ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ. (ഭാഗം-33) Great respect to my friend Ahmad Al Laham

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ. (ഭാഗം-33)

Great respect to my friend Ahmad Al Laham
------------------------------------------------------------------------

1978 കാലഘട്ടം.കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ  അഹ്‌മദ്‌ അൽ ജാബർ സ്ട്രീറ്റ് ബ്രാഞ്ചിൽ "ജനറൽ സർവീസ് സൂപ്പർവൈസർ"
(General Service Supervisor) ആയി ഞാൻ ജോലി ചെയുന്ന സമയം. പിന്നീട് വന്ന അമേരിക്കൻ മാനേജ്‌മന്റ് ഈ ടൈറ്റിൽ മാറ്റി പകരം 
"റീടൈൽ ബാങ്കിങ് ഓഫീസർ" (Retail Banking Officer)എന്നാക്കി മാറ്റിയിരുന്നു. ഇന്നിപ്പോൾ എന്താണാവോ  ആവോ?

ഒരു ചെറുപ്പക്കാരനായ യുവാവ് ബാങ്കിൽ/ബ്രാഞ്ചിൽ പുതുതായി "ക്ലറിക്കൽ സ്റ്റാഫ്" 
ആയി ജോയിൻറ് ചെയ്തു .പേരു 
"അഹമ്മദ് അൽ ലഹാം". സിറിയൻ നാഷണൽ ആണ്. എന്നേക്കാൾ അല്പം ചെറുപ്പം. വളരെ പെട്ടന്നാണ് എന്റെ അടുത്ത സുഹൃത്തായത്. അതിനുള്ള ഒരു പ്രധാന കാരണം, അന്ന് ഞാൻ താമസിച്ചിരുന്ന കുവൈറ്റിലെ "മൈദാൻ ഹവല്ലി" എന്ന സ്ഥലത്താണ് ആണ്  അഹമ്മദും കുടുംബവും താമസിച്ചിരുന്നത് . അച്ഛൻ അറിയപ്പെടുന്ന ഒരു ഗവണ്മെന്റ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ. അദ്ദേഹത്തിന്റെ മൂത്ത പുത്രനായിരുന്നു അഹ്‌മദ്‌, . ഞാൻ അന്നു ഒരു കൂട്ടു കുടുംബത്തിലാണ് താമസിച്ചിരുന്നത് . ബന്ധുക്കൾ എല്ലാം ചേർന്നുള്ള ഒരു മൂന്നു ബെഡ്‌റൂം ഫ്ലാറ്റിലാണ്. അതേ തെരുവിന്റെ  അവസാനത്തിലാണ് അഹ്‌മദ്‌ അൽ ലഹാം അച്ഛനും അമ്മയും മറ്റു സഹോദരങ്ങളുമായി താമസിച്ചിരുന്നത്. ബാങ്കിന്റെ ബാലപാഠങ്ങൾ എല്ലാം എന്റെ കൂടെ നിന്നാണ് പഠിച്ചെടുത്തത്.  സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു സിറിയൻ കുടുംബം. അഹമ്മദ്  കുവൈറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി ഹോൾഡറാണ്. ഇളയ സഹോദരൻ "മാസൻ" അന്നു പഠിച്ചു വരുന്നേ ഉള്ളു. അക്കാലത്തെ നമ്മുടെ നാട്ടിലുള്ള ഒരു ഹൈസ്കൂൾ ഹെഡ്മാസ്റ്ററെ മനസ്സിലോർത്തൽ മതി അന്നത്തെ അഹമ്മദിന്റെ അച്ഛന്റെ രൂപവും ഭാവവും ഒന്ന് ഓർത്തെടുക്കാൻ.  
ഞാൻ ആദ്യമായി ഒരു അറബി കുടുബത്തിൽ നിന്ന് ആഹാരം കഴിച്ചിട്ടുള്ളത് അഹമ്മദിന്റെ വീട്ടിൽ നിന്നാണ്.

സിറിയ എന്ന രാജ്യത്തെ പറ്റി പറയുമ്പോൾ ഓർമ്മ വരുന്നത് ബാല്യ കാലമാണ്.എന്റെ അയല്പക്കത്തു ഒരു അമ്മച്ചി യുണ്ടായിരുന്നു . വലിയ ചക്കാലത്തറെ അമ്മച്ചി. എന്റെ സ്വന്തം അമ്മയ്ക്ക് സമം... ബൈബിളിനെ അടിസ്ഥാനപ്പെടുത്തി ധാരാളം കഥകൾ,ചെറുപ്പത്തിൽ ഞങ്ങളെ പഠിപ്പിച്ചു തരുമായിരുന്നു . കിഴക്കിന്റെ അധിപർ "പരിശുദ്ധ അന്ത്യോഖ്യ സിഹാസനം" സിറിയയുടെ ക്യാപ്പിറ്റൽ സിറ്റി ആയ "ഡമാസ്കസിലാണ്" അന്ന് സ്ഥിതി ചെയ്തിരുന്നത്. കിഴക്കിന്റെ സിംഹാസനം എന്ന് ഞാന് ഉദ്ദേശിച്ചത് പരിശുദ്ധ പാത്രിക്കീസ് ബാവ തിരുമേനിയുടെ അരമനയാണ്. വലിയ ചക്കാലത്തറ ഞങ്ങളുടെ ഓര്മകളിലുള്ള അമ്മച്ചി കേട്ടറിവ് വച്ച്, ഞങ്ങളോട് സ്നേഹത്തോടു പറഞ്ഞു തരുമായിരുന്നു . "മോനെ ബാലാ അവിടെ പാലും തേനും ഒഴുകുന്ന സ്ഥലമാണ്.ദൈവദൂതന്മാർ ഇറങ്ങി നടക്കുന്ന സ്വർഗ്ഗ രാജ്യമാണ്. സാംബശിവൻ സാറിന്റെ കഥാപ്രസംഗ ശൈലിയിൽ പറഞ്ഞാൽ  "സ്വർഗ്ഗ രാജ്യമുണ്ടല്ലോ മൊത്തമായി കിട്ടുന്ന സ്വർഗ്ഗരാജ്യം". 
അതാണ്‌ അന്നത്തെ സിറിയ. ഇതെല്ലാം ചെറുപ്പത്തിലേ ഉള്ളിൽ മനസ്സു നിറച്ചു വച്ചിരുന്ന എനിക്ക് ഒരു സിറിയൻ ചെറുപ്പക്കാരനെ കൂടെ കിട്ടിയ വലിയ സന്തോഷത്തിലായിരുന്നു അന്ന് ഞാൻ. സിറിയക്കാരൻ അഹമ്മദിന്റെ സ്നേഹവും സന്തോഷവും എന്നെ വളരെയധികം ആകർഷിച്ചു. കാര്യങ്ങൾ പഠിച്ചെടുക്കാൻ വളരെ മിടുക്കനായിരുന്നു അഹമ്മദ്...

എന്നേക്കാൾ മുൻപേ ഡ്രൈവിംഗ് ലൈസൻസ് കുവൈറ്റിൽ നേടിയെടുത്തത് അഹമ്മദ് ആയിരുന്നു. കുവൈറ്റിൽ അന്നും ഇന്നും 
എന്നും ഒരു ഡ്രൈവിംഗ് ലൈസൻസ് കിട്ടുക എന്നുപറഞ്ഞാൽ നാട്ടിൽ ഒരു" ഐ. എ. സ്"
(I.A.S.) കിട്ടിയ ആവേശമാണ്.  ഇത് ഒരു ഡൊമസ്റ്റിക്  ഡ്രൈവറുടെ വിസയിൽ വരുന്നവരുടെയോ, വലിയ കമ്പനികളിൽ ഡ്രൈവർ വിസയിൽ വരുന്നവരുടെയോ കാര്യമല്ല. സ്വന്തമായി ഒരു ഡ്രൈവിംഗ് ലൈസൻസ് കിട്ടുന്നതിന് മുൻപ് ,അക്കാലത്തു  പലരുടെയും സഹായത്തിലാണ് ഞാൻ ബ്രാഞ്ചിൽ രാവിലെ എത്തിയിരുന്നത്. 
ഞാൻ അന്ന് താമസിച്ചിരുന്ന "മൈദാൻ ഹവല്ലി"യിൽ ഇതേ ബാങ്കിൽ ജോലിയിൽ ഉണ്ടായിരുന്ന പല മലയാളീ സുഹൃത്തുക്കളോടും, ഒരിക്കലും മറക്കാൻ കഴിയാത്ത സ്നേഹബന്ധങ്ങളും,  കടപ്പാടുകളും ഉണ്ട്. അതിവിടെ പങ്കു വയ്ക്കാതെ പോയാൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന അപരാധമായി പോകും . ആത്മാർത്ഥത നഷ്ടമായി പോകും. ആദ്യകാലത്തു കുറെ എറെ കാലം എന്നെ ബാങ്കിൽ കൂട്ടി കൊണ്ട് പോയിരുന്നത് ശ്രീ .കെ.വി. വറുഗീസ് സർ. അന്ന് അദ്ദേഹം കൊമേർഷ്യൽ ബാങ്കിന്റെ ഹെഡ് ഓഫീസിലെ റെമിറ്റൻസിന്റെ അസിസ്റ്റന്റ് മാനേജർ. ഞങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ തോട്ടടടുത്ത ഫ്ലാറ്റിന്റെ നാലാമത്തെനിലയിൽ ആണ് അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. വലിയ ദേഷ്യക്കാരനായിരുന്നെങ്കിലും, സ്നേഹം മാത്രമേ എനിക്ക് തന്നിട്ടുള്ളു. വിശ്രമ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ എയർപോർട്ടിൽ കൊണ്ട് വിടാൻ ഞാനും കുടുംബവും ഉണ്ടായിരുന്നു. പത്തനംതിട്ടയിൽ വിശ്രമജീവിതം നയിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇദ്ദേഹം അവുധിക്കു നാട്ടിൽ പോകുമ്പോൾ പലപ്പോഴും എന്നെ ബാങ്കിൽ എത്തിച്ചിരുന്നത് മിനിസ്ട്രി ഓഫ് ഇൻഫൊർമേഷനിൽ ജോലി ഉണ്ടായിരുന്ന അകാലത്തിൽ പൊലിഞ്ഞുപോയ കൊച്ചു വർഗീസ്. പിന്നെ പലപ്പോഴും കൊണ്ട് വിട്ടിരുന്നത്‌ ശ്രീ കുരിയൻ വർഗീസ്. അന്ന് അദ്ദേഹം കൊമേർഷ്യൽ ബാങ്കിന്റെ ഐ. ടി. ഡിപ്പാർട്മെന്റിലെ സീനിയർ ഓഫീസർ.  പിൽക്കാലത്തു കുവൈറ്റിലെ പല ബാങ്കുകളിലും, "ഐ ടി ഡിപ്പാർട്മെന്റിന്റെ" തലപ്പത്തു ഇരുന്നിട്ടുള്ള, പിന്നീട് കുവൈറ്റ് ബാങ്കിങ്ങ് മേഖലയിൽ ഉപദേഷ്ടാവ് എന്ന നിലയിൽ നിറ സാന്നിദ്ധമായി നില കൊണ്ടിരുന്നു. ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതത്തിൽ. കുവൈറ്റിൽ സജ്ജീവ
സാന്നിദ്ധ്യം ഉള്ള സഹോദര സ്ഥാനീയനായിട്ടുള്ള സ്നേഹിതനാണ് ശ്രീ കുരിയൻ വർഗീസ്.
പിന്നീട്, വളരെക്കാലം, ബാങ്കിൽ കൊണ്ടുപോയതും, കൊണ്ട് വന്നിരുന്നതും 
ശ്രീ ചാണ്ടി മാത്യു . അദ്ദേഹവും കുടുംബവും,
ഞങ്ങളും തമ്മിലുണ്ടായിരുന്ന സ്നേഹവും സന്തോഷവും ഒരു കുടുംബം പോലെ. കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ഇന്റർനാഷണൽ ഡിവിഷനിൽ അസിസ്റ്റന്റ് മാനേജർ ആയിരുന്നു. ഇപ്പോൾ തിരുവനന്തപുരത്തു വിശ്രമ ജീവിതം നയിക്കുന്നു.

അക്കാലത്താണ്‌ ഞാൻ താമസ സ്ഥലം "മൈദാൻ ഹവാലി" യിൽ നിന്ന് "ഹവല്ലി", "ആന്ധുലോസ്" തീയേറ്ററിനെ അടുത്തുള്ള "ക്യുതൈയ്‌ബ" സ്ട്രീറ്റിലേക്കു മാറുന്നതും 
എന്റെ കൂടെ ജോലി ചെയ്യുന്ന "അഹമ്മദ് അൽ ലാഹാ"മിനെ കുവൈറ്റ് ഡ്രൈവിംഗ് ലൈസൻസ് കിട്ടുന്നതും.

അന്നുമുതൽ എനിക്ക് സ്വന്തമായി ഒരു ലൈസൻസ് കിട്ടുന്നത് വരെ അഹമ്മദ് ആയിരുന്നു എന്നെ ബാങ്കിൽ കൊണ്ടു പോയിരുന്നതും തിരിച്ചു കൊണ്ടു വിട്ടിരുന്നതും . അങ്ങനെ ആ സ്നേഹബന്ധത്തിന്റെ ശക്‌തി കൂടുതലായി.

അങ്ങനെയിരിക്കുമ്പോൾ അവസരങ്ങൾക്കു വേണ്ടി കാത്തിരുന്ന അഹമ്മദിന് ബ്രാഞ്ചെസ് അഡ്മിനിസ്‌ട്രേഷന്റെ കീഴിലുള്ള ഓപ്പറേഷൻ അനാലിസിസ് യൂണിറ്റിലേക്ക് കയറിപ്പറ്റാൻ അവസരങ്ങൾ വന്നുചേർന്നു . ഇറാക്കിന്റെ കുവൈറ്റ് അധിനിവേശ കാലഘട്ടത്തിൽ ഞങ്ങൾ പലപ്പോഴും കാണാറുണ്ടായിരുന്നു.
ഇതിനു മുൻപ് തന്നെ അഹമ്മദിന്റെ അച്ഛൻ വിശ്രമ ജീവിതത്തിലേക്ക് മടങ്ങുകയും , കുവൈറ്റ് ഇറാഖ് യുദ്ധാനന്തരം
ഇഹലോകവാസം വെടിയുകയും ചെയ്തു. സഹോദരൻ "മാസൻ അൽ ലഹാം" ബാങ്കിൽ പുതിയ സ്റ്റാഫ് ആയി വന്നുചേർന്നു. മാസൻ പിൽക്കാലത്തു ഇതേ ബാങ്കിൽ ബ്രാഞ്ച് മാനേജരാകുയുണ്ടായി. ഇപ്പോൾ തുർക്കിയിലെ ഇസ്താംബുളിൽ വിശ്രമ ജീവിതം നയിക്കുന്നു.

കുവൈറ്റ് ഇറാഖ് യുദ്ധാനന്തരം നമ്മുടെ സ്വർഗ്ഗ രാജ്യമുണ്ടല്ലോ. പഴയ സിറിയ...അവിടെയുള്ള "അൽ ഷാം" ബാങ്കിന്റെ മൊത്തം ഷെയറുകളും കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റ് വാങ്ങി വാരിക്കുട്ടി.  "അൽ ഷാം" എന്നും "അൽ ചാം" എന്നും ഈ ബാങ്കിനെ വിളിക്കാം . ഈ ബാങ്കിന്റെ മൊത്തം അധികാരവും കൊമേർഷ്യൽ ബാങ്ക് ഏറ്റെടുത്തപ്പോൾ , ആദ്യമായി "അലി അബ്ദുല്ല" എന്നൊരു സീനിയർ മാനേജരെ ഇന്റർനാഷണൽ ഡിവിഷനിൽ നിന്ന് ആക്റ്റിംഗ് സി. ഇ. ഓ. 
ആയി "അൽ ഷാം" ബാങ്കിലേക്ക് വിട്ടു . അദ്ദേഹം ഒരു കുവൈറ്റി നാഷണൽ ആയിരുന്നെങ്കിലും മൂന്ന് വർഷത്തെ ഭരണ ശേഷം വിശ്രമ ജീവിതത്തിലേക്ക് മടങ്ങി . 
പകരം സിറിയയിൽ നിന്ന് തന്നെ മറ്റൊരാളെ സി. ഇ. ഓ. ആയി നിയമിച്ചു. ഇതിനിടെ നമ്മുടെ അഹമ്മദ് ബാങ്കിലെ പല പല പ്രൊജക്ടുകളിലും ശക്തമായ തന്റെ നിറ സാനിദ്ധ്യം അറിയിച്ചു കൊണ്ടിരുന്നു. അവസരങ്ങൾക്ക് കാത്തിരുന്ന അഹമ്മദിനെ കൊമേർഷ്യൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് മാനേജ്‌മന്റ് സിറിയയിൽ "അൽ ഷാം" ബാങ്കിന്റെ നേതൃത്വ നിരയിലേക്ക് അയക്കുകയാണുണ്ടായത്. കഷ്ടകാലം എന്ന് പറയട്ടെ അക്കാലത്തു സിറിയയിൽ ആഭ്യന്തര യുദ്ധം രൂക്ഷമായി .

സ്വർഗ്ഗരാജ്യം എന്ന് സിറിയയെ പറ്റി മുകളിൽ  മുൻപ് പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണെന്നു പറയേണ്ടിവരും . ഞാൻ കുടുംബസമേതം 22 ദിവസം അവിടെ പോയി സന്നർശിച്ചതാണ്. ബ്ലൂഡാൻ , സബദാനി , 
അൽ ഫ്‌ലൂറൈഡ്സ് എന്നീ സ്ഥലങ്ങളൊക്കെ ലോകത്തിലെ അതിസുന്ദര രാജ്യങ്ങളോട് കിടപിടിക്കുന്ന ചക്കാലത്തറ അമ്മച്ചി ഒക്കെ പറഞ്ഞ  ദേവദൂദന്മാരുടെ രാജ്യം
തന്നെയായിരുന്നു. ആദാമിന്റെയും ഹവയുടെയും വെളിപാട് പുസ്തകത്തിൽ വായിച്ചറിഞ്ഞ ഏദൻ തോട്ടം നേരിട്ട് കണ്ടപ്പോൾ ഞാൻ കോൾമയിർ കൊണ്ടിട്ടുണ്ട്. പരിശുദ്ധ പാത്രിക്കിസ് ബാവായുടെ അരമനയിൽ ചെന്ന് തിരുമേനിയുടെ ആശീർവാദം വാങ്ങിയപ്പോൾ എന്റെ ദേഹം ആസകലം കോരിത്തരിച്ച പുണ്യ ഭൂമി.

എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തു യുദ്ധ ഭൂമിയാക്കി മാറ്റിക്കളഞ്ഞു...അഞ്ച് ലക്ഷത്തിലധികം മനുഷ്യ ജീവിതങ്ങൾ ഹോമിക്കപ്പെട്ടു .ലോകം കണ്ട മഹാദുരിതങ്ങളിൽ ഒന്നായിരുന്നു അത്. രാസായുധങ്ങൾ വരെ ഉപയോഗിച്ചു എന്ന് പറയപ്പെടുന്നു. ഇത്രയധികം മനുഷ്യക്കുരുതിക്ക്‌ കാരണം മത വിശ്വാസങ്ങളിലെ വൈരുദ്ധ്യമായുരുന്നു. ഇന്ത്യയിലെ ഒരു ജാതിമത വിശ്വാസികളോ രാഷ്ട്രീയക്കാരോ  ഇതേപ്പറ്റി ഒരക്ഷരം പറഞ്ഞതായി എന്റെ ഓർമ്മയിലില്ല.

ഇതിനോടകം തന്നെ എന്റെ സ്നേഹം നിറഞ്ഞ "അഹമ്മദ് അൽ ലഹാം" "അൽ ഷാം ബാങ്കിന്റെ" സി. ഇ. ഓ.(Chief Executive Officer) ആകുകയും , ഏറ്റവും നല്ല ലോകോത്തര ഇസ്ലാമിക ബാങ്കിനുള്ള ഇന്റർനാഷണൽ ഫിനാൻസ് മാഗസീനിന്റെ അവാർഡ് വാങ്ങുകയും ചെയ്തു .

അവാർഡ് വാങ്ങുന്ന ഫോട്ടോയും ന്യൂസും
എന്റെ വഹട്സപ്പ്ൽ അയച്ചു തന്നപ്പോൾ അതിന്റെ താഴേ ഒരു മെസ്സേജ് ഉണ്ടായിരുന്നു . "നിങ്ങൾ എന്റെ മൂത്ത സഹോദരനെപ്പോലെ
യാണ് . ബാങ്കിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന നായർസാബ്. കൈസാ ഹേ?  ഓർമകൾക്ക് ഒരുപാടു പുറകോട്ടു പോകേണ്ടി വന്നു . പണ്ട് എന്റെ പക്കൽ നിന്ന് പഠിച്ച മലയാളം വാക്കുകൾ , ചൊറുണ്ടോ? കാപ്പി കുടിച്ചോ ?.

സർവശക്തനായ ദൈവം ആ രാജ്യത്തിന് ശാന്തിയും സമാധാനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ഒപ്പം അഹമ്മദിനും കുടുംബത്തിനും...

തുടരും...