ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 13. Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Twelve).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 13.

Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Twelve).
----------------------------------------------------------------------

അനവസരത്തിൽ രാജി വച്ചു പിരിയേണ്ട ഗതികേട് ആർക്കും ഉണ്ടാകാതിരിക്കട്ടെ...
ഏതു ഗ്രഹത്തിന്റെ ദോഷമായാലും അത് പലപ്പോഴും താങ്ങാനാവുന്നതല്ല.കാരണം 
ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടപ്പെട്ടവന്‌ അതിന്റെ വലിപ്പവും മഹത്വവും എപ്പോഴും ഓർമ്മിക്കും. ഇറാഖിന്റെ കുവൈറ്റ് ആക്രമണത്തിന്റെ കെടുതിയിൽ നിന്ന് കരകയറാൻ തുടങ്ങിയതേ ഉള്ളു. 
അപ്പോഴേക്ക് വേറൊരു നാട്ടിലേക്കുള്ള പറിച്ചെറിയൽ. വിധിയെന്നല്ലാതെ എന്ത്‌ പറയാൻ.അല്ലങ്കിൽ ആഗ്രഹങ്ങൾ... നമ്മുടെ ഓരോ ആഗ്രഹങ്ങൾ...എങ്ങനെ കണക്കു കൂട്ടിയാലും കുവൈറ്റ് വിട്ടു 
ന്യൂസിഅലൻഡിലേക്കു ചേക്കേറിയെ പറ്റുകയുള്ളു... അതും നിശ്ചിത സമയത്തിനുള്ളിൽ... അവസാനം രാജിക്കത്തിലേക്ക് കടന്നു... അതും ഏറ്റവും മിന്നിത്തിളങ്ങി നിൽക്കുന്ന സമയം...
ഇടയ്ക്കൊന്നു പറഞ്ഞോട്ടെ ഞാൻ സ്ഥലം മാറിയെത്തിയ പുതിയ ബ്രാഞ്ച് ഹെഡ് ഓഫീസിനോട് വളരെ അടുത്ത ബ്രാഞ്ചായിരുന്നു. അഞ്ചു മിനിറ്റ് നടന്നാൽ എത്താവുന്ന ദൂരം. ഇടയ്ക്കിടെ 
ചെയർമാൻ ബ്രാഞ്ചിൽ വരുകയും,
ബ്രാഞ്ചിന്റെ പുനർനിർമാണങ്ങൾ ശ്രദ്ധിക്കുകയും, കുറച്ചു നേരം എന്റെ ഓഫീസിൽ വന്നിരുന്ന് കുശലങ്ങൾ സംസാരിച്ചു അറബിക് കോഫിയും കുടിച്ചു മടങ്ങുകയും പതിവായിരുന്നു. മാസത്തിലൊരിക്കൽ നമ്മുടെ കഥയിലെ രാജകുമാരിയും അതായതു ചെയർമാന്റെ ഭാര്യയും ബ്രാഞ്ചിൽ വരുകയും എന്നോടൊപ്പം കുറെ സമയം ചിലവാക്കുകയും ചെയ്തിരുന്നു.

അങ്ങനെ ഒരു ദിവസം ഞാൻ എന്റെ രാജി കത്ത് കൊടുത്തു വിഷണ്ണനായി ഇരിക്കുന്ന സമയത്, നമ്മുടെ നമ്മുടെ രാജകുമാരി ബ്രാഞ്ചിലേക്ക് കയറി വരുന്നു. മുഖവുര ഒന്നുമില്ലാതെ തന്നെ ഞാൻ എന്റെ ഉള്ളു തുറന്നു ."കുവൈറ്റ് വിടുകയാണ്. ന്യൂസിഅലൻഡിലേക്കു ചേക്കേറുകയാണ്.ഒരു മടങ്ങിവരവ് അസാധ്യം. ഒരു വർഷം അവിടെ താമസിച്ചെങ്കിലേ പുറത്തേക്കുള്ള വഴി തുറന്നു കിട്ടുകയുള്ളു". ഇതെല്ലാം കേട്ടിരുന്ന ഷൈഖാ നൂറാ എന്നോടൊരു മറുചോദ്യം? അവിടെ ചെന്നാൽ ജോലിയൊക്കെ കിട്ടുമോ? അറിയത്തില്ല. ചെന്നെത്തി അന്വേഷിക്കണം.പുതിയ സംസ്ക്കാരം. ജീവിതരീതി. എല്ലാം മാറ്റേണ്ടി വരികയല്ലേ? എന്റെ മറുപടി. അവർ ഒന്നും അധികം പറയാതെ എന്റെ ഓഫീസിൽ നിന്ന് പടിയിറങ്ങി.അവർ ഒന്നും പറയാതെ ഓഫീസ് വിട്ടു മടങ്ങിയത് നേരിയ വിഷമത്തോടെയാണെന്ന് അവരുടെ മുഖം പറയുന്നുണ്ടായിരുന്നു. ഏകദേശം അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവില്ല.ആ ഇടയ്ക്ക് പുതുതായി ബാങ്കിൽ ജോയിൻ ചെയ്ത ഡെപ്യൂട്ടി ജനറൽ മാനേജരുടെ ടെലിഫോൺ വരുന്നു. അദ്ദേഹം സ്വദേശി വംശജനാണ്. വലിയ കുടുംബ മഹിമ
യൊക്കെയുള്ള "അൽ മുത്വാവാ" കുടുംബാംഗമാണ്. ചോദ്യം? നീ കുവൈറ്റ് വിട്ടു പോകുകയാണോ? അതെ...എവിടെ നിന്റെ രാജിക്കത്ത്?  റീജിയണൽ മാനേജർക്ക് അയച്ചിട്ടുണ്ട്...അദ്ദേഹം ഫോൺ താഴെ വച്ചു. തുടർന്ന് കഷ്ടിച്ചൊരു രണ്ടു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകണം... എന്നെക്കാണാൻ അഞ്ചുപേർ ഹെഡ്ഓഫീസിൽ നിന്നെത്തി. മറ്റാരുമല്ല  സാക്ഷാൽ ചെയർമാൻ ഷെയ്ഖ് മുഹമ്മദ്...  മുൻപ് ടെലിഫോണിൽ വിളിച്ച പുതുതായി എത്തിയ ഡെപ്യൂട്ടി ജനറൽ മാനേജർ... സ്വദേശിയായ പുതിയ റീജിയണൽ മാനേജർ...ബ്രിട്ടീഷുകാരനായ റീറ്റെയ്ൽ ഡിവിഷൻ ഹെഡ്...ഒപ്പം എനിക്ക് നേരത്തെ പരിചയമുള്ള ഒരു ബോർഡ് മെമ്പർ...
എല്ലാവർക്കും ഒരേ സ്വരത്തിൽ ഒരേ ചോദ്യം?എന്തിന് നീ രാജി വയ്ക്കുന്നു? കാര്യാകാരണസഹിതം ഞാൻ മറുപടി കൊടുത്തു. എല്ലാവരും മടങ്ങി. പോകുമ്പോൾ ചെയർമാൻ മാറ്റി നിർത്തി പറയുന്നു. "വൈകിട്ട് നീ "ദിവാനിയ"യിലോട്ടു വരണം". തീർച്ചയായും.എന്റെ മറുപടി...

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകണം. ടെലിഫോൺ അടിക്കുന്നു. അങ്ങേ തലക്കൽ നമ്മുടെ രാജകുമാരിയുടെ ശബ്ദം.നീയിന്ന് ഷൈഖിന്റെ "ദിവാനിയ"യിൽ വരുന്നുണ്ടല്ലേ? ഒരു കാര്യം ചെയ്യൂ.ഭാര്യയേയും മക്കളേയും കൂട്ടിക്കൊള്ളു.വണ്ടി അയക്കാം. ഇന്ന്‌ വൈകിട്ട് ആഹാരം ഇവിടെ. അവരെ ഇവിടെ നീ വിട്ടിട്ട്  തൊട്ടടത്തുള്ള "ദിവാനിയ"യിൽ പോയി ഷെയ്‌ഖിനെ കണ്ട് സംസാരിച്ചിട്ട് ഇങ്ങോട്ടു പോരുക. "ഖാൻ" നിങ്ങളെ വണ്ടിയിൽ തിരിച്ചു മടക്കിക്കൊണ്ട് വീട്ടിൽ വിടും.

ഇനിയിപ്പോൾ "ഖാൻ" ആരാണന്നറിയണം?  "ദിവാനിയ" എന്താണന്നറിയണം? കൂടാതെ കേതു അപഹാരത്തിൽ ജോലി നഷ്ടപ്പെടുമോ എന്നറിയണം?  എല്ലാമറിയേണ്ടേ...? അടുത്ത ചൊവ്വാഴ്ച്ച പറയാം.  

തുടരും...