ഊഷാര ഭൂമിയിലെ ശീതക്കാറ്റുകൾ...part 4 Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Three)

======================================
കാലം പോയതറിയാതെ...
======================================
ഊഷാര ഭൂമിയിലെ ശീതക്കാറ്റുകൾ...part 4

Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Three)
------------------------------------------------------------------------
തയ്യാറാക്കിയത് -  രാധാകൃഷ്ണന്‍ നായര്‍
                                (ന്യൂസിലന്‍ഡ
=====================================
അന്ന്  ബാങ്കിൽ വന്ന് അക്കൗണ്ട് തുറന്ന് പോകാൻ സമയത്തു എന്റെ പേരും ചോദിച്ചു. ഒപ്പം എന്റെ ബിസിനസ് കാർഡും വാങ്ങി കൊണ്ടാണ് അവർ മടങ്ങിപ്പോയത്. മൂന്നു ദിവസം കഴിയുമ്പോൾ പുതിയ എ.ടി.എം. കാർഡും, പിൻ നമ്പറും റെഡിയായിരിക്കും എന്നും ഞാൻ അവരോടു പറഞ്ഞു. പോകുമ്പോൾ ബാങ്കിന്റെ ഡോർ വരെ ഞാൻ പോയെങ്കിലും,ബ്രാഞ്ച് മാനേജർ അവരുടെ കാർ കിടക്കുന്ന മെറിഡിയൻ ഹോട്ടലിന്റെ റിസപ്ഷൻ വരെ കൂടെപോയി. മുന്ന് ദിവസം കഴിഞ്ഞപ്പോൾ ഷെയ്‌ഖാ എന്റെ ഡയറക്റ്റ് ടെലിഫോൺ നമ്പറിലേക്കു 2465208 വിളിക്കുന്നു. അന്നത്തെ ഫോൺ നമ്പർ പോലും ഇന്നും ഞാൻ ഓർത്തു വച്ചിരിക്കുന്നു...ഓർത്തു പോകയാണ്... 
ഞാൻ മറുപടി പറഞ്ഞു. കാർഡും പിൻ നമ്പറും റെഡിയാണ്. വന്നാൽ കൊണ്ടുപോകാം. അവർ പറഞ്ഞു. ഓഫീസിൽ നിന്നറങ്ങാൻ യാതൊരു നിവർത്തിയുമില്ല. കൊടുത്തയാക്കാൻ പറ്റുമോ? എന്റെ മറുപടി...കാർഡ് എന്റെ പക്കലും, പിൻ നമ്പർ ബ്രാഞ്ച് മാനേജരുടെ  പക്കലും ആണ് . രണ്ടിടത്തും ഓപ്പിടേണ്ടി വരും. നന്ദി പറഞ്ഞു ടെലിഫോൺ ക്ലോസ് ചെയ്തു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അന്നത്തെ ബാങ്കിന്റെ ചെയർമാൻ 
"ശ്രീ .ഹമദ് അബ്ദുലതീഫ്‌ അൽ ഹമ്മദിന്റെ" സെക്രട്ടറിയുടെ ടെലിഫോൺ. ഷെയ്‌ഖാ നൂറായുടെ കാർഡും പിൻ നമ്പറും ഞാൻ 
തന്നെ നേരിട്ടു അവരുടെ ഒഫീസിൽ കൊണ്ട് കൊടുക്കാൻ ചെയർമാന്റെ പ്രത്യക നിർദ്ദേശം. വണ്ടി അയക്കും. ഞാൻ തന്നെ പോകണം. യഥാർത്ഥത്തിൽ ബ്രാഞ്ച് മാനേജരുടെ മുഖം വെളറിവെളുത്തു. എനിക്കുപകരം അവർക്ക് പോകണം എന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് അവരുടെ മുഖം പറയുന്നുണ്ടായിരുന്നു.

അമീരി ദിവാന്റെ  ഓഫീസിൽ നിന്ന് വണ്ടി വന്നു. മെറിഡിയൻ ഹോട്ടലിന്റെ റിസപ്ഷനിൽ നിന്നു . ആദ്യമായി ഒരു രാജകൊട്ടാരത്തിൽ കയറാമെന്നുള്ള ആഗ്രഹവും ആവേശവും ഉള്ളിലൊതുക്കി തെല്ല് ഭയത്തോടും കാറിൽ കയറി ചരിത്ര പ്രസിദ്ധമായ "സീഫ് പാലസി"ലേക്കു വണ്ടി നീക്കിത്തുടങ്ങി. ഞാൻ ഒരു സാധാരണ  മനുഷ്യനാണ്. അതുകൊണ്ടു തന്നെ ഇതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണ്.

"സീഫ് പാലസ്" രാജകുടുബവും മറ്റ് അംഗങ്ങളും താമസിക്കുന്ന കൊട്ടാരങ്ങളിൽ നിന്ന് വളരെ വ്യത്യസ്‍തമാണ്.കുവൈറ്റിന്റെ അന്നത്തെ ഔദ്യോഗിക കൊട്ടാരമാണ് സീഫ് പാലസ്.
അമീറിന്റെ/രാജാവിന്റെ, രാജപ്രമുഖന്റെ, മറ്റു മന്ത്രിമാരുടെയൊക്കെ ഔദ്യോഗിക ഓഫീസുകൾ, കുവൈറ്റ് പാർലമെന്റിന്റെ, എന്നുവേണ്ട വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന രാഷ്ട്ര നേതാക്കന്മാരെ ഒക്കെ സ്വീകരിക്കുന്ന  ഒരേയൊരു രാജകൊട്ടാരം.  പിൽക്കാലത്തു  പാർലമെന്റ് മന്ദിരം പുതതായി പണിത്  കൊട്ടാരത്തിൽ നിന്ന് മാറ്റുകയുണ്ടായി. 
ഒപ്പം മുതിർന്ന മറ്റൊരു ഔദ്യോഗിക കൊട്ടാരം അൽ ബയാൻ പാലസും പണികഴിപ്പിച്ചു.

ഷെയ്‌ഖയുടെ ഓഫീസ്സിൽ എത്താൻ അന്ന് മൂന്നു സെക്യൂരിറ്റി ചെക്ക് പോയിന്റുകൾ കടക്കണമായിരുന്നു. കാരണം അന്ന് ഷെയ്‌ഖയുടെ ഓഫീസ്  അന്നത്തെ "രാജ പ്രമുഖനായ" "ഹിസ് ഹൈനസ് ഷേഖ് സാദിന്റെ" ഓഫീസിന് വളരെ അടുത്തായിരുന്നു. ചെന്നപ്പോൾ എന്നെ വെയിറ്റ് ചെയ്തു ഷെയ്‌ഖാ വാതലിനു മുൻപിൽ ഉണ്ടായിരുന്നു. പ്രമുഖരെല്ലാം തിരിച്ചു മടങ്ങിയ നട്ടുച്ച നേരമായതിനാൽ കുവൈറ്റിലെ അന്നത്തെ ഔദ്യോഗിക രാജ കൊട്ടാരത്തിന്റെ മിക്ക ഭാഗങ്ങളും  ആ യുവതി എന്നോടൊപ്പം വന്നു എനിക്ക്
കാണിച്ചു തന്നു. ചില സെക്യൂരിറ്റി സ്റ്റാഫ് അംഗങ്ങളും അവരുടെ അകമ്പടിയായി കൂടെയുണ്ടായിരുന്നു. അവരുടെ ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ കുറെയേറെ വിലകൂടിയ സമ്മാനങ്ങൾ അവർ എനിക്ക് തന്നു വിട്ടു. ഏതോ ഒരു ആത്മ ബന്ധത്തിന്റെ തുടക്കം എനിക്കനുഭവപ്പെട്ടാണ് ഞാൻ കൊട്ടാരത്തിൽ നിന്ന് മടങ്ങിയത്.

അധികം കഴിഞ്ഞില്ല. ഏതാണ്ടൊരു മാസത്തിനകത്തു ഷെയ്‌ഖാ നൂറാ വീണ്ടും ഒരു ദിവസം ബാങ്കിൽ വന്നു. കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. എന്നെ പരിചയപ്പെടുത്തി. പേര് "ഷേഖ് മൊഹമ്മദ് അൽ ജെറ അൽ സബാഹ്".
(അന്ന് ഈ രാജ കുടുംബാമായ ഷെയ്ഖ് മുഹമ്മദ് അറേബ്യൻ ഇൻഷുറൻസ് കമ്പനിയിലെ ഒരു മാനേജർ  ആയിരുന്നു). 
അവർ തുടർന്നു.ഞങ്ങളുടെ വിവാഹമാണ്. ക്ഷണക്കത്ത് എനിക്ക് തന്നു. റിസപ്ഷൻ രാജകുടുംബങ്ങളുടെ കുവൈറ്റിലെ രാജാവിന്റെ ദസ്മാൻ പാലസിന്റെ നേരെ എതിർ ഭാഗത്തു  സ്ഥിതിചെയ്യുന്ന "ദിവാൻ അൽ സബാഹ്" യിൽ വച്ചാണ്. നീ വരണം.
ഞാൻ പോയി. ആ സൽക്കാരത്തിൽ, ജീവിതത്തിൽ ആദ്യമായി ഒരു രാജകീയ സൽക്കാരത്തിൽ അതിന്റെ എല്ലാവിധ പ്രൗഢിയോടും പങ്കെടുത്തു. ആദ്യമായി കുവൈറ്റ് രാജാവിനെ, രാജ പ്രമുഖനെ, രാജകുടുംബങ്ങളെ, മന്ത്രിമാരെ, ഒക്കെ നേരിട്ട് കാണാനും സലാം പറയാനുമുള്ള അവസരം. അതൊരു ആജന്മ ബന്ധ
ത്തിന്റെ തുടക്കമായിത്തീരുമെന്ന് അന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇതൊന്നും ആരും തുറന്നു പറയാൻ പലരുടെയും ദുരഭിമാനം സമ്മതിക്കില്ല എന്നത് പരമാർത്ഥം. ജീവിതയാത്രയിൽ അവദൂതരെപ്പോലെ നമ്മൾ അറിയാതെ നമ്മുടെ ജീവിതത്തിൽ ചിലരെത്തുമ്പോൾ പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നി
ല്ലങ്കിൽ അർത്ഥമില്ലാത്ത ഈ ജീവിതത്തിന് എന്തർത്ഥം...? 
ആ ബന്ധം എന്നെ എവിടെ എത്തിച്ചു എന്നറിയണ്ടേ...?

അടുത്ത ചൊവ്വാഴ്ച...

തുടരും...