ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 114).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 114).

Greatrespect to. Anwar Jawad BhuKhamseen...

ഇന്നത്തെ എന്റെ ഓർമ്മയിൽ വന്നു പെട്ടത് കുവൈറ്റി സമൂഹത്തിലെ ഒരു വലിയ വ്യവസായ "പ്രമുഖന്റെ മകനെ" പറ്റിയാണ് . ഏതാണ്ട് ഇരുപതു ബില്യൺ അമേരിക്കൻ ഡോളറിന്റെ ആസ്തിയുള്ള , അതായതു രണ്ടായിരം കോടി ഡോളറിന്റെ ആസ്തിയുള്ള അമ്പത്തി ഒന്ന് ബിസിനസ്സ് സമുച്ചയങ്ങളുടെ ഉടമയായ സാക്ഷാൽ "ജവാദ് ബു കംസിന്റെ മകനാ"ണ് ഓർമ്മയിൽ ഓടിയെത്തിയത് .
ഇപ്പോൾ ഓർക്കാൻ കാരണം "പരിശുദ്ധ റംസാൻ മെസ്സേജ്‌" ഫോണിൽ കണ്ടപ്പോഴാണ് .
ദേശീയവും, അന്തർദേശിയവും, ആയി ബിസിനസ്സ് സാമ്പ്രാജ്യം പടുത്തുയർത്തിയ "ജവാദ് ബു കംസീൻ" എന്നകുവൈറ്റി വ്യവസായ പ്രമുഖൻ ധാരാളം വിമര്ശനങ്ങളെ നേരിട്ടിട്ടൂള്ള വ്യക്തിയാണ് . പ്രത്യകിച്ചും കുവൈറ്റ് ഇറാഖ് യുദ്ധത്തിന് ശേഷം. "സൗദി അറേബ്യ"യിലെ "അൽ ഹസാവി" ഗോത്ര സമൂഹത്തിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് കുടിയേറിയ ഷിയാ മുസ്ലീം സമൂഹത്തിൽപ്പെട്ട ഒരു കുടുംബമാണ് "ബു കംസീൻ" . ഷിയാ മുസ്ലീം ആണെങ്കിലും കുവൈറ്റ് രാജകുടുംബത്തിന്റെ അടുത്ത സുഹൃത് കൂടിയാണ് , മാത്രമല്ല ഭരണരംഗത്തും തങ്ങളുടെ പ്രാതിനിധ്യം പ്രകടമാക്കുന്നവരുമാണ് .
ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനാണ്‌ എന്റെ മനസ്സിൽ ഇപ്പോൾ ഓടിയെത്തിയ സാക്ഷാൽ "അൻവർ ജവാദ് ബു കം സീൻ". അൻപത്തിയൊന്നിൽ അധികം വ്യവസായ സമുച്ചയങ്ങളുടെ പ്രധാന കണ്ണിയാണ് ഈ "അൻവർ". ..
കുവൈറ്റിൽ ഒന്നിലധികം കമ്പനികളിൽ ചെയർമാൻ പദവി അനുവദനീയം അല്ല. അല്ലായിരുന്നെങ്കിൽ പല കമ്പനികളുടെയും ചെയർമാൻ പദവിയിൽ "അൻവറിന്റെ" പേരുകൾ വരുമായിരുന്നു. കുവൈറ്റ് ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്കിന്റെ സിംഹ ഭാഗവും "ബു കം സീൻ" ഗ്രൂപ്പിന്റെ കയ്യിലാണ് .വിദേശത്തും ധാരാളം ഇൻവെസ്റ്റ്മെന്റുകളുള്ള ഈ ബിസ്സിനെസ്സ് ഗ്രൂപ്പ് അമേരിക്കൻ കോണ്ടിനെന്റിലും ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്‌ .തമിഴ്നാട്ടിലെ അപ്പോളോ ഹോസ്പിറ്റലിലും ഇവരുടെ സാന്നിദ്ധ്യം ഉണ്ടന്ന് പറയപ്പെടുന്നു .
ഈ കുടുംബവുമായി അടുത്ത് ഇടപെടാൻ കഴിഞ്ഞത് ഞാൻ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിൽ ഔദ്യോഗിക തലത്തിൽ എത്തിയ ശേഷമാണ് .അന്ന് ഈ ഗ്രൂപ്പിന്റെ കീഴിലുള്ള "വാർബ ഇൻഷുറൻസ് കമ്പനി"യുടെ ചെയർമാനായിരുന്നു അൻവർ എന്ന ഈ നാൽപ്പതുകാരൻ .ഒപ്പം ബാങ്കിന്റെ ഡെപ്യൂട്ടി ചെയർമാനുമായിരുന്നു .പിന്നീട് മുന്ന് കൊല്ലം കഴിഞ്ഞപ്പോൾ ബാങ്കിന്റെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം അനിയന് വിട്ടുകൊടുത്തു ഇവരുടെ അന്തർദേശിയ ഹോട്ടൽ ബിസിനസ്സിന്റെ പദവി ഏറ്റെടുക്കുകയാണുണ്ടായത് .ഈ ഗ്രൂപ്പിന്റെ മിക്ക കമ്പനികളുടെയും ബോർഡ് മെമ്പറാണ്..
ബോർഡ് ലെവലിൽ പലപ്പോഴും പലതരം മീറ്റിംഗുകൾ അൻവർ എന്ന ഡെപ്യൂട്ടി ചെയർമാനുമായുള്ള എന്റെ ബന്ധം വളരെ ഏറെ ഊട്ടി ഉറപ്പിക്കുകയും, അങ്ങനെ ആ വലിയ വ്യാപാര സാംബ്രാജ്യത്തിലേക്ക് ഒരു ബാങ്കർ എന്നനിലയിൽ, ആ കുടുംബത്തോടും, അവരുടെ തന്നെയുള്ള മറ്റു വിവിധ ബിസിനസ്സ് ഗ്രൂപ്പകളുടെ ഔദ്യോഗിക ഭാരവാഹികളുമായി ബാങ്കിങ്ങ് ബന്ധങ്ങൾ ശക്തമാക്കാനും അതു വഴി ബാങ്കിന് നേട്ടങ്ങൾ ഉണ്ടാക്കാനും കഴിഞ്ഞു എന്നത് എനിക്ക് വളരെ അംഗീകാരങ്ങൾക്ക് വഴി തെളിച്ചു എന്നത് നന്ദിപൂർവ്വം ഇവിടെ പറഞ്ഞു കൊള്ളട്ടെ .ഈ "ബു കം സീൻ" ഗ്രുപ്പിന്റെ പല കമ്പനികൾക്കും ഞങ്ങളുടെ ബാങ്കിൽ ഞാൻ ചെല്ലുമ്പോൾ ഒരു അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല . ഈശ്വരാനുഗ്രഹം കൊണ്ട് എന്റെ നിരന്തരമായ നൂറു കണക്കിന് സന്നർശനങ്ങളും മീറ്റിംഗുകളും കാരണം ഏതാണ്ട് നാല്പത്തിയെട്ട് ഗ്രൂപ്പുകളും അക്കൗണ്ട് തുറക്കുകയും , അങ്ങനെ അവിടെയുള്ള ആയിരക്കണക്കിന് സ്റ്റാഫ് അംഗങ്ങളുടെ അക്കൗണ്ടകൾ തുറക്കാനും സാധിച്ചിട്ടുണ്ട് . മാത്രവുമല്ല ബാങ്കിന്റെ കോർപ്പറേറ്റ് ഡിവിഷനും, ഇന്റർനാഷണൽ ഡിവിഷനും ധാരാളം ബിസിനസ്സ്അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.
കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിന്റെ"പ്രൈവറ്റ് ബാങ്കിങ് ഡിവിഷൻ" വളരെ ശക്തമായിരുന്നെങ്കിലും, നഷ്ടത്തിലായിരുന്നു അതിന്റെ പ്രയാണം . ഈ ഡിപ്പാർട്മെന്റിൽ ഉണ്ടായിരുന്ന സമ്പത്തുകൾ ശരിയായ രീതിയിൽ ഇൻവെസ്റ്റ് ചെയ്യാതെ ഇരുന്നതാണ് അതിനു കാരണം.ഞാൻ ആ ബാങ്കിൽ ചേരുമ്പോൾ "മൂന അൽ ജാഫാർ" എന്നൊരു വലിയ കുടുംബത്തിൽ നിന്ന് വന്ന ഒരു കുവൈറ്റി സ്ത്രീ ആയിരുന്നു അതിന്റെ അന്നത്തെ ജനറൽ മാനേജർ.
അങ്ങനെ ഇരിക്കെ ഒരു ദിവസം സംസാരത്തിനിടയിൽ "അൻവർ" എന്നോട് ആവിശ്യപ്പെട്ട ഒരു കാര്യം എന്നെ വളരെയധികം അതിശയിപ്പിച്ചു . നീ "പ്രൈവറ്റ് ബാങ്കിങ്ങ് ഡിവിഷൻ" ഏറ്റെടുക്കണം . പബ്ലിക് റിലേഷന് നീ ഏറ്റവും സമർത്ഥനാണ് . നിനക്കതു നന്നായി കൊണ്ടുപോകാൻ സാധിക്കും . സത്യത്തിൽ ഞാൻ വിചാരിച്ചത് "റീടൈൽ ഡിവിഷനിൽ" നിന്ന് എന്നെ പ്രൈവറ്റ് ബാങ്കിങ്ങിലേക്കു മാറാനണന്നാണ് ? 
അന്ന് അദ്ദേഹം ഹ്യൂമൻ റിസോഴ്സ്സ് കമ്മിറ്റിയുടെ തലവനും കൂടിയാണ് . അവസാനത്തെ വാക്കു്...... . ഞാൻ ഒരു മറുപടിയും പറയാതെ ചിരിച്ചു മടങ്ങി .
പിന്നീട് അന്നത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ "ഡോക്ടർ മഹമൂദ് അബു ലിയോൺ" പറഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത് . "നീ രണ്ടു ഡിപ്പാർട്മെന്റും ഏറ്റെടുക്കണം . മൂന അൽ ജാഫാർ പ്രൈവറ്റ് ബാങ്കിൽ നിന്നും മാറി കഴിഞ്ഞു , ഒപ്പം ബാങ്കിൽ നിന്നും പിരിഞ്ഞു .
ഞാൻ ചോദിച്ചു ഇത് ബാങ്കിന്റെ എത്തിക്സിന് ചേരുന്നതാണോ ? . മറുപടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ മറുപടി . . "ചേർക്കണം.സർക്കുലർ പോയി കഴിഞ്ഞു ..മാത്രമല്ല സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിലും മെമ്മോ പോയി കഴിഞ്ഞു . പോയി ഇൻട്രാനെറ്റിൽ നോക്കുക" .
ഞാൻ തിരികെ വന്നു ഓഫീസിൽ ഇൻട്രാ നെറ്റിൽ നോക്കുമ്പോൾ എനിക്ക് തന്നെ വിശ്വസിക്കാൻ സമയമെടുത്തു .ഒന്നിച്ചു ഒരിക്കലും ചേർക്കാൻ പാടില്ലാത്ത രണ്ടു ഡിപ്പാർട്മെന്റുകൾ ഒരാളിന്റെ കയ്യിൽ കൊടുക്കാൻ എന്റെ പോലും അനുവാദം ചോദിക്കാൻ കാത്തു നിൽക്കാത്ത "അൻവർ ബു കം സീൻ" എന്ന ധർഷ്ട്യക്കാരെനെ എങ്ങനെ മറക്കും . "മൂന അൽ ജാഫാർ" ഇന്നു സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിൽ വളരെ ഉയർന്ന  പദവിയിലാണ് . വ്യക്തിപരമായി അന്നും ഇന്നും വളരെ അടുത്ത ബന്ധം തുടരുന്നു . എന്നാൽ സന്തോഷമുള്ള വലിയ കാര്യം "അൻവർ" എടുത്ത തീരുമാനം തെറ്റായിരുന്നില്ല എന്ന് പിന്നീട് വന്ന കാലം തെളിയിച്ചു . നഷ്ടത്തിൽ പോയിരുന്ന പ്രൈവറ്റ് ബാംങ്കിംഗ് ഡിപ്പാർട്മെന്റ് നഷ്ടം നികന്നു ലാഭത്തിലേക്കുയർന്നു ...................................
പിന്നീട് ഈ ഡിവിഷൻ രണ്ടായി തിരിച്ചു കോർപ്പറേറ്റ് ഡിവിഷനും , ഇന്റർനാഷണൽ ഡിവിഷനുമായി വിട്ടു കൊടുക്കുകയും ചെയ്തു . 
മനസ്സുകൊണ്ടഭിമാനിക്കാൻ ഒരു പിടി നല്ല ഓർമകൾ ....................................(ഈ ഗ്രൂപ്പിനെ പറ്റി പറയാൻ ഒരു പാട് മറക്കാൻ പറ്റാത്ത പല കാര്യങ്ങളും ഇനിയൊരു എപ്പിസോഡിൽ) .