ഏഴാം കടലിനക്കരെ...(Across the seven seas)
യാത്രയിലെ ചില ഓർമ്മകൾ 2025.
(ഭാഗം-പത്തു).Part-10.
---------------------------------------------------------------------------------കാലം മാറുന്നു സമയം മാറുന്നു എന്നൊക്കെ നമ്മൾ സാദാരണ കേൾക്കാറുണ്ട്. എന്നാൽ രണ്ടു ദിവസം പുറകോട്ടു പോകുന്നു എന്ന് പറഞ്ഞാൽ നമ്മുക്ക് പെട്ടന്നതുൾക്കൊള്ളാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്. ഹവായ് ദ്വിപ് അമേരിക്കയുടെ ഭാഗമാണെങ്കിലും അവിടെ നിന്ന് ഏകദേശം ഒരു എട്ടു മണിക്കൂർ പറന്നു അമേരിക്കൻ വൻകരയിലെ സാൻ ഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങുമ്പോൾ ഞാൻ രണ്ടു ദിവസം പുറകോട്ടു നടന്നു എന്നാണ് ലോകം പറയുന്നത്. കയ്യിലിരിക്കുന്ന മൊബൈൽ കാണിക്കുന്നതും അതാണ്. (അതായത് ജൂൺ 20ൽ നിന്ന് ജൂൺ 18ലേക്ക്). സത്യത്തിൽ ഇത് ഒറ്റയടിക്ക് സംഭവിച്ചതല്ല. ന്യൂസിഅലൻഡിൽ നിന്ന് ഫിജിയിലേക്കു പോയപ്പോൾ മുതൽ ഭാഗികമായി ഈ സമയമാറ്റം തുടങ്ങിയതാണ്. അത് പൂർണ്ണമായതു ഫിജിയിൽ നിന്ന് ഹവായിൽ എത്തിയതും അവിടെ നിന്ന്
സാൻ ഫ്രാൻസിസ്കോയിൽ എത്തിയപ്പോഴുമാണന്നു മാത്രം... ആലോചിച്ചപ്പോൾ സംഗതി ശരിയാ. ഞാൻ ന്യൂസിആലൻഡിൽ നിന്ന് അമേരിക്കയിലുള്ള എന്റെ സുഹൃത്തുക്കളെയോ ബന്ധു മിത്രാദികളെയോ ടെലിഫോണിൽ വിളിക്കുമ്പോൾ ഇവിടെ ഞായറാഴചയാണെങ്കിൽ അവിടെ പലപ്പോഴും വെള്ളിയാഴ്ച ഉച്ച ആകുന്നതേ ഉള്ളു. ഭൂമിയുടെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന സമയ വ്യത്യാസവും അതിലുപരി ദിവസ വ്യത്യാസവും...ഇനി തിരിച്ചു മടങ്ങുമ്പോൾ ഹവായിൽ നിന്ന് ന്യൂ സിഅലാൻഡിൽ എത്തുമ്പോൾ ഞാനറിയാതെ എന്റെ ജീവിതത്തിന്റെ രണ്ട് ദിവസം നഷ്ടപ്പെടും. സാരമില്ല "നേടിയതല്ലേ നഷ്ട്ടപ്പെടു"...
അന്ന് ഏതാണ്ട് എട്ടു മണിക്കൂർ പറന്നു
ഒരു എഴ് മണി രാത്രിയായപ്പോൾ പസിഫിക് മഹാസമുദ്രത്തിന്റെ തീരത്തു അതാ മനോഹാരിയായി എന്റെ സ്വപ്നഭൂമിയായ സാൻ ഫ്രാൻസിസ്കോ നഗരം തലയുർത്തി നിൽക്കുന്നു...
അമേരിക്കയിലെ പല മഹാനഗരങ്ങളിലും
ഉള്ള എയർപോർട്ടുകളിൽ ഒരേ സമയം രണ്ടു പ്ലെയിനുകൾ ഇറങ്ങുകയും ഒപ്പം രണ്ടു പ്ലെയിനുകൾ ഒരേ സമയം പറന്നു പൊങ്ങുകയും ചെയ്യുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടങ്കിലും അക്ഷരാർത്ഥത്തിൽ അത് കാണാൻ സാധിച്ചത് സാൻ ഫ്രാൻസിസ്കോ എയർപോർട്ടിൽ മാത്രമാണ്. അതും ഹൊറിസോണ്ടലായിട്ടല്ല വെർട്ടിക്കലായിട്ടാണ്
പ്ലെയിനുകൾ കിളരുകയും താഴുകയും ചെയ്യുന്നത്. ഒട്ടു മുക്കാലും ഡൊമസ്റ്റിക് ഫ്ലൈറ്റുകൾ. നിമിഷ നേരത്തെ ഗ്യാപ്പിൽ ഒരു സെക്കന്റ് തെറ്റിയാൽ പ്ലെയിനുകൾ കൂട്ടി ഇടിച്ചിരിക്കും. ശ്വാസം പിടിച്ചിരുന്നു മാത്രം കാണാവുന്ന ഒരു കാഴ്ച... ഞാനത് ശരിക്കും ശ്രദ്ധിച്ചത് സാൻ ഫ്രാൻസിസ്കോ എയർപോർട്ടിൽ നിന്ന് കൊളോറാഡോയിലേക്കു പോകുമ്പോഴാണ്. ഒരു മിനിറ്റിൽ രണ്ടു പ്ലെയിനുകൾ താഴ്ന്നിറങ്ങുകയും ഒപ്പം രണ്ടു പ്ലെയിനുകൾ പറന്നു പൊങ്ങുകയും ചെയ്യുന്നു എന്ന് പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ അത് സത്യമാണ്. കൊളോറാഡോയിലേക്കുള്ള യാത്രയ്ക്ക് സെക്യൂരിറ്റി ചെക്‌പോയിന്റ് ഒക്കെ കടന്നു ട്രാൻസിറ്റ് ലൗഞ്ചിൽ ഇരിക്കുമ്പോൾ കൃത്യമായി കണ്ണാടിക്കുള്ളിലൂടെ വ്യക്തമായി ആ കാഴ്ചകൾ കണ്ടത് തികച്ചും വിസ്മയിപ്പിക്കുന്നതായിരുന്നു. ഒരു മണിക്കൂറിൽ നൂറ്റിയിരുപത്തിലധികം പ്ലെയിനുകൾ പറന്നിറങ്ങുകയും അത്ര തന്നെ പ്ലെയിനുകൾ പറന്നു പൊങ്ങുകയും ചെയ്തു എന്ന് ഞാനീവിടെപ്പറഞ്ഞാൽ നിങ്ങൾ വായനക്കാരെ എങ്ങനെ വിശ്വസിപ്പിക്കണമെന്നു സത്യത്തിൽ എനിക്കറിഞ്ഞു കൂടാ. പണ്ട് മാരാമൺ കൺവെൻഷൻ കോഴഞ്ചേരിയിൽ നടക്കുമ്പോൾ കുന്നിൽ മോട്ടോഴ്സിന്റെ വണ്ടികൾ തിരുവല്ല ബസ്സ് സ്റ്റാൻഡിൽ പിടിച്ചിട്ടിരിക്കുന്നത് രസകരമായ ഒരോർമ്മയായിരുന്നു. ഒരു വണ്ടി കോഴഞ്ചേരിക്ക് വിട്ടാൽ അടുത്ത വണ്ടി പോകാൻ എരപ്പിച്ചുകൊണ്ട് വന്ന് റെഡിയായി നിൽക്കും. അന്നതൊക്കെ അതിശയമായി തോന്നിയിരുന്നങ്കിലും ഇന്ന് ഇത് ഒരത്ഭുതമായി തോന്നി...ശരിക്കും ഇത് എഴുപതുകളിൽ ചാൾസ് ബ്രോൺസന്റെ സിനിമയിൽ പറഞ്ഞ കാറുകളുടെ നഗരമോ അതോ പ്ലെയിനുകളുടെ നഗരമോ എന്ന് തോന്നിപ്പോയി...അതല്ലേ സത്യം... ലൗഞ്ചിലിരിക്കുമ്പോൾ ആദ്യം ഞാനി പ്ലെയിനുകളുടെ വരവും പോക്കും അത്ര ശ്രദ്ധിച്ചിരുന്നില്ല. ഏതോ ഒരു നിമിഷത്തിൽ എന്റെ ശ്രദ്ധ ഇതിലേക്ക് തിരിഞ്ഞപ്പോൾ അവിടെയിരുന്ന പല യാത്രക്കാരും ഇത് ആസ്വദിച്ചിരിക്കുന്നത് ഞാൻ മനസ്സിലാക്കി.
പൊടുന്നനെ ഞാൻ എന്റെ മൊബൈൽ കോട്ടിന്റെ പോക്കറ്റിൽ നിന്നെടുത്തു ഈ പ്ലെയിനുകളുടെ വരവും പോക്കും ഒന്ന് വീഡിയോ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ എന്റടുത്തിരുന്ന ഭാര്യ ചെവിയിൽ പറഞ്ഞു.
ഇത്രയും പേർ ഈ ലൗഞ്ചിലിരിക്കുന്നു. ആരും ഒന്നും റെക്കോർഡ് ചെയ്യുന്നില്ല. നിങ്ങൾ ഒരാൾ മാത്രം കോട്ടും സ്യൂട്ടും ഒക്കെ ഇട്ടു ഇവിടിരുന്നു ഇത് റെക്കോർഡ് ചെയ്യുന്നത് കണ്ടാൽ "മറ്റുള്ളവരെന്തു വിചാരിക്കും"...
അപ്പോൾ അതാണ് പ്രശ്‍നം. "മറ്റുള്ളവർ
എന്ത് വിചാരിക്കും". അവളെ കുറ്റം പറയുന്നില്ല.
നമ്മൾ ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ "മറ്റുള്ളവരെന്തു വിചാരിക്കും" എന്ന് ചിന്തിച്ചു ജീവിതം മുന്നോട്ടു നയിക്കുന്നവരാണ്. ഇത് നമ്മുടെയൊക്കെയിടയിൽ സർവ്വസാധാരണമാണ്. ഇതൊക്കെ നമ്മുക്കുൾക്കൊണ്ട് ജീവിതം മുന്നോട്ട്
കൊണ്ട് പോകാൻ പറ്റും...സഹിക്കാനും പറ്റും. എന്നാൽ ഇതിനപ്പുറം മറ്റൊരു തലമുണ്ട്. "ഒപ്പത്തിനൊപ്പം വയ്ക്കൽ"...അത് ഇതിന്റെ ഒരു കൂടിയ വശമാണ്. തിലകൻ സാർ ഏതോ സിനിമയിൽ പറയുന്നത് പോലെ സൈക്കോസിസിന്റെ മറ്റൊരു തലം.
എന്ത് തന്നെ ആയാലും എന്റെ ഭാര്യ ആ
ഒരു തലത്തിലേക്ക് എത്തിയിട്ടില്ല. അവൾ ആരെയും ഒരിക്കൽ പോലും ഒപ്പം വച്ച് ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നതായി ഞാൻ ഇത് വരെ കേട്ടിട്ടില്ല...ഞാൻ പറഞ്ഞു
ഈ കണ്ട കാര്യങ്ങൾ ഞാൻ നാളെ എവിടെയെങ്കിലും എഴുതിയിട്ടാൽ ഇതൊക്കെ സത്യമാണോ എന്ന് ഏതെങ്കിലുമൊരു വായനക്കാരൻ ചോദിച്ചാൽ ഒരു തെളിവ് കൊടുക്കാൻ വേണ്ടിയാണു ഇത് വിഡിയോയിൽ പകർത്താൻ ഞാൻ ശ്രമിച്ചത്. അതിനുള്ള മറുപടി അവൾ പറഞ്ഞു കേട്ടപ്പോൾ ഞാൻ തൃപ്തനായി. നിങ്ങൾ എഴുതിയിടുന്നതെല്ലാം വായനക്കാർ വിശ്വസിക്കും. കാരണം അതെല്ലാം സത്യമായിരിക്കും. പക്ഷേ ഉള്ള സത്യങ്ങൾ തുറന്നെഴുതാൻ ഒരിക്കലും നിങ്ങൾക്ക് ഭയമില്ല. അത് ശത്രുക്കളെ സൃഷ്ട്ടിക്കും.
അപ്പോൾ എഴുതുന്നതൊക്കെ ഇവൾ
വായിക്കുണ്ട്. ഞാൻ മനസ്സിൽപ്പറഞ്ഞു.
തുറന്നു പറഞ്ഞില്ല...ഇതിനിടയിൽ പ്ലെയിനിൽ കയറാനുള്ള അന്നൗൺസ്‌മെന്റ് വന്നു. അങ്ങനെ ആ വിഷയം മനസ്സിൽ നിന്ന് മാറുകയും ചെയ്തു...
സത്യത്തിൽ ഇത്രയൊക്കെ തിരക്കുണ്ടങ്കിലും സാൻ ഫ്രാൻസിസ്കോ എയർപോർട്ടിൽ കാര്യങ്ങളെല്ലാം ഒരു താളം പോലെ ഈസിയായി നടക്കുന്നു എന്നത് നിസ്സാരമായി തള്ളിക്കളയാവുന്ന കാര്യങ്ങളല്ല.
പക്ഷേ ഒന്നുണ്ട്. ഒരു ചെറിയ അശ്രദ്ധ പോലും പ്രശ്നങ്ങൾ സൃഷ്ട്ടിക്കും. ഉദാഹരണത്തിന് പ്ലെയിനിൽ നിന്നിറങ്ങി എന്തെങ്കിലും മറന്നാൽ ഒരു തിരിച്ചു പോക്ക് അവിടെ നടക്കത്തില്ല. എനിക്കും പറ്റി ഒരു വലിയ അബദ്ധം. എല്ലാം കിറു കൃത്യമായി എല്ലായിടത്തും എഴുതി വച്ചിട്ടുണ്ട്. ആരോ മാർക്കും(Arrow mark) കൊടുത്തിട്ടുണ്ട്. അത് ശ്രദ്ധിക്കാതെ പോയാൽ പെട്ടത് തന്നെ. എനിക്ക് പറ്റിയത് എന്താണെന്ന് അറിയേണ്ടേ? പ്ലെയിനിൽ നിന്നിറങ്ങി ഏറെ ദൂരം നടന്നു പല ഫ്ലോറുകളും ഓട്ടോമാറ്റിക് ഡോറുകളും മെട്രൊയും കടന്നു പുറം വാതിലിൽ എത്തിയപ്പോഴാണ് ലഗ്ഗജ് (luggage) എടുക്കാൻ മറന്നിരിക്കുന്നു...പക്ഷേ തിരിച്ചു പോയി ചെക്കിൻ ബാഗുകൾ എടുക്കാൻ ഒരു ഡോറും ആരും തുറന്നു തരില്ല. ഓട്ടോമാറ്റിക് ഡോറുകൾ തുറക്കുകയും ഇല്ല. കയ്യിലുള്ള ബോർഡിങ് പാസ്സുമായി ആദ്യം തുടങ്ങിയടത്തു കുടി വീണ്ടും തിരിച്ചു വരണം. ഏഴു മണിക്ക് പ്ലെയിനിറങ്ങിയ ഞാൻ വീണ്ടും കയറി ചെക്കിൻ ബാഗുകളും എടുത്തു വെളിയിലിറങ്ങിയപ്പോൾ രാത്രി പത്തു മണി...ഒന്നും നിസ്സാരമായി എടുക്കരുതെന്ന് സാരം. സെക്യൂരിറ്റി തന്നെയാണ് കാരണം. ഇനിയൊരു
സെപ്റ്റംബർ ( September11)
പതിനൊന്നുണ്ടാകാതിരിക്കാൻ
ഒരുപാട് നിബന്ധനകൾ...
എന്നാൽ ഞാൻ സ്വപ്നം കണ്ട നഗരമായിരുന്നില്ല അടുത്ത അഞ്ചു ദിവസം കൊണ്ട് നേരിട്ട് കണ്ട സാൻ ഫ്രാൻസിസ്കോ.(San Francisco) അതറിയണ്ടേ?
തുടരും...