ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 19
Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Eighteen).Last part in this special subject.ഈ അദ്ധ്യായം അവസാനിക്കുന്നു.
---------------------------------------------------------------------
ഷെയ്‌ഖാ നൂറായുടെ കബറടക്കത്തിന് പോയ ശേഷം മുന്ന് ദിവസത്തെ ദുഃഖാചരണത്തിലും ഞാൻ പങ്കെടുക്കാൻ എത്തിയിരുന്നു.
താമസിയാതെ ഭർത്താവായിരുന്ന ഷെയ്ഖ് മുഹമ്മദ്, ബാങ്കിന്റെ ചെയർമാൻ പദവി രാജിവച്ചു. കുറെ മാസങ്ങൾക്കു ശേഷം കുവൈറ്റ് റിയൽ എസ്റ്റേറ്റ് കൺസോർട്ടിയത്തിന്റെ ചെയർമാനായി അദ്ദേഹം ചാർജെടുത്ത വിവരം പത്രങ്ങളിൽ നിന്ന് വായിച്ചറിഞ്ഞു.
ഞാൻ റീജിയണൽ മാനേജർ പദവിയിൽ നിന്ന് "സീനിയർ" റീജിയണൽ മാനേജർ പദവിയിലേക്ക് പ്രൊമോഷൻ കിട്ടി എന്റെ ഉത്തരവാദിത്വങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു കാലങ്ങൾ തള്ളി നീക്കി...
മനുഷ്യജീവിതത്തിൽ കാലം മായ്ക്കാത്തതൊന്നുമില്ലന്ന് പറയുമെങ്കിലും, ചിലതൊക്കെ മായാതെ മറയാതെ മരണം വരെ തുടർന്ന് കൊണ്ടേയിരിക്കും.
അനുഭവം സാക്ഷി...മരിച്ചു പോയ ഷെയ്‌ഖാ നൂറായുടെ ആറു മക്കളിൽ (നാലു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും) മൂത്ത മകളായ ഷെയ്‌ഖാ ഷെയ്‌ഖാ കുറെ മാസങ്ങൾക്കു ശേഷം ഒരു ട്രൈനിങ്ങിനായി ബാങ്കിന്റെ ഇന്റർനാഷണൽ ഡിവിഷനിൽ വരികയുണ്ടായി. പിന്നീട് ആ കുട്ടി അതേ ഡിവിഷനിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഹെഡ് ഓഫീസിൽ ഏതോ ഒരു മീറ്റിംഗിന് പോയി മടങ്ങുമ്പോൾ അവിചാരിതമായി ലിഫ്റ്റിൽ വച്ച് ആ കുട്ടിയെ കാണുകയുണ്ടായി. അവൾ ചിരിച്ചുകൊണ്ട് പറയുന്നു. "ഉമ്മ മരിച്ചതിൽപ്പിന്നെ ആദ്യമായിട്ടാണല്ലോ നിന്നെക്കാണുന്നത്".
ആ ചോദ്യത്തിൽ ഒരു ആയിരം ചോദ്യ
ചിഹ്നങ്ങളുണ്ടെന്ന് എനിക്ക്തോന്നി..!!!
അന്ന് വൈകിട്ട് ഞാൻ കുടുംബസമേതം അവരുടെ വീട്ടിലെത്തി. കാലേ കൂട്ടിപ്പറഞ്ഞിരുന്നത് കൊണ്ട്, എല്ലാവരും ഞങ്ങളെ പ്രതീക്ഷിച്ചവിടെ ഉണ്ടായിരുന്നു.
എന്നെ കണ്ടതും പെൺമക്കൾ നാലുപേരും പൊട്ടിക്കരയുന്നു. ആൺകുട്ടികൾ രണ്ട് പേരും വിതുമ്പുന്നു. ഭർത്താവ് ഷെയ്ഖ് മുഹമ്മദ് ഒന്നും പറയാതെ എവിടെയോ ദൂരത്തിലേക്ക് കണ്ണും നട്ടിരിക്കുന്നു. എനിക്ക് വികാരം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു വലിയവായിൽ നിലവിളിച്ചു പോയി. എല്ലാവരും സാവധാനം യാഥാർഥ്യത്തിലേക്ക് മടങ്ങി. ഞാൻ കബറടക്കത്തിൽ പോയിരുന്നതും തുടർന്നുണ്ടായിരുന്ന മുന്ന് ദിവസത്തെ ദുഃഖാചരണത്തിൽ പങ്കെടുത്തിരുന്നതും അവിടെയെല്ലാവരും
അറിഞ്ഞിട്ടുണ്ടായിരുന്നു. ആരും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിതമായ ഒരു അകാലമരണത്തെ ഉൾക്കൊള്ളാൻ അപ്പോഴും അവിടെയാർക്കും കഴിഞ്ഞിരുന്നില്ല എന്നത് യാഥാർഥ്യം...
ആഹാരമൊക്കെ കഴിഞ്ഞു മടങ്ങിപ്പോരാൻ തുടങ്ങുമ്പോൾ മക്കൾ പറയുന്നു.
"അമ്മേ പോയിട്ടുള്ളൂ ഞങ്ങളെല്ലാവരും ഇവിടെയുണ്ടാകും"...
അവിടെ നിന്ന് പോരുന്നതിന് മുൻപ് മക്കളുടെയെല്ലാവരുടെയും മൊബൈൽ നമ്പറുകൾ എന്റെ ഫോണിൽ പകർത്തി.
അതിനിടയിൽ ആ വലിയ മനുഷ്യൻ ഷെയ്ഖ് മുഹമ്മദ് പറയുന്നു...
"നീ അറിഞ്ഞോ? ഞാൻ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിന്റെ ഡെപ്യൂട്ടി ചെയർമാനായി താമസിയാതെ ജോയിൻ ചെയ്യുകയാണ്". അറിഞ്ഞിരുന്നു. എന്റെ മറുപടി. "ഇടയ്ക്ക് വിളിക്കുക.വരുക". അദ്ദേഹം തുടർന്നു. അന്ന് മുതൽ ആ കുട്ടികളുമായും കുടുംബവുമായും ഷൈഖാ നൂറായുടെ സഹോദരിമാരുമായും സഹോദരനുമായും ഉള്ള ഒരു സൗഹൃദം തുടർന്നു കൊണ്ടേയിരുന്നു...
താമസിയാതെ അദ്ദേഹം കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിന്റെ ഡെപ്യൂട്ടി ചെയർമാനും, അടുത്ത തെരെഞ്ഞെടുപ്പിൽ ചെയർമാനായും അവരോധിക്കപ്പെട്ടു.
ചെയർമാനായി ചാർജെടുക്കപ്പെട്ട ശേഷം ആദ്യമായി അദ്ദേഹത്തിന്റെ ടെലിഫോൺ
ശബ്ദിച്ചത് എന്റെ മൊബൈയിലേക്കായിരുന്നു.
"നീ എവിടെയാണ്"?. ജോലിയിലാണ്. എന്റെ മറുപടി. "എത്രയും പെട്ടന്ന് അവിടെ നിന്ന് ജോലി രാജി വച്ച് ഇങ്ങോട്ടു പോന്നോളൂ. നിന്റെ കോൺട്രാക്ട് ഇവുടുത്തെ ചീഫ് എക്സിക്യൂട്ടീവ് മാനേജർ(C.E.O.) ഡോക്ടർ മഹ്മൂദിനോട് ശരിയാക്കി വയ്‌ക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്"...
ആ കാലഘട്ടത്തിൽ ഞാൻ കൊമേർഷ്യൽ ബാങ്കിൽ വളരെ തെളിഞ്ഞു നിൽക്കുന്ന സമയം .ഏറ്റവും നല്ല സീനിയർ റീജിയണൽ മാനേജർ എന്ന പേരും നേടി, റീറ്റെയ്ൽ സെയിൽസിന്റെയും മാർക്കറ്റിങ്ങിന്റെയും ചുമതലയും കയ്യിൽ വന്നു നിൽക്കുന്ന
സമയം. മുന്ന് സ്ഥലത്തു ഒഫീസുകൾ... സെക്രട്ടറിമാർ... മാത്രവുമല്ല പുതിയ ഓർഗനൈസേഷൻസ് ചാർട്ട് ( Organisation Chart)അപ്പ്രൂവലിനായി ബോർഡിന്റെ കയ്യിൽ ഇരിക്കുന്നു. അതിൽ മുന്ന് എക്സിക്യൂട്ടീവ് മാനേജേഴ്‌സിൽ
(Executive Manager grade10) ഒന്ന് എനിക്കായിരുന്നു എന്ന് അന്നത്തെ റീറ്റെയ്ൽ ജനറൽ മാനേജരായിരുന്ന
(Retail General manager) സൈമൺ ക്ലെമെന്റ് എനിക്കെഴുതി തന്നിരിക്കുന്നു. ഈ അവസരത്തിലാണ് എനിക്ക് ഒരു ലോകോത്തര ഇസ്ലാമിക ബാങ്കിന്റെ
ചെയർമാൻ ഷെയ്ഖ് മൊഹമ്മദിന്റെ ടെലിഫോൺ കാൾ വരുന്നത്. കണ്ണടച്ചു ഞാൻ ആ വാക്കുകൾ സമ്മതിച്ചു. സായിപ്പിന്റെ പിണക്കവും പരിഹാസവു
മൊക്കെ കാറ്റിൽ പറത്തി ഞാൻ അദ്ദേഹത്തിന്റെ (ഷെയ്ഖ് മൊഹമ്മദിന്റെ) കൂടെപ്പോയി... ഞാൻ പോകുന്നത് അയാളുടെ ജനറൽ മാനേജർ പദവിക്കു അപ്പുറത്തുള്ള പദവിയിലേക്കാണന്നു പാവം സായിപ്പിനറിയില്ലല്ലോ...
കൊമേർഷ്യൽ ബാങ്കിൽ കിട്ടുമായിരുന്ന
ഒരു എക്സിക്യൂട്ടീവ് മാനേജർ പദവിയിൽ തന്നെ എനിക്ക് പുതിയ കോൺട്രാക്ട് എഴുതി തന്ന് ഷെയ്ഖ് മുഹമ്മദ് എന്റെ വിഷമം മാറ്റി. മുന്ന് മാസം കഴിഞ്ഞപ്പോൾ അസിസ്റ്റന്റ് ജനറൽ മാനേജർ പദവി തന്നു. ആറു മാസം കഴിയുന്നതിനു മുൻപ് റീറ്റെയ്ൽ ഡിവിഷന്റെ ജനറൽ മാനേജർ പദവി തന്നു. ഒപ്പം കൊമേർഷ്യൽ ബാങ്കിൽ ഒരിക്കൽ കയ്യിൽ കിട്ടുമായിരുന്ന പ്രൈവറ്റ് ബാങ്കിന്റെ ചുമതലയും ഈ ബാങ്കിൽ എന്റെ കയ്യിൽ എത്തിച്ചേർന്നു. അന്ന് ഷെയ്‌ഖാ നൂറയെ ഓർത്തു. അവരുടെ ഒരാഗ്രഹമാണ് അന്ന് സാധ്യമായത്. അത് ഞാൻ അന്ന് ഷെയ്‌ഖിനോട് പറയുകയും ചെയ്തു. തുടർന്ന് വെർച്ച്വൽ ബാങ്കിങ്ങിന്റെയും കാൾ സെന്ററിന്റെയും ചുമതല കുടി എന്നിൽ നിക്ഷിപ്തമായി. എന്തിനേറെ ഞാൻ സ്വയം ഭയന്നു വിറച്ചു ഏറ്റെടുക്കാൻ വിസമ്മതിച്ച ഒരു ഇസല്മിക ബാങ്കിന്റെ മാർക്കറ്റിങ്ങിന്റേയും പബ്ലിക് റിലേഷൻന്റെയും ചുമതല കുടി എന്നെ ഏൽപ്പിച്ചു തന്നപ്പോൾ ഷെയ്‌ഖാ നൂറായുടെ ആത്മാവ് സ്വർഗത്തിരുന്നു സന്തോഷിച്ചിട്ടുണ്ടാകും .അതെനിക്ക് സുനിശ്ചിതമാണ്...സുനിശ്ചിതം ...
ഭാവിയിൽ ആരെങ്കിലും ഇസ്ലാമിന്റെ സഹോദര്യത്തെപ്പറ്റിയും
സമത്വത്തെപ്പറ്റിയും എഴുതാതിരിക്കില്ല. അതിൽ ഞാനുണ്ടാകും. ഒരു കാഫിറിനെ ഒരു ഇസ്ലാമിക രാജ്യത്ത് ഒരു ലോകോത്തര ഇസ്ലാമിക ബാങ്കിങ്ന്റെ പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റിന്റെ ചുമതല ഏൽപ്പിച്ചു
എന്ന് അവർ എഴുതി ചേർക്കും...അതിന്റെ അഞ്ചാമത്തെ വർഷത്തിൽ, ലോകത്തിലെ ഏറ്റവും നല്ല ഇസ്ലാമിക ബാങ്കിനുള്ള അന്തർദ്ദേശീയ പുരസ്ക്കാരം/അവാർഡ് നേടിക്കൊടുക്കാൻ കഴിഞ്ഞു എന്നുള്ള ചാരിതാർഥ്യത്തോടെ എനിക്ക് ആ ബാങ്കിന്റെ പടിയിറങ്ങാൻ കഴിഞ്ഞങ്കിൽ അതിനു അടിത്തറ ഇട്ടു തന്ന കുവൈറ്റ്
രാജകുടുംബത്തിലെ ഷെയ്‌ഖാ നൂറ അൽ നാസ്സർ അൽ അതാബി അൽ സബാഹും അതിനു നിമിത്തമായ അവരുടെ ഭർത്താവു ഷെയ്ഖ് മുഹമ്മദ് അൽ ജർറാഹ് അൽ സബാഹും...ഞാൻ നന്ദിയോടെ ഇവിടെ നിർത്തുന്നു...
എന്റെ മകളുടെ "നിർത്യർപ്പണം" എന്ന മുന്ന് മണിക്കൂർ നീണ്ടു നിന്ന ഒരു ഡാൻസ് പ്രോഗ്രാമിൽ ആദ്യം മൂതൽ അവസാനം വരെ ആ കുട്ടികൾ വന്നിരുന്നു ആസ്വദിച്ച ഒരു പരിപാടി കുവൈറ്റിന്റെ ഇന്ന് വരെയുള്ള ചിത്രത്തിലില്ല. രാജകുടുംബാങ്ങൾ ആദ്യം മൂതൽ അവസാനം വരെ പങ്കെടുത്ത ഇന്ത്യക്കാരുടെ ഒരു പരിപാടിയും ഇന്ന് വരെ വേറെ നടന്നിട്ടില്ല എന്ന് തെല്ലു അഭിമാനത്തോടെ ഓർക്കുന്നു...
അന്നവർ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ ഷൈഖാ നൂറായുടെ ഒരു ഫോട്ടോ ഉണ്ടങ്കിൽ തരണമെന്ന് ഞാൻ ആവശ്യപ്പെട്ടു. മരിച്ചവരുടെ ഫോട്ടോ വച്ച് ഓർമ്മിക്കുന്നത് ഇസ്ലാമിൽ പതിവില്ല എന്ന് എല്ലാവരുടെയും മുൻപിൽ വച്ച് അവർ എന്നോട് തമാശയായി പറഞ്ഞെങ്കിലും, പിറ്റേന്ന് സന്ധ്യ ആകാറായപ്പോൾ എന്റെ താമസസ്ഥലമറിയാവുന്ന ഡ്രൈവർ ഖാനെയും കുട്ടി അവരെല്ലാവരും കുടി എന്റെ വീട്ടിലെത്തി. ഒരു കവർ എന്നെ ഏൽപ്പിച്ചു. തുറന്നു നോക്കിയപ്പോൾ സുസ്മേരവധനയായിരിക്കുന്ന ഷൈഖാ നൂറ അൽ നാസ്സർ അൽ അത്പി അൽ സബാഹ്. ആ സമയത്തു ഞാൻ ആ കുട്ടികളോട് ചോദിച്ചു. അമ്മയുടെ കബറടക്കത്തിൽ നിങ്ങൾ പെൺകുട്ടികളെ ആരെയും കണ്ടില്ല...കാരണം എനിക്കറിയാവുന്നതു കൊണ്ട് കൂടുതൽ ഒന്നും പറഞ്ഞില്ല...പക്ഷേ അവർ വിടാനുള്ള ഭാവമില്ല. കാരണം അത്രയധികം അവർ അവരുടെ അമ്മയെ സ്നേഹിച്ചിരുന്നു...
ഖബറിൽ അടക്കം ചെയ്യുന്നതിന് മുൻപ് അവസാന കാഴ്ചയും ഉമ്മ വയ്ക്കലുമൊന്നും ഇസ്ലാമിൽ പതിവില്ല. പ്രത്യേകിച്ചു സ്ത്രീകളുടെ കാര്യത്തിൽ. ഞാൻ പറഞ്ഞു നിങ്ങളൊക്കെ രാജ കുടുംബാംഗങ്ങൾ അല്ലേ? അപ്പോൾ നിയമം അനുശാസിക്കാൻ കൂടുതൽ ബാധ്യസ്ഥരല്ലേ?
ഞാൻ പലപ്പോഴും ശ്രദ്ധിച്ചുട്ടള്ള ഒരു കാര്യം. കുവൈറ്റിലെ രാജകുടുംബത്തിൽപ്പെട്ട പലരുടെയും, മറ്റു വ്യവസായ പ്രമുഖകരുടെയും ഓഫീസുകളിൽ അല്ലങ്കിൽ ദിവാനിയകളിൽ അച്ഛനപ്പൂപ്പന്മാരുടെ ഫോട്ടോകൾ വയ്ക്കാറുണ്ട്. പക്ഷേ എവിടെയും അമ്മഅമ്മുമ്മമാരുടെ ഫോട്ടോകൾ കണ്ടിട്ടില്ല.വിശ്വാസം എന്തുമായിക്കൊള്ളട്ടെ.
എനിക്ക് കിട്ടിയ ആ ഫോട്ടോ എന്റെ വീട്ടിലെ സന്ദർശകമുറിയിൽ കിഴക്ക് ഭാഗത്തായി എന്റെ അച്ഛനമ്മമാരുടെ നടുവിൽ ഇന്നും മികവോടെ ഇരിക്കുന്നു. മനസ്സിലും നിറഞ്ഞു നിൽക്കുന്നു. കുറഞ്ഞപക്ഷം എന്റെ കാലത്തോളം ഈ വീട്ടിൽ അവർക്ക് ആ സ്ഥാനം നിറഞ്ഞു നിൽക്കും...
ഇതോടെ ഈ അദ്ധ്യായം അവസാനിക്കുന്നു. മറ്റൊരു ഓർമ്മക്കുറിപ്പുമായി വരാമെന്നുള്ള പ്രതീക്ഷയുമായി...
തുടരും...