ഏഴാം കടലിനക്കരെ...(Across the seven seas)

ഏഴാം കടലിനക്കരെ...(Across the seven seas)

യാത്രയിലെ ചില ഓർമ്മകൾ- 2025.

(ഭാഗം ഒന്ന്‌) 

 

പണ്ടുകാലങ്ങളിൽ നമ്മുടെ പഴമക്കാരായ  മലയാളികൾ പറയുന്ന ഒരു ചൊല്ലാണ് "ഏഴാം കടലിനക്കരെ". അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് ആരെങ്കിലും പോയെന്നറിഞ്ഞാൽ അവൻ ഏഴുകടലുംതാണ്ടി അമേരിക്കയിലേക്ക് പറന്നു എന്നൊക്കെയാണ് മനുഷ്യസമൂഹത്തിൻ്റെ  ഒരു അവ്യക്തത നിറഞ്ഞ സംസാരം. ഞാനിപ്പറഞ്ഞത് 1950/60/70 കാലയളവിലെ കാര്യമാണെന്ന് ദയവായി  മനസ്സിലാക്കണം. സത്യത്തിൽ ഈ ഭൂമിയിൽ  ഏതാണ്ട് അൻപതോളം കടലുകളുണ്ട്. സമുദ്രങ്ങൾ അഞ്ചും, പിന്നെന്തുകൊണ്ട് നമ്മുടെ മലയാളികൾ ഏഴു കടലും താണ്ടി അമേരിക്കയിലേക്ക് പോകുന്നുവെന്ന്  പറയുന്നത് ? വളരെദൂരെ, കടൽകടന്നുപോകുന്നതിൻ്റെ  ആ വലിയ ആഗാധത ഊട്ടിയുറപ്പിക്കുക എന്ന ഉദ്ദേശംമാത്രമേ അതിൻ്റെ  പിന്നിലുള്ളു എന്നാണ് എൻ്റെ യൊരു തോന്നൽ,  അല്ലാതെ ഇന്ത്യയിൽ(India) നിന്നോ ന്യൂസീലൻഡിൽ(New Zealand) നിന്നോ അമേരിക്കയിലേക്ക് പോകാൻ ഏഴുകടലൊന്നും കടക്കണ്ട എന്ന് ഇപ്പോഴത്തെ കൊച്ചു കുട്ടികൾക്കു പോലുമറിയാം.

എൻ്റെ  ബാല്യത്തിൽ ഞങ്ങളുടെ കുഗ്രാമമായ ഇരവിപേരൂരിൽ നിന്ന് വിദേശത്തേക്കുപോയ ആരെയും ഞാൻ കേട്ടിട്ടില്ല. ആകെക്കൂടേ കേട്ടിട്ടുള്ളതും മനസ്സിൽ തങ്ങി നിൽക്കുന്നതും  നമ്മുടെ കൊച്ചു ഗോപാലൻ ആസ്സാമിൽ നിന്ന് അവുധിക്ക് വന്നു, അതും മിലട്ടറിയിൽനിന്ന് അവുധിക്ക് വന്നു/പോയി എന്നൊക്കെ മാത്രമേ പറഞ്ഞു കേട്ടിട്ടുള്ളു. ഞാനാദ്യമായി ഒരു വിദേശമലയാളിയെക്കുറിച്ചു കേൾക്കുന്നതും ഒപ്പം അദ്ദേഹത്തെ കാണുന്നതും സ്കൂളിൽ പഠിക്കുന്ന കാലത്താണ്. എൻ്റെ  അമ്മയുടെ ജന്മസ്ഥലമായ ഇടനാട് എന്ന ഗ്രാമത്തിൽവച്ച്  എൻ്റെ  പേരമ്മ പറഞ്ഞുതന്ന വാക്കുകൾ അതേപടി ഇവിടെക്കുറിക്കുന്നു.

"ഗീവർഹീസ് അവൻ അങ്ങ് പേർഷ്യയിലാ മോനെ. കോടിശ്വരൻ ശമ്പളക്കാരനാ"...

ഇടനാട് എന്ന ഗ്രാമം നാലുവശവും നദിയും ആറുകളുമൊക്കെയായി ചുറ്റപ്പെട്ട ഗ്രാമം. പമ്പനദിയും മണിമല ആറിൻ്റെ യും  കൈവഴിയായി ഒഴുകുന്ന വരട്ടാറുമൊക്കെയാണ് ഇടനാടിൻ്റെ  ചുറ്റും. അവിടെയാണ് എൻ്റെ  അമ്മയുടെ ജന്മസ്ഥലം. ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ അവധിക്കാലത് അമ്മ വീട്ടിൽപോകും. അവിടെയാണ് പേരമ്മ താമസം. പത്തുമക്കളിൽ ഏറ്റവും മുതിർന്നത് പേരമ്മയും ഏറ്റവും ഇളയത് എൻ്റെ  അമ്മയുമായിരുന്നു. പേരമ്മക്ക് മക്കളുണ്ടായിരുന്നില്ല. തൻമൂലം എൻ്റെ  അമ്മയെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചു വിഹിതമെല്ലാം അമ്മയ്‌ക്ക്‌ കൊടുത്തു. അങ്ങനെ ഞങ്ങളെല്ലാം പേരമ്മയുടെ കൊച്ചുമക്കളുടെ സ്ഥാനത്തായി. ഞങ്ങളെല്ലാം സ്നേഹത്തോടെ കൊച്ചാടത്തി എന്ന് വിളിച്ചിരുന്ന ഇടനാട് വിലങ്ങിൽ പറപ്പട്ടേത് കുട്ടിയമ്മ എൻ്റെ  അമ്മയുടെ കൂടെയാണ് ജീവിതാന്ത്യത്തിൽ താമസിച്ചിരുന്നത്. അവസാനശ്വാസം വലിച്ചത് അമ്മയുടെ മടിയിൽ കിടന്നായിരുന്നു.  ഒരു പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്ന ഞാൻ ഒരു മനുഷ്യമരണം നേരിട്ട്  ജീവിതത്തിൽ ആദ്യമായി കാണുന്നത്  എൻ്റെ  കൊച്ചാടത്തിയുടെ മരണമായിരുന്നു...പെറ്റമ്മയ്ക്കു പകരംവയ്ക്കാൻ മറ്റൊരോളോ ? എൻ്റെ  കാര്യത്തിൽ എൻ്റെ  കൊച്ചാടത്തി എന്ന പേരമ്മ… അമ്മയേക്കാൾ ഞങ്ങൾ പേരമ്മയെയാണ് സ്നേഹിച്ചത്. എന്നെ അത്രയ്ക്കിഷ്ടമായിരുന്നു, എനിക്കും. ഞാൻ ജോലികിട്ടിയിട്ട് കണ്ണോപ്പറേഷൻ ഒക്കെ ചെയ്തുകൊടുക്കാമെന്നു പറഞ്ഞെങ്കിലും അതിനൊന്നും അവർ കാത്തു നിന്നില്ല. അവരുടെപേരിൽ ഞാൻ ഇടനാട് ഹൈസ്കൂളിൽ ഒരു എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. അർഹരായ സാധുകുട്ടികൾക്ക് എല്ലാവർഷവും അതിൽനിന്ന് കിട്ടുന്ന പലിശത്തുക പേരമ്മയുടെ പേരിൽ സ്കൂൾ അധികൃതർ കൊടുക്കുന്നുണ്ടാണ് അറിയാൻ കഴിയുന്നത്. കൊച്ചാടത്തി നിത്യതയിൽ വിരാജിക്കട്ടെ. കോടികോടി പൊന്നുമ്മ…

അന്നൊരിക്കൽ ഒരോണക്കാലത്തു ഞാൻ അമ്മവീട്ടിൽ ചെന്നപ്പോൾ തൊട്ടടുത്ത വീട്ടിൽനിന്ന് ഭൂതക്കണ്ണാടിയൊക്കെ (അക്കാലത്തു സൺഗ്ലാസ്സിന് ഭൂതക്കണ്ണാടി എന്നൊക്കെ പറയുമായിരുന്നു) ഒക്കെവച്ച്, കാലുംകയ്യുമൊക്കെ വെളുത്തനിറത്തിൽ പാന്റും ഷർട്ടുമൊക്കെയിട്ട് ഒരാൾ നടന്നുപോകുന്നത് കണ്ടപ്പോൾ ഞാൻ എൻ്റെ  കൊച്ചാടത്തിയോട് അതാരാണ് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ്‌ ഞാൻ മുകളിൽ എഴുതിയിട്ടത്. അവൻ നമ്മുടെ പറപ്പിട്ടേത് ചാക്കോയുടെ മൂന്നാമത്തെ മോൻ ഗീവർഗീസ് അല്ലിയോ ? അവനങ്ങു പേർഷ്യയിലാ(Persia) മോനെ. കോടിശ്വര ശമ്പളക്കാരനാ മോനെ. നീ പഠിച്ചുവലിയാളാകുമ്പോൾ അവിടൊക്കെപോയി പണമൊക്കെ സമ്പാദിച്ചു കൊച്ചാടത്തിയുടെ കണ്ണൊക്കെ ഓപ്പറേഷൻ ചെയ്തുതരണം. ഞാൻ തലകുലുക്കി സമ്മതിച്ചു. എന്നിട്ട്  മറ്റൊരു മറുചോദ്യം ചോദിച്ചു. ഏതാ വേറൊരു പറപ്പിട്ടേത് വീട്‌ ? അതിന് കൊച്ചാടത്തിയുടെ മറുപടി... "വിലങ്ങിൽ എന്ന് പറയുന്നത് നമ്മുടെ കുടുംബം. പറപ്പിട്ടേത് എന്ന് പറയുന്നത്  ഈ താമസിക്കുന്ന വീട്‌ . ഇത് കൂടാതെ ഇതേപേരിൽ വേറെ രണ്ട് വീടുകൾ  കൂടെയുണ്ട്. ഒന്ന്  നമ്മുടെ പടിഞ്ഞാറേ വീട് പറപ്പിട്ടേത് പാപ്പിയുടെ വീട്‌. കൂലിപ്പണിയാ. മറ്റേതു പറപ്പിട്ടേത് ചാക്കോയുടെ വീട്‌. കരുമ്പാട്ടാണ് അവരുടെ ജോലി. കണ്ടില്ലേ? രണ്ട് കാളകൾ വട്ടംകറങ്ങുന്നത്. നല്ലവരാ. എല്ലാവരും സ്നേഹമുള്ളവരാ. പട്ടിണിയും പരിവട്ടവുമാണെങ്കിലും സഹായികളാ.

ഞാനിതൊക്കെ കേട്ട് അന്ധാളിച്ചു നിന്നു. അതിനുള്ള പ്രായമേ എനിക്കന്നുണ്ടായിരുന്നുള്ളു. പിന്നീട് വളരെക്കാലം കഴിഞ്ഞാണ് പേർഷ്യ(Persia) എന്നുപറയുന്നത് ഈ ഗൾഫ് നാടുകളാണെന്ന് മനസ്സിലായത്. ഏതായാലും എൻ്റെ  മനസ്സിൽ കുടികൊണ്ട ആദ്യ വിദേശി ഗീവർഗീസ് അങ്കിളായിരുന്നു. വളരെക്കാലങ്ങൾക്ക് ശേഷം, അദ്ദേഹം അന്ന് ബഹ്‌റൈനിൽ(Bahrain)ഒരു ടെക്‌നീഷ്യൻ ആയിരുന്നു എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. എന്തായാലും എനിക്കൊരുകാര്യം ഇപ്പോൾ ഊഹിച്ചെടുക്കാൻ കഴിയുന്നു. പട്ടിണിയും പരിവട്ടവുമായിരുന്നെങ്കിലും സ്നേഹിക്കാൻ അറിയാമായിരുന്ന ഒരു സമൂഹം അന്നുണ്ടായിരിക്കണം. ജാതിക്കും മതങ്ങൾക്ക് അപ്പുറമായിരുന്നു ആ അയൽപ്പക്ക സ്നേഹബന്ധങ്ങൾ...  അതൊക്കെയിരിക്കട്ടെ. നമ്മുക്കും ഈ ഏഴുകടലുംതാണ്ടി അമേരിക്കയിലേക്കൊന്നു പോകണ്ടേ? കൂടെ വരുമല്ലോ. ഒപ്പം നിൽക്കുമല്ലോ.

 

(തുടരും…)