ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 18. Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Seventee).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 18.

Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Seventee).
---------------------------------------------------------------------

അന്ന് ഷെയ്‌ഖ നൂറാ കൈ വീശി അമേരിക്കയിലേക്ക് പോയെങ്കിലും, 
പിറ്റേ ഞായറാഴ്ച ഞാൻ റീജിയണൽ മാനേജർരായി ചാര്ജടുക്കാൻ പോകുന്നതിന് മുൻപ്, ഹെഡ്ഓഫീസിൽ പോയി ചെയർമാൻ,  സി.ഈ.ഓ.  മറ്റു റീറ്റെയ്ൽ മാനേജ്‌മന്റ്  മേധാവികളെയും ഒക്കെ കണ്ട ശേഷം, മടങ്ങി ഓഫീസിൽ എത്തി ചാർജ്ടുക്കാൻ കയറിയപ്പോൾ, വിലകൂടിയ ഒരു പൂക്കൂടയും അത്രതന്നെ വിലയുള്ള ഒരു ചോക്ലേറ്റ് നിറച്ചു ബോക്സും അലങ്കരിച്ചു വച്ചിരിക്കുന്നു. അത് എന്റെ മേശമേൽ ഇടം പിടിച്ചിരിക്കുന്നു. ചോക്ലേറ്റിന്റെയും പൂക്കളുടെയും അടുത്ത് ചെന്ന് എന്താണതിൽ എഴുതി വച്ചിരിക്കുന്നത് വായിച്ചു നോക്കിയപ്പോൾ അറബിയിൽ എഴുതിയിരിക്കുന്നു... "എല്ലാ വിധ പ്രാർത്ഥനയും അനുഗ്രഹങ്ങളും നായർ.  സ്നേഹപൂർവ്വം..നൂറാ അൽ സബാഹ്"...എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഈ വാക്കുകൾ ഇന്നും നിരന്തരമായി പല സ്ഥലങ്ങളിലും ഞാൻ എഴുതിയിടാറുണ്ട്. അപ്പോഴൊക്കെ അകാലത്തിൽ പൊലിഞ്ഞു പോയ ആ കുഞ്ഞു പെങ്ങളെ അറിയാതെ ഓർത്തു പോകും...ആ ഞായറാഴ്ച്ചയ്ക്ക് മുൻപ് തന്നെ അവർ അമേരിക്കയിൽ എത്തിയിരുന്നു എന്നുള്ളതാണ് സത്യം.  പോകുന്നതിനു മുൻപ് അവർ എന്നെ മറക്കാതെ  പൂക്കളും ചോക്ലേറ്റും ഓഫീസിൽ വയ്ക്കാൻ എനിക്ക് അയച്ചു തന്നിരിക്കുന്നു. ഞാൻ എന്റെ അന്നത്തെ സെക്രട്ടറി ആയിരുന്ന ഷൈമ അൽ മെഴ്‌സീയോടെ(Shaima Al Mercy) ഇതാരാണ് ഇവിടെ കൊണ്ട് വന്നത് എന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞു. "സാർ രണ്ട് കൂട്ടരാണ് ഇത് കൊണ്ട് വന്നത്. കാലത്തു ഏഴരമണിക്കിവിടെ എത്തിച്ചു"...

സ്നേഹം എന്ന വാക്കിന് എത്രയോ ആഴത്തിലുള്ള അർത്ഥതലങ്ങൾ...

ദിവസങ്ങൾ ഏതാണ്ട് കഷ്ടിച്ച് ഒരു മാസത്തിന് വഴി മാറിയപ്പോൾ,ഒരു ദിവസം ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ  അത്ര പരിചയമില്ലാത്ത ലാൻഡ് ലൈനിൽ നിന്ന് എനിക്കൊരു ടെലിഫോൺ കാൾ വരുന്നു. മറുതലയ്ക്കൽ ഹിസ്സ് എക്സലൻസി ഷെയ്ഖ് മിഷാൽ അൽ ജർറാഹ് അൽ സബാഹ് .(His Excellency Sheikh Mishal Al Jerrah Al Sabah).ആരാണന്നറിയണ്ടേ ഷെയ്ഖ് മിഷാൽ...? നമ്മുടെ കഥനായികാ ഷെയ്‌ഖ നൂറായുടെ ഭർത്താവും ബാങ്കിന്റെ ചെയർമാനുമായ ഷെയ്ഖ് മൊഹമ്മദിന്റെ ഇളയ സഹോദരനാണ്. അന്ന് അദ്ദേഹം കുവൈറ്റിലെ "അമ്‌നിദ്വല"യുടെ ചെയർ മാനാണ്. "അമ്‌നി ദ്വല: എന്നത് അറബി വാക്കാണ്. ഒരു രാജ്യത്തെ എല്ലാത്തരത്തിലുമുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ചുമതലയാണ്.  ഏതൊരു ഒരു മിനിസ്റ്ററുടെ പദവിയെക്കാൾ മുന്നിൽ നിൽക്കും. ഞാൻ അദ്ദേഹത്തെ ദിവാനിയ വിസിറ്റിലൂടെ(Diwaniya visit)
പരിചയപ്പെട്ടിലുള്ളതാണ്. നല്ലൊരു സ്വഭാവത്തിനുടമയായ ഷെയ്ഖ് മിഷാൽ ക്രിമിനലുകളെ ശ്രദ്ധിക്കേണ്ടി വരുന്നു. പ്രകൃതിയിലെ വിരോധാഭാസം...
അദ്ദേഹമാണ് ഷെയ്‌ഖ നൂറായുടെ അകാലദേഹവിയോഗം എന്നെ അറിയിക്കുന്നത്. സപ്ത നാഡികളും തളർന്നു പോയി. മുന്നിലിരിക്കുന്ന പുഷ്പ്പങ്ങൾക്ക് അത്രയധികം വാട്ടം സംഭവിച്ചിട്ടില്ല. ബോക്സിലുണ്ടായിരുന്ന ചോക്ലേറ്റ്‌കൾ  പിന്നെയും ബാക്കി.
ഓരോന്നും മനസ്സിലുടെ കടന്നു പോയി. ഒന്ന്
പൊട്ടിക്കരയണമെന്നുണ്ടായിരുന്നു. പക്ഷേ എങ്ങനെ? വണ്ടിയോടിക്കാൻ വേണ്ട ത്രാണിയുണ്ടായിരുന്നില്ല .അതുകൊണ്ട് റീജിയണൽ ഓഫീസിലുണ്ടായിരുന്ന ലോൺ ഫയലുകളൊക്കെ നോക്കിയിരുന്ന ഒരു സൂപ്പർവൈസറി സ്റ്റാഫിനെ കൂട്ടി ചെയർമാന്റെ വീട്ടിലേക്ക് പോയി. അവിടെ ചെല്ലുമ്പോൾ ദിവംഗതയായ ഷെയ്‌ഖ നൂറായുടെ മക്കളും അവരുടെ ഭർത്താവ് ബാങ്ക് ചെയർമാനായ ഷെയ്ഖ് മുഹമ്മദും അവിടെ ഉണ്ടായിരുന്നില്ല. അവരെയെല്ലാം രാജകൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതെല്ലാം സെക്യൂരിറ്റി സ്റ്റാഫ് അംഗങ്ങൾ പറഞ്ഞറിയാൻ കഴിഞ്ഞു. കൂടുതൽ വിശദവിവരങ്ങൾ എല്ലാം തൊട്ടടുത്തുള്ള ദിവാനിയായിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്.  ഏതോ ട്രീട്മെന്റിന് വേണ്ടിയാണ് അമേരിക്കയിലേക്ക് പോയത്.
അതിനിടയിലാണ് മരണം സംഭവിച്ചത്. അന്ന് രാത്രിയിൽ ആറു മക്കളുടെ അമ്മയായ ആ സാധു സ്ത്രീയുടെ ചേതനയറ്റ ശരീരം രാജാവിന്റെ പ്രത്യേക വിമാനത്തിൽ കുവൈറ്റ് എയർപോർട്ടിലിറങ്ങി. പിറ്റേ ദിവസം ഉച്ചയോടെ കുവൈറ്റിലെ സുലൈബിക്കാട്ടുള്ള ശ്മശാനത്തിൽ രാജകുടുംബങ്ങൾക്കായുള്ള
പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കബറിടത്തിൽ നാൽപ്പത് വയസ്സിൽ താഴെ പ്രായമുണ്ടായിരുന്ന ആ പാവം രാജകുമാരിയുടെ ശവശരീരം അടക്കം ചെയ്യപ്പെട്ടു. കുവൈറ്റിലെ രാജാവും രാജപ്രമുഖനും ഒട്ടു മിക്ക രാജകുടുംബാംഗങ്ങളും കുവൈറ്റിലെ പൗരമുഖ്യന്മാരും വ്യവസായ പ്രമുഖരുമൊക്കെ ഉൾപ്പടെയുള്ള  നൂറു കണക്കിന് ആൾക്കാർ പങ്കെടുത്ത ഒരു കബറടക്കമായിരുന്നു.  
പക്ഷേ അവിടെയെങ്ങും സ്ത്രീകളുടെ ഒരു നിഴൽപോലും ഉണ്ടായിരുന്നില്ല എന്നുള്ളത് ശ്രദ്ധാർഹമാണ്...ദിവംഗതയായ ഷെയ്‌ഖാ നൂറാ നാല് പെൺമക്കളുടെ മാതാവായിരുന്നു. ആ പെൺമക്കൾ അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. ഞാൻ ജീവിതത്തിൽ ആദ്യവും അവസാനവും ആയി ഒരു ഇസ്ലാം മതവിശ്വാസത്തിൽപ്പെട്ട ഒരു വ്യക്തിയുടെ കബറടക്കത്തിൽ പങ്കെടുത്തിട്ടുള്ളത് എന്റെ ഏറ്റവും സ്നേഹവും ബഹുമാനവും ഉള്ള ഷെയ്‌ഖാ നൂറായുടേത് മാത്രമാണ്. കുവൈറ്റിൽ സാധാരണ ആരെങ്കിലും മരിച്ചാൽ 
ആ കുടുംബത്തിൽ മുന്ന് ദിവസത്തെ ദുഃഖാചരണം നടക്കുക പതിവാണ്.
ആയിരക്കണക്കിന് ദുഃഖാചരണത്തിൽ  ഞാൻ പങ്കെടുത്തിട്ടുമുണ്ട് .അതിന് അറബിയിൽ "ആസാ"(Azza) എന്നാണ് പറയുക. അവിടെ നമ്മൾ ഓരോരുത്തരുടെയും കൈ പിടിച്ചു മുത്തം കൊടുത്തു "ആദം അള്ളാ അജ്‌രിക്കും" എന്ന് പറയും. അപ്പോൾ അവർ മറുപടിയായി "അജ്‌റൂണും വള്ള അജ്ര്ക്കും" പറഞ്ഞു, ദിവാനിയയിൽ നിന്ന് ദെല്ലയും തൊമറും (കട്ടൻ കാപ്പിയോ അല്ലങ്കിൽ കട്ടൻ ചായയും ഈന്തപ്പഴവും) കഴിച്ചു മടങ്ങുന്നത് സർവ്വ സാധാരണം...
ഇതിനൊക്കെ ഉപരിയായി കബറടക്കത്തിന് ശേഷം ശ്മശാനത്തിനോട് ചേർന്നുള്ള ഒരു ഹാൾ ഉണ്ട്.അവിടെ ബന്ധുമിത്രാദികൾ പ്രായവും പദവിയുമൊക്കെ അനുസരിച്ചു് നിരനിരയായി നിൽക്കുമ്പോൾ അവിടെ കുടിയിട്ടുള്ള മറ്റു ആളുകൾ ചെന്ന് ദുഃഖമറിയിച്ചു മടങ്ങും. ഇവിടെ ഷെയ്‌ഖാ നൂറായുടെ കാര്യത്തിൽ കുവൈറ്റിലെ അന്നത്തെ രാജാവും രാജപ്രമുഖനുമൊക്കെയാണ് മുൻനിരയിൽ. 
അവിടെയുണ്ടായിരുന്ന ഏക ഇന്ത്യക്കാരൻ 
അന്ന് ഞാൻ മാത്രമായിരുന്നു എന്നാണ് എന്റെ ഓർമ്മ. ജീവിതത്തിൽ ആദ്യമായി ഒരു രാജ്യത്തെ രാജാവിന്റെ നെറുകയിൽ ചുംബിച്ചു ഞാൻ എന്റെ ദുഃഖം രേഖപ്പെടുത്തി.

ഇനിയും ഇതേപ്പറ്റി കൂടുതൽ എഴുതാൻ എനിക്ക് ശക്തി പോരാ. അതിന് മറ്റൊരു എപ്പിസോഡ് കുടി വേണ്ടി വരും. അടുത്ത ചൊവ്വാഴ്ച പ്രതീക്ഷിക്കാം...

തുടരും...