ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 128).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 128).

Great Respect to Mr. Clive Sheward....,the former Head of Retail, Commercial Bank of Kuwait... 
(Part Two) ഭാഗം രണ്ട് ...

കുവൈറ്റിൽ എത്തിയപ്പോൾ മുതൽ, ബാങ്കിൽ ഒരു ജോലി കിട്ടാനുള്ള ശ്രമം ഞാൻ തുടർന്നിരുന്നു...ആദ്യത്തെ ആറു മാസത്തിനിടയിൽ, "ഗൾഫ് ബാങ്കി"ൽ നിന്നൊരു ഇന്റർവ്യൂ കിട്ടി...അന്നത്തെ അവിടുത്തെ മാനവവിഭവ ശേഷിയുടെ മാനേജർ, മുഹമ്മദ് അബ്ദുള്ള അൽ സെയ്ഫ് എന്നൊരു കുവൈറ്റി യുവാവാ
യിരുന്നു...ചെന്നപ്പോൾ അദ്ദേഹം ടൈപ്പ് ചെയ്യാനറിയാമോ? ചോദിച്ചു. ശരിക്കറിയില്ല
... എന്ന മറുപടിയോടെ വിട വാങ്ങി...
അക്കാലത്തു് ഒട്ടു മുക്കാൽ ഇൻഡ്യാക്കാരും, പ്രേത്യേകിച്ചു മലയാളികൾ, ടൈപ്പിസ്റ്റുകളായിട്ടായിരുന്നു ബാങ്കിൽ ജോലിയിൽ കയറിപ്പറ്റിയിരുന്നത്...
പിന്നീടാണ് പലരും ഉയരങ്ങൾ കിഴടക്കിയിട്ടുള്ളത്...ടൈപ്പിസ്റ്റായി കയറി പിന്നീട് പിരിഞ്ഞു പോകുന്നത് വരെ ടൈപ്പിസ്റ്റായി ജോലി നോക്കിയ ഒരു മലയാളി ഇന്നും ഓർമ്മയിൽ...!!!
എനിക്ക് കൊമേർഷ്യൽ ബാങ്കിൽ
(Commercial Bank of Kuwait) ഒരു ജോലി കിട്ടാൻ ഒരുപാട്‌ പേരോട് ഞാൻ കടപ്പെ
ട്ടിട്ടുണ്ട്...പല കോണിപ്പടികൾ ചവുട്ടി
ക്കയറിയിട്ടുണ്ട്...എന്റെ കൂടപ്പിറപ്പിനെ
പ്പോലെ ഞാൻ സ്നേഹിക്കുന്ന, കുവൈറ്റിൽ ആദ്യകാലങ്ങളിൽ ഒന്നിച്ചു...ഉണ്ട്‌...ഒരു കട്ടിലിൽ ഉറങ്ങി...ജീവിച്ചു പോന്നിരുന്ന...
ഞങ്ങളെല്ലാം സ്നേഹപൂർവ്വം ഓമനയെന്ന് വിളിക്കുന്ന എന്റെ ബന്ധു, ഭാര്യാ സഹോദരൻ, ശ്രീ കുട്ടൻപിള്ള...   
അദ്ദേഹം അന്ന്  ജോലി ചെയ്തിരുന്ന കമ്പനിയിൽ, ഉണ്ടായിരുന്ന ഒരു ഗോവക്കാര
നോടാണ് ആദ്യത്തെ കടപ്പാട്...അഥവാ ആദ്യത്തെ കോണിപ്പടി..ആ ഗോവക്കാരൻ അന്ന് കമ്പനിയിലെ ഡ്രൈവറായി
രുന്നു...ജോലിക്കാരെ രാവിലെയും വൈകിട്ടും ഓഫീസിൽ കൊണ്ട് വിടുകയും, തിരികെ മടക്കി കൊണ്ട് വരികയും ചെയ്യുന്ന ഡ്രൈവർ...ആ കൊച്ചൻ ഒരിക്കൽ എന്നോട് പറഞ്ഞു... 
"എന്റെ ഒരു ആന്റി,(Aunty),ജബ്രിയ(Jabriya) എന്ന സ്ഥലത്തു ഒരു വലിയ കുവൈറ്റി വീട്ടിൽ ജോലി ചെയ്യുന്നുണ്ട്...ആ വീട്ടിലെ കുവൈറ്റി, പോലീസ് ഡിപ്പാർട്മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ്...അദ്ദേഹം ബിസിനസ്സ് തുടങ്ങാൻ പരിപാടിയിട്ടിട്ടുണ്ട്.
..സഹായത്തിന് ആളിനെ വേണം.
അതിൻപ്രകാരം, പറഞ്ഞുറപ്പിച്ചതനുസരിച്ച് ഒരു വെള്ളിയാഴ്ച്ച കാലത്ത് അദ്ദേഹത്തെ ഞാൻ വീട്ടിൽ പോയിക്കണ്ടു...അദ്ദേഹം പോലീസ് സൂപ്രണ്ടായിരുന്നു...ഒരു കമ്പനി തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു...
വിദേശങ്ങളിൽ നിന്ന് പലവിധ സാധനങ്ങൾ ഇറക്കുമതി ചെയ്യനുള്ള പരിപാടി...പ്രാരംഭ ദിശയിലാണു... ഓഫിസോന്നും ആയിട്ടില്ല... ഒരാളെ ഫുൾ ടൈം ജോലിക്കു വയ്ക്കാൻ ഉള്ള ലവലായിട്ടില്ല...ഞാൻ പറഞ്ഞു... എനിക്ക് ഒരു ഷിപ്പ് ചാൻഡ്‌ലിംഗ് കമ്പനി
യിൽ  ജോലിയുണ്ട്...ബാങ്കിൽ ഒരു ജോലി കിട്ടാൻ സഹായിച്ചാൽ, വൈകുന്നേരങ്ങ
ളിൽ വന്ന് പാർടൈം ആയി എനിക്ക് കഴിയുന്ന സഹായങ്ങൾ ചെയ്തു തരാൻ പറ്റും...അന്ന് മൊബൈൽ ഫോണൊന്നു
മുള്ള കാലമല്ല.... 
ആ വലിയ മനുഷ്യൻ എന്നെ വീടിന്റെ അകത്തു വിളിച്ചിരുത്തി, ഫോൺ എടുത്തു ആരെയോ വിളിച്ചു...അറബിയിൽ എന്തൊക്കെയോ സംസാരിച്ചു...അതിനു ശേഷം അദ്ദേഹവും ഞാനും, അദ്ദേഹത്തിന്റെ ഭാര്യ കൊണ്ടു വന്ന കാപ്പിയൊക്കെ കുടിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു....ഞാനിപ്പോൾ ടെലിഫോണിൽ വിളിച്ചത് കൊമേർഷ്യൽ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു മാനേജരെ
യാണ്. വെള്ളിയാഴ്ചയായിട്ടും അദ്ദേഹം ഉറക്കത്തിൽ നിന്ന് എഴുനേറ്റു ഫോൺ അറ്റൻഡ് ചെയ്തു...നീ അദ്ദേഹത്തെ ഒന്ന് പോയി കാണണം...അയാൾ സഹായിക്കും...
അതിന് ശേഷം എന്നെ വിളിക്കു...ഒരു ദൈവദൂതനെപ്പോലെ അന്ന് എനിക്ക് വേണ്ടി സംസാരിച്ച ആ കുവൈറ്റി സുഹൃത്തിന്റെ പേരു് "ഗാസി അബ്ദുള്ള അൽ സഗ്ഗാബി" എന്നായിരുന്നു... 
"അൽ സഗ്ഗാബി" എന്ന ഒരു ശരാശരി
കുവൈറ്റി കുടുംബത്തിലെ ഉന്നത പോലീസ് അധികാരി അന്ന് ആ പലസ്തീനി ബാങ്ക് മാനേജരെ എനിക്ക് പരിചയപ്പെടാൻ അവസരമൊരുക്കിയിരുന്നില്ലങ്കിൽ...
എന്റെ വിധി മാറ്റിയെഴുതാൻ പോരുന്ന ആ വലിയ മനുഷ്യൻ...പിന്നീട് ബിസിനസ്സൊന്നും തുടങ്ങിയില്ല...അതിന്റെ കാരണം, താമസിയാതെ പോലീസിൽ തന്നെ ഉയർന്ന പദവികൾ അദ്ദേഹത്തെ തേടിയെത്തിയത് കൊണ്ടാണ്...
തുടർന്നുണ്ടായ സംഭവങ്ങൾ അടുത്ത ലക്കത്തിൽ...
അതിനു മുൻപ് ഒന്നുകൂടി പറയാം...
കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു...
മുന്ന് ദശബ്ദങ്ങൾ പിന്നിട്ടപ്പൊൾ, ഞാൻ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിലെ ആറാം ഗവർണറേറ്റിലെ ഒരു സീനിയർ റീജിയണൽ മാനേജരായി വിരാജിക്കു
മ്പോൾ, ബാങ്കിലെ റിക്രൂട്ട്മെന്റ് കമ്മിറ്റിയിലെ ഒരു സ്ഥിരം മെമ്പർ കുടി ആയി...ഏതാണ്ട് അഞ്ച് പേരടങ്ങുന്ന കമ്മിറ്റി മാസത്തിലൊരിക്കൽ കൂടാറുണ്ട്...
പുതിയ ഉദ്യോഗാർത്ഥികളെ കണ്ടെത്താ
നുള്ള മീറ്റിംഗ്...ഒരു ദിവസം യുവാവായ ഒരു കുവൈറ്റി ഉദ്യോഗാർത്ഥി ഇന്റർവ്യൂവിന് എത്തി...കണ്ടപ്പോൾ തന്നെ പരിചയമുള്ള മുഖം...എനിക്ക് കൊമേർഷ്യൽ ബാങ്കിലേക്ക് വഴി തെളിച്ച "ഗാസി അബ്ദുള്ള അൽ സഗ്ഗാബിയുടെ മകൻ"... ആ കൊച്ചൻ അദ്ദേഹത്തിന്റെ മകനെന്നറിഞ്ഞപ്പോൾ അവനെ പുതുതായി എന്റെ റീജിയണൽ ഓഫീസിലെ സ്റ്റാഫ് ആയി  നിയമിക്കാൻ നിർദ്ദേശിച്ചു...ഓഫീസിൽ ജോലിക്ക് വന്നപ്പോൾ, ഞാൻ  പഴയ ചരിത്രങ്ങളെല്ലാം
പറഞ്ഞു മനസ്സിലാക്കി...അധികകാലം ആ കൊച്ചൻ ബാങ്കിൽ ജോലി ചെയ്തില്ല...
വിദേശകാര്യാ മന്ത്രാലയത്തിൽ ജോലി കിട്ടിപ്പോയി....പോകുന്നതിനു മുൻപ് ഒരു ദിവസം ഉച്ചയ്ക്കെന്നെ കൂട്ടികൊണ്ടു വീട്ടിൽ പോയി...ബാപ്പയേയും ഉമ്മയേയും ഒക്കെ കാണിച്ചു...എന്ന് മാത്രമല്ല... ഉച്ച ആഹാരം ഞങ്ങൾ എല്ലാവരും ചേർന്ന് സന്തോഷ
ത്തോടെ ഭക്ഷിക്കുകയും ചെയ്തു...
കുവൈറ്റിലെ,"അൽ ദ്ദേയ്യ " എന്ന സ്ഥലത്തുള്ള നാല് ഭാഗത്തോടും തിരിയുന്ന ട്രാഫിക്ക് സിഗ്നലിന്റെ ഇടതു ഭാഗത്തു, എല്ലാവരും അക്കാലത്തു ശ്രദ്ധിക്കപ്പെടുന്ന ഒരു വീട് വച്ചു അവിടെയാണ് ജീവിതകാലം മുഴുവൻ അദ്ദേഹവും കുടുംബവും കഴിഞ്ഞിരുന്നത്...2009ൽ, അദ്ദേഹം ഇഹലോകവാസം വെടിഞ്ഞ വിവരം
മകനാണ് എന്നെ അറിയിച്ചത്...
ശവസംസ്കാര ചടങ്ങുകളിലും, തുടർന്നുള്ള മുന്ന് ദിവസം നീണ്ട് നിന്ന ദുഃഖചരണ
ത്തിലും, ഒരു കുടുംബാംഗത്തെപ്പോലെ ഞാൻ പങ്കെടുത്തു...
പലരും ചോദിച്ചു... ഈ കോട്ടും സ്യൂട്ടും ഇട്ട്, കഴിഞ്ഞ മൂന്നാലു ദിവസങ്ങളായി ഇവിടെ കാണുന്ന ഈ ഹിന്ദി (ഹിന്ദി എന്ന് വച്ചാൽ ഇന്ത്യക്കാരൻ എന്നർത്ഥം) ആരാണ് ? അദ്ദേഹത്തിന്റെ തന്നെ വീട്ടിൽ ഉള്ള പലരും ചോദിക്കുന്നു...ഈ ഹിന്ദി ആരാണ് ?എല്ലാവർക്കും അറിയാവുന്നത് ഒരു ബാങ്ക് മാനേജരും അയ്യാളുടെ കസ്റ്റമറും അതിനപ്പുറമുള്ള ബന്ധത്തിന് എന്ത് പ്രസക്തി...ഏതാണ്ട് അര ശതാബ്ദത്തിന് ശേഷം, ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യം... നീ ആരാണ്? 
എല്ലാവരോടും എനിക്ക് പറയാനുള്ളത് വല്ലപ്പോഴും ഒന്ന് തിരിഞ്ഞു നോക്കണം...!!! നടന്ന് വന്ന പാതകൾ, ചവുട്ടിക്കയറിയ പടവുകൾ, നമ്മളെ അപമാനിച്ചവർ, പിന്നിൽ നിന്ന് പരിഹസിച്ചവർ, താങ്ങിയവർ,താങ്ങും തണലുമായി നിന്നവർ, മനുഷ്യജന്മങ്ങളുടെ ആകെത്തുക....!!!
എന്നിട്ടും ഞാൻ "ക്ലൈവ് ഷേവാർഡി"
നെപ്പറ്റി ഒന്നും പറഞ്ഞു തുടങ്ങിയില്ല....
തുടരും...