ഏഴാം കടലിനക്കരെ...(Across the seven seas) യാത്രയിലെ ചില ഓർമ്മകൾ 2025. (ഭാഗം- ഏഴ് )

ഏഴാം കടലിനക്കരെ...(Across the seven seas)
യാത്രയിലെ ചില ഓർമ്മകൾ 2025.
(ഭാഗം- ഏഴ് ).Part-Seven
എന്റെ ചെറുപ്പത്തിൽ ഞാൻ ഈ ടൂർ ട്രിപ്പുകളെപ്പറ്റിയൊന്നും(Tour and Trip) കാര്യമായി കേട്ടിട്ടില്ല. ആകെക്കൂടി 
കേട്ടിട്ടുള്ളത് പളനിക്ക്‌ വൃതമെടുത്തൊരു ഭസ്മക്കാവടിയുമായിട്ടുള്ള യാത്രയും തല മുണ്ഡനവും ... അല്ലങ്കിൽ വേളാങ്കണ്ണി മാതാവിനെ കാണാനൊരു യാത്ര...അൽപ്പം 
സാമ്പത്തിക ഭദ്രതയുള്ളവർ ഒരു ടാക്സി കാർ എടുത്തു ഗുരുവായൂർ  കണ്ണനെത്തേടി ഒരു യാത്ര... അതുമല്ലങ്കിൽ ആണ്ടു തോറും വൃതമെടുത് ഒരു ശബരിമല യാത്ര...പണ്ടൊക്കെ പഴമക്കാർ പറഞ്ഞുകേട്ടിട്ടുള്ള ഒരിക്കലും തിരിച്ചു വരാത്ത കാശിയാത്ര... മോക്ഷപ്രാപ്തിക്കായുള്ള യാത്ര...  ഇതൊക്കെയാണ് ബാല്യത്തിലെ എന്റെ ഓർമ്മകൾ...എഴുപത് എൺപതുകളിൽ പോലും (1970's and 1980's)
ടൂർ പാക്കേജുകളെപ്പറ്റിയൊന്നും ഗൾഫ് നാടുകളിൽപ്പോലും ആരും ഒന്നും പറഞ്ഞു കേട്ടതായി എന്റെ ഓർമ്മകളിൽ വരുന്നില്ല. എന്നാൽ ഇന്നിപ്പോൾ അവസ്ഥ എന്താണ്...
എഴുപതുകളിലും എൺപതുകളിലും ഞാൻ കുടുംബസമേതം ചില യൂറോപ്യൻ
(European)രാജ്യങ്ങളിലും,ഒട്ടുമിക്ക മിഡിൽ ഈസ്റ്റ്(Middle East)രാജ്യങ്ങളിലും, സന്ദർശനത്തിന് പോവുകയുണ്ടായി...
ചരിത്രമുറങ്ങുന്ന ചില സ്ഥലങ്ങൾ കാണുകയെന്നത്‌ സ്കൂൾ കോളേജുകളിൽ പഠിക്കുന്ന കാലത്തേയുണ്ടായിരുന്ന ആഗ്രഹങ്ങളായിരുന്നു...ഞങ്ങളുടെ തൊട്ടയലത്തുണ്ടായിരുന്ന വലിയ ചക്കാലത്തറയിലെ അമ്മച്ചിയും, പെന്തക്കോസിലുണ്ടായിരുന്ന ഞങ്ങളുടെ കുന്നത്തുമണ്ണിലെ വല്യമ്മച്ചിയും പറഞ്ഞു തന്നിട്ടുള്ള ബൈബിൾ കഥകളിലെ പാലും തേനുമൂറുന്ന വാഗ്ദത്ത ഭൂമിയിലൂടെ ഒരു 
യാത്ര ബാല്യത്തിലെ മനസ്സിൽ പതിഞ്ഞിരുന്നു. കോളേജിൽ പഠിക്കുമ്പോൾ മനസ്സിൽ പതിഞ്ഞതാണ് മഹാനായ അലക്‌സാണ്ടർ ചക്രവർത്തിയും യവന സംസ്ക്കാരവും, 
ഒപ്പം മദ്ധ്യകാല യൂറോപ്പിലെ ഓട്ടോമൻ സാംബ്രാജ്യവും അവിടുത്തെ സുൽത്താൻ ഭരണകുടത്തിന്റെ അവശിഷ്ടങ്ങളും ഒക്കെ നിലനിൽക്കുന്ന തുർക്കിയും  കാണാനുള്ള ആഗ്രഹങ്ങളും... അങ്ങനെ എഴുപതുകളിൽ(70's) ഗ്രീസ്, തുർക്കി, സൈപ്രസ്, ഇറ്റലിയുടെ കിഴക്കൻ പ്രവിശ്യ, തുടങ്ങിയ സ്ഥലങ്ങളും, എൺപതുകളിൽ(80's) ജോർദാൻ, ലെബനോൺ, സിറിയ, ഈജിപ്റ്റ്, പലസ്‌തീൻ അല്ലങ്കിൽ ഇസ്രയേൽ, തുടങ്ങിയ രാജ്യങ്ങൾ ഒക്കെ കൊതിതീരെ 
കാണാൻ കഴിഞ്ഞെങ്കിലും  അതൊന്നും 
ഒരു ടൂർ പാക്കേജായിരുന്നില്ല...

അക്കാലങ്ങളിലൊന്നും മൊബൈൽ 
ഫോണും, ക്രെഡിറ്റ് കാർഡും, എ.ടി. എം. കാർഡുമൊന്നുമുണ്ടായിരുന്നില്ല. ആകെ 
കുടി കേട്ടും കണ്ടുമിരുന്നത് ട്രാവല്ലേഴ്‌സ് ചെക്കും, (Travellers cheques) ഹാർഡ് കറൻസി(Liquid Currency)നോട്ടുകളും മാത്രം. 
എനിക്ക് തോന്നുന്നത് ഗൾഫ് യുദ്ധത്തിന് ശേഷമാണ് അന്തർദേശീയ യാത്രകൾക്ക് 
ടൂർ ട്രിപ്പ് എന്നൊരു ഓമനപ്പേര് വരുന്നതും, ട്രാവൽ ഏജൻസികൾക്കു പരപ്പും ആഴവും ഉണ്ടായതും എന്നാണ്. ശരിയോ? തെറ്റോ? ഇന്നിപ്പോൾ കണ്ണു തുറന്നു നോക്കിയാൽ ലോകത്തെമ്പാടും കാണുന്നത് അമേരിക്കൻ ടൂർ, യൂറോപ്യൻ ടൂർ, ഫാർ ഈസ്റ്റ് ടൂർ, ഓസ്‌ട്രേലിയ ന്യൂ സിലൻഡ് ടൂർ, സ്കാന്ഡിനേവിയൻ ടൂർ, ജപ്പാൻ ടൂർ, കാനേഡിയൻ ടൂർ, ഇസ്രയേലിലേക്കൊരു ഒരു ടൂർ, ആഫ്രിക്കൻ ഡെസേർട് സഫാരി ടൂർ, എന്ന് വേണ്ട അങ്ങനെ നൂറു കണക്കിന് ആഴ്ചകളും ദിവസങ്ങളും നീണ്ട് നിൽക്കുന്ന ടൂറുകളുടെ അയ്യരുകളിയാണ്. നാട്ടിലാണങ്കിലൊ? ദേവാലയദർശനങ്ങൾ. ചരിത്രമുറങ്ങുന്ന സ്ഥലങ്ങളിലൂടെ ഒരു യാത്ര. എന്ന് വേണ്ട ഏതു മുക്കിലും മൂലയിലും യാത്രകളുടെ
കൂമ്പാരങ്ങൾ.ചില രാജ്യങ്ങളുടെ നിലനിൽപ്പ് തന്നെ ഇതിൽ നിന്ന് കിട്ടുന്ന വരുമാനമാണെന്ന് എത്ര പേർക്കറിയാം. ടൂറിസം വളർന്നതോടെ ഹോട്ടൽ വ്യവസായങ്ങൾ ലോകത്തെല്ലാം പടർന്നു പന്തലിച്ചു  ഒപ്പം ആശുപത്രികൾ, വ്യോമയാനമേഖല, ആഡംബര നൗകകൾ, കടൽ യാത്രകൾ .അംബരചുംബികളായ സൗധങ്ങളേക്കാൾ വലിപ്പമേറിയ കപ്പലുകൾ. ഓരോ രാജ്യങ്ങളുടെയും വ്യാസായിക മേഖലയിലെ വിധിനിർണ്ണായകമായ ഒരു കണ്ണിയായി മാറിയിരിക്കുന്നു ടൂറിസം...
ഇത്തരം ടൂറുകൾ ഇന്ന് നൂറുകണക്കിന് ഉണ്ടങ്കിലും ലോകത്തെമ്പാടും മലയാളികൾ പൊതുവെ ഇത്തരം ടൂറുകളുടെ പുറകെ പോകുക വിരളമായി മാത്രമേ കാണാറുളളു.
അതിന്റെ ഒരു പ്രധാന കാരണം ഭാരിച്ച സാമ്പത്തിക ചിലവുകൾ തന്നെ. കാശുള്ളവർ തന്നെ ഈ ടൂറുകാരുടെകുടെ പോകാൻ മടി കാണിക്കുന്നു. മലയാളികൾ മാത്രമല്ല തമിഴ് തെലുങ്ക് കന്നഡ നാട്ടുകാരും ഇത്തരം ടൂറുകളിൽ അധികമൊന്നും പോകാറില്ലഎന്നത് മറ്റൊരു യാഥാർഥ്യം.
എന്നാൽ വടക്കേ ഇന്ത്യൻ സമൂഹം ഇക്കാര്യത്തിൽ കുറച്ചുകൂടി മുൻപിലാണ്. എന്തായാലും നമ്മുടെ വിഷയം ഏഴാം കടലിനക്കരെയുള്ള അമേരിക്കൻ യാത്രയാണല്ലോ. അതിലേക്കു തന്നെ മടങ്ങാം...

തുടരും...