ഏഴാം കടലിനക്കരെ...(Across the seven seas)
യാത്രയിലെ ചില ഓർമ്മകൾ 2025.
(ഭാഗം - പതിമൂന്നു) Part-13.
--------------------------------------------------------------------------------
1980കളുടെ തുടക്കത്തിൽ കുവൈറ്റിൽ എല്ലായിടത്തും ഇരുപത്തിനാലിഞ്ചു കളർ ടെലിവിഷൻ സർവ്വ സാധാരണമായി
ക്കഴഞ്ഞിരുന്നു. മുപ്പത്തിമൂന്നു ഇഞ്ചിലേക്കെത്താൻ പിന്നെയും കാലങ്ങളെടുത്തു. ആയിടക്കാണ്
വീഡിയോ കാസ്സറ്റുകളുടെ വരവ്.
ശരിക്കും വിപ്ളവമാത്മകമായ ചുവടുവയ്പ്പ്
തന്നെ ആയിരുന്നു അത്. രണ്ടു തരത്തിലുള്ള വീഡിയോ കാസ്സെറ്റ് റെക്കോർഡറുകളും, വീഡിയോ കാസ്സെറ്റ് പ്ലെയറുകളും, വിപണിയിൽ സുലഭം...ഇൻഡ്യാക്കാരുൾപ്പടെയുള്ള ഏഷ്യാക്കാർ വി.എഛ്.എസ്സ്.(V H.S.) കാസ്സറ്റിലേക്കു കൂടുതൽ ആകര്ഷിക്കപ്പെട്ടപ്പോൾ, അറബികൾ അൽപ്പം കുടി വലിപ്പം കുറഞ്ഞ ബെറ്റമെക്സ് (Betmax) കാസ്സറ്റുകളിൽ ശ്രദ്ധ പതിപ്പിച്ചു.
ഓഡിയോ കാസ്സറ്റുകൾ എഴുപതുകളിൽ തന്നെ വിപണിയിൽ ഉണ്ടായിരുന്നെങ്കിലും ഇന്ത്യൻ സിനിമ ഗാനങ്ങളും ഭക്തി ഗാനങ്ങളും ഗൾഫ് നാടുകളിലേക്ക് ഒഴുകി തുടങ്ങിയത് മുകളിൽ പറഞ്ഞ വീഡിയോ കാസ്സറ്റുകളുടെ വരവോടെയാണ്...വീഡിയോ കാസ്സറ്റുകളുടെ വരവോടെയാണ് വിവിധ ഭാഷകളിലുള്ള സിനിമ സംഗീതം ആസ്വദിക്കാൻ അവിടെയുള്ളവർക്കു അന്ന് അവസരങ്ങൾ വന്നു ചേർന്നത്.
അപ്പോഴേക്കും കുവൈറ്റ് ടെലിവിഷനിൽ ഒരു പുതിയ ചാനൽ കുടി നിലവിൽ വന്നു. ഒരുപാടു വര്ഷങ്ങളായി നിലവിലുണ്ടായിരുന്ന കുവൈറ്റ് അറബിക് ചാനാലിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഇംഗ്ലീഷ് ചാനൽ. ആദ്യമൊക്കെ വൈകിട്ട് ആറു മണിമുതൽ രാത്രി പത്തു വരെ ആയിരുന്നു പ്രക്ഷേപണ സമയം. പിന്നീട് അത് ഫുൾടൈം ചാനലായി മാറിയിരുന്നു. ഇന്ത്യയിൽ കളർ ടെലിവിഷൻ വരാൻ പിന്നെയും കാലങ്ങളെടുത്തു. ആദ്യമായി കളർ ടെലിവിഷൻ എത്തുന്നത് ഏഷ്യൻ ഗെയിംസ് ഡൽഹിയിൽ വച്ച് നടക്കുന്ന അവസരത്തിലാണ്. അതിന്റെ സാമ്പത്തികം നൽകിയത് കുവൈറ്റ് ആയിരുന്നു. കാരണം അവർക്കു ഫുട്ബോളോക്കെ കളറിൽ കാണണമായിരുന്നു.
ഇത്രയൊക്കെ ആമുഖമായി പറയാനുണ്ടായ കാരണം അന്ന് ഇംഗ്ലീഷ് ചാനൽ തുടങ്ങിയ സമയത് വളരെ യുവാവായിരുന്ന, ലോകപ്രശസ്തി ആർജ്ജിട്ടുള്ള, മജീഷ്യന്റെ ഒരു മാജിക് ഷോ ആഴ്ചയിലൊരു ദിവസം രാത്രി ഒൻപതു മുതൽ പത്തു വരെ ആ പുതിയ ഇംഗ്ലീഷ് ചാനലിൽ എല്ലാ വെള്ളിയാഴ്ചകളിലും കാണിക്കുമായിരുന്നു. ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടു മാത്രമേ ആ അമേരിക്കൻ മജീഷ്യന്റെ ഷോ അന്ന് നമ്മുക്ക് കണ്ടിരിക്കാൻ കഴിയുമായിരുന്നുള്ളൂ. David Copperfield) യുവാവായിരുന്ന ഡേവിഡ് കോപ്പർഫീൽഡ് എന്ന മഹാ മാന്ത്രികൻ ഒരു താറാവിനെയും ഒക്കെത്തെടുത്തു വച്ച് കൊണ്ടായിരുന്നു ആദ്യകാലങ്ങളിൽ സ്റ്റേജിൽ വന്നു കൊണ്ടിരുന്നത്...അന്ന് കുവൈറ്റിലുണ്ടായിരുന്ന പഴമക്കാർക്കറിയാം...ഇത്രയധികം മനുഷ്യ ഹൃദയങ്ങളെ ആകര്ഷിച്ചിരുന്ന ഒരു പരിപാടി വേറെയുണ്ടായിരുന്നില്ല. കുവൈറ്റികളെല്ലാം തന്നെ ബാങ്കിൽ വരുമ്പോൾ ഈ ടെലിവിഷൻ ഷോയെപ്പറ്റി വാതോരാതെ പറയുന്നത് ഇന്നും എന്റെ ഓർമ്മകളിൽ. പിന്നീടെപ്പോഴോ കുവൈറ്റ് യുദ്ധമൊക്കെ വന്നപ്പോൾ കാലപ്പഴക്കത്തിൽ എല്ലാം മറന്നു എങ്കിലും ഡേവിഡ് കോപ്പർഫീൽഡ് എന്ന മഹാ മാന്ത്രികൻ എന്നും മറയാതെ ഓർമ്മകളിൽ നിലനിന്നു. പിന്നീട് നമ്മുടെ മുതുകാട്‌ൾപ്പടെ പലരുടെയും മാജിക് ഷോ നേരിട്ട് കാണാൻ അവസരമുണ്ടായെങ്കിലും, ഡേവിഡ് കോപ്പർഫീൽഡ് എന്ന മഹാമന്ത്രികന്റെ പ്രകടനങ്ങൾ എല്ലാറ്റിനേക്കാളും മഹത്തരം തന്നെ. എന്നെങ്കിലുമൊരിക്കൽ ഇദ്ദേഹത്തിന്റെ പരിപാടികൾ നേരിൽ കാണണമെന്ന് മനസ്സിൽ ഒരു തോന്നൽ...ദിവസങ്ങൾ മാസങ്ങൾക്കും വർഷങ്ങൾക്കും എന്തിനു ദശാബ്ദങ്ങൾക്ക് വഴി മാറി...
അങ്ങനെ ഇരിക്കുമ്പോഴാണ് ഈ കഴിഞ്ഞ ജൂൺ മാസത്തിൽ അൻപത് ദിവസം നീണ്ട ഒരു അമേരിക്കൻ യാത്ര എനിക്ക് വന്നു ചേരുന്നത്. ആദ്യം ബുക്ക് ചെയ്യുമ്പോൾ അമേരിക്കയിലെ ലാസ് വെഗാസ് എന്ന സിറ്റിയിൽ പോകുന്ന കാര്യം മനസ്സിലുണ്ടായിരുന്നില്ല. പിന്നീട് കൂട്ടിച്ചേർത്തതാണ്. ലാസ് വെഗാസ് എന്ന് പറഞ്ഞപ്പോൾ അത് ചൂതുകളിയുടെ നാടാണ്. അവിടെന്തു കാണാൻ? എന്നാണ് അറിഞ്ഞതെങ്കിലും യാഥാർഥ്യം അങ്ങനെ ആയിരുന്നില്ല.അമേരിക്കയിൽ ഞാൻ പോയ പതിനാറു സ്റ്റേറ്റുകളിൽ എനിക്കേറെ ഇഷ്ടപ്പെട്ട സ്ഥലങ്ങൾ നിവാട സ്റ്റേറ്റിലെ ലാസ് വേഗാസിലും ( Las vegas city of Nevada state)
പിന്നെ ഹവായി ദ്വിപ് സമൂഹങ്ങളുമായിരുന്നു. രാത്രികാലങ്ങളിൽ ലാസ് വെഗാസ് സിറ്റി ഒരു സ്വർഗ്ഗലോകം തന്നെ ആയിരുന്നു. അവിടെ സിസേഴ്സ് പാലസ് ഹോട്ടലിൽ (Cesares palace hotel) താമസിക്കുമ്പോൾ, താഴെ റിസപ്ഷനിൽ ഇരിക്കുമ്പോൾ കണ്ണാടി ഫ്രെയിമിൽ ആലങ്കാരികമായി ഇട്ടിരിക്കുന്ന ഒരു ഫോട്ടോ എന്നെ അത്ഭുതപ്പെടുത്തി.
അതെന്താണന്നറിയേണ്ടേ ?
അടുത്ത ചൊവാഴ്ച തുടരും...