ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 135).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 135).

അഭിവന്ദ്യനായ ഹിസ് ഹൈനെസ്സ് ഷെയ്ഖ് സാലം അൽ അലി അൽ സാലം അൽ മുബാറക് അൽ സബാഹ് വിട വാങ്ങി.(His Highness Sheikh Salam Al Ali Al Salam Al Mubarak Al Sabah passed away)
------------------------------------------------------------------------
ജന്മം കൊണ്ട് അദ്ദേഹം എനിക്കാരുമായിരുന്നില്ല. എന്നാൽ കർമ്മം കൊണ്ട് പിതൃ തുല്യനായിരുന്നു. കുവൈറ്റിന്റെ രാജ്യഭാരം ഏറ്റെടുക്കാൻ അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അതെല്ലാം നിഷ്പ്രയാസം സ്വയം വേണ്ട എന്നു പറഞ്ഞു പിന്മാറിയ മഹാനുഭാവൻ." ഞാനെന്നും രാജാക്കന്മാരുടെ സേവകനായി
ഇരുന്നു കൊള്ളാം"...മരിക്കുന്നതു വരെ 
അത് അങ്ങനെ തന്നെ ആയിരുന്നു... കുവൈറ്റിലെ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ തലവനായിട്ടാണ് അദ്ദേഹം ഇന്നലെ ഈ ലോകം വെടിഞ്ഞത് ...
നമ്മൾ ഈ ലോക കോടിശ്വരന്മാരെന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ...? അതൊക്കെ ഓരോ കണക്കുകൾ കുട്ടി പറയുന്നതാണ്.  "കണക്കറ്റ സ്വത്തുക്കളുടെ" ഉടമയായിരുന്നു ഞങ്ങളൊക്കെ സ്നേഹത്തോടെ "അബു അലി"  എന്ന് വിളിച്ചിരുന്ന ഷെയ്ഖ് സാലം. ഒരിക്കൽ സൈപ്രസ് എന്ന രാജ്യത്തെ ലിമാസോൾ  വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് പോകുന്ന വഴി സമുദ്രതീരത്തോട് ചേർന്ന് ഒരു വലിയ സുന്ദരമായ കെട്ടിട സമുച്ചമയം കണ്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് പറഞ്ഞു. ആ കെട്ടിട സമുച്ചയം നീ കണ്ടോ? സുന്ദരമായിരിക്കുന്നു. അത് കേട്ട് ചിരിച്ചു കൊണ്ട് കൂടെയിരുന്നു സുഹൃത് ചോദിച്ചു. ഇതിന്റെ ഉടമസ്ഥൻ ആരാണെന്നറിയാമോ?ഇല്ല...മറുപടി...ഇത് താങ്കളുടെ ഉടമസ്ഥയിൽ ഉള്ളതാണ്. ഇങ്ങനെ ലോകത്തെമ്പാടും വ്യവസ്ഥാപിതമായ മാർഗ്ഗത്തിലൂടെ  ബിസിനസ്സ് സാംബ്രാജ്യത്തിന്റെ ഉടമസ്ഥനായിരുന്ന ഷെയ്ഖ് സാലത്തിന്റെ സ്വത്ത് ആർക്കണ് തിട്ടപ്പെടുത്താൻ പറ്റുക...!!!എന്നാൽ ദാന ധർമ്മത്തിൽ ആരെക്കാളും മുൻപന്തിയിലായിരുന്നു അദ്ദേഹം. അത് മറന്നുപോയാൽ  ഇവിടെ ഞാൻ ഞാനെഴുതുന്നതിന്റെ സത്യസന്തത ഇല്ലാതായി പോകും...കണ്ണുമടച്ചു അർഹരായവർക്ക്‌ വാരിക്കോരിക്കൊടുത്തിട്ടുള്ള ചരിത്രങ്ങൾ മനസ്സിലൂടെ കടന്നു പോകുന്നു...
അദ്ദേഹത്തിന്റെ മൂത്ത മകൻ ഷെയ്ഖ് അലി അൽ സാലമാണ് കുറെ വർഷങ്ങളായി കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ സർവ്വാധിപത്യം ഏറ്റെടുത്തു പുരോഗതിയുടെ പാതയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം കുറേക്കാലം വാണിജ്യ വ്യവസായത്തിന്റെ ചുമതലയുള്ള മന്ത്രി ആയിട്ടിരുന്നിട്ടുണ്ട്. മറ്റൊരു മകൻ ഷെയ്ഖ് അഹമ്മദ് അൽ സാലം ബാങ്കിലെ ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പലപ്പോഴും റമദാൻ മാസങ്ങളിലൊക്കെ അദ്ദേഹത്തിന്റെ ദിവാനിയയിൽ എത്തി ആശിർവാദങ്ങൾ അർപ്പിക്കാനാവസരമുണ്ടായിട്ടുണ്ട്. ഒരിക്കൽ ഞാൻ അദ്ദേഹത്തെ അൽ ബയാൻ പാലസിൽ കാണാൻ പോകുമ്പോൾ എന്റെ കൂടെയുണ്ടായിരുന്ന തലാൽ അൽ ബാക്കർ മൊബൈൽ ഫോണിൽ  വളരെ ദൂരെ നിന്ന് പകർത്തിയ ഒരു ഓർമ്മ ചിത്രം എന്റെ വീട്ടിലെ സന്ദർശക മുറിയിൽ ഓർമ്മക്കയായി ഇന്നും ഇടം പിടിച്ചിരിക്കുന്നു.
വ്യക്തിപരമായി എനിക്കുള്ള ഒരനുഭവം ഇവിടെപ്പറഞ്ഞിതവസാനിപ്പിക്കാം.  തൊണ്ണൂറുകളുടെ മദ്ധ്യകാലഘട്ടം. 
ഞാൻ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ അബ്ദുള്ള മുബാറക് ബ്രാഞ്ച് മാനേജരായിരുന്ന സമയം.റീറ്റെയ്ൽ ട്രെയിനിങ്  ട്രെയ്നിങ്  സെന്ററും എന്റെ കിഴിലായിരുന്നു.(Retail Training Division).
കോഴ്‌സുകൾ ഒന്നിന് പുറകെ ഒന്നായി തകൃതിയായി തുടർന്ന് കൊണ്ടേയിരിക്കുന്നു. ഞാനും തിളങ്ങി നിൽക്കുന്ന സമയം.അന്നൊരിക്കൽ ബാങ്കിന്റെ ചെയർമാൻ  ഷെയ്ഖ് മൊഹമ്മദിന്റെ ഓഫീസിൽ നിന്നൊരു ഫോൺ കാൾ...എത്രയും പെട്ടന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ എത്തണം പോലും.പത്തു മിനിറ്റുകൊണ്ട് ചെയർമാന്റെ ഓഫീസിലെത്തി.ചെന്നപ്പോൾ തന്നെ 
പുറത്തു സ്റ്റേറ്റ് സെക്യൂരിറ്റി  സ്റ്റാഫുകൾ ഉണ്ടായിരുന്നത് കണ്ടാൽ തന്നെ അറിയാം ആരോ വി.വി.ഐ.പി( V V I P) മുറിക്കകത്തുണ്ട് .അകത്തു ചെന്നപ്പോൾ എല്ലാവിധ രാജകീയ പ്രൗഢിയോടും കുടി ഹിസ്സ് ഹൈനെസ്സ് അവിടയിരിക്കുന്നു. ഒപ്പം ഇളയ മകൾ ഷെയ്‌ഖാ നൗഫ് സാലം അൽ അലി അൽ സബാഹ്. മകൾ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞു വിദേശത്തു നിന്ന് മടങ്ങി എത്തിയതേ ഉള്ളു. ചെന്ന ഉടൻ തന്നെ ഞാൻ കുവൈറ്റിന്റെ പൈതൃക രീതിയിൽ മൂർദ്ധാവിൽ മുഖം അമർത്തി ചുംബിച്ചു. ഒരു പരിചയവുമില്ലാത്ത ഒരു ഇന്ത്യക്കാരൻ എന്റെ തലയിൽ ചുംബിച്ചു.
അദ്ദേഹം അതെചിന്തിച്ചു കാണാൻ ഇടയുള്ളൂ. ഞാൻ അങ്ങനെ സമാധാനിച്ചു.അദ്ദേഹം എന്നെ കാണാനും വന്നതായിരുന്നില്ല. മറിച്ചു പുതുതായി പണി തീർന്ന കുവൈറ്റ് സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനിയുടെ ഔദ്യോഗിക ഉത്ഘാടനത്തിനു വേണ്ടി വന്നപ്പോൾ ബാങ്കിൽ കയറിയതാവും.
സത്യത്തിൽ ഈ ബാങ്കിന്റെ ഏറ്റവും വലിയ ഷെയർ സമുച്ചയം അദ്ദേഹത്തിന്റെ വകയാണ്.ഈ ബാങ്കിന്റെ മാത്രമല്ല കുവൈറ്റിലുള്ള ഒട്ടു മുക്കാൽ ബാങ്കുകളിലും അദ്ദേഹം ഷെയർ ഉടമയാണ്.മാത്രവുമല്ല ലോകത്തുള്ള പലസ്ഥാപനങ്ങളിലും അദ്ദേഹം ഷെയർ ഉടമയാണ്... 
എന്തായാലും അദ്ദേഹം എന്റെ പേര് ചോദിച്ചു .ഞാൻ വളരെ ഭവ്യതയോടെ പേര് പറഞ്ഞു .തുടർന്ന് ചെയർമാൻ വിശദമായി എന്നെ വിളിപ്പിച്ചതിന്റെ കാരണങ്ങൾ വിശധികരിച്ചു തന്നു .നീ അദ്ദേഹത്തിന്റെ മകൾക്ക് വേണ്ട ട്രെയിനിങ് കൊടുക്കണം.
എല്ലാ ദിവസവും കാലത്തു ഇവൾ ബ്രാഞ്ചിൽ  വരും. കഴിയുന്നത്ര ശ്രദ്ധ കൊടുത്തു നീ അവളെ പഠിപ്പിക്കാൻ ശ്രമിക്കണം.  മാസം തോറും എനിക്ക് നേരിട്ട് പ്രോഗ്രസ്സ് റിപ്പോർട്ട് അയച്ചു തരണം.  അതിന് ശേഷം  ആ കുട്ടിയെ അദ്ദേഹം  എനിക്ക് പരിചയപ്പെടുത്തി തന്നു.
സത്യത്തിൽ ആ കുട്ടിക്ക് യാതൊരു വിധമായ അഹങ്കാരമോ വലിപ്പച്ചെറുപ്പമോ എന്റെ തുടർന്നുള്ള അനുഭവത്തിൽ എനിക്ക് തോന്നിയിട്ടില്ല. ഏതാണ്ട് ഒൻപതു മാസക്കാലം എന്റെ കൂടെ ബ്രാഞ്ചിൽ ട്രെയിനിയായി കഴിഞ്ഞിട്ടുണ്ടായിരുന്നു. അതിനു ശേഷം ബാങ്കിന്റെ മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷനിൽ ഒരു മാനേജ്‌മന്റ് ട്രെയിനിയായി ജോലിയിൽ ചേർന്നു. ഇപ്പോൾ ബാങ്കിങ്ങ്ന്റെ  മാർകെറ്റിംഗിന്റെയും  പബ്ലിക് റിലേഷന്റെയും ഡയറക്ടറായി  ജോലിയിൽ അവിശ്രമം തുടരുന്നു. എന്റെ കൂടെ ട്രെയിനിയായി വന്നിരുന്ന ആ കീരീടം വേണ്ടാ എന്ന് പറഞ്ഞൊഴിഞ്ഞുമാറിയ ഒരു രാജാവിന്റെ അരുമയായ ഏറ്റവും ഇളയമകൾ ഒരിക്കൽ പോലും ഒന്ന് ശബ്ദമുയർത്തി സംസാരിക്കുന്നതു പോലും ഞാൻ കണ്ടറിഞ്ഞിട്ടില്ല. ട്രൈനിങ്ങിനു വരുന്ന എല്ലാവരോടും ഒപ്പമിരുന്നു സമയബന്ധിതമായി എല്ലാം ശ്രദ്ധാപൂർവ്വം പഠിച്ചെടുത്തിരുന്നു. ഒരു ദിവസം പോലും താമസിച്ചു വരുകയോ എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞു നേരത്തെ പോകാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ആവിശ്യത്തിന് മാത്രം സംസാരിക്കും. ചോദിക്കുന്നതിന് മാത്രം ഉത്തരങ്ങൾ. സംശയങ്ങൾ അപ്പപ്പോൾ ദുരീകരിക്കും. ഒന്നോർക്കണം... കിരീടം വയ്ക്കാത്ത രാജാവിന്റെ ഇളയ പുത്രി. ട്രൈനിങ്ങിനായി വന്നിട്ടുള്ളത് സ്വന്തം ബാങ്കിൽ. ബാങ്കിന്റെ  ഉടമ. തൊഴു കയ്യോടു നില്ക്കാൻ മറ്റൊരു രാജ കുടുംബമായ ചെയർമാൻ മുതൽ ഇങ്ങു താഴത്തെ അറ്റത്തുള്ളവർ വരെ കാത്തു നിൽക്കും.പക്ഷേ ആരുടെയും ഒരു സഹായത്തിനും ആ കുട്ടി ഒരിക്കലും കാത്തു നിൽക്കാറുണ്ടായിരുന്നില്ല. 
നിറകുടം തുളുമ്പില്ല എന്നല്ലേ പഴമക്കാർ പറയാറുള്ളത്. എത്ര സത്യം... പിൽക്കാലത്തു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.  അവർ പറയുമ്പോലും..." എന്റെ ആദ്യത്തെ മാനേജർ ഒരു ഇന്ത്യക്കാരനാണ് പേര് എൻ.ജി.നായർ "... അത് കേൾക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്. എന്ത് വേണമെങ്കിലും അക്കാലത്തു സാധിക്കാമായിരുന്നു. ഒന്നും ആവിശ്യപ്പെട്ടില്ല. അതിലും ഞാൻ അഭിമാനം കൊള്ളുന്നു. എല്ലാം നേരയാമാർഗത്തിൽ ഒഴുക്കിനെതിരെ "നേടി"യിട്ടുള്ളതാണ്. 
"നേട്ടം"... അതിനൊരു അളവുകോൽ ഉണ്ടങ്കിൽ...? 
എന്തായാലും ട്രെയിനിങ് കഴിഞ്ഞു 
"ഷെയ്‌ഖ നൗഫ്" തിരിച്ചു ഹെഡ് ഓഫീസിലേക്ക്. പുതിയ ജോലിയിൽ പ്രവേശിച്ചു. ഒരു മുന്ന് ദിവസം കഴിഞ്ഞു കാണും. എനിക്കൊരു പാരിതോഷികം ഡ്രൈവർ ഓഫീസിൽ എത്തിച്ചിരിക്കുന്നു. തുറന്നു നോക്കിയപ്പോൾ കുവൈറ്റ് നാഷണൽ സെക്യൂരിറ്റി ഗാർഡ് ഓഫീസിൽ നിന്നാണ്. ഹിസ്സ് ഹൈനെസ്സ്ന്റെ ഓഫീസിൽ നിന്നാണ് .അതിൽ ഒരു കുറിപ്പുണ്ടായിരുന്നു.  "എന്റെ മകൾക്ക് ചെയ്തു കൊടുത്ത സഹായങ്ങൾക്ക് നന്ദി. എന്റെ വക ചെറിയ 
ഒരു  പാരിതോഷികം"...  അകത്തെന്തായിരുന്നു എന്നൊന്നും ഞാനിവിടെ എഴുതി പുകഴ്ത്തുന്നില്ല. 
ആ വലിയ മനസ്സിന്റെ വലിപ്പം നമ്മുടെ നാട്ടിൽ ഒരു സാധാരണക്കാരിൽ നിന്നെങ്കിലും പ്രതീക്ഷിക്കാൻ കഴിയുമോ...? 
കുവൈറ്റിലെ ആദ്യ രാജാവായിരുന്ന ഷെയ്ഖ് മുബാറക്കിന്റെ മൂത്ത മകൻ അൽ സാലത്തിന്റെ പിൻഗാമിയായി വരുന്ന ആ വലിയ മനസ്സിന്റെ ഉടമയാണ് ഇന്ന് ലോകത്തോട് വിട പറഞ്ഞത്.  
പ്രണാമം... ആദം അല്ലാഹ് അജെരിക്കും...