ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 113).
Kuwaiti Diwaniya. Unique memories...
എല്ലാവർക്കും എന്റെ റംസാൻ ആശംസകൾ" .
ഇന്ന് "റമദാൻ" മാസം തുടങ്ങുന്നു . പതിനേഴു നൂറ്റാണ്ടുകൾ അപ്പുറം ഏതോ ഒരു മാസത്തിൽ "പരിശുദ്ധ ഖുർആൻ" അവതരിക്കുന്നു . അന്ന് മുതൽ "പരിശുദ്ധ റമദാൻ മാസ"മെന്നു സുന്നി ഇസ്ലാമിക് മത വിശ്വാസികൾ വിശ്വസിച്ചു പോരുന്നു . ഷിയാ വിശ്വാസികളും ഇത് തന്നെ വിശ്വസിച്ചു പോരുന്നു.എന്നിരുന്നാലും അവർക്കു പ്രാധാന്യം കുറച്ചുകൂടി വിശകലനം ചെയ്യപ്പെടുന്നു . അതെന്തുമാകട്ടെ.
കഴിഞ്ഞ നാലു ദശാബ്ദങ്ങളിലേ മങ്ങാത്ത ഓർമ്മകൾ . ഞാൻ മുൻപെഴുതിയതു പോലെ "ദിവാനിയ" എന്ന സത്യം "കുവൈറ്റി"ന് മാത്രം അവകാശപ്പെട്ടതാണ് . "പരിശുദ്ധ റമദാനി"ൽ കാര്യങ്ങൾ എല്ലാം കുത്തനെ മറിയും . ജോലി സമയങ്ങൾ മാറുന്നു . ദിനചര്യകളിലെല്ലാം വ്യത്യാസങ്ങൾ വരുന്നു . രാത്രികൾ പകലുകളാകുന്നു പകലുകൾ രാത്രി പോലെയാകുന്നു .
കുവൈറ്റിലെ "ദിവാനി"യാകളെ കുറിച്ചു പറയാതെ "റംസാൻ" മാസം പറഞ്ഞു തീർക്കാൻ വിഷമമാണ് .ഇംഗ്ലീഷിൽ "യൂനിക്" എന്ന് പറയുന്നപോലെയാണ് "ദിവാനിയ" എന്ന കുവൈറ്റിന് മാത്രം അവകാശപ്പെട്ട സത്യം . തൊണ്ണൂറു ശതമാനം വീടുകളുടെ മുൻ ഭാഗത്തു ധാരാളം ആണുങ്ങൾക്ക് മാത്രം ഇരുന്നു സംഭാഷണങ്ങൾ നടത്താനുള്ള അത്യാധുനിക അലങ്കാരങ്ങൾ ചേർത്തൊരുക്കിയ ഒരു വിശാലമായ ഹാൾ എന്ന് പറയുന്നതാവും ശരി . ചില വീടുകളിൽ ഈ ഹാളിനോട് ചേർന്നൊരു വിരുന്നു മുറിയും ഉണ്ടാകും . ചില വീട്ടുകാർ,കുടുംബക്കാരെല്ലാം ചേർന്ന് പൊതുവായി, ചിലപ്പോൾ അവരുടെ പ്രൗഢിയുടെ സിമ്പൽ ആയി "ദിവാനി"യാകൾ പടുത്തുയർത്താറുണ്ട് . ഉദാഹരണത്തിന് "അൽ ഖറാഫി" , "അൽ ഉസൈമീ" , "അൽ ഗാനിം" , "അൽ ദബ്ബൂസ്" , അങ്ങനെ നീളുന്നു ആ നീണ്ട നിര .
സാധാരണ ദിവസങ്ങളിൽ വൈകിട്ട് ഒരു അഞ്ചു മണിയാകുമ്പോൾ മിക്ക ദിവാനിയകളും തുറന്നു, വരുന്നവരെ വരവേൽക്കാൻ തയ്യാറായിരിക്കും ..ചില ദിവാനിയ പകൽ ദിവസങ്ങളിലും തുറക്കാറുണ്ട്. ഓരോരുത്തരുടെയും സാമ്പത്തീക ഭദ്രതയും, കുടുംബ മഹിമയും, ഒക്കെ ഈ ദിവാനിയകളിൽ പ്രതിഫലിക്കും . ഈ അഞ്ചു മണിക്ക് തുടങ്ങുന്ന ദിവാനിയ പലപ്പോഴും രാത്രി പന്ത്രണ്ടു വരെ നീളും . ഭൂമിക്കു കീഴിലുള്ള എല്ലാവിഷയവും ചർച്ച ചെയ്യും . അമേരിക്കൻ പ്രസിഡന്റ് എത്ര പ്രാവിശ്യം ഒരു ദിവസം തുമ്മി എന്നത് മുതൽ ആണവകരാറുകളും, രഹസ്യങ്ങളും, പരസ്യങ്ങളും, മുക്കിയതും, മൂളിയതുമായ, എല്ലാ കാര്യങ്ങളും വിമർശനത്തിലും സംസാരത്തിലും വന്നു പെടും .
"ദെല്ല" എന്ന ഓമനപ്പേരിലറിയുന്ന "അറബിക് കോഫി"യോടെയാണ് തുടക്കം . തുടർന്ന് "ടർക്കിഷ് കോഫി" അല്ലങ്കിൽ "ഇസ്ടഖാൻ" എന്നറിയപ്പെടുന്ന പാൽ ചേർക്കാത്ത ചായ, വിവിധ തരം മധുര പലഹാരങ്ങൾ ഇതൊക്കെ പകർന്നു തരാൻ പണ്ടൊക്കെ "യെമെനി"കൾ ആയിരുന്നു മുന്നിൽ എങ്കിൽ, യുദ്ധാനന്തരം "ഇന്ത്യക്കാരും ബംഗ്ലാദേശക്കാരും സിലോണികളും ഈജിപ്റ്റ് കാരും" ഒക്കെ പണി ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. "പുക്കൂർ" എന്ന സുഗന്ധം പരത്തുന്ന ഒരു വിലകൂടിയ ദ്രവ്യം തീക്കനിൽ ചൂടോടു മണക്കാൻ കൊടുക്കുന്നത് അറബ് സംസ്കാരത്തിന്റെ ഭാഗം കൂടിയാണ് . ഇത് ഓഫീസുകളിലും ഉപയോഗിക്കാറുണ്ട് . രാജാകുടുംബങ്ങൾക്ക് രണ്ടു ദിവാനിയ ഉണ്ട് . ഒന്ന് വളരെ പഴക്കമുള്ള "ഷറഖ്" എന്ന സ്ഥലത്തും, മറ്റൊന്ന് പ്രൗഡ ഗംഭീരമായ "അൽ ബയാൻ" രാജ കൊട്ടാരത്തിലുമാണ് .
കൂടാതെ ഓരോ ഗോത്രത്തിലെ വിവിധ വംശീയ വിഭാഗങ്ങളിൽ പെട്ടവർക്കും പ്രേത്യേകം പ്രേത്യേകം ദിവാനിയകളും, വ്യക്തിഗത ദിവാനിയകളും, എല്ലാത്തരം കുടുംബക്കാർക്കും കുവൈറ്റിൽ സർവ്വ സാധാരണമാണ് . അത് രാജകുടുംബങ്ങളിലുള്ളവരും ചെയ്യാറുണ്ട് .
ഈ ദിവാനിയകളിൽ എത്തുന്നവരെല്ലാം തന്നെ കുവൈറ്റികൾ മാത്രമാണ് . അപൂർവം ചില വിദേശികൾ ചില പ്രേത്യേക സാഹചര്യങ്ങളിൽ അങ്ങും ഇങ്ങും കണ്ടിട്ടുണ്ടാവാം . റമദാനിൽ ധാരാളം ഡിപ്ലോമാറ്റുകൾ അംബാസ്സഡർ ലെവലിൽ തുടങ്ങി താഴെയുള്ളവർ പല ദിവാനിയകളും സന്ദർശിക്കുന്നത് ധാരാളമായി കണ്ടു വരാറുണ്ട് .അത് വ്യക്തി ബന്ധങ്ങൾ കൊണ്ട് മാത്രമാണ് . "ഉം അൽ ഖൈമൻ" മുതൽ "ജഹ്‌റ" വരെയുള്ള കുവൈറ്റിൽ നൂറു കണക്കിന് ഇത്തരം ദിവാനിയകൾ ഉണ്ട് .
"റംസാൻ" മാസം വരുമ്പോൾ ഈ "ദിവാനി"യകളൊക്കെ വൈകിട്ടത്തെ നോയമ്പ് മുറിച്ചു കഴിഞ്ഞുള്ള "അൽ താറാവി" പ്രാർത്ഥനക്കു ശേഷം ഒൻപതു മണി രാത്രിയിൽ തുടങ്ങിയാൽ രണ്ടു മണി വരെ നീണ്ടു നിൽക്കും . പല ദിവാനിയകളിലും വിഭവ സമർത്ഥമായ സദ്യ വട്ടങ്ങൾ മിക്ക ദിവസങ്ങളിലും ഉണ്ടാകുന്നതാണ് .
"സുന്നിമുസ്ലിം" സമ്ബ്രദായത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു രീതിയാണ് "ഷിയാ മുസ്ലിം"ങ്ങൾ കുവൈറ്റിൽ ചെയ്തു പോരുന്നത് . എണ്ണത്തിൽ കുറവാണെങ്കിലും "ഷിയാ" മുസ്ലിങ്ങൾ കുവൈറ്റിന്റെ സാമ്പത്തിക വ്യാവസായിക മേഘലയിൽ അവർ വളരെ നിർണ്ണായകമാണ് . "ഇറാനി"ൽ നിന്നും,"സൗദി"യിലെ "അൽ ഹസാവി"യിൽ നിന്നും കുടിയേറി പാർത്തവരാണ് ഷിയകളിൽ ഭൂരിഭാഗവും . ഇവർക്ക് കുവൈറ്റിൽ "ദിവാനിയ" ഇല്ല . അവർ അതിനു "ഹൊസ്സൈനാ" എന്നാണ് പറയുന്നത് . അവർക്കെല്ലാം "ഹുസൈനാ"ണ് . "പ്രൊഫറ്റ് മുഹമ്മദിന്റെ" മകളുടെ രണ്ടാമത്തെ മകൻ . ഇസ്ലാമിലെ ഒരു തീവ്ര വിഭാഗത്തിൽ പെട്ട "മാവിയായാ|ൽ കൊല ചെയ്യപ്പെട്ട "ഹുസൈൻ" ."പ്രൊഫറ്റ് മുഹമ്മദി"ന്റെ മരുമകൻ "ഇമാം അലി" മുതൽ വരാനിരിക്കുന്ന അവസാനത്തെ "ഇമാം മെഹ്ദി" വരെയുള്ള 12 ഇമാമുകളിൽ ഏറ്റവും പ്രധാനിയാണ് "ഇമാം ഹുസൈൻ" . അതുകൊണ്ടാണ് ഇവർ അവരുടെ ഹോസാനിയ ഷിയാ പള്ളികളിൽ പലപ്പോഴും ഉപയോഗപെടുത്താറുണ്ട് . അവിടെ ചെല്ലുമ്പോൾ വ്യത്യസ്ഥത പല രീതിയിലാണ് . വരുന്ന ഓരോരുത്തരുടെയും കയ്യിൽ പരിശുദ്ധ ഖുറാന്റെ ഒരു കോപ്പി കൊടുക്കും . നമുക്കതിൽ ഇഷ്ടമുള്ള ഒന്നോ രണ്ടോ പേജ് വായിച്ചിട്ടു മടക്കി വയ്ക്കാം .
ഒരു കാര്യം കൂടി പറഞ്ഞു ഇതിവിടെ അവസാനിപ്പിക്കാം.
ഞാൻ ഒരിക്കൽ പരിശുദ്ധ റംസാൻ വരുന്നതിന്റെ മുന്നോടിയായി ഒരു ഈ മെയിൽ സന്ദേശം അയച്ചു . അതിന്റെ സാരാംശം ഇതായിരുന്നു . അടുത്തു വരുന്ന റംസാൻ മാസത്തിൽ നമ്മുടെ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ "ദിവാനി"യായും "ഹോസ്‌നി"യായും സന്ദർശിക്കണം . അതിനുള്ള ലിസ്റ്റുകളും , ദിവസങ്ങളും തയ്യാറാക്കണം . ഈ മെയിൽ അയച്ചു കൊടുത്തത് റീജിയണൽ മാനേജർസ് , മറ്റു ഡിപ്പാർട്ടുമെന്റ് ഹെഡുകൾ , മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻ മാനേജർസ് തുടങ്ങിയവർക്കാണ് .ഒരു വരാൻ പോകുന്ന വലിയ ഭവിഷ്യത്തിന്റെ തുടക്കമാണെന്നു അപ്പോൾ ഞാൻ മനസ്സിലാക്കിയില്ല .എന്താണന്നോ? എന്തിനാണ് ഞാൻ "ഹോസാനിയ" എന്ന വാക്ക് ഉപോയോഗിച്ചതു? . എന്നെ നിയമത്തിന്റെ മുന്നിൽ വരെ എത്തിക്കാൻ അത് ധാരാളം മതിയായിരുന്നു .
എല്ലാ വിഭാഗീയ ചിന്തകളുള്ള മുസ്ലിമുകളെയും അന്യ മതസ്ഥരെയും എല്ലാവിധ മനുഷ്യരെയും സ്നേഹിക്കാനും ഒത്തൊരുമിപ്പിച്ചു ഭരണം മുന്നോട്ടു നയിക്കാനും കഴിയുന്ന രാജകുടുംബവും, രാജപ്രമുഖനും, രാജാവും, ഉള്ള "കുവൈറ്റി"ൽ ഇതിനു വലിയ പ്രസക്തിയില്ലെന്ന് അനുഭവം,പിന്നീട് എന്നെ മനസ്സിലാക്കി തന്നു .
ഒരിക്കൽ കൂടി"എല്ലാവർക്കും എന്റെ റംസാൻ ആശംസകൾ"