ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 11 Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Ten).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 11

Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Ten).
----------------------------------------------------------------------

ഭയ ഭക്തി ബഹുമാനത്തോടെ ഞാൻ ഹെഡ്ഓഫീസിൽ ചെറിയ സായിപ്പിന്റെ ഓഫീസിലെത്തി. അദ്ദേഹം എന്നെ കാത്തിരിക്കുകയായിരുന്നു.  നേരെ കൂട്ടിക്കൊണ്ട് എട്ടാമത്തെ ഫ്ലോറിലെത്തിയപ്പോൾ വലിയ സായിപ്പ് ചെയർമാനോടെ സംസാരിച്ചു
കൊണ്ടു നിൽക്കുന്നു. കൂടെ ഒരു ബോർഡ് മെമ്പറുമുണ്ടായിരുന്നു. എന്നെക്കണ്ടപ്പോൾ ചെയർമാൻ  അദ്ദേഹത്തിന്റെ അടുത്തേക്ക് എന്നെ വിളിച്ചു. ഞാൻ അടുത്ത് ചെന്ന് അദ്ദേഹത്തിന്റെ നെറുകയിൽ ചുംബിച്ചു. എങ്ങനുണ്ട് പുതിയ ബ്രാഞ്ച്? മുന്ന് ഫ്ളോറുണ്ട് അല്ലേ? എല്ലായിടത്തുമൊരു കണ്ണ് വേണം... ഞാൻ തലയാട്ടി സമ്മതിച്ചു.
തുടർന്ന് വലിയ സായിപ്പ് ചെറിയ സായിപ്പിനെയും എന്നെയും കുട്ടി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കയറി വാതിലടച്ചു. ഒരു മുഖവുരയും ഇല്ലാതെ വലിയ സായിപ്പു കാര്യം വെട്ടിത്തുറന്നു  പറഞ്ഞു...

"ഇന്ന് മുതൽ ബാങ്കിന്റെ ട്രെയിനിങ്  ഡിപ്പാർട്മെന്റിന്റെ (Training Department) ചുമതല കുടി നിനക്കാണ്. ട്രെയിനിങ് ഡിപ്പാർട്മെന്റിന്റെ ഇപ്പോഴത്തെ യൂണിറ്റ്  സിസ്ത് റിങ് റോഡിലുള്ള(Sixth Ring Road)
ബാങ്കിന്റെ വക കെട്ടിടത്തിൽ നിന്ന്, നിന്റെ ബ്രാഞ്ചിന്റെ  ഫസ്റ്റ്  ഫ്ലോറിലേക്കു(First Floor) മാറ്റുകയാണ്. ഇനി നീയാണ് ആ  മാനേജരെയും അവരുടെ ടീമിനെയും നയിക്കേണ്ടത്. ഇനിയും റീറ്റെയ്ൽ ട്രെയിനിങ്ങിനു വേണ്ട പ്രോജെക്റ്റുകൾ എല്ലാം ശരിയാക്കി എനിക്കയച്ചു തരേണ്ടത് നീയായിരിക്കും. നിന്റെ അടിസ്ഥാന ശമ്പളം(Basic Salary)ഇന്ന് മുതൽ അൽപ്പം   കൂട്ടുകയാണ്. കൂടാതെ ട്രെയിനിങ് അലവൻസ് (Training Allowance)
വേറെയുമുണ്ടാകും..."

ഞാൻ അന്തം വിട്ടു എല്ലാം കേൾക്കുക
യായിരുന്നു... കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെ ആരാലും ശ്രദ്ധിക്കപ്പെടാതെ, പലർക്കും കയറി ഇറങ്ങി നെരങ്ങാനും, പലർക്കും വേണ്ടി രാപ്പകൽ ജോലി ചെയ്യാനും മാത്രം വിധിക്കപ്പെട്ട ഒരു ജന്മം...പലപ്പോഴും ദുഖിച്ചിരുന്നിട്ടുണ്ട്... കാരുണ്യവാനായ 
പടച്ച തമ്പുരാനെ... സർവ്വചരാചരങ്ങൾക്കും കാരണഭൂതനായ ജഗൽസർവ്വേശ്വരാ...
നാമെല്ലാം വെറും പമ്പരം. ചരടങ്ങു  അങ്ങ് വലിക്കുന്നു...

കൂടെയുണ്ടായിരുന്ന കൊച്ചു സായിപ്പു മന്ദസ്മിതത്തോടെ എന്റെ കൈക്കു പിടിച്ചു കുലുക്കി. ഇതെല്ലാം കൊച്ചു സായിപ്പിന്റെ പരിപാടിയാണെന്ന് കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. എന്തായാലും എന്റെ മനോ നില വീണ്ടെടുത്ത് കൊണ്ട് ഞാൻ ഒരു കാര്യം തുറന്നു പറഞ്ഞു. ഇപ്പോഴത്തെ ട്രെയിനിങ് മാനേജർ ഒരു കുവൈറ്റി യുവതിയാണ്. അവരുടെ ഗ്രേഡ് (Grade-7) ഏഴാണ്. ഗ്രേഡ് ആറുകാരനായ
(Grade-6) എനിക്ക്, അവർ എങ്ങനെയാണ് റിപ്പോർട്ട് ചെയ്യുന്നത്? വലിയ സായിപ്പ് തുറന്ന് ചിരിച്ചു. കൊലച്ചിരി പോലെയാണ് എനിക്കനുഭവപ്പെട്ടത്. പക്ഷേ ഉടൻ മറുപടി. നിനക്കും എഴു തരും. സീനിയർ ആയതുകൊണ്ട് അവർ നിനക്ക് റിപ്പോർട്ട് ചെയ്യും. അല്ലങ്കിൽ പുറത്തു പോകട്ടെ. ബ്രിട്ടിഷുകാർ കഴിവുള്ളവർക്ക് അംഗീകാരം കൊടുക്കുമെങ്കിലും, എന്തെങ്കിലും കാണാതെ അവർ ഒന്നും ചെയ്ത് തരുന്ന ചരിത്രമുണ്ടന്ന് എനിക്ക് തോന്നുന്നില്ല. അനുഭവമാണ്‌ സാക്ഷി...
തുടർന്ന് എന്നിലെ കുചേലൻ ദ്വാരകയിൽ നിന്ന് എന്തായാലും നടന്നിറങ്ങി. പോകുന്ന കുട്ടത്തിൽ ഓരോന്ന് ചിന്തിച്ചു കൊണ്ടേയിരുന്നു.  നീണ്ട പതിനഞ്ചു വർഷങ്ങൾ...രായും പകലും കഷ്ട്ടപ്പെട്ടപ്പോൾ നാല് ഗ്രേഡുകൾ... അതിൽ തന്നെ മുന്നിൽ നിന്ന് നാലകാൻ പത്തു കൊല്ലമെടുത്തു. കേവലം രണ്ടര വർഷങ്ങൾ കൊണ്ട് നാലിൽ നിന്ന് ഏഴിലേക്ക്... അക്കാലങ്ങൾ എല്ലാവർഷവും പ്രൊമോഷൻ കൊടുക്കുന്ന ഒരു രീതി കുവൈറ്റിൽ ഒരു ബാങ്കിലുമുണ്ടായിരുന്നില്ല.
പ്രത്യേകിച്ച് വിദേശികൾക്ക്. ഇപ്പോൾ കുറെയൊക്കെ മാറ്റങ്ങൾ ഉണ്ടായേക്കാം...

പ്രസക്തി അവിടെയെങ്ങുമല്ല. ഡേവിഡ് ബെറി (David Bery)എന്ന ബ്രിട്ടീഷുകാരന്റെ ഭരണകാലത്തു സ്വദേശികൾ ഉൾപ്പടെ ഒരു ജീവനക്കാരനും ഒരു പ്രൊമോഷനും കൊടുത്തതായി എന്റെ അറിവിലില്ല. നേരെമറിച്ചു എന്റെ ജോലി ഇന്ന് പോകും നാളെ പോകും എന്ന് സ്വദേശികൾ ഉൾപ്പടെ ഓരോ ജീവനക്കാരും ഭയന്ന് പകച്ചു  നടന്നു നീങ്ങിയിരുന്ന, ത്രസിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടം കുടി ആയിരുന്നു ആ ഏതാണ്ട് മുന്ന് വർഷക്കാലം...എന്തേ?എനിക്കുമാത്രം ഒരു മുന്നേറ്റം...അത് ഉണ്ടായെങ്കിൽ  വെറുമൊരു സായിപ്പിന്റെ കളികൾ മാത്രമാണെന്ന് വിശ്വസിക്കാൻ എന്റെ യുക്തി എന്നെ അനുവദിക്കുന്നില്ല...? അതിന്റെ പിന്നിൽ ഒരു രാജരക്തത്തിന്റെ നിഴലുണ്ടാകും... അതിന്റെയും പിന്നിൽ ഒരു രാജകുമാരിയുടെ ഹൃദയസ്പർശിയായ തലോടലുണ്ടാകും...ഇത് ഞാൻ ഊഹിച്ചെടുത്തതാണ്. ആധികാരികമായി നിരത്താൻ തെളിവുകൾ എന്റെ മുന്നിലില്ല.

വായനക്കാർക്ക് അസ്‌ട്രോളജിയുടെ സഹായത്തോടു തന്നെ ഇത് ഞാൻ മനസ്സിലാക്കി തരാം...ബുധൻ എന്ന ഗ്രഹം ജന്മനാ ഒരു നപുംസക/നിർഗുണ ഗ്രഹമാണെങ്കിലും, ഒരു മനുഷ്യന്റെ ഗ്രഹ നിലയുടെ ലഗ്നത്തിൽ നിന്നാൽ അതിനൊരു പ്രത്യേക ബലമുണ്ടാകും. അതിപ്പോൾ ഏതു ഗ്രഹം ലഗ്നഭാവത്തിൽ നിന്നാൽ ഒരു പ്രത്യേക ബലമുണ്ടാകും.ലഗ്നം എന്ന് പറഞ്ഞാൽ ജനിച്ചു വീഴുന്ന സ്വന്തം സ്ഥലം. അവനവന്റെ വീട്ടിൽ ഏതു കിഴങ്ങനും ഒരു ബലമുണ്ടാകുമല്ലോ. അത്രമാത്രം ഇപ്പോൾ അറിഞ്ഞാൽ മതി. പക്ഷേ നിൽക്കുന്ന ഭാവം ശ്രദ്ധിക്കണം. ശത്രു ഭാവത്തിലാണോ? മിത്രഭാവത്തിലാണോ? അതോ സ്വന്തം രാശിയിലാണോ? അതോ മൂലത്രികോണ ഭാവത്തിലാണോ? ആകെ കുഴഞ്ഞല്ലോ ദൈവമേ... ഒന്നും അങ്ങോട്ട് ദഹിക്കുന്നില്ല.
അത് പോകട്ട്... വിശദമായി പറഞ്ഞു തരാം. ഇങ്ങനെയാണ് ജ്യോതിഷികൾ നമ്മളേ വശത്താക്കുന്നത് എന്ന് മാത്രം ഇപ്പോൾ മനസ്സിലാക്കിയാൽ മതി.

പക്ഷേ ഒന്ന് പറയാം. പൊടുന്നനെയുള്ള എന്റെ
ഈ ഉയർച്ചയ്ക്ക് അധികം ആയുസ്സുണ്ടാകില്ല... എന്ത് ? ഇത് അധികം നീണ്ടു നിൽക്കില്ല. കാരണം? ബുധനിലെ ബുധാപാഹാരം. അതായത്  സ്വാപഹാരം. ഏതാണ്ട് രണ്ടര വർഷം. അത് കഴിഞ്ഞാൽ വരുന്ന അപഹാരം ഏതാന്നല്ലേ..? കേതു അപഹാരം..."കേതുവിന്‌ ഹേതു വേണ്ട" എന്നല്ലേ പഴമക്കാർ പറയാറുള്ളത്. ഒരു കാരണവും വേണ്ട? എന്ത് ദുഖവും സംഭവിക്കാം. ജോലി നഷ്ടപ്പെടാം. ആയുസ്സു വരെ നഷ്ടപ്പെടാം.  പാപഗ്രഹമായ കേതു സ്വാത്തികനാണ്.(Complete detachment) കൊല്ലാതെ കൊല്ലും...!!!

എന്തായാലും എനിക്ക് ബുധ ദിശയിലെ ബുധാപഹാരം ശരിക്കും തിളങ്ങി. അത് കഴിഞ്ഞു കേതു തുടങ്ങിയപ്പോൾ, ജോലി നഷ്ട്ടപ്പെട്ടു...!!!  അതറിയേണ്ടേ?

അടുത്ത ചൊവ്വാഴ്ച തുടരും...