ഏഴാം കടലിനക്കരെ...(Across the seven seas)
യാത്രയിലെ ചില ഓർമ്മകൾ 2025.
(ഭാഗം- എട്ടു ).Part-Eight
------------------------------------------------------------------------
എനിക്ക് ഓർക്കാതിരിക്കാൻ ഓർമ്മകൾ മാത്രം...മനുഷ്യരുടെ സംഭവബഹുലമായ ജീവിതയാത്രയിൽ ആർക്കും ഒന്നിനും സമയമില്ല. ഓടി ഓടി തളരുമ്പോൾ ഓർത്തെടുക്കാൻ ഒന്നുമുണ്ടാകണമെന്നില്ല. എല്ലാം വൃഥാവിൽ എന്നൊരു മരവിപ്പിൽ മനുഷ്യർ കടന്നു പോകേണ്ടി വരുന്നു എന്നത് ദുഖകരമായ മഹാസത്യം...
ഈ കഴിഞ്ഞ ജൂലൈ പതിനേഴ്...(JULY 17th)
ഞാൻ അമേരിക്കയിലെ ലോസ് ആഞ്ചലസ് (Los Angeles) എന്ന സ്ഥലത്തേക്ക് പോകുവാൻ അമേരിക്കയിലെ തന്നെ ഫ്ലോറിഡയിലുള്ള ഒർലാണ്ടോ (Orlando Airport in Florida) എയർപോർട്ടിൽ സെക്യൂരിറ്റി ചെക്കപ്പ് (security checkpoint) ഒക്കെ കഴിഞ്ഞു പ്ലെയിനിൽ കയറാൻ അക്ഷമയോട് കാത്തിരിക്കുന്നു...
എയർപോർട്ട് മുഴുവൻ കടൽ പോലെ യാത്രക്കാർ. എന്റെ ഈ കഴിഞ്ഞ അമേരിക്കൻ പര്യടനത്തിനിടയ്ക്കു ഞാൻ കടന്നു പോയ പതിനാറ് അമേരിക്കൻ എയർപോർട്ടുകളിലെല്ലാം തന്നെ ഇത്തരം തിരക്കുകൾ നിത്യവും ആവർത്തിക്കുന്നു. അമേരിക്കയിൽ ദിവസവും ആയിര കണക്കിന് പ്ലെയിനുകൾ, അമ്പതു സ്റ്റേറ്റുകളിൽ ഉള്ള നൂറു കണക്കിന് എയർപോർട്ടുകളിലൂടെ പറന്നു പൊങ്ങുകയും താഴുകയും ചെയ്യുന്നത് അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാവു...
എന്നാൽ ഒന്നോർത്തോ...? ഈ മഹത്തായ അമേരിക്കൻ എയർപോർട്ടുകളിലെ ഡൊമിസ്റ്റിക് ഫ്‌ലൈറ്റുകളെല്ലാം(Domestic flight) തന്നെ വളരെ തരം താണ കാലപ്പഴക്കം ചെന്ന പഴയ പ്ലെയിനുകൾ ആണ് ഒട്ടു മിക്ക എയർലൈൻസുകളും കുടുതലും ഓടിക്കുന്നത്. ഉപയോഗിക്കുന്നുന്നത്. ഇത് വളരെ ദ്വർഭാഗ്യ കരമായ ഒരു ദുരവസ്ഥ തന്നെയാണ്.
യാതൊരു മുന്നറിയിപ്പുകളുമില്ലാതെ ഡൊമസ്റ്റിക് ഫ്‌ളൈറ്റുകൾ അവസാന നിമിഷത്തിൽ ക്യാൻസൽ ചെയ്യുന്നത് സർവ്വസാധാരണമാണ്. ഒപ്പം ഫ്‌ളൈറ്റുകൾ വളരെയധികം സമയം തെറ്റി താമസിച്ചു പറപ്പിക്കുക. ഒന്നും രണ്ടും മണിക്കൂറുകളല്ല പത്തും പതിനഞ്ചും മണിക്കുറുകൾ താമസിച്ചു പറപ്പിക്കുക. ഇതൊക്കെ ഇന്ന് നിരന്തരമായി നടന്നു കൊണ്ടിരിക്കുന്നു എന്ന് അമേരിക്കയിൽ സ്ഥിര താമസക്കാർ മനസ്സിലാക്കി കൊള്ളണമെന്നില്ല. കാരണം അവരാരും
തന്നെ ഡൊമസ്റ്റിക് ഫ്ലൈറ്റുകളിൽ അധികം യാത്രാ ചെയ്യുന്നവരായിരിക്കില്ല...
നിങ്ങൾക്കറിയാമോ? ഫ്‌ളൈറ്റുകൾ താമസിച്ചു പറക്കുന്നതും ക്യാൻസൽ ചെയ്യുന്നതും ബാലിശമായ കാരണങ്ങൾ പറഞ്ഞു കൊണ്ടാണ്... ചിലപ്പോൾ പ്ലെയിൻ ഓടിക്കുന്ന പൈലറ്റുകളുടെ അഭാവം. കുറഞ്ഞത് രണ്ടു പൈലറ്റുകൾ ഉണ്ടായിരിക്കണമെന്നാണ് നിയമം. പക്ഷേ പലപ്പോഴും ഒരു പൈലറ്റുള്ളപ്പോൾ കോ പൈലറ്റുകൾ
ഇല്ലാതെ വന്നാൽ പ്ലെയിൻ പൊങ്ങില്ല.
ഫ്ലൈറ്റ് താമസിക്കുമെന്നു ബോർഡിൽ എഴുതിക്കാണിക്കും. ആദ്യം ഒരു മണിക്കൂർ താമസിക്കുമെന്നു എഴുതിക്കാണിക്കും. പിന്നതു നീട്ടി നീട്ടി പത്തും പതിനഞ്ചും മണിക്കൂറുകൾ നീളുന്നത് സർവ്വ സാധാരണം... ഇത് മാത്രമല്ല കാരണങ്ങൾ. വന്നിറങ്ങിയ പ്ലെയിനുകൾ വീണ്ടും പറപ്പിക്കാൻ പ്ലെയിനിൽ കയറിയിട്ട് സാങ്കേതികാരണങ്ങളാൽ
തുടർന്ന് പറപ്പിക്കാൻ കഴിയില്ല എന്ന് പറഞ്ഞു പൈലറ്റുമാർ തിരിച്ചിറങ്ങി വന്നു ഫ്ലൈറ്റ് ക്യാൻസൽ ചെയ്തത് ഞാൻ നേരിട്ട് കണ്ടതാണ്. അനുഭവിച്ചറിഞ്ഞതാണ്. കുറഞ്ഞപക്ഷം അഞ്ചു ക്യാബിൻ ക്രൂ
(cabin crew) എങ്കിലും വേണം ഒരു പ്ലെയിൻ പറപ്പിക്കാൻ എന്നാണ് നിയമം. അതിൽ
ഒരാൾ വരാൻ താമസിച്ചതിന്റെ പേരിൽ
ഒരു മണിക്കൂർ പ്ലെയിൻ താമസിച്ചു
പറന്നു പൊങ്ങിയതും നേരിട്ടനുഭവിച്ചു.
പാവം യാത്രക്കാർ അധികവും ടൂറിസ്റ്റുകളാണ്.
ഈ മഹത്തരം എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ വരുമാനം ടൂറിസം മേഖലയിൽ നിന്നാണെന്നു അവർ മറന്നു പോകുന്നു. 2024ലിലെ കണക്കനുസരിച്ചു 2.36 ട്രില്യൺ(2.36 Trillion)ഡോളറാണ് ഇതിൽ നിന്നുള്ള വരുമാനം. അതായതു ഏതാണ്ട് രണ്ടര ലക്ഷം കോടി ഡോളർ. എത്ര അലച്ചു കൂവിയാലും യാതൊരു പ്രയോജനവുമില്ല. ഇതിലൊക്കെ എത്രയോ ഭേദം ഇന്ത്യയിലെ ഡൊമസ്റ്റിക് ഫ്ലൈറ്റുകൾ ...അതൊക്കെ പോകട്ടെ. എഴുതിവന്നപ്പോൾ ഓർത്തെഴുതിപ്പോയതാണ്.
ഞാൻ പറഞ്ഞു വന്നത് ജൂലൈ പതിനേഴ്.
(July 17th)...
അന്ന് ഞാൻ ഫ്‌ളോറിഡയിൽ നിന്ന് കാലിഫോർണിയയിലേക്കു പറക്കാൻ ലോഞ്ചിൽ അക്ഷമനായി കാത്തിരിക്കുന്നു. ഉടൻ അന്നൗൺസ്‌മെന്റ് വന്നിരിക്കുന്നു.
ഫ്ലൈറ്റ് താമസിക്കും. ഞാൻ കൗണ്ടറിൽ ചെന്ന് കാരണം അന്വേഷിച്ചപ്പോൾ അവർക്കു മറുപടി പറയാൻ ബുദ്ധിമുട്ടുന്നത് മനസ്സിലായി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, താമസിച്ചു പറക്കുന്ന ഈ പ്ലെയിൻ ഓടിക്കേണ്ട പൈലറ്റും കോ പൈലറ്റും അവിടെ യാത്രക്കാരിരിക്കുന്ന കസേരകളിൽ ഇരുന്നു ഒരു കയ്യിൽ ബർഗറും മറുകയ്യിൽ പെപ്സികോളയുമായി ഉച്ച ഭക്ഷണം കഴിക്കുന്ന കാഴ്ചയാണ് കണ്ടത്...അവരുടെ അടുത്ത സീറ്റ്‌ൽ ഞാൻ പോയിരുന്നു. പരിചയപ്പെട്ടു. ക്യാപ്റ്റൻ ജാക്ക് ഒപ്പം കോ പൈലറ്റ് ക്യാപ്റ്റൻ പാട്രിക്. ഞാൻ ചോദിച്ചു എന്താ ഫ്ലൈറ്റ് താമസിക്കുമോ? അവരുടെ മറുപടി എന്നെ ഒരു അൻപത് വർഷം പുറകിലേക്ക് കൊണ്ട് പോയി...
അവർ പറഞ്ഞ മറുപടി... ഒരു ഡൊമസ്റ്റിക് പ്ലെയിൻ പറക്കണമെങ്കിൽ അഞ്ച് സ്റ്റാഫ് മിനിമം ക്യാബിനകത്തുണ്ടായിരിക്കണം. ഇവിടിയിപ്പോൾ നാലു പേരെ എത്തിയിട്ടുള്ളു. ഒരാൾക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് പോലും...ആ സമയം കൊണ്ട് ഞങ്ങൾ ലഞ്ച് കഴിക്കുകയാണ്. ഇത് കേട്ടപ്പോൾ പണ്ട് എഴുപതുകളിൽ ഞാൻ എം. എ. ഡിഗ്രിക്ക് പഠിക്കുമ്പോൾ സ്റ്റഡി ലീവിന് തിരുവനന്തപുരത് കാര്യവട്ടത്തുള്ള യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ കൂട്ടുകാരുമൊത് താമസിക്കുമ്പോൾ ഇടയ്ക്കു നാട്ടിലേക്കു പോകാൻ തമ്പാന്നൂർ ട്രാൻസ്പോർട് ബസ്റ്റാന്റിൽ എത്തുമ്പോൾ നടന്ന കാര്യമാണ് എനിക്ക് ഓർമ്മ വന്നത്...
തമ്പാന്നൂർ ബസ്റ്റാന്റിൽ ചെല്ലുമ്പോൾ ഇന്നത്തെപ്പോലെ സൂപ്പർ ഫാസ്റ്റ് ഒന്നുമായിട്ടില്ല. ഫാസ്റ്റ് പാസഞ്ചർ ഉണ്ട്. തിരുവനന്തപുരം എറണാകുളം പാസഞ്ചർ തിരുവല്ല കോട്ടയം വഴി പോകാൻ പിടിച്ചിട്ടിരിക്കും. വണ്ടി സ്റ്റാർട്ട് ആയിരിക്കും. ഡ്രൈവർ സീറ്റിൽ കാണില്ല. കണ്ടക്ടർ ടിക്കറ്റു കൊടുത്തു കാശു വാങ്ങിക്കൊണ്ടിരിക്കും. ഞങ്ങൾ യാത്രക്കാർ കാശുകൊടുത്തു ടിക്കറ്റെടുക്കുമ്പോൾ കണ്ടക്ടറോട് ചോദിക്കും. സാറെ ഡ്രൈവറു സാറെവിടെ? വണ്ടി ഇപ്പോഴെങ്ങാനും പോകുമോ? ഡ്രൈവർ ക്യാന്റീനിലിരുന്നു
കാപ്പി പഴമ്പൊരീം കഴിച്ചോണ്ടിരിക്കുവാ.
ഉടനെ വരുമാരിക്കും. കണ്ടക്ടറുടെ മറുപടി. ഇതേ ലാഘവത്തോടെയാണ് അമേരിക്കയിലെ ഫ്‌ലോറിഡയിൽ നിന്ന് ലോസ് ആൻജെലസിലേക്കു പ്ലെയിൻ പറപ്പിക്കുന്ന പൈലറ്റുകളുടെ മറുപടി.
ഞാൻ പൈലറ്റുകളോട് പറഞ്ഞു. ഇന്ന് ജൂലൈ 17... എനിക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഇന്നേക്ക് 51 വർഷങ്ങൾക്ക് മുൻപ് ഒരു ജൂലൈ 17നാണ് ഞാൻ ആദ്യമായി ഒരു പ്ലെയിൻ യാത്ര ചെയ്യുന്നത്...തെക്കേ ഇന്ത്യയിലെ കൊച്ചിയിലുള്ള നേവൽ ബേസിന്റെ എയർപോർട്ടിൽ നിന്ന് ബോംബെയിലേക്ക് 52 പേരെയും വഹിച്ചു കൊണ്ട് ഒരു പഴയ കാല ഡെക്കോട്ട പ്ലെയിനിൽ കയറി യാത്രയാകുന്നു. ഇന്നത്തെപ്പോലെ ജെറ്റ് പ്ലെയിൻ ഒന്നും ഡൊമസ്റ്റിക് ഫ്ലൈറ്റിൽ (Domestic flight) അന്നുണ്ടായിരുന്നില്ല. പ്രൊപ്പല്ലർ പ്ലെയിനുകൾ മാത്രം. വലിയ ശബ്ദത്തിൽ കൊച്ചിയിൽ നിന്നു പറന്നുയർന്നത് അത്ഭുതവും ഭയവും ആധിയും വ്യാധിയുമെല്ലാം കലർന്ന ഒരു ആദ്യ പ്ലെയിൻ യാത്ര. അതും ഓണം വരുന്നു .ഓണം കഴിഞ്ഞിട്ട് പോയാൽ മതിയെന്നായിരുന്നു അമ്മയുടെയും അച്ഛന്റെയും വലിയ ആഗ്രഹം. ആദ്യം വന്ന വിസയുടെ കാലാവധി കഴിഞ്ഞു. സമയത്തിന് പോകാൻ പറ്റിയില്ല. ഇത് രണ്ടാമതെടുത്ത വിസയാണ്. അത് കൊണ്ടാണ് ജൂലൈ 17ന് പോകാൻ ടിക്കട്റ്റ് ബുക്ക് ചെയ്തത്. ആ വിഷമത്തിലായിരുന്നു അച്ഛനും അമ്മയും. ഞാൻ പ്ലെയിൻ കയറുമ്പോൾ അച്ഛനും അമ്മയും വളരെ ദുഃഖത്തിൽ കണ്ണ് നീരോടെ നോക്കി നിൽക്കുന്നു. ഞാൻ
സമാധാനിപ്പിച്ചു. വിഷമിക്കരുത്. അടുത്ത ഓണത്തിന് അവുധിക്കു വന്ന് നമ്മുക്കൊന്നിച്ചു ഉണ് കഴിക്കാം. പക്ഷെ ഒരിക്കൽ പോലും അവരുടെ മരണംവരെ എനിക്കവരോടൊത്തു ഓണത്തിന് ഉണ് കഴിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ദുഃഖ സത്യം. എന്റെ കണ്ണ് നിറഞ്ഞു... രണ്ടു പേരും (പൈലറ്റും കോ പൈലറ്റും)
എന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു. അവരെന്നെ നടുക്കിരുത്തി മൊബൈലിൽ ഫോട്ടോ എടുത്തു തന്നു. പേരെന്താണ് ഒരു പൈലറ്റ് ചോദിച്ചു. ഞാൻ പേര് പറഞ്ഞു. സീറ്റ് നമ്പർ. അതും പറഞ്ഞു.
എ ന്തായാലും ഇതിനിടെ അഞ്ചാമത്തെ ക്യാബിൻ ക്രൂ എത്തിചേർന്നു. എല്ലാവരും പിന്നീട് യഥാക്രമം പ്ലെയിനിൽ കയറി. പ്ലെയിൻ ആകാശത്തിലേക്കു കുതിച്ചു പൊങ്ങി,
ഒരു പതിനഞ്ചു മിനിട്ടു കഴിഞ്ഞു കാണും. പൈലറ്റിന്റെ അന്നൗൺസ്‌മെന്റ്. നമ്മുടെ ഇന്നത്തെ ഫ്ലൈറ്റിൽ ന്യൂസിലന്റിൽ നിന്ന് എത്തിയ ഒരു അഥിതിയുണ്ട്. അദ്ദേഹം തന്റെ ആദ്യത്തെ പ്ലെയിൻ യാത്രയുടെ അൻപതാം വാർഷികം ഈ ഫ്ലൈറ്റിലൂടെ ആഘോഷിക്കുകയാണ്. പേര് രാധാകൃഷ്ണൻ നായർ. സീറ്റ് നമ്പർ 3 എ.(3A).നമ്മുക്ക് അദ്ദേഹത്തെ അനുമോദിക്കാം. ഒരു ഐർഹോസ്റ്റസ് ഒരു കഷ്ണം കേക്കും ഒരു പൂവും എനിക്ക് കൊണ്ട് തന്നു. പൈലറ്റിന്റെ അന്നൗൺസ്‌മെന്റ് ശ്രദ്ധിച്ച ചിലരൊക്കെ
പ്ലെയിനിൽ എവിടെയൊക്കെയായിരുന്നു
കൈ കൊട്ടി അനുമോദനങ്ങൾ അറിയിച്ചുകൊണ്ടേയിരുന്നു...
അപ്പോഴേക്ക് ഞാൻ ആ പഴയ എഴുപതുകളിലെ ആദ്യ പ്ലെയിൻ
യാത്രയും അമ്മയുടെയും അച്ഛന്റെയും നിറകണ്ണുകളോടെയുള്ള നോട്ടവും ദുഖവും ഓർത്തു ഒരു മയക്കത്തിലേക്ക് പോയിക്കഴിഞ്ഞിരുന്നു...
തുടരും ...