്ലാം മതത്തിൽ ധാരാളം വിഭാഗം
ഉണ്ടന്ന് പലർക്കും അറിഞ്ഞുകൂടാ...
ഹിന്ദുവിന്റെ സസംകാരത്തിൽ, ജാതികൾ, വിഭാഗങ്ങൾ, വിശ്വാസങ്ങൾ, കഥകളിലൂടെ പറഞ്ഞു തരാൻ ശ്രമിക്കുന്ന മഹാതത്ത്വ
സംഹിതകൾ ഉണ്ടന്ന് ആർക്കാണറിയാത്തത്... എന്നാൽ ഇസ്ലാമിൽ ഒരു തത്വസംഹിതയെ (പരിശുദ്ധ ഖുർആൻ) അടിസ്ഥാനപ്പെടുത്തി നിരവധി വിഭാഗിയത ഉണ്ടന്ന് പലർക്കുമറിയില്ല. എല്ലാ മതങ്ങളിലും ഒരുപാട് വിഭാഗിയത ഉണ്ട് എന്ന് നമ്മൾ അറിയുന്നത് നല്ലതാണ്. കുറഞ്ഞപക്ഷം നമ്മുടെ അറിവില്യായ്മയും അന്ധതയും മാറ്റാൻ ഒരു പരുതി വരെയെങ്കിലും പ്രയോജനപ്പെടും.
ഹിന്ദു മതത്തിൽ ശൈവരും വൈഷ്ണവരും ഉള്ളത് പോലെ, ബുദ്ധ മതത്തിൽ മഹായാനക്കാരും ഹീനയാനക്കാരും ഉള്ളത് പോലെ, ജൈനമതത്തിൽ ഏകാംബരേശ്വരരും, ദിഗംബരശ്വരരും, ഉള്ളത് പോലെ,
ക്രിസ്‌തീയ വിഭാഗത്തിൽ കത്തോലിക്കരും, പ്രൊട്ടസ്റ്റന്റ് വിഭാവക്കാരും, ഉള്ളത് പോലെ,
ഇസ്ലാംമതത്തിലും, ഏറ്റവും പ്രധാനമായ രണ്ടു വിഭാഗങ്ങൾ ഉണ്ട് "സുന്നിയും, ഷിയായും."
എന്നാൽ പല സെമിറ്റിക് മത വിശ്വാസങ്ങളിൽ ഉള്ളത് പോലെ,ഈ രണ്ടു വിഭാഗങ്ങളിൽ മാത്രം ഒതുങ്ങന്നില്ല ഒരു മതവും എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്...
ഇസ്ലാം മതത്തിൽ,സുന്നി വിഭാഗങ്ങൾക്കിടയിൽ വ്യത്യസ്ത പുലർത്തുന്ന എത്രയെത്ര ഉപ വിഭാഗങ്ങൾ ഉണ്ടെന്ന് എത്ര പേർക്കറിയാം? അതുപോലെ തന്നെ ഷിയാ വിഭാഗത്തിൽ എത്രയെത്ര ഉപവിഭാഗങ്ങൾ ഉണ്ടന്ന് എത്ര പേർക്കറിയാം?
ഏതാണ്ട് എഴുപത്തഞ്ചോളം ഒദ്യോഗിക വിഭാഗങ്ങളും, അതിലും ഇരട്ടി അനൗദ്യോഗിക വിഭാഗങ്ങളും ഉണ്ടന്ന് പറയപ്പെടുന്നു. ഈശ്വര വിശ്വാസത്തിലെ ഭാവവ്യത്യാസങ്ങൾ എന്ന് തല്ക്കാലം മനസിലാക്കുക.
ബുദ്ധമതത്തിൽ മഹായാനക്കാർ ബുദ്ധനെ ഈശ്വരനായി കാണുമ്പോൾ, ഹീനയാനക്കാർ ബുദ്ധനായി തീരാൻ ഉപദേശിക്കുന്നു.
അഥവാ "ബുദ്ധൻ" എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യമനസ്സിന്റെ ഉൽകൃഷ്ടമായ ഒരു തലം അല്ലെങ്കിൽ ആ അവസ്ഥയിലേക്ക് എത്തിച്ചേരാൻ കഴിയണം എന്ന് ഉപദേശിക്കുന്നു. അതുകൊണ്ടാണ് ബുദ്ധ വിഹാരങ്ങളിൽ, ചില ബുദ്ധ ക്ഷേത്രങ്ങളിൽ, കയറി ചെല്ലുന്ന ഭാഗത്തു, ഒരു ബുദ്ധ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ചൈനക്കാർ ഇതിനു "ബുദ്ധസായ" എന്ന് പറയുന്നു. അതായതു ബുദ്ധനായി തീരാനുള്ള മനസ്സിന്റെ തുടക്കം.
അവിടം മുതൽ പ്രധാന ബുദ്ധക്ഷേത്രം വരെയുള്ള ദൂരമാണ് മനുഷ്യ ആയുസ്സിലെ
യഥാർത്ഥ അറിവിന്റെ സത്ത എന്ന് പറയപ്പെടുന്നു.
ഇനി യ്യെഹുദ മതത്തിലോട്ടു തിരിഞ്ഞാലോ പ്രധാനമായും മുന്ന് വിഭാഗങ്ങൾ. യാഥാസ്ഥികർ, പരിഷ്‌കൃതർ, മസ്‌റോട്ടി,
ഇപ്പോൾ ഏതാണ്ട് പതിനൊന്നിനുമേലുണ്ടന്ന് പറയപ്പെടുന്നു.
എന്തായാലും ഇസ്ലാം മതത്തിൽ, സുന്നി ഷിയാ വിഭാഗങ്ങളിലും, അതിൽ തന്നെ ഉള്ള ഉപ വിഭാവങ്ങളിലും, ഉള്ള വിശ്വാസങ്ങളിൽ അടിസ്ഥാന പരമായി വലിയ വ്യത്യാസങ്ങളുണ്ട് എന്ന് പലർക്കും അറിഞ്ഞുകൂടാ...
ഉദാഹരണത്തിന് "താലിബാൻ" സുന്നി വിശ്വാസത്തിൽ അടി ഉറച്ച വിഭാഗം ആണെങ്കിലും യഥാർത്ഥ സുന്നി
വിശ്വാസികൾ അവരെ അംഗീകരിക്കുന്നില്ല. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം നിലവിൽ വന്നപ്പോൾ, അവരെ അംഗീകരിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയത് സൗദി അറേബ്യയും, യൂ. എ. ഇ. യും, പാകിസ്ഥാനും, മാത്രമാണ്.
ഷിയാ മുസ്ലിം സമ്പ്രദായത്തിൽ ഉള്ള ഉപ വിഭാവങ്ങൾ പല രീതിയിലാണ് ഇസ്ലാമിനെ നോക്കികാണുന്നത്. ഞാൻ ഇവരുടെ ഒക്കെ "ഹോസനിയ"കളിൽ പോകാറുണ്ട്.
അവരിൽ ഒരു വിഭാഗം ശക്തമായിത്തന്നെ എന്നോടൊരിക്കൽ പറഞ്ഞത്
"പരിശുദ്ധ ഖുർആൻ" പൊന്നു നബി
തിരുമേനിയുടെ കയ്യിൽ കൊടുത്തത് ദൈവത്തിനു പറ്റിയ തെറ്റാണെന്നാണ്.
മറിച്ചു പരിശുദ്ധ ഖുർആൻ നബി തിരുമേനിയുടെ മകൾ ഫാത്തിമയുടെ ഭർത്താവും മൂന്നാമത്തെ ഖലീഫയും ആയ ഇമാം അലിയുടെ കയ്യിലായിരുന്നു ശരിക്കും കൊടുക്കേണ്ടിയിരുന്നത് എന്നാണ് പറയുന്നത്.
ഇസ്ലാം മതത്തിന്റെ പരിശുദ്ധിയിലും, സഹോദര്യത്തിലും, അടിയുറച്ചു വിശ്വാസം
ഉള്ള എനിക്ക് മാനസികമായി വളരെ വിഷമം ഉണ്ടാക്കിയ ഒരു സംസാരമായിട്ടാണ് അന്നു, എനിക്ക് അനുഭവപ്പെട്ടത്. അതു കൊണ്ട് തന്നെ ഷിയാ സമ്പ്രദായത്തെ അനുകൂലിക്കുന്ന എന്റെ സുഹൃത്തു "തലാലി"നോട് ഈ വിവരം പറഞ്ഞപ്പോൾ അയാൾ പറഞ്ഞ മറുപടി എന്നെ അതിശയിപ്പിക്കുന്നതായിരുന്നു. ഓരോ കാലഘട്ടങ്ങളിൽ ഓരോ ആത്‌മീയ നേതാക്കന്മാർ അവരവരുടെ സൗകര്യാർത്ഥം വിവരിക്കുമ്പോൾ വരുന്ന പാകപ്പിഴകളായി കണക്കിലെടുത്താൽ മതി...
അതാണ് എന്റെ മതസൗഹാർദം എന്ന് ഞാൻ സ്വയം മനസിലാക്കുന്നു...
ഇവിടെയാണ് ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളോടുള്ള അഭിമാനവും സന്തോഷവും മഹത്ത്വവും നമുക്ക് ഓരോരുത്തർക്കും ഉണ്ടാകുന്നത്...
വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉള്ള എല്ലാ മുസ്ലിം മതവിശ്വാസികളെയും, ഒരു കുടകീഴിൽ നിർത്തി, ഭരണം നടത്തിക്കൊണ്ടുപോകുന്നത് അത്ഭുതത്തോട് മാത്രമേ നമ്മുക്ക് നോക്കിക്കാണാൻ പറ്റു.
ഇവിടെയാണ് എന്റെ "തലാൽ" വ്യത്യസ്തനാകുന്നത്. വിശ്വാസങ്ങൾ എന്തുമാകട്ടെ, "തലാൽ" സ്നേഹത്തിന്റെ മൂർത്തിവൽഭാവമാണ്.
.
ഞാൻ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിൽ ചേരുമ്പോൾ "തലാൽ" ഒരു ബ്രാഞ്ച് മാനേജരായിരുന്നു. പക്ഷെ മറ്റാർക്കും ഇല്ലാത്ത ഒരു സവിശേഷേത മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷനിൽ ഉള്ള(Marketing and Public Relations) തലാലിന്റെ അപാരമായ കഴിവായിരുന്നു. തലാലിന്റെ കഴിവിനെ കണക്കിലെടുത്തു, അദ്ദേഹത്തെ ഞാൻ ഡെപ്യൂട്ടി ഏരിയ മാനേജരായി ഉയർത്താൻ മേലധികാരികളോട് അഭ്യർത്ഥിക്കുകയും, അവർ അത് അംഗീകരിക്കുകയും തുടർന്ന് ബാങ്കിന്റെ സെയിൽസ് വിഭാഗം മേധാവിയാക്കുകയും ചെയ്തു. തലാലിനു കുവൈറ്റ് സമൂഹത്തിൽ ഉള്ള പരിചയവും പാടവവും അസാധാരണമാണ്. ആർക്കും എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ എല്ലാം, അവൻ നിസ്സാരമായി കടന്നു ചെല്ലും.
ഷിയാ വിഭാഗങ്ങളുടെ പുണ്യ സ്ഥലങ്ങളായ "ഇമാം അലി" ഉറങ്ങുന്ന ഇറാഖിലെ നജബിലും, "ഇമാം ഹുസ്സനു"റങ്ങുന്ന കര്ബലയിലും,
"ഇമാം റിദ" ഉറങ്ങുന്ന ഇറാനിലെ മാഷാദിലും, തലാലിനൊപ്പം ഞാൻ സന്ദർശിച്ചിട്ടുണ്ട്.
പ്രാർത്ഥിച്ചിട്ടുണ്ട്. എനിക്കെല്ലാം ഒരുപോലെ തോന്നി. ഷിയാ സുന്നി അഭിപ്രായ വ്യതാസങ്ങൾ എന്നെ ഒരിക്കലും ബാധിച്ചിരുന്നില്ല...
ഞാൻ ബാങ്കിന്റെ പടി ഇറങ്ങുമ്പോൾ തലാൽ ബാങ്കിൽ നിന്ന് സ്വയം പിരിഞ്ഞു പോയി. സ്വന്തമായി ഇപ്പോൾ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യുന്നു. മൂത്ത മകൻ കുവൈറ്റിന്റെ മൊറോക്കൻ അംബാസഡർ ആണ്.
ഇളയ മകൻ ഏഷ്യൻ ജൂനിയർ കരട്ടെ ചാമ്പ്യനായിരുന്നു. ഇപ്പോൾ അമേരിക്കയിൽ ഇലക്ട്രോണിക് എഞ്ചിനീയർ ആണ്. എപ്പോഴൊക്കെ ഞാൻ ദുബായ് വിസിറ്റ് നടത്തുമ്പോഴും എന്നെ സ്വീകരിക്കാൻ കുടുംബസമേതം എയർപോർട്ടിൽ കാണും...
എന്റെ ബാങ്കിങ്ങ് ജീവിതത്തിലെ അവസാനത്തെ അഞ്ചു വർഷം എനിക്ക് താങ്ങും തണലുമായി ഒരു നെടുംതൂണായി നിന്ന "തലാലി"നെ മറക്കാൻ മരിച്ചാൽ പോലും സാധിക്കുകയില്ല...
ജന്മ ജന്മാന്തരമായിട്ടുള്ള ഒരു ബന്ധം പോലെ ..................... അവസാനിക്കാതെ..................
തുടരും...