ഏഴാം കടലിനക്കരെ...(Across the seven seas) യാത്രയിലെ ചില ഓർമ്മകൾ 2025. (ഭാഗം - പന്ത്രണ്ട് )

ഏഴാം കടലിനക്കരെ...(Across the seven seas)
യാത്രയിലെ ചില ഓർമ്മകൾ 2025.
(ഭാഗം - പന്ത്രണ്ട്  ).Part-12
---------------------------------------------------------------------------------""""ആയിത്തിതാട്ടാന്റെ തലയിൽ എഴുതിയത് അമുക്കിച്ചേര്ച്ചാലും പോകില്ല" എന്ന് പണ്ട് ചെറുപ്പത്തിൽ എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ള ഒരു പഴമൊഴി പോലെയാണെന്റെ കാര്യം... 
ഞാൻ എപ്പോഴും സ്വപ്ന ലോകത്ത് ജീവിക്കുന്ന ഒരു കുശ്മാണ്ഡമാണ്...
അല്ലങ്കിൽ 1970കളിൽ കണ്ട ഏതോ ഒരു ഇംഗ്ലീഷ് സിനിമയിൽ, ഏതോ ഒരു നടൻ, 
സാൻ ഫ്രാൻസിസ്കോ നഗരത്തിൽ ഉള്ള ഏതോ ഒരു കാർ ഷോറൂമിന്റെ മുന്നിൽ 
നിന്ന് ഷൂട്ട് ചെയ്ത ഭാഗത്തിലെ സംഭാഷണം ഇപ്പോഴും  മനസ്സിലിട്ടു താലോലിച്ചു കൊണ്ട് അവിടേക്കു പോകുമ്പോൾ... കാലം മാറി കഥ മാറി എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ നടക്കുമ്പോൾ ശരിക്കും ഞാനൊരു സ്വപ്ന ജീവിയല്ലേ എന്ന് തോന്നി പോകുകയാണ്...

അന്ന് അർത്ഥ രാത്രിയിൽ സാൻ ഫ്രാൻസിസ്കോ സിറ്റിയിലെ സ്ട്രീറ്റിലൂടെ ഇറങ്ങി നടന്നപ്പോൾ കട തിണ്ണകളിൽ ധാരാളം ആൾക്കാർ കിടന്നുറങ്ങുന്നു. പ്രായമായവരും ചെറുപ്പക്കാരും അതിൽപ്പെടും. ഒരു നേരത്തെ ആഹാരത്തിനു മാർഗ്ഗമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ, കയറിക്കിടക്കാൻ ഇടമില്ലാതെ, ഒന്നല്ല നൂറു കണക്കിന് 
ആൾക്കാർ കടത്തിണ്ണകളിൽ കിടന്നുറങ്ങുന്നു. തണുപ്പത്തു ഒരു നല്ല വസ്ത്രം പോലും ധരിക്കാൻ കഴിയാതെ വിശപ്പടക്കാനായി നിൽക്കുന്ന പാവങ്ങൾ. ചിലരൊക്കെ എഴുന്നേറ്റിരുന്നു ചുമയ്ക്കുന്നു. അവർ 
നടന്നു പോകുന്നവരോടെക്കെ  സഹായം അഭ്യർത്ഥിക്കുന്നു. രാത്രിയിലെ ലൈറ്റുകളുടെ വെളിച്ചത്തിൽ എല്ലാം കിറുകൃത്യമായി എനിക്ക് കാണാമായിരുന്നു. പക്ഷേ എനിക്കതു വിശ്വസിക്കാനും ഉൾക്കൊള്ളാനും സമയമെടുത്തു. ഈ കാഴ്ചകൾ കണ്ട്‌ നടന്നു പിസ്സ ഹട്ടിൽ( Pizza Hut)എത്തിയപ്പോൾ അകത്തു ഒൻപതു പേർ ക്യുവിൽ നിൽക്കുന്നു.  അങ്ങനെ ഞാൻ ക്യുവിൽ പത്താമനായി. എന്നാൽ  യാചകരെപ്പോലെ ഒരു പിസായെങ്കിലും വാങ്ങി കൊടുക്കാൻ യാചിക്കുന്ന ഒരു പതിനഞ്ചു പേരെങ്കിലും  പുറത്തു ഉണ്ടാകും. ആർക്കെങ്കിലും ഒന്നോ രണ്ടോ പേർക്ക് പിസ്സ വാങ്ങിക്കൊടുക്കാമെന്ന് വിചാരിച്ചാൽ എല്ലാവരും ഈച്ച പോലെ അടുത്ത് കുടും. 
ഈ കടത്തിണ്ണയിൽ കണ്ട ദയനീയമായ കാഴ്ചകളും പിസ്സ ഹട്ടിലെ പാവങ്ങളുടെ നോക്കി നിൽപ്പും എന്റെ മാനസീക സമ്മർദ്ദം എന്നെ വളരെയധികം വളരെ വീർപ്പു മുട്ടിച്ചു. 
കാരണം എന്താണന്നോ? ലോകത്തിലെ ഏറ്റവും മുന്നോക്ക രാജ്യങ്ങൾ എന്ന് അവകാശപ്പെടുന്ന അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയെപ്പോലെയുള്ള  ദരിദ്ര രാജ്യങ്ങളെ താറടിച്ചു കാണിക്കാൻ ഇത്തരം കാഴ്ചകൾ വീഡിയോയിൽ പകർത്തിയും 
ഫോട്ടോകൾ എടുത്തും ലോകത്തിനു 
മുൻപിൽ കാണിക്കാറുണ്ട്. 
എനിക്ക് സത്യത്തിൽ ഇതെല്ലാം ഫോട്ടോയെടുത്തും വീഡിയോയെടുത്തും തെളിവ് നിരത്തണമുണ്ടായിരുന്നു. 
പക്ഷേ സാഹചര്യം അനുകൂലമായിരുന്നില്ല. 
ഒന്നാമത് ഉൾഭയം. രണ്ടാമത് സമയം അർദ്ധരാത്രി. മൂന്നാമത് അമേരിക്കയിൽ അവിടെയും ഇവിടെയും സ്ട്രീറ്റ് ഫൈറ്റും വെടിവെപ്പും സർവ്വസാധാരണം എന്ന് കേൾക്കാറുണ്ട്. അതുകൊണ്ട് സംയമനം പാലിച്ചു.  ഈ കടത്തിണ്ണയിൽ കിടക്കുന്നവരും ഇരിക്കുന്നവരും യാചിക്കുന്നവരുമൊക്കെ അമേരിക്കൻ പൗരത്യം ഉള്ളവർ തന്നെയാണെന്ന് പിറ്റേന്ന് കാലത് വന്ന ഡ്രൈവർ അഹമ്മദ് വണ്ടിയിൽ വച്ച് ചോദിച്ചപ്പോൾ പറയുകയുണ്ടായി. 
ചുരുക്കം എല്ലാ അഭിവൃത്തിയുടെയും  കേമത്വത്തിന്റെയും പിന്നിൽ ദാരിദ്ര്യ ദുഖത്തിന്റെയും ചരിത്രം കുടിയുണ്ടന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും.
ഈ ലോകം കണ്ട ഏറ്റവും വലിയ 
മഹാനഗരം ജപ്പാനിലെ ടോക്കിയോ ആണന്നു ഒരു വാതത്തിനു വേണ്ടി സമ്മതിക്കാമെങ്കിലും അമേരിക്കയിലെ ന്യൂ യോർക്ക് നഗരത്തിനേക്കാൾ വലുതാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ ന്യൂയോർക്ക് നഗരത്തിലൂടെ രാത്രിയിൽ ഒന്ന് നടന്നു നോക്കൂ. ഇതിലും ദുഖകരമായ തെരുവ് രാത്രികൾ ഞാൻ 
അവിടെ നേരിട്ട് കണ്ടിരിക്കുന്നു. 
എന്നാൽ നമ്മെപ്പോലെയുള്ള രാജ്യങ്ങളുടെ വായടക്കാൻ ഇവരുടെയൊക്കെ കയ്യിൽ ഒരു ബ്രഹ്മാസ്ത്രമുണ്ട്. നമ്മുടെയൊന്നും നാട്ടിൽ വൃത്തിയുള്ള ഒരു ക്ലീൻ സിറ്റി കാണിക്കാനില്ല എന്ന യാഥാർഥ്യം.  എവിടെയും വൃത്തിഹീനമായ നഗരങ്ങൾ. നമ്മെപ്പോലെ ജനസംഖ്യ ഉള്ള ചൈനയിൽപ്പോലും എത്രയോ ക്ലീൻ സിറ്റികളുണ്ടന്നറിയാമോ? 
ഞാൻ കണ്ടിട്ടുണ്ട്...

എന്ത് തന്നെ ആയാലും ആ സ്വപ്നഭൂമിയിലെ രാത്രിയുടെ ബാക്കിയുണ്ടായിരുന്ന സമയം എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞില്ല. നേരം വെളുത്തപ്പോൾ കുളി തേവാരമെല്ലാം കഴിഞ്ഞു. പത്തു മണി ആകുമ്പോൾ ഡ്രൈവർ അഹമ്മദ് വണ്ടിയുമായെത്തും. അതിനു മുൻപ് ബ്രേക്ഫാസ്റ്റിന് താഴത്തെ നിലയിൽ പോകണം. ഏതായാലും  തനിയെ പുറത്തോട്ടൊന്നു പോകാൻ ഞാൻ തീരുമാനിച്ചു. കുറെ ജ്യൂസും ബിസ്‌ക്കറ്റും ചിപ്സുമൊക്കെ വാങ്ങണം. യാത്രക്കിടയിൽ ഇതൊക്കെ വേണ്ടി വരില്ലേ? താഴെയെത്തിയപ്പോൾ നല്ല തണുപ്പ്. വീണ്ടും തിരികെ മുറിയിലെത്തി ഒരു സ്വറ്ററൊക്കെയിട്ട് വീണ്ടും താഴയിറങ്ങി ഹോട്ടലിനു വെളിയിലെത്തി. സ്ട്രീറ്റിലൂടെ അൽപ്പം നടന്നു മുൻപോട്ടു പോയപ്പോൾ സാൻ ഫ്രാൻസിസ്‌കോയിലെ ചരിത്രപ്രസിദ്ധമായ യൂണിയൻ സ്‌ക്വയർ ബിൽഡിംഗ് അതാ തലയുർത്തി നിൽക്കുന്നു. കടതിണ്ണയിൽ 
രാത്രി കിടന്നിരുന്ന തെരുവ് ജീവിതങ്ങൾ 
ഒന്നും കാണുന്നില്ല. കുറച്ചു നടന്നിട്ടും ഒരു ഏഷ്യാക്കാരെയും വഴിയിൽ കണ്ടില്ല. നേരം വെളുത്തതെയുള്ളു. കണ്ടവരുടെ ആരുടെയും മുഖത്തു ഒരു പ്രസന്നതയില്ല. ഏതോ ഒരു ടെൻഷൻ എല്ലാവരുടെയും മുഖത്തു കാണാം. ഒരുപക്ഷേ ഇതായിരിക്കും അമേരിക്കൻ ജനതയുടെ മുഖമുദ്ര. ന്യൂസിഅലൻഡിൽ 
ഉള്ള കിവികൾ എല്ലാവരും എപ്പോഴും പ്രസന്ന മുഖഭാവം ഉള്ളവർ തന്നെയാണെന്ന് നിസ്സംശയം പറയാം. എന്റെ തൊട്ടടുത്ത് കുടി ഒരു വെള്ളക്കാരി പെൺകുട്ടി നടന്നു പോകുന്നു. ഏതോ ഐ. ടി. കമ്പനിയിൽ ജോലി ചെയ്യുന്നതാണെന്ന് തോന്നുന്നു. ഒരു ലാപ്‍ടോപ് ബാഗ് പുറത്തു തൂക്കിയിട്ടിരിക്കുന്നു .ഞാൻ ആ കുട്ടിയോട് ഇവിടെ അടുത്തെവിടെയെങ്കിലും സുപ്രറ്റി യുണ്ടോ? (Suppertte)എന്ന് ചോദിച്ചു. 
അപ്പോൾ ആ കുട്ടി സുപ്രറ്റി...?
അതെന്താണെന്ന് സംശയ ദൃഷ്ട്യാ എന്റെ മുഖത്തോട്ടു നോക്കി. ന്യൂസിഅലാൻഡിൽ ചെറിയ കടകൾക്കു, അതായതു, പെപ്സിക്കോള,ബ്രഡ്, പാല്, ചോക്ലേറ്റ്, 
ഐസ് ക്രീം, തുടങ്ങിയവ വിൽക്കുന്ന  ചെറിയ കടകൾക്കു  "സുപ്രറ്റി" എന്നാണ് പറയുക. അത് വച്ചാണ് ഞാൻ അങ്ങനെ ചോദിച്ചത്. പക്ഷേ അമേരിക്കയിൽ ഇതിനൊന്നും ആ പേരല്ല ഉപോയോഗിക്കുന്നത് എന്ന് അവരുടെ സംശയദൃഷ്ട്യാ  ഉള്ള നോട്ടത്തിൽ നിന്ന് വ്യക്തമായി. അപ്പോൾ കാര്യങ്ങൾ അവരെ വിശദമായി പറഞ്ഞു കൊടുത്തപ്പോൾ ആ കുട്ടിക്ക് കാര്യം മനസ്സിലായി.  പഴയ കാലത്താണെങ്കിൽ നമ്മുടെ നാട്ടിൽ 
"മാട കട" എന്ന് പറയും.അറബി നാട്ടിൽ 
ഇത്തരം കടകൾക്ക്  "പക്കാല" എന്ന് പറയും. അമേരിക്കയിൽ ഇതിനൊക്കെ 
"കോർണർ സ്റ്റോർ" (Corner store)അല്ലങ്കിൽ "കൺവിനിയൻസ് സ്റ്റോർ" (Convenient Store) എന്നാണ് പറയുന്നതെന്ന് തോന്നുന്നു. ഏതായാലും ആ കുട്ടി പറഞ്ഞു. "നിങ്ങൾ 
ഇവിടെ സിഗ്നൽ ക്രോസ്സ് ചെയ്തു അടുത്ത നാലു ബ്ലോക്കുകൾ കുടി കടന്നു നേരെ ഇടത്തോട്ട് തിരിഞ്ഞാൽ ഒരു കടയുണ്ട്. 
അവിടെ നിങ്ങൾക്ക് വേണ്ടതെല്ലാം കിട്ടും". ഞാനൊരുവിധത്തിൽ ഈ ബ്ലോക്കുകൾ 
എല്ലാം കടന്നു ആ കടയിൽ എത്തിച്ചേർന്നു. ഏതോ ഈസ്റ്റ് യൂറോപ്യൻ (East European) രാജ്യത്തിൽ നിന്നെത്തിയ രണ്ടു സഹോദരങ്ങളാണ് കട നടത്തിയിരുന്നത്.  ഞാൻ കടയിൽ കയറി നോക്കിയപ്പോൾ അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാമുണ്ട്. ഞാനൊരു ബാസ്കെറ്റെടുത്തു. 
mജ്യൂസ്, ബിസ്ക്കറ്റ്, ചിപ്സ്, തുടങ്ങിയ അത്യാവശ്യം സാധനങ്ങൾ എടുത്തു നടക്കുമ്പോൾ, എന്റെ ഒപ്പം ഒരു 
വെള്ളക്കാരനും ഇതുപോലെ 
സാധനങ്ങൾ എടുക്കുന്നുണ്ടായിരുന്നു. 
മറു വശത്തു ഒരു ആഫ്രിക്കൻ വംശജനും ഒരു മെക്സിക്കൻ വംശജനും ചേർന്ന് ഇത് പോലെ നടക്കുന്നത് കാണാം. പെട്ടന്ന് കടയുടമയിൽ ഒരാൾ ഓടി ചെന്ന് കറുത്ത വർഗ്ഗക്കകാരെന്റെ പാന്റിന്റെ പൊക്കറ്റിൽ പിടിക്കുന്നു. ആരും കാണാതെ ഏതോ സാധനം പോക്കറ്റിൽ തിരുകിയതാണ് വിഷയം. പിടിച്ചും വലിച്ചും വാഗ്‌വാദങ്ങളും ചീത്ത പറച്ചിലും അടിപിടിയുമായി. ചെവിക്കല്ലിനു അങ്ങോട്ടും ഇങ്ങോട്ടും അടി. ഞാൻ പേടിച്ചു ബാസ്‌ക്കെറ്റു താഴെയിട്ടേച്ചു വാതുക്കലേക്കു ഓടി. എന്നേപ്പോലെ വെള്ളക്കാരനുമൊടി.
ഞങ്ങളുടെ തലതമ്മിൽ കൂട്ടിയിടച്ചു.
രണ്ടു പേരും ഒരുതരത്തിൽ കടയുടെ വെളിയിലിറങ്ങി. കുറേനേരം അവിടെ നിന്നു. എന്റെ കൂടെ ഓടിയ വെള്ളക്കാരൻ പോയിക്കഴിഞ്ഞു. അപ്പോൾ ഈ അടികൊണ്ട രണ്ടും പേരും ഇറങ്ങിപ്പോകുന്നത് കണ്ടു. മുഖമൊക്കെ ചുവന്നു അടികൊണ്ടപാടുകൾ കാണാം. ഞാൻ തിരികെ കടയിലേക്ക് കയറി. നോക്കിയപ്പോൾ ഉടമസ്ഥന്മാർ രണ്ടു പേരുടെയും മുഖം അടികൊണ്ട പാടുകൾ വ്യക്തമായി കാണാനുണ്ടായിരുന്നു. ഞാൻ ചോദിച്ചു എന്താണ് സംഭവിച്ചത്? അവരിൽ ഒരാളുടെ ചോദ്യം? നിങ്ങൾ ടൂറിസ്റ്റാണ് അല്ലേ? അതെ. എന്റെ മറുപടി. ഇതൊക്കെയിവിടെ സർവ്വസാധാരണമാണ്. സൂക്ഷിച്ചു പോകണം.  ഞാൻ വാങ്ങിയ സാധനങ്ങളുടെ വില കൊടുത്തു ഹോട്ടലിലേക്ക് മടങ്ങി. 
മുറിയിൽ എത്തിയപ്പോൾ ഭാര്യ ചോദിച്ചു. എന്തുപ്പറ്റി?  വല്ലതിരിക്കുന്നല്ലോ? ഞാനുണ്ടായ സംഭവങ്ങൾ പറഞ്ഞു. ഇതാണോ നിങ്ങളുടെ സ്വപ്നലോകം? തൃപ്തി ആയില്ലേ?  തലകൂട്ടിയിടച്ചതിന്റെ വേദനയിൽ ഞാൻ മനസ്സിൽ പ്പറഞ്ഞു "അവന്റെ അമ്മേടെ  
ഒരു സാൻ ഫ്രാൻസിസ്‌കോ"...എന്നിട്ട് സ്വപ്നലോകത്തു നിന്ന് യാഥാർഥ്യങ്ങളിലേക്കു കടന്നു ബ്രേക്ഫാസ്റ്റി ന് പോകാൻ തയ്യാറായി... 
.  

തുടരും...