ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 6.
Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Par-Five)
മനുഷ്യ മനസ്സുകളുടെ ആത്യന്തികമായ ഒരു സ്വഭാവം, അസൂയ ധാർഷ്ട്യം ഡമ്പ് പൊങ്ങച്ചം അല്പത്വം കോപം ഇതൊക്കെ നിറഞ്ഞതാണെന്ന് ആർക്കാ അറിയാത്തത്. ദയ കാരുണ്യം സഹതാപം ഇതൊക്കെ കൂടെയുണ്ടാകും. ഇത് പറയാൻ ഇപ്പോൾ കാരണമെന്താണ് ന്യായമായും ചോദ്യമുണ്ടാകും. മനുഷ്യമനസ്സുകൾ താഴോട്ട് നോക്കി ആരെയും ഒപ്പം വയ്ക്കാൻ ഒരിക്കലും ശ്രമിക്കാറില്ല. എപ്പോഴും മുകളിലോട്ട് മാത്രമേ നോക്കാറും ഒപ്പം വയ്ക്കാനും ശ്രമിക്കാറുള്ളു.
ഈ ദുർഗുണങ്ങൾ എല്ലാം കൂടെയുള്ള എനിക്കും ഒരുപാട് മാനസീക സംഘർഷങ്ങൾ അനുഭവിക്കണ്ടി വന്നു എന്നുള്ളത് യാഥാർഥ്യം. ഞാൻ എഴുപതുകളിൽ ബാങ്കിൽ ജോലിയ്ക്ക് കയറുമ്പോൾ എന്റെ കൂടെ ജോലിയിൽ പ്രവേശിച്ച മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ പടി പടിയായി ഗ്രേഡുകൾ വാരിക്കൂട്ടി മുന്നോട്ടുപോകുമ്പോൾ എനിക്ക് ഒരു "ബി ഗ്രേഡ് , സി ഗ്രേഡ് ബ്രാഞ്ചുകളിലെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായി ഇരിക്കാൻ മാത്രമേ അവസരമുണ്ടായിട്ടുള്ളു.
എന്റെ കൂടെ ബാങ്കിൽ ചേർന്നവർ...
എന്നേക്കാൾ വിദ്യാഭ്യാസ യോഗ്യതകൾ കുറഞ്ഞവർ... എനിക്ക് ശേഷം വന്നവർ...
തന്റെ മുകളിൽ ഇരിക്കുന്ന അറബികൾക്ക് മെമ്മോ എഴുത്തുകൊടുത്തും അവരുടെ സാങ്കേതി പരിമിതികൾ ഉൾക്കൊണ്ട് അവർക്ക് വിടു പണികൾ ചെയ്തും തൃപ്തിപ്പെടുത്തിയും ഗ്രേഡുകൾ നേടുമ്പോൾ അതിരാവിലെ മുതൽ രാത്രി ഒൻപതു മണിയും പത്തുമണിയും വരെ കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും ഗ്രേഡ് മൂന്നിന് മുകളിലേക്ക് ഉയരാൻ എനിക്ക് കഴിയുന്നില്ലല്ലോ എന്ന വിഷമം...
നിങ്ങൾക്കതിനെ എന്ത് പേരിട്ടു വേണമെങ്കിലും വിശേഷിപ്പിക്കാം...ഒരു വർഷത്തിലധികം ആക്റ്റിംഗ് ബ്രാഞ്ച് മാനേജർ പദവി ഏറ്റെടുത്തെങ്കിലും ഒന്നും കിട്ടാതെ പഴയ പദവിയിലേക്ക് തിരിച്ചു പോരുമ്പോൾ വരുന്ന മാനസീക സംഘർഷം അനുഭവിച്ചവർക്കേ മനസ്സിലാകൂ.
സാങ്കേതിക മികവുകൾ കാട്ടാൻ എനിക്കൊരു അടിത്തറയുമില്ല.ഏതൊരു മനുഷ്യനും സ്വന്തം ജീവിതത്തിൽ ഒരു കരിയർ പാത (career path)മനസ്സിൽ കാണുമല്ലോ. അത് നടത്തിയെടുക്കാൻ ഒരുപാട് പ്രയഗ്നങ്ങൾ ചെയ്താലും ഫലമുണ്ടാകുന്നില്ലങ്കിൽ ജീവിതം വഴിമുട്ടി നിൽക്കും.ഇവിടെയാണ് കൈ പിടിച്ചുയർത്തിക്കൊണ്ടുവരാൻ ഒരാളുണ്ടങ്കിൽ എന്ന് ആശിച്ചു പോകുന്നത്.ദശാബ്ദങ്ങൾ താണ്ടിയിട്ടും മറുകര കാണാൻ കഴിയാതെ വലഞ്ഞപ്പോൾ...അതാ വരുന്നു നമ്മുടെ സ്നേഹം നിറഞ്ഞ ഷൈഖാ നൂറായുടെ ഭർത്താവു ഷെയ്ഖ് മുഹമ്മദ് ബാങ്കിന്റെ ബോർഡ് മെമ്പർ സ്ഥാനത്തു നിന്ന് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. അധികം താമസിച്ചില്ല. ചെയർമാനായും മാനേജിങ് ഡയറക്ടറായും(Chairman and Managing Director)അദ്ദേഹത്തെ അടുത്ത് വന്ന പൊതു തെരഞ്ഞെടുപ്പിൽ മുൻ നിരയിലേക്ക് അവരോധിക്കപ്പെടുന്നു...
ആ ഇടയ്ക്കൊരു ദിവസം നമ്മുടെ കഥയിലെ രാജകുമാരിയും അവരുടെ ഭർത്താവായ ബാങ്കിന്റെ ചെയർമാനും ഒരു ദിവസം ബ്രാഞ്ചിൽ വരുന്നു...സാൽഹിയ കോംപ്ലക്സിൽ ഏതോ വാങ്ങാനെത്തിയതാണ്. അദ്ദേഹം എന്നോട് ചോദിച്ചു. "കുറേക്കാലത്തിന് മുൻപ് ഞാൻ ഇവിടെ വന്നപ്പോൾ നിന്നെ കണ്ടതാണല്ലോ? ഇപ്പോഴും ഇവിടെത്തന്നെ ഇരിക്കുകയാണല്ലോ? എന്ത് പറ്റി?
ഞാൻ പറഞ്ഞു. "അവസരങ്ങൾ കിട്ടുന്നില്ല. മുകളിൽ ഇരിക്കുന്നവരുടെ കണ്ണിൽ എന്റെ പ്രയഗ്നങ്ങൾക്ക് ഒരു പ്രസക്തിയുമില്ല. അടുത്തിടെയായി ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട്". ഞാൻ പറഞ്ഞു നിർത്തി.
ഇത് കേട്ട് കൊണ്ടിരുന്ന ഷൈഖാ അവരുടെ ഭർത്താവിനോട് അറബിയിൽ പറയുന്നു. "ആള് മിടുക്കനാ. ബാങ്കിൽ വരുന്ന ആൾക്കാരോടൊക്കെ ഭവ്യമായ പെരുമാറ്റം. സംസാരം.നല്ലപോലെ അറബി
സംസാരിക്കും.ബാബാ (ബാങ്കിന്റെ മുൻ ബോർഡ് മെമ്പറായിരുന്ന മരിച്ചു പോയ അവരുടെ അച്ഛൻ) ഉണ്ടായിരുന്നപ്പോൾ പലപ്പോഴും ഞാനിവനോട് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചിട്ടുണ്ട്.
എപ്പോഴും ഒഴിഞ്ഞു മാറുകയാണ് പതിവ്". കാപ്പി കുടിയൊക്കെ കഴിഞ്ഞു അവർ തിരിച്ചു പോകാൻ സമയത് അദ്ദേഹം ഒരു വാക്ക് പറഞ്ഞു...
"നാളെ കാലത്ത് നീ എന്നെ വന്ന് കാണണം.
മുകളിലുള്ള ആര് ചോദിച്ചാലും ചെയർമാൻ വിളിച്ചിട്ടു കാണാൻ പോകയാണെന്ന് എടുത്തുപറയണം"...
അവിടെ തുടങ്ങുന്നു എന്റെ ശനിദശയുടെ ഒടുക്കവും, ലഗ്നത്തിൽ നിൽക്കുന്ന ബുധ ദിശയുടെ ആരംഭവും...
അറിയണ്ടേ? അടുത്ത ചൊവാഴ്ച...
തുടരും...