ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ. (ഭാഗം-36)
My friend Matar Mohammad Al Shimmiry...
---------------------------------------------------------------------
ഞാൻ കുവൈറ്റിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ അവസാനത്തെ ഒരു ആറു വർഷക്കാലം "നായർ സർവീസ് സൊസൈറ്റി കുവൈറ്റു"മായി (N S S ,Kuwait) വളരെ അടുത്ത ബന്ധം സ്ഥാപിക്കുവാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. കുവൈറ്റ് നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനേതാക്കന്മാരിൽ ഒരാളായിരുന്ന "ചേർക്കുളത്തു ചന്ദ്രശേഖരകുറുപ്പു"മായിട്ടുള്ള ബാങ്കിങ് റിലേഷൻഷിപ് ആണ് എന്നെ അതിലേക്കു നയിച്ചത്. അദ്ദേഹത്തിന്റെയും , സഹപ്രവർത്തകരുടെയും ഊഷ്മളായ അഭ്യർത്ഥന അനുസരിച് ഞാൻ ഒരു ആയുഷ്‌ക്കാല മെമ്പർ ആകുകയും ,
ക്രമേണ ഒരു "രാക്ഷാധികാരി"(Patron)യുടെ നിലയിലേക്കു അവർ എന്നെ ആനയിക്കുയും ചെയ്തു എന്നത് വളരെ സത്യവുമാണ്.
അങ്ങനെ ഇരിക്കുന്ന ഒരവസരത്തിലാണ്
മന്നം ജയന്തി ആഘോഷങ്ങൾ വന്നുചേർന്നത്. അന്നത്തെ ഭാരവാഹികൾ മന്നം ജയന്തി
ആഘോഷങ്ങൾക്ക് ഒരു കുവൈറ്റി നാഷണലിനെ മുഖ്യ അതിഥിയായി കൊണ്ടു വരാൻ തീരുമാനം എടുക്കുകയും അതിന് അർഹനായ ഒരു വ്യക്തിയെ കുവൈറ്റികളുടെ ഇടയിൽ നിന്നു തിരഞ്ഞു കൊടുക്കാൻ എന്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ആദ്യമായി മനസ്സിൽ തോന്നിയത് രാജകുടുംബത്തിലെ ആരെയെങ്കിലും ക്ഷണിക്കാം എന്നാണ്. എന്നാൽ കുവൈറ്റിലെ നിലവിലുള്ള നിയമം അനുസരിച് രാജകുടുംബത്തിൽ നിന്ന് ഒരു വ്യകതി ഒരു പബ്ലിക് മീറ്റിംഗിൽ പങ്കടുക്കണമെങ്കിൽ
"അമീരി ദിവാൻ" ഓഫീസിൽ അറിയിക്കുയും അവിടെനിന്നു അംഗീകാരം നേടുകയും വേണം. പലപ്പോഴും അംഗീകാരം കിട്ടാൻ ബുദ്ധിമുട്ടാണ്. പ്രധാനമായും പറയുന്ന കാര്യങ്ങൾ സെക്യൂരിറ്റി റീസൺ ആണ്. നായർ സർവീസ് സൊസൈറ്റി തെരഞ്ഞെടുത്ത സമ്മേളന സ്ഥലം അത്രയ്ക്ക് സെക്യൂരിറ്റി ഉണ്ടായിരുന്നോ എനിക്കും സംശയം ഉണ്ടായിരുന്നു.
അന്ന് ഞാൻ ഇസ്ലാമിക ബാങ്കായ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിൽ ജോലി ചെയ്യുന്ന സമയമായിരുന്നു. പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. എന്റെ കൂടെ ജോലി ചെയ്തു കൊണ്ടിരുന്ന സീനിയർ റീജിയണൽ മാനേജരായ "മാത്ർ മുഹമ്മദ് അൽ ഷിമ്മിരി" എന്ന ട്രൈബൽ കുവൈറ്റി സമൂഹത്തിലെ വളരെ പ്രമുഖനും , വലിയ
ആത്മീയാചാര്യനുമായ "മുഹമ്മദ് അൽ ഷിമ്മിരി"യുടെ മൂത്ത മകനുമായ കുവൈറ്റി ബാങ്കറായ മാത്തറിനെ തന്നെ വിളിക്കാം
എന്നു തീരുമാനിച്ചു. അയാൾ ബഹുമാനപുരസ്സരം സമ്മതിക്കുകയും ഭാരവാഹികളെ ഞാൻ അറിയിക്കു കയും ചെയ്തു...
പിന്നീടാണ് ഒരു പ്രധാന പ്രശ്‍നം എന്റെ ചിന്തയിൽ വന്നു പെട്ടത്. നമ്മുടെ സംസ്കാരം ഏതൊരു സമ്മേളനവും നിലവിളക്ക് കൊളുത്തിയാണ് ഉൽഘാടനം ചെയ്യുന്നത്. ഇദ്ദേഹം മുഖ്യാതിഥിയായി വരുമ്പോൾ ഇയ്യാൾ നിലവിളക്കു കൊളുത്തി ഉൽഘാടനംചെയ്യാൻ വിസമ്മതിച്ചാൽ സംഗതി നാണക്കേടാകും. കാരണം ഇപ്പോൾ നാട്ടിൽ ചിലർക്ക് വിളക്ക് കൊളുത്തുന്നത് സ്വീകാര്യമല്ലല്ലോ.
അതിപ്പോൾ ഏതു നിലയിലാവും അംഗീകരിക്കാൻ വിസമ്മതിക്കുന്നവരുണ്ടാകും.
ഈ വിവരം ഞാൻ മാത്തറിനെ അറിയിച്ചു. അയ്യാൾ അസ്വാസ്ഥനായി. അവൻ എന്നോട് ചോദിച്ചു നമ്മൾ രണ്ടും ഇസ്ലാമിക ബാങ്കിൽ ഔദ്ഗ്യോഗിക തലത്തിൽ ഇരിക്കുന്നവരാണ് . ഇതൊരു പബ്ലിക് മീറ്റിംഗ് ആണ്. മീഡിയകളിൽ ഒക്കെ വരും . നാളെ "ശെരിയ കമ്മിറ്റിയോ" , "ബോർഡ് റിസ്ക് കമ്മിറ്റി"യോ ഇതറിഞ്ഞാൽ പ്രശ്നമല്ലേ...?
ഉടനെ തന്നെ അയ്യാൾ ഒരു പരിഹാരവും പറഞ്ഞു തന്നു . ഇദ്ദേഹത്തിന്റെ അച്ഛൻ കുവൈറ്റിലെ അറിയപ്പെടുന്ന ഒരു ആത്മീയ ആചാര്യനാണ്. നേരെ ഇളയസഹോദരൻ രാജകുടുംബത്തിലെ ഒന്നാം സെക്യൂരിറ്റി പടയിലെ ഒരു ക്യാപ്റ്റൻ ആണ്. മത്താറിന്റെ അച്ഛൻ സൗദി അറേബ്യയിൽ നിന്നു കുവൈറ്റിലേക്ക് കുടിയേറി പാർത്ത ഒരു വലിയ ട്രൈബൽ കുവൈറ്റി സമൂഹത്തിലെ "അൽ ഷിമ്മിരി" കുടുംബത്തിലെ കീരീടം വയ്ക്കാത്ത രാജാവാണ്. കുവൈറ്റിലെ "ജഹ്‌റ" എന്നറിയപ്പെടുന്ന സ്ഥലത്തെ അവസാന വാക്കാണിവരുടെ കുടുംബം. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടി വൈകിട്ട് ജോലി കഴിഞ്ഞു അയ്യാളുടെ ജഹ്‌റയിലുള്ള കുടുംബത്തേക്കു തിരിച്ചു.
അവിടെച്ചെന്നു കാര്യങ്ങൾ എല്ലാം അറബിയിൽ വിശധിക്കരിച്ചു . എല്ലാം കേട്ടശേഷം ആ വലിയ മനുഷ്യൻ എന്നോടുചോദിച്ച ചോദ്യങ്ങളും , പറഞ്ഞ ഉത്തരങ്ങളും എനിക്കന്നുവരെ അന്യമായിരുന്നു. എൺപതുവയസു പ്രായം
ഉള്ള ആ വലിയ മനുഷ്യൻ എന്നോടു ചോദിച്ചു . നിങ്ങൾ പരിശുദ്ധ ഖുർആൻ വായിച്ചിട്ടുണ്ടോ ?ഞാൻ പറഞ്ഞു ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള വിവർത്തനം കുറെയൊക്കെ വായിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ മറുപടി. ഇവിടെയാണ് തെറ്റുപറ്റിയതു . പരിശുദ്ധ ഖുർആൻ അറബി ഭാഷയിലാണ് വന്നിട്ടുള്ളതു. അതിലെ ഓരോ "ഹദിസു"കളും , "തായതു"കളും ആഴത്തിൽ അറിയണമെങ്കിൽ അറബിയിൽ തന്നെ മനസ്സിലാക്കണം. അന്യ ഭാഷകളിലൊക്കെ പരിഭാഷ പെടുത്തുമ്പോൾ ആഴത്തിലുള്ള അർത്ഥം മാറും. താങ്കൾ എന്തു മത വിശ്വാസിയാണ്? മറുപടി ഹിന്ദുവാണ് . ഈശ്വര വിശ്വാസിയാണോ ? ആണ് .എങ്കിൽ നിങ്ങൾ "കാഫിർ" അല്ല . പരിശുദ്ധ ഖുറാനിൽ പറഞ്ഞിട്ടുള്ളത് ഓരോരുത്തരും അവരവരുടെ ഭാഷക്കുതകുന്ന രീതിയിൽ പരിഭാഷപ്പെടുത്തി അവരവരുടെ യുക്തിക്കു ചേരുന്ന രീതിയിൽ പറയുന്നതിനെ എനിക്ക് അംഗീകരിക്കാനാവില്ല. വിളക്കുകൊളുത്തി ഒന്നും തുടങ്ങാൻ പാടില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല. മറ്റു
മതവിശ്വാസികളുടെ യാതൊരു ചടങ്ങിലും പങ്കെടുക്കരുതെന്ന് പരിശുദ്ധ ഖുറാനിൽ എവിടെയും പറഞ്ഞിട്ടില്ല . അവസാനം എന്റെ ചോദ്യം ? ഈ "ഹോളി ജിഹാദ്" എന്നതുകൊണ്ട് ഞാൻ എന്തര്ഥമാക്കണം . അതിനു
അദ്ദേഹത്തിന്റെ മറുപടി അറബിയിൽ തന്നെ ആയിരുന്നു. ഞാനതിന്റെ പരിഭാഷ താഴെ കുറിച്ചിരിക്കുന്നു.
മനുഷ്യജീവിതത്തിന്റെ പാതയിൽ തെറ്റും ശരികളും വരുമ്പോൾ അള്ളാഹു പറഞ്ഞു
തന്നിട്ടുള്ള ശരിയായ പാതയിൽ നടന്നു നീങ്ങണമെങ്കിൽ നാമൊക്കെ നമ്മോടു
തന്നെ യുദ്ധം ചെയ്യേണ്ടിവരും. എങ്കിൽ
മാത്രമേ നിനക്ക് സ്വർഗ്ഗമുള്ളു. ഈ മഹത്തായ സന്ദേശം മനസ്സിൽ വരണമെങ്കിൽ പരിശുദ്ധ ഖുർആൻ മനസ്സിരുത്തി വായിച്ചു മനസ്സിലാക്കണം. ഇതാണ് ഞാൻ മനസ്സിലാക്കുന്ന ഹോളി ജിഹാദ്...അത്
പരിഭാഷപ്പെടുത്തിയാൽ അത്ര ആഴത്തിൽ മനസ്സിലാകണമെന്നില്ല...!!!
അതിനു ശേഷം, അദ്ദേഹത്തിന്റെ മകൻ
ധൈര്യമായി വന്നു നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ ആ വർഷത്തെ മന്നം ജയന്തി വാർഷീകം വിളക്ക് കൊളുത്തി തന്നെ ഉൽഘാടനം നടത്തി. ഒരു പ്രശ്നവും ഇല്ലാതെ പ്രസംഗിച്ചു മടങ്ങിപ്പോയി. കൂടെ തന്റെ മകളെയും കൂട്ടിയിരുന്നു . അതിന്റെ ഫോട്ടോകളാണ് താഴെ കൊടുത്തിരിക്കുന്നത് .
കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബാങ്കിങ്ങിൽ ബിരുദമെടുത്ത ഈ അമ്പത്തഞ്ചു കാരൻ കറ തീർന്ന സുന്നി സമ്പ്രദായത്തിൽ വിശ്വസിക്കുന്ന ഒരു ഇസ്ലാം മത വിശ്വാസിയാണ്. അഞ്ചു പ്രാവിശ്യം നിസ്കരിക്കുകയും , സക്കാത്തു കൊടുക്കുകയും , ഹജ്ജ് കർമ്മം അനുഷ്ടിക്കുയും , റമ്ദാൻ വൃതം അനുഷ്ഠിക്കുകയും , പരിശുദ്ധ മക്കാ സന്നർശിക്കുകയും ചെയ്യുന്ന വിശ്വാസിയാണ്...
സർവോപരി ഞാൻ സഹോദര തുല്ല്യം സ്നേഹിക്കുകയും, എന്നെ സ്നേഹിക്കുകയും ചെയ്യുന്ന"മാത്ർ മുഹമ്മദ് അൽ ഷിമ്മിരി".
ഞാൻ ബാങ്കിൽ നിന്നു വിരമിക്കുമ്പോൾ , എന്റെ പദവി ഏറ്റെടുത്തു. അതിനടുത്ത
വർഷം വിരമിച്ചു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു . ഈ അടുത്തിടെ സംസാരിച്ചപ്പോൾ ഇക്കാര്യവും സംസാര
വിഷയമായിരുന്നു .അതുകൊണ്ടാണ് ഇപ്പോൾ ഇതെഴുതാൻ ഇടയായത് .ഓർമ്മകൾ ഒന്നിന് പുറകെ ഒന്നൊന്നായി ...ഇപ്പോൾ മന്നം ജയന്തി സമയം കുടി ആണല്ലോ...ഒപ്പം റമദാൻ മാസവും...പോസ്റ്റ് അനുചിതമെന്നു തോന്നിപ്പോയി.
ഓർമ്മകൾക്ക് മരണമില്ല...