ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 17. Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Sixteen).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 17.

Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Sixteen).
---------------------------------------------------------------------

എന്തായാലും ഷെയ്‌ഖ നൂറാ അന്ന് ബാങ്കിൽ വന്നപ്പോൾ പറഞ്ഞ കാര്യം, പിന്നീട് എന്നെ ഹെഡ് ഓഫീസിൽ വിളിപ്പിച്ചതും, ചീഫ് ജനറൽ മാനേജരുടെ മെമ്മോറാണ്ടത്തിന്റെ കോപ്പിയും അതിൽ എഴുതിയിരുന്നതു
മൊക്കെ കൂട്ടി വായിച്ചപ്പോൾ കാര്യം സത്യമായിരുന്നു  എന്ന് എനിക്ക് മനസ്സിലായി... പക്ഷേ കാര്യങ്ങളൊന്നും പ്രതീക്ഷിച്ച പോലെ നടന്നില്ല. കുവൈറ്റി മാനേജ്മെന്റ് തമ്മിലുണ്ടായ മുർക്കിളമ തർക്കത്തിൽ പ്രൈവറ്റ് ബാങ്കിങ് ഡിവിഷൻ (Private Banking Division)തുറന്നു പ്രവർത്തിക്കാൻ എടുത്ത തീരുമാനം തൽക്കാലം മാറ്റി  വച്ചു. പ്രൈവറ്റ് ബാങ്കിങ്ങ് ഡിവിഷൻ തുടങ്ങാൻ എല്ലാവിധ പ്രോത്സാഹനങ്ങളും കൊടുത്തു കൊണ്ടിരുന്ന അന്നത്തെ  വെർച്യുൽ  ബാങ്കിങ് ജനറൽ മാനേജരും(Virtual Banking Division General Manager) ചീഫ് ജനറൽ മാനേജരുമായുണ്ടായ ശീത സമരത്തിൽ  വെർച്യുൽ മാനേജർ പുറത്തു പോയി. അതോടെ ആ ഡിവിഷന്റെ ആയുസ്സും അവിടെ അവസാനിച്ചു. എന്റെ പ്രതീക്ഷകളും...  എന്നാൽ അപ്പോഴേക്ക് എന്നെ ഒരു റീജിയണൽ മാനേജർ പദവിയിലേക്ക് നിർദേശിച്ചു എന്നറിയാൻ കഴിഞ്ഞു. പിന്നെയും സമയമെടുത്ത്  ഇതൊക്കെ നേടിയെടുക്കാൻ എന്നുള്ളത് യാഥാർഥ്യം. പത്തു വര്ഷങ്ങള്ക്കു ശേഷം സാല അൽ അത്യ (Saleh Al Athya) എന്നൊരു കുവൈറ്റി യുവാവ് ജനറൽ മാനേജരായി പ്രൈവറ്റ് ബാങ്കിങ് ഡിവിഷൻ വീണ്ടും അരങ്ങത്തു വന്നു എന്നൊരു മറ്റൊരു യാഥാർഥ്യം . അധികം ആയുസ്സുണ്ടായിരുന്നില്ല ആ തുടക്കത്തിന്. അത് മറ്റൊരു യാഥാർഥ്യം. പക്ഷെ അപ്പോഴേക്ക് ഞാൻ ആ ബാങ്കിന്റെ പടിയിറങ്ങിയിരുന്നു...
എന്നാൽ ഞാൻ പറയാൻ വന്ന വിഷയം മറ്റൊന്നായിരുന്നു. ഇതിന്റെ തലക്കെട്ടിൽ കുവൈറ്റിലെ രാജകുടുംബത്തിലെ ഒരു രാജകുമാരിയായ "ഷെയ്‌ഖ നൂറാ അൽ നാസ്സർ അൽ അതബി അൽ സബാഹ്".അവരുമായുണ്ടായ ഒരു സ്നേഹ ബന്ധം യാദ്ര്ശ്ചികമായിരുന്നു. ഒരു ബാങ്കിൽ അറിയാത്ത ഒരു കസ്റ്റമർ കടന്നു വരുന്നു. ഒരു ബാങ്ക് ഓഫീസർ ഒരക്കൗണ്ട് തുടങ്ങിവയ്ക്കാൻ സഹായിക്കുന്നു. ആ ബന്ധം അവരുടെ രാജകുടുംബാംഗമായ ബാങ്ക് ചെയർമാനിലേക്കു വരെ എനിക്ക് എത്തിച്ചേരാൻ വഴിയൊരുക്കുന്നു.ഒരു കുടുംബ ബന്ധമായി അത് വളർന്നു വലുതാകുന്നു. എന്റെ ജാതി അവരാരും ഒരിക്കൽ പോലും ചോദിച്ചിട്ടില്ല. മത വിശ്വാസങ്ങൾ എന്താണവർ ചോദിച്ചിട്ടില്ല. പലപ്പോഴും വീട്ടിൽ ക്ഷണിച്ചു വരുത്തി ആഹാരം വിളമ്പിത്തരും. എവിടേക്കു വിദേശ യാത്ര പോകുന്നതിനു മുൻപ് ബാങ്കിൽ വന്നറിയിക്കാറുണ്ടായിരുന്നു. മടങ്ങി വരുമ്പോൾ പാരിതോഷികങ്ങൾ എത്തിക്കാറുണ്ടായിരുന്നു. ആ ബന്ധം മക്കളിലേക്കും പടർന്നു പന്തലിച്ചു.
അങ്ങനെയിരിക്കെ ഒരിക്കൽ അവർ ബ്രാഞ്ചിൽ വന്നപ്പോൾ "അഭിനന്ദനങ്ങൾ നായർ... നീ കുവൈറ്റിലുള്ള ആറു സംസ്ഥാനങ്ങളിലെ അവസാനത്തെ സംസ്ഥാനമായ അഹമ്മദി ഗവർണറേറ്റിലെ (ആറാം ഗവർണറേറ്റിലെ) റീജിയണൽ മാനേജരായി പ്രൊമോഷൻ കിട്ടി പോകുന്നെന്ന് ചെയർമാൻ പറയുന്നത് കേട്ടല്ലോ"...ഞാൻ പറഞ്ഞു. "ശരിയാണ്. അടുത്ത ഞായറാഴ്ച മുതൽ സബാഹ് അൽ സാലം (Sabah Al Salam Area)
എറിയയിലുള്ള റീജിയണൽ ഓഫീസിലേക്ക് ഞാൻ മാറുകയാണ്. എല്ലാവിധ സഹായങ്ങളും തുടർന്നുണ്ടാകണം" .അവർ മന്ദഹസിച്ചു... 
ഒരു ബ്രാഞ്ച് മാനേജർ പദവിയോ റീജിയണൽ മാനേജർ പദവിയോ മഹത്തരമാണോ എന്ന് ചോദിച്ചാൽ കുവൈറ്റിൽ ഒരു വിദേശിക്ക് മഹത്തരം തന്നെയാണ്. അതിലും പ്രത്യേകിച്ച് ഒരു അറബ് വംശജരല്ലാത്തവർക്കു. ഇതിലൊക്കെ ഉപരിയായിട്ടു ഒരു ഇന്ത്യക്കാരന്. അല്ലങ്കിൽ മൂന്നാം ലോകങ്ങളിൽ നിന്നെത്തുന്നവർക്ക്. കാരണം ഇത്തരം ജോലികൾക്കു സാങ്കേതിക മികവല്ല പ്രാധാന്യം. "സ്‌ക്രീനിൽ തിളങ്ങണം"...പിന്നിലെ തിളക്കമല്ല...സ്വദേശികൾക്കിടയിൽ നമ്മൾ തിളങ്ങണം. അതാണ് ഇതിലെ ഏറ്റവും പ്രായോഗികമായ ബുദ്ധിമുട്ട്...എന്തായാലും അവരുടെ വാക്കുകളിൽ സന്തോഷത്തിന്റെയും ആത്മാർത്ഥയുടെയും ആത്മസംതൃപ്തി
യുടെയും സൗഹൃദത്തിന്റെയും സ്പുരണങ്ങൾ നിഴലിച്ചിരുന്നു.

അന്ന് അവരുടെ കൂടെ ഏറ്റവും ഇളയ മകൻ കൈക്കുഞ്ഞായിരുന്ന ഷെയ്ഖ് അബ്ദുൽ ലത്തീഫും  കൂടെയുണ്ടായിരുന്നു. അവർ തുടർന്ന്... "ഞാൻ അത്യാവശ്യമായി അമേരിക്കയിലേക്ക് പോകുന്നു. രണ്ട് മാസം കഴിഞ്ഞു മാത്രമേ മടങ്ങിയെത്തുകയുള്ളു"... നീണ്ട യാത്രയാണല്ലോ? എന്ത് പറ്റി?  എന്റെ ചോദ്യം. "സുഖമില്ല ഒരു കമ്പ്ലീറ്റ് മെഡിക്കൽ ചെക്കപ്പ് നടത്തണം.(Complete medical check up) പൂർണ്ണ വിദഗ്ധ പരിശോധനയുണ്ട്. "മടങ്ങി വന്നിട്ട് കാണാം. മടങ്ങി വരുമ്പോൾ എന്ത് കൊണ്ട് വരണം"..."സ്നേഹം മാത്രം. സന്തോഷമായി സുരക്ഷിതയായി മടങ്ങി വരണം"... എന്റെ മറുപടി. ഞാൻ അവരുടെ കൂടെ വണ്ടി കിടക്കുന്ന സ്ഥലം വരെ നടന്നു.
അപ്പോഴേക്ക് "ഡ്രൈവർ ഖാൻ" വണ്ടി സ്റ്റാർട്ട് ചെയ്തു നിർത്തിയിരുന്നു.അവർ വണ്ടിയിൽ കയറി കൈ കാട്ടി മടങ്ങി. അത് അവസാനത്തെ കാഴ്ച ആയിരിക്കുമെന്ന് അന്ന് ഞാനോർത്തില്ല...!!!

ഓർക്കാനും എഴുതാനും വളരെ വിഷമമുള്ള ആ എപ്പിസോഡ് അടുത്ത ചൊവാഴ്ച ഏഴുതി  അവസാനിപ്പിക്കാം...  

തുടരും...