ഊഷാര ഭൂമിയിലെ ശീതക്കാറ്റുകൾ...part 2
Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-One)
------------------------------------------------------------------------
തയ്യാറാക്കിയത് - രാധാകൃഷ്ണന്‍ നായര്‍
(ന്യൂസിലന്‍ഡ്)
====================================
ആയിരത്തിതൊള്ളായിരത്തിഎൺപത്തി ഒന്ന് (1981). ഞാൻ കൊമേർഷ്യൽ ബാങ്കോഫ് കുവൈറ്റിന്റെ "സാൽഹിയ" ബ്രാഞ്ച് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായി സ്ഥലം മാറി വന്ന കാലഘട്ടം...
അതിനിടയിൽ കുവൈറ്റിലെ "സാൽഹിയ കോംപ്ലെക്സിനെ"( Salhiya Complex)
പറ്റി പറയാതെ മുൻപോട്ട് പോകുന്നത് ശരിയല്ല . ആധുനീക കുവൈറ്റിന്റെ മുഖ മുദ്രയാണ് അന്നുമിന്നും ഈ ഷോപ്പിംഗ് കോംപ്ലക്സ് . 1980കളിലാണ് ഈ ഷോപ്പിംഗ് കോംപ്ലക്സ് ഔദ്യോഗികമായി പൊതുജനസമക്ഷം തുറന്നുകൊടുത്തത് . അഞ്ചുനിലയുള്ള ഈ നീണ്ട കോംപ്ലെക്സിന്റെ ഒരറ്റത്ത് "മെറിഡിയൻ" എന്ന ഫൈവ്സ്റ്റാർ ഹോട്ടൽ തലയുയർത്തി നിൽക്കുന്നു. കോംപ്ലെക്സിന്റെ ഗ്രൗണ്ട് ഫ്ലോറും മുകളിലത്തെ രണ്ട് മെസനൈൻ ഫ്ളോറുകളും ഈ ലോകത്തിലെ ഏറ്റവും വിലകൂടിയ ബ്രാൻഡഡ് ഐറ്റംസിന്റെ (Branded items) ഷോറൂമുകൾ. അതിനു മുകളിലുള്ള മിക്ക ഫ്ലോറുകളും കുവൈറ്റ് ഓയിൽ സെക്ടറിലെ (Kuwait Oil Sector) സ്ട്രാറ്റജിക് ഡിവിഷനുകൾ വാടക
ക്കെടുത്തിരിക്കുന്നു. ബാക്കിയുള്ള ഫ്ലോറുകൾ പ്രധാനപ്പെട്ട പല പ്രൈവറ്റ് കമ്പനി ഓഫീസികളും, ലോ ബ്യൂറോകളും, കയ്യടക്കിയിരിക്കുന്നു. കുവൈറ്റ് സമൂഹത്തിലെ വളരെയധികം സാമ്പത്തിക ഭദ്രതയുള്ള സ്ത്രീകളും പുരുഷന്മാരുമാണ് ഈ ബിസിനസ്/ഷോപ്പിംഗ് കോംപ്ലക്സിൽ എത്തുന്ന അധികം ആളുകളും.
കുവൈറ്റിലെ ഓയിൽ മിനിസ്റ്റർക്കു പോലും തനതായ ഒരു ഓഫീസ് അഞ്ചാമത്തെ നിലയിൽ ഉണ്ടായിരുന്നു.
ഇത് അന്നത്തെ സാൽഹിയ കോംപ്ലെക്സിന്റെ മുഖമുദ്രയാണ്.
ഇന്നു കാലോചിതമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. സ്റ്റാർ ഹോട്ടലിന്റെ പേരു പോലും മാറിയിട്ടുണ്ട്. ഈ പ്രസിദ്ധമായ കോംപ്ലെക്സിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് കൊമേർഷ്യൽ ബാങ്കിന്റെ മേല്പറഞ്ഞ ബ്രാഞ്ച് ലൊക്കേറ്റ് ചെയ്തിരിക്കുന്നത്.
ഈ സാൽഹിയ കോംപ്ലെക്സിന്റെ ഉടമസ്ഥർ , സാൽഹിയ റിയൽ എസ്റ്റേറ്റ് ഷെയർ ഹോൾഡിങ് കമ്പനിയാണ്. അന്ന് മുതൽ ഇന്നു വരെ ഈ കമ്പനിയുടെ
ചെയർമാൻ "ശ്രീ ഗാസി അബ്ദുൽഅസീസ് അൽ നഫിസി" യാണ്. കുവൈറ്റ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വളരെ പ്രമുഖരായ ഒരു കുടുംബമാണ്.
എന്നാൽ ഈ "അൽ നാഫിസി" രണ്ടു കുടുംബങ്ങൾ കുവൈറ്റിൽ ഉണ്ടന്ന് പലർക്കും അറിയില്ല. ഒന്ന് സൗദി അറേബ്യയിൽ നിന്ന് കുടിയേറിപ്പാർത്ത "ഷാമിയ" എന്ന് കുവൈറ്റ് സിറ്റിയിലുള്ള
ഒരു കുടുംബം. മറ്റൊന്നു "ഷുവൈഖ്" എന്ന സ്ഥലത്തു ഉത്ഭവിച്ച കുടുംബം. "ശ്രീ ഗാസി" രണ്ടാമത്തെ ഗണത്തിൽപ്പെട്ട ആളാണ്.
വളരെ തിരക്കുള്ള മാസാവസാനത്തിലെ ഒരു ദിവസം . കമ്പ്യൂട്ടർ ഒക്കെ അതിന്റെ ബാല്യദിശയിലാണ് . മാസശമ്പളത്തിലുള്ള ജീവനക്കാർക്ക് സാലറി സ്ലിപ് എടുത്തു പെരുവിളിച്ചാണ് ശമ്പളം കൊടുത്തിരുന്നത് . ബ്രാഞ്ച് മാനേജർ "റഫിയ അൽ അസൂസി"(Rafea Al Assousi) യുടെ മുറിയിൽ കുറെ പാലസ്റ്റീനികളും, കുവൈറ്റികളും സ്ഥലം പിടിച്ചിരിക്കുന്നു. എന്റെ മുറിയിൽ നൂറു കൂട്ടം പ്രശ്നങ്ങളുമായി , പരാതിയുമായി, ഒരു നീണ്ട നിര തന്നെയുണ്ട്. കസ്റ്റമേഴ്സിന്റെ ലോബ്ബിയിൽ ധാരാളം ആൾക്കാർ നിൽപ്പുണ്ട്.
അങ്ങനെ ഇരിക്കുപ്പോഴാണ് രാജകീയ പ്രൗഢി തോന്നിക്കുന്ന സുന്ദരിയായ ഒരു കുവൈറ്റി യുവതി ബാങ്കിലേക്ക് കയറി (കസ്റ്റമേഴ്സിന് ഇരിക്കാനിട്ടിരിക്കുന്ന കസേരകളിൽ ഒന്നുംകാലിയുണ്ടായിരുന്നില്ല)
ഭിത്തിയോട് ചേർന്ന് ഒരു ഓരം മാറി അവിടെ വന്നു നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പ്പെട്ടത്. സാധാരണ എത്ര നീണ്ട നിരയുണ്ടങ്കിലും, കുവൈറ്റികൾ പെട്ടന്ന് വന്നു അവരുടെ കാര്യങ്ങൾ സാധിച്ചു പോകുകയായാണ് പൊതുവെ കുവൈറ്റിൽ പതിവ്. പ്രത്യേകിച്ചും സ്ത്രീകൾ. അത് ഒരു വിധപ്പെട്ട എല്ലാ വിദേശികൾക്കും അറിയാവുന്ന കാര്യമായതു കൊണ്ട് അവർ ക്ഷമയോട് നീണ്ട നിരയിൽ നിൽക്കാറാണ് പതിവ്. ഇവിടെ ഈ യുവതി വന്നു സാധാരണക്കാരിൽ സാധാരണക്കാരി
യായി മാറി നിൽക്കുന്നത് എന്നെ അമ്പരപ്പിച്ചുകളഞ്ഞു .ഏകദേശം ഒരു അഞ്ചു മിനിറ്റ് അങ്ങനെ നിന്നപ്പോൾ കസ്റ്റമേഴ്സിന്റെ ലോബിയിൽ കിടന്ന ചെറുമേശയിൽ ഉണ്ടായിരുന്ന ഏതോ ഒരു മാഗസിൻ എടുത്ത് അവർ പേജുകൾ മറിക്കാൻ ശ്രമിക്കുന്നത് കണ്ടു. ഞാൻ എന്റെ മുന്പിലുണ്ടായിരുന്ന കസ്റ്റമേഴ്സിനെ എന്റെ സഹായികളായ രണ്ടു
(Supervisory)സൂപ്പർവൈസറി സ്റ്റാഫിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടിട്ട്, ഞാൻ ലോബിയിലേക്കു ഇറങ്ങി. ആ യുവതിയുടെ അടുത്ത് ചെന്ന് വളരെ ഭവ്യതയോടെ "എന്തെകിലും സഹായം ആവിശ്യമുണ്ടോ"? എന്നു ചോദിച്ചപ്പോൾ, അതെ ഭവ്യതയോട് മറുപടി. "ഒരു സാലറി അക്കൗണ്ട് ഓപ്പൺ ചെയ്യാൻ വന്നതാണ്. ഞാൻ വെയിറ്റ് ചെയ്യാം, തിരക്കല്ലേ" ? ഞാൻ പറഞ്ഞു. "സാരമില്ല പോന്നോളൂ"...
എന്റെ ഈയൊരു ചോദ്യവും? അതിന് അവരുടെ മറുപടിയും...
എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരനായ മനുഷ്യന്റെ ജീവിതം മുന്നൂറ്റി അറുപത് ഡിഗ്രി (360 degree) മാറ്റി മറിക്കുമെന്ന് അന്നൊരിക്കലും ഞാനോർത്തിരുന്നില്ല. അവർ "തന്ന പിച്ച"യാണ് പിന്നീടുള്ള എന്റെ വളർച്ചയും…
ഉയർച്ചയും... ഇന്നുവരെയുള്ള എന്റെ നിലനിൽപ്പും...ആയുസ്സുണ്ടങ്കിൽ അത് വരെയും...അതൊരു നീണ്ട, ഇന്നും നിലക്കാത്ത സ്നേഹബന്ധത്തിന്റെ തുടക്കമായിരുന്നു . ഇവരെപ്പറ്റി പറയുമ്പോൾ എനിക്ക് ആയിരം
നാക്കാണ്. സാഹോദര്യത്തിന്റെയും സ്നേഹബന്ധത്തിന്റെയും കഥകൾ... അതുപറയാൻ ഒരു ആയിരം പേജുകൾ വേണ്ടി വരും.
ബാക്കി കേൾക്കേണ്ടേ...?
അടുത്തചൊവ്വാഴ്ച്ച…
തുടരും…