ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 16. Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Fifteen).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 16.

Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Fifteen).
----------------------------------------------------------------------

ന്യൂസിലാൻഡിൽ നിന്ന് മടങ്ങിയെത്തിയ എനിക്ക് ബാങ്കിൽ നല്ല സ്വീകരണം തന്നെയാണ് ലഭിച്ചതെങ്കിലും എന്നെ സ്നേഹിച്ചു ബഹുമാനിച്ചിരുന്ന ബ്രിട്ടിഷുകാരായ ഡേവിഡ് ബെറിയും, ക്ലൈവ് ഷവാർഡും ഒക്കെ, അപ്പോഴേക്ക് ബാങ്കിൽ നിന്ന് പിരിഞ്ഞു പോയി കഴിഞ്ഞിരുന്നു.
ആറു സ്റ്റേറ്റുകളുള്ള കുവൈറ്റിലെ ഒന്നാം സ്റ്റേറ്റിലെ ഏറ്റവും വലിയ ബ്രാഞ്ചായ അബ്ദുള്ള മുബാറക് ബ്രാഞ്ചിൽ നിന്ന് ആറാമത്തെ സ്റ്റേറ്റിലെ ഒരു രണ്ടാംനിര ബ്രാഞ്ചായ അഹമ്മദി ബ്രാഞ്ചിലേക്കാണ് മടങ്ങി എത്തിയ എനിക്ക് കിട്ടിയ പുതിയ നിയമനം. ഒരു കൊല്ലത്തെ നീണ്ട വനവാസത്തിന് ശേഷം മടങ്ങിയെത്തിയ  എനിക്ക്, ആറാമത്തെ സ്റ്റേറ്റിലെ ഒരു രണ്ടാംനിര ബ്രാഞ്ച് തന്നപ്പോൾ, അന്നത്തെ ചീഫ് ജനറൽ മാനേജരായിരുന്ന( Chief Executive Officer)
അഭിവന്ത്യനായ ശ്രീ ജമാൽ അൽ മുത്വാ (Mr.Jamal Al Mutwa)പറഞ്ഞു തന്ന ഒരു വാക്ക് എനിക്കിന്നുമൊരു പ്രചോദനമാണ്.  
"തൽക്കാലം നിനക്ക് ഈ നാറിയ ബ്രാഞ്ച് തരുന്നു. ഒരു കൊല്ലം കൊണ്ട്  ഈ ബ്രാഞ്ച് നല്ലതാക്കിയെടുത്താൽ ബാങ്കിന്റെ ഏറ്റവും വലിയ ബ്രാഞ്ചായ ഫഹാഹീൽ ബ്രാഞ്ച് നിനക്ക് തന്നിരിക്കും"...
അറബിയിലാണ് അദ്ദേഹം പറഞ്ഞത്. 
(മിൻ ഫെറ ഹാദാ , റീഹാ ഇത്തള മുസൈൻ. ആന ആത്തിക്കു വഖ്ത് മേശനുക് സന വാഹദ്... ഇറിജാ റീഹാ സൈൻ.? ഇന്ഷാ അല്ലാഹ് ,ആന ആത്തിക്കു അക്ബർ ഫെറ അൽ ബാങ്ക്തിജാരി ... ഫഹാഹീൽ...)
അതൊരു ഒന്നര വാക്കായിരുന്നു. ഒരു വർഷം തികഞ്ഞില്ല. അദ്ദേഹം വാക്ക് പാലിച്ചു. ബാങ്കിന്റെ ഏറ്റവും മുതിർന്ന ബ്രാഞ്ചായ ഫഹാഹീൽ ബ്രാഞ്ചിലേക്ക് എനിക്ക് സ്ഥാന കയറ്റം തന്നു...

ഇതിനിടയിൽ ബാങ്കിന്റെ ചെയർമാനും അദ്ദേഹത്തിന്റെ ഭാര്യയായ നമ്മുടെ ഈ എപ്പിസോഡുകളിലെ നായികയുമായി ഷൈഖാ നൂറയുമായുള്ള സുഹൃത് ബന്ധങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.
വളരെ ദൂരെയാണങ്കിലും,  മാസത്തിലൊരിക്കൽ ഷൈഖാ നൂറാ  ബ്രാഞ്ചിൽ വന്നു എന്നെ കാണാൻ മടി കാണിച്ചിരുന്നില്ല. ഏതു വിദേശയാത്രയ്ക്ക് ശേഷവും ഞങ്ങളെ വീട്ടിൽ വിളിച്ചു കൊണ്ട് പോയി നിരവധി പാരിതോഷികങ്ങൾ തരുകയും, ഒപ്പം വിഭവസമൃദ്ധമായ ആഹാരം സ്വന്തം കൈ കൊണ്ട്  വിളമ്പി തരുകയും ചെയ്യുമായിരുന്നു.  എല്ലാം ഇന്നലെയെന്ന പോലെ ഓർമ്മകളിൽ ഇടം പിടിച്ചിരിക്കുന്നു...
അങ്ങനെ ഇരിക്കെ ഒരു ദിവസം, ഷൈഖാ നൂറാ ബ്രാഞ്ചിൽ വന്നപ്പോൾ എന്നോടൊരു സ്വകാര്യം പറഞ്ഞു. നിന്നെ ബ്രാഞ്ചിൽ നിന്ന് മാറ്റി പുതതായി തുടങ്ങാൻ പോകുന്ന ഏതോ ഒരു ഡിവിഷന്റെ മാനേജരാക്കാൻ പോകുന്നു എന്ന് കേട്ടല്ലോ. ഞാൻ ചോദിച്ചു? ആരു പറഞ്ഞു?
"ഷെയ്ഖ്"(Chairman)പറഞ്ഞു. സത്യത്തിൽ എനിക്കിതേപ്പറ്റി ആ സമയത്തു ഒന്നുമറിയുമായിരുന്നില്ല. ഈ വക കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ ജോലിയിൽ മാത്രം ശ്രദ്ധ ചെലുത്തി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോൾ, കേൾക്കാൻ സുഖമുള്ള ഒരു വാർത്ത കേട്ടപ്പോൾ സത്യത്തിൽ മനസ്സൊന്ന് കുളിർത്തു.
പിന്നതേപ്പറ്റിയൊന്നും കേൾക്കാതിരുന്നപ്പോൾ ആ സംഭവവും മറവിയിലാണ്ട് പോയി. പക്ഷേ അധിക ദിവസം വേണ്ടില്ല. ഒരു ദിവസം കാലത്തു ഹെഡ് ഓഫീസിൽ റീറ്റെയ്ൽ ഡിവിഷന്റെ ഹെഡ് ആയിരുന്ന അലി അൽ മുദേഹിമിന്റെ സെക്രട്ടറി നവാളിന്റെ ടെലിഫോൺ കാൾ... അടിയന്തിരമായി റീറ്റെയ്ൽ ഡിവിഷനിൽ എത്തണം.
എത്തി. ചെന്നപ്പോൾ അന്നത്തെ രണ്ടു റീജിയണൽ മാനേജരന്മാരും (സൽവ Salwa ആൻഡ് താഹിർ Taher)റീറ്റെയ്ൽ ജനറൽ മാനേജരുടെ മുറിയിൽ  ഇരിക്കുന്നു.
ചെന്നപാടെ ജനറൽ മാനേജരായിരുന്ന അലി എന്നോട് ചോദിക്കുന്നു. മറ്റേതെങ്കിലും ഡിപ്പാർട്മെന്റിൽ നിന്ന് പുതിയ ഓഫ്ഫർ വല്ലതും നിനക്ക് വന്നിട്ടുണ്ടോ? ഇല്ല. എന്റെ മറുപടി. എന്നാൽ ഉടനെ ഒരു ഓഫ്ഫർ നിനക്കു വരും...പുതുതായി തുടങ്ങുന്ന പ്രൈവറ്റ് ബാങ്കിങ്ങ് ഡിവിഷനിൽ(Private Banking Division) നിന്റെ പേരാണ് കേൾക്കുന്നത്. പ്രൈവറ്റ് ബാങ്കിങ് ഡിവിഷൻ എന്ന് പറഞ്ഞാൽ കേൾക്കാൻ വലിയ സുഖമില്ലെങ്കിലും, അത്  ഒരു ബാങ്കിന്റെ അടിത്തറയാണ്. ആ സെഗ്‌മെന്റിൽ (segment)വരുന്ന എല്ലാ കസ്റ്റമേഴ്സും വലിയ സാമ്പത്തീക ഭദ്രതയുള്ളവരായിരുക്കും.
ആധുനിക കാലഘട്ടത്തിൽ അങ്ങനെയുള്ളവർ ഇല്ലാതെ ഒരു ബാങ്കിനും മുന്നോട്ടു പോകാനാവില്ല. അതുകൊണ്ടാണ് പ്രൈവറ്റ് ബാങ്കിങ്ങ് ഡിവിഷൻ (Private Banking Division) പുതുതായി തുറന്നു പ്രവർത്തിക്കാൻ ബാങ്കിന്റെ ബോർഡ് അംഗീകാരം കൊടുത്തിരിക്കുന്നത്.
ഏതായാലും എനിക്കന്നു വരെ ഒരു വിവരവും (ഷൈഖാ നൂറാ അന്ന് ബ്രാഞ്ചിൽ വന്നപ്പോൾ പറഞ്ഞതല്ലാതെ) ഇതേപ്പറ്റി അറിയുമായിരുന്നില്ല. അവർ പറഞ്ഞത് ഞാൻ അവിടെ വിളമ്പാനും നിന്നില്ല. എന്നാൽ അവിടെ നിന്ന് മടങ്ങി
പോരുമ്പോൾ,റീജിയണൽ മാനേജർ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചു  ഒരു ലെറ്റെറിന്റെ  കോപ്പി എന്നെ കാണിച്ചു തന്നു. അത് വായിച്ചു കഴിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ശരിക്കും ഞാൻ പൊട്ടിക്കരഞ്ഞു. സന്തോഷാശ്രുക്കളാൽ കണ്ണീർ പ്രവാഹം. പെട്ടന്ന് റീജിയണൽ മാനേജർ ആരും കാണാതിരിക്കാൻ പോയി മുറിയുടെ വാതൽ അടച്ചു. ഈ ലെറ്റർ  എഴുതിയിരിക്കുന്നത് അന്നത്തെ ചീഫ് ജനറൽ മാനേജരായ ശ്രീ.ജമാൽ, (Chief Executive Manager) റീറ്റെയ്ൽ ജനറൽ മാനേജർ  ശ്രീ അലിക്കെഴുതിയ(Retail General Manger) കത്താണ്. അതിന്റെ ഉള്ളടക്കം പുതിയതായി തുടങ്ങുന്ന പ്രൈവറ്റ് ബാങ്കിങ്ങ് ഡിവിഷനിലേക്ക് എന്നെ വിട്ടു കിട്ടണമെന്നാണ്. അതിലെ ഒരു വാചകം എനിക്കൊരു "പദ്മ" പുരസ്‌ക്കാരങ്ങൾക്കും മേലെയാണ് . അതെന്താണെന്നോ? പുതുതായി 
തുടങ്ങാനുദ്ദേശിക്കുന്ന പ്രൈവറ്റ് ബാങ്കിങ്ങ് ഡിവിഷൻ എന്നെ അല്ലാതെ മാറ്റൊരാളെ ഏൽപ്പിക്കുന്ന കാര്യം അദ്ദേഹത്തിന് ചിന്തിക്കാൻ പോലും കഴിയില്ല പോലും...
ഒന്നോർക്കണം...സ്വദേശികളും ഒരുപാട് രാജ്യങ്ങളിൽ നിന്നുള്ള വിദേശികളും ജോലി ചെയ്യുന്ന സാമ്പത്തിക സ്ഥാപനങ്ങളാണ് കുവൈറ്റിലുള്ള എല്ലാ ബാങ്കുകളും.
സാങ്കേതികമേഖലയിൽ കഴിവ് തെളിയിച്ചു ജനറൽ മാനേജർ പദവിയിൽ വരെ എത്തിയിട്ടുള്ള മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ ധാരാളം. അവരോടെല്ലാമുള്ള ബഹുമാനം നിർത്തിക്കൊണ്ട് തന്നെ പറയട്ടെ. അവരെല്ലാം "സ്ക്രീനിനു പിന്നിലാണ്" തിളങ്ങിയത്. പക്ഷേ ഇത്...ഈ അവസരം "സ്‌ക്രീനിൽ തിളങ്ങാനുള്ളതാണ്". അതിനുള്ളവസരം ഒരു ഇന്ത്യക്കാരന് കൊടുത്താൽ അവിടെ തിളങ്ങാൻ ബുദ്ധിമുട്ടാകും. ഭാഷയുടെ പ്രശ്നവും മൂന്നാംകിട രാജ്യക്കാരനെന്നുള്ള ഒരു ലേബേലും കുവൈറ്റികൾക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാകും. കാരണം ആ പദവിയിലിരുന്നു വലിയ സാമ്പത്തിക ഭദ്രതയുള്ള ???????? കുവൈറ്റികളുമായി നേരിട്ടാണ് സംസാരം. അവരുടെ ശയിലിയും സംസ്ക്കാരവും ഒക്കെ  ഉൾക്കൊണ്ട് സംസാരിക്കണം. പെരുമാറണം. അല്ലാതെ അവരുടെ കമ്പനി ഉദ്യോഗസ്ഥരായ അക്കൗണ്ട്ന്റിനെയും, ഐ. ടി. മാനേജരുമായും, ഉള്ള bhandavum സംസാരവുമല്ല... "അവിടെയാണ് മേൽപ്പറഞ്ഞ ലെറ്ററിന്റെ പ്രസക്തി...".
എന്തായാലും ഞാൻ ആ  ലെറ്ററിന്റെ ഒരു കോപ്പി  തരാമോ എന്ന് ചോദിച്ചപ്പോൾ ഇത് വളരെ പ്രധാനപ്പെട്ട ഒരു മെമ്മോ ആണ്.
വെളിയിൽ പോകാൻ പാടില്ല. അലി അറിഞ്ഞാൽ പ്രശ്നമാണ്. ഞാൻ പറഞ്ഞു ആരും അറിയില്ല. ഞാനിത് 
ന്യൂസിഅലൻഡിൽ പോകുമ്പോൾ കൊണ്ട് പോയി ഭാര്യയെയും മക്കളെയും കാണിച്ചിട്ട് കീറിക്കളയും. അദ്ദേഹം സമ്മതിച്ചു. എന്നാൽ ഞാനത് കീറിക്കളഞ്ഞില്ല. പകരം ഞാനത് ന്യൂസിലൻഡിൽ കൊണ്ടുവന്ന് ഫ്രെയിം ചെയ്ത് എന്റെ ലിവിങ് റൂമിൽ തൂക്കിയിട്ടിരിക്കുന്നു...ഇതൊന്നും നടപ്പിൽ വന്നില്ല എന്നത് യാഥാർഥ്യം. എന്നിരുന്നാലും 
ആ ലെറ്റെറിന്റെ ഒരു കോപ്പി  ഇവിടെ കമന്റ്‌ കോളത്തിൽ ആദ്യമായി ഞാൻ ഷെയർ ചെയ്യുന്നു. ആകെ കൂട്ടികുഴച്ചു വായിക്കുമ്പോൾ, ഇതിന്റെയൊക്കെ പിന്നിൽ ഒരു രാജകുമാരി ഇല്ലായെന്ന് പറയാൻ എനിക്ക് മനസ്സ് വരുന്നില്ല. തെറ്റാകാം... ശരിയാകാം...
അടുത്തലക്കത്തിൽ അവരുടെ ദാരുണമായ അന്ത്യം കണ്ണീരോടല്ലാതെ എനിക്കെഴുതി തീർക്കാൻ കഴിയുകയില്ല...

പ്രതീക്ഷിക്കാം. അടുത്ത ചൊവാഴ്ച.

തുടരും...