ഏഴാം കടലിനക്കരെ...(Across the seven seas)
യാത്രയിലെ ചില ഓർമ്മകൾ 2025.
(ഭാഗം- ഒൻപത് ).Part-Nine.
---------------------------------------------------------------------------------
നാട്ടിൽ ജീവിച്ചിരുന്ന എന്റെ ബാല്യ കൗമാര യൗവന കാലഘട്ടത്തിൽ, സിനിമ പ്രേമം
വളരെ കുടുതലായിരുന്നങ്കിലും, ഇംഗ്ലീഷ്
സിനിമകൾ കാണാൻ വളരെ കുറച്ചു മാത്രമേ അവസരമുണ്ടായിട്ടുള്ളു. ദി ബൈബിൾ, (The Bible),സൗണ്ട് ഓഫ് മ്യൂസിക്,(Sound of Music), രണ്ടു ജെയിംസ് ബോണ്ട് സിനിമകൾ, (James Bond films),രണ്ടു ഡ്രാക്കുള സിനിമകൾ,(Dracula films),അങ്ങനെ വിരലിൽ എണ്ണാവുന്ന ഇംഗ്ലീഷ് സിനിമകൾ...
എഴുപതുകളുടെ ആദ്യ പാദങ്ങളിൽ കുവൈറ്റിലെത്തിയ എനിക്ക് കുറെ മാസങ്ങൾക്കു ശേഷം, ഒരുകൂട്ടുകുടുംബത്തിൽ വേണ്ടപ്പെട്ടവരോടൊത് "മൈതാൻ ഹാവല്ലി"(Maidan Hawally) എന്ന സ്ഥലത്തു താമസിക്കുവാൻ അവസരം വന്നു ചേർന്നു. നാട്ടിലൊന്നും അന്ന് ടെലിവിഷൻ ചാനലുകൾ വന്നിരുന്നില്ല. കുവൈറ്റിൽ അന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ ചാനൽ നിലവിലുണ്ട്. നമ്മുടെ പഴയ ദൂരദർശൻ മാതിരി ഒരു അറബിക് ചാനൽ. ആഴചയിലൊരിക്കൽ എല്ലാ വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ഒരു മണിയാകുമ്പോൾ ഒരു ഇംഗ്ലീഷ് ടി.വി.സീരിയൽ കാണിക്കാറുണ്ടായിരുന്നു. പഴയകാല പോപ്പുലർ ടി. വി. സീരിയലുകൾ ഇന്നും പുതുമയുണർത്തുന്നു. ഗൺ സ്‌മോക്ക്,(Gunsmoke),സിക്സ് മില്യൺ ഡോളർ മാൻ,
(Six Million Dollar Man), റിച്ചു മാൻ പുവർ മാൻ, (Richu Man..Poor Man),ബെവിച്ചഡ്, (Bewitched),
കൊളംബോ,(Colombo), തുടങ്ങിയ ഒരുപാട്
ടി വി സീരിയലുകൾ...കൂടാതെ രണ്ടാഴ്ച കൂടുമ്പോൾ എല്ലാ വെള്ളിയാഴ്ച്ചകളിലും ഒരു പഴയ ഹിന്ദി സിനിമയും കാണിക്കുമായിരുന്നു.
ഈ "മൈദാൻ ഹാവല്ലി" എന്ന് പറഞ്ഞ കുവൈറ്റിലെ സ്ഥലം, ഇപ്പോൾ കാണുന്നത് പോലെ അനേകം ഫ്‌ളൈഓവറും വലിയ കെട്ടിട സമുച്ചയങ്ങളും ഒന്നും അക്കാലത്തു
ണ്ടായിരുന്നില്ല. അന്ന് ഒരു ഫുട്ബോൾ മൈതാനത്തിനു സമാനമായ ഒരു വലിയ സർക്കിൾ ആണ് മൈദാൻ ഹാവല്ലിയിൽ ചുറ്റുമുള്ള സ്ഥലങ്ങളെ പരസ്പ്പരം യോജിപ്പിച്ചിരുന്നത്. അതായതു കുവൈറ്റ് സിറ്റിയിലെ ഷർഖ് എന്ന സ്ഥലത്തു നിന്ന് ഇസ്ടഖുലാൽ സ്ട്രീറ്റിലൂടെ വരുന്ന വഴി എത്തിച്ചേരുന്നത് ഈ സർക്കിളിലാണ്. അതുപോലെ കുവൈറ്റ് സിറ്റിയിൽ മന്സൂറിയ, ദൈയ്യ, തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു വരുന്ന വഴിയും ഈ വലിയ സർക്കിളിൽ വന്നു ചേരുന്നു. ശുവൈഖിൽ നിന്ന് ഖൈത്താൻ വഴി ഹവല്ലിയിലുടെ വന്നു ചേരുന്ന വഴിയും ഈ സർക്കിളിൽ തന്നെയാണ് വന്നു ചേരുന്നുത്. അഹമ്മദി, ഫഹാഹീൽ, ഫിന്റാസ്, കുറൈൻ, ജാബർ അലി, തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു വരുന്ന വഴിയും ഈ വലിയ സർക്കിളിൽ വന്നു ചേരുന്നു. ഇതിനോട് അതായത് ഈ സർക്കിളിനോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് മൈതാൻ ഹാവല്ലി. സത്യത്തിൽ മൈതാൻ ഹാവല്ലി എന്ന് പറയുന്ന സ്ഥലം ഹാവല്ലിയുടെ ഒരു ഭാഗം മാത്രമാണ്. പക്ഷെ ഇതിനിടയിലൂടെയാണ് അന്നത്തെ ഫഹാഹീൽ അഹമ്മദി മെയിൻ റോഡ് കടന്നു പോയിരുന്നത്. അങ്ങനെ റോഡിനിപ്പുറം മൈതാനത്തിനോട് ചേർന്ന് കിടന്ന ഭാഗം മൈതാൻ ഹാവല്ലിയെന്ന പേരിൽ അറിയപ്പെട്ടു...
അക്കാലത്തു കുവൈറ്റിൽ ഇന്നത്തെപ്പോലെയുള്ള വലിയ സിനിമ കോംപ്ളസ്കൾ ഉണ്ടായിരുന്നില്ല.
ആകെക്കൂടി അഞ്ചു സിനിമ കോട്ടകൾ. ഫിർദോസ് (Al Firdous), അന്തലൂസ് (Al Andalouse), സുലൈബിക്കട്ട് (Sulaibikkattu), അഹമ്മദി,(Ahmadi), ജഹ്റ (Jehra),...ഇതിൽ ഏഷ്യാക്കാരുടെയിടയിൽ പോപ്പുലറായിട്ടുള്ള തീയറ്റർ ഫിർദൗസ്.. അറബികൾക്കിടയിൽ പോപ്പുലർ അന്തലൂസ്...ഫിർദോസിൽ എപ്പോഴും ഹിന്ദി സിനിമയാണ്ങ്കിൽ, മറ്റു
നാല് തീയറ്ററുകളിൽ കുടുതലും അറബി സിനിമകളായിരുന്നു അന്ന് വന്നു
കൊണ്ടിരുന്നത്. എന്നാൽ ഹവല്ലിയിൽ ഉണ്ടായിരുന്ന അന്തലൂസ് തീയറ്ററിൽ എല്ലാ വ്യാഴാച്ചകളിൽ രാത്രി സെക്കന്റ് ഷോ ഇംഗ്ലീഷ് സിനിമകൾ കാണിക്കുന്നുണ്ടായിരുന്നു. അത് അഹമ്മദിയിൽ എല്ലാ വെള്ളിയാഴ്ചകളിലും ഫസ്റ്റ് ഷോകളിൽ വീണ്ടും കാണിച്ചു കൊണ്ടിരുന്നു.
ഞാൻ ഈ മൈതാൻ ഹാവല്ലിയിൽ താമസമായ കാലം മുതൽ എല്ലാ വ്യാഴാച്ചയും സെക്കന്റ് ഷോ ഇംഗ്ലീഷ് സിനിമ കാണാൻ എന്റെ ഭാര്യ സഹോദരനുമൊത് പോകുക പതിവായി. ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് ഒരു പതിനഞ്ചു മിനിറ്റു നടന്നാൽ മാത്രമേ അൽ അന്തലൂസ് തീയറ്ററിൽ എത്തി ചേരുകയുള്ളു. ഇതിൽ പത്തു മിനിറ്റും ഇ മൈതാനം പോലെയുള്ള സർക്കിൾ കടന്നു പോകാനുള്ള സമയമാണ്. അന്നത്തെ വഴിവിളക്കുകൾക്കു ഇന്നത്തെപ്പോലെ
അധികം വെളിച്ചമുണ്ടായിരുന്നില്ല.
തന്നെയുമല്ല വഴിവിളക്കുകകൾ സർക്കിളിനു ചുറ്റുമുള്ള റോഡുകളിൽ മാത്രം. മൈതാനം വിജനവും അൽപ്പം ഭീതി ഉളവാക്കുന്ന ഒരു സാഹചര്യവുമുണ്ടായിരുന്നു.അസമയത്തെ സിനിമ കാണാനുള്ള ഒരു ത്വര ആരോഗ്യപരമായിരുന്നില്ല. പലപ്പോഴും ഭാര്യയെ ഈ അസമയത്തെ സിനിമകാണലിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. കാരണം സിനിമ കഴിഞ്ഞു മടങ്ങുമ്പോൾ പതിനൊന്നരമണി കഴിയും. ആ സമയത്തു ഒരു യുവതിയെയും
കൂട്ടി നടന്നു വീട്ടിലേക്കു മടങ്ങുന്നത് ഉചിതമാണെന്നു തോന്നിയിരുന്നില്ല. വണ്ടിയൊന്നും ആയിട്ടുള്ള കാലമല്ല. എന്തായാലും ഒരു രണ്ട് വര്ഷക്കാലത്തോളം ഇതാവർത്തിച്ചു കൊണ്ടേയിരുന്നു...
അക്കാലങ്ങളിൽ ഒരുപാട് ആക്ഷൻ അമേരിക്കൻ ഇംഗ്ലീഷ് സിനിമകൾ കാണാൻ അവസരമുണ്ടായി എന്നത് യാഥാർഥ്യം.
മാറ്റിനി ഇംഗ്ലീഷ് സിനിമകൾ വെള്ളിയാഴ്ച്ച ദിവസങ്ങളിൽ സുലൈബിക്കാട്ടു തീയറ്ററിൽ ഇടയ്ക്കിടെ വരുമ്പോൾ ഭാര്യയേയും കുട്ടി അത് കാണാൻ പോകാറുണ്ടായിരുന്നു .അതിൽ പലതും മുൻപ് അന്തലൂസിൽ കണ്ടതായിരിക്കും. ഒരുപാട് ഇംഗ്ലീഷ് സിനിമകൾ അന്ന് കാണാറുണ്ടായിരുന്നെങ്കിലും എഴുപതുകളിലെ ആക്ഷൻ ഹീറോ ആയിരുന്ന ചാൾസ് ബ്രോൺസന്റെ സിനിമകൾ എന്നെ വളരെയധികം സ്വാദീനിച്ചിരുന്നു.
അക്കൂട്ടത്തിൽ ഏതോ ഒരു സിനിമ (പേരോർമ്മയിൽ വരുന്നില്ല) ആ സിനിമ തുടങ്ങുന്നത് ഇങ്ങനെ ഒരു വാചകം ചാൾസ് ബ്രോൻസൺ പറഞ്ഞുകൊണ്ടായിരുന്നു... "സാൻ ഫ്രാൻസിസ്‌കോ ഈസ് ദി സിറ്റി ഓഫ് കാർസ് ഇൻ ദി യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക". (San Francisco is the city of cars in the United States of America) ഒപ്പം ആ സ്ഥലത്തിന്റെ വിഷ്വലും...
അങ്ങനെയാണ് ഞാൻ "സാൻ ഫ്രാൻസിസ്കോ" എന്ന സിറ്റിയെക്കുറിച്ചു ആദ്യമായി കേൾക്കുന്നത്. കൃത്യമായിപ്പറഞ്ഞാൽ ഇന്നേക്ക് ഏതാണ്ട് അമ്പത് വർഷങ്ങൾക്കു മുൻപ് ...
അന്ന് മുതൽ മനസ്സിൽ ചേക്കേറിയ ഒരു സ്ഥലമാണ് അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിന്റെ തെക്കു ഭാഗത്തുള്ള സാൻ ഫ്രാൻസിസ്കോ എന്ന സിറ്റി. പലപ്പോഴും അമേരിക്കൻ ട്രിപ്പിന് പ്ലാൻ ചെയ്തിട്ടുണ്ടങ്കിലും അതൊന്നും നടന്നില്ല. എന്നൊങ്കിലുമൊരിക്കൽ പോകാൻ അവസരമുണ്ടായാൽ ആദ്യം പോകുന്നതവിടെക്കായിരിക്കണമെന്നു ഒരു വാശി. ആഗ്രഹങ്ങൾ എല്ലാം നടക്കണമെന്ന് നിർബന്ധ ബുദ്ധിയില്ലാതിരുന്നത് കൊണ്ട് അതൊക്കെ മനസ്സിൽ നിന്ന് തൂത്തെറിഞ്ഞു. അപ്പോഴാണ് അപ്രതീക്ഷിതമായ ഒരു നീണ്ട അമേരിക്കൻ യാത്ര വീണു കിട്ടിയത്. ആദ്യം സാൻ ഫ്രാൻസിസ്കോ എന്ന് അപ്പോൾ തന്നെ മനസ്സിലുറപ്പിച്ചു. പക്ഷേ ന്യൂസിഅലാൻഡിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് നേരിട്ടുള്ള പ്ലെയിൻ യാത്രയ്ക്ക് ഏതാണ്ട് പതിനേഴര മണിക്കൂർ നോൺ സ്റ്റോപ്പ്. അതിന് പ്രായം അനുവദിക്കില്ല എന്ന് മനസ്സ് ഉപദേശിച്ചു. അങ്ങനെയാണ് ഇവിടെ നിന്ന് മൂന്നരമണിക്കൂർ ഫിജിയിലേക്കും, അവിടെ നിന്ന് നാലു ദിവസം കഴിഞ്ഞു അമേരിക്കയുടെ അൻപതാമത്തെ സ്റ്റേറ്റ് ആയ ഹവായിലേക്കു ഏഴരമണിക്കൂർ യാത്രയും, തുടർന്ന് നാലു ദിവസം കഴിഞ്ഞു എന്റെ സ്വപ്നത്തിലെ അമേരിക്കൻ വൻ കരയിലെ സാൻ ഫ്രാൻസിസ്കോയിലേക്ക് വീണ്ടും ഏഴര മണിക്കൂർ ദൈർഘ്യമുള്ള യാത്രക്ക് തുടക്കമിട്ടത്...
ജൂൺ പത്തൊൻപതു കാലത്തു കുളിച്ചു ബ്രേക്ഫാസ്റ്റും കഴിഞ്ഞു ഞാൻ, ഹവായി ദ്വീപിലുള്ള ഹോണോലുലു എയർപോർട്ടിൽ നിന്ന് പറന്നു പൊങ്ങിയ ഹവായി എയർലൈൻസ് വിമാനത്തിൽ അൻപതു വർഷത്തെ ഓർമ്മകളുമായി ചാൾസ് ബ്രോൺസന്റെ സിനിമയിലെ "സാൻ ഫ്രാൻസിസ്കോ" എന്ന സ്ഥലത്തേക്കുള്ള യാത്ര... ഒരു പ്രത്യേക അനുഭൂതി ഉളവാക്കിയിരുന്നു...City of cars ????...San Francisco...
തുടരും...