ഏഴാം കടലിനക്കരെ...(Across the seven seas)
യാത്രയിലെ ചില ഓർമ്മകൾ 2025.
(ഭാഗം- മൂന്ന് ).Part-Three.
ഒരു വിദേശ യാത്രയ്ക്കുള്ള ബാല്യം തീരെ ഇല്ലാത്ത അവസ്ഥയിലാണ് ഇമ്മിണി നീണ്ട
ഒരു വിദേശയാത്രയ്ക്കുള്ള അവസരം വീണ്ടും വന്ന് ചേരുന്നത്. പല പ്രാവിശ്യം അവസരങ്ങൾ വന്നപ്പോഴും ഓരോരോ കാരണങ്ങൾ പറഞ്ഞു മാറുകയാണുണ്ടായത്. പക്ഷേ ഇത്തവണ അത് വേണ്ടാന്ന് വച്ചില്ല. പകരം പോകാമെന്ന ധാരണയിലെത്തി. "ധാ പോയി ദേ വന്നു" എന്ന് പറഞ്ഞത് പോലെ നീണ്ട അമ്പതു ദിവസത്തെ യാത്ര. തുടക്കത്തിൽ ന്യൂസിലൻഡിലെ ഹാമിൽട്ടൺ, വെല്ലിംഗ്ടൺ, ക്യുയിൻസ് ടൌൺ, തുടങ്ങിയ ചില സിറ്റികളിലേയ്ക്കും, ഇവിടെ നിന്ന് അധികം ദൂരമല്ലാത്ത ഫിജി അയ്ലന്റിലേക്കും (Fiji Island)എന്നായിരുന്നു യാത്രയുടെ പ്ലാനും തീരുമാനവും.
ഒരിക്കലും ഉടൻ തന്നെ ഒരു വിശാലമായ അമേരിക്കൻ യാത്ര സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല. അപ്പോഴാണ് മുന്നിൽ ഒരു ചോദ്യം? യൂ എസ്സിലേക്കു (U.S.A.)
പോകാനുള്ള വിസാ...?
അമേരിക്കൻ യാത്ര മുൻപ് പലപ്പോഴും പ്ലാൻ ചെയ്തിട്ടുള്ളതായിരുന്നു. ഓരോരോ
കാരണങ്ങൾ കൊണ്ട് മുടങ്ങി പോയി എന്ന് പറയുന്നതാവും ശരി. ആദ്യം ഒരു അമേരിക്കൻ യാത്ര പ്ലാൻ ചെയ്തത് തൊണ്ണൂറുകളുടെ ആദ്യ പാദങ്ങളിലായിരുന്നു. അപ്പോഴാണ് ന്യൂസിലാൻഡിലേക്കുള്ള വിസാ കയ്യിൽ വന്നു വീഴുകയും, തന്മുലം അമേരിക്കൻ യാത്ര മാറ്റി സിംഗപ്പൂർ ഇൻഡൊനേഷ്യ(ബാലി ദ്വീപ്) മലേഷ്യ, തായ്‌ലൻഡ്, ഓസ്ട്രേലിയ, തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു ന്യൂസിലാൻഡിൽ എത്തിച്ചേരുകയും ചെയ്യാൻ ഇടയായത്...
പിന്നീടൊരു അമേരിക്കൻ യാത്രയെക്കുറിച്ചു ചിന്തിച്ചത് കോവിടെന്ന മഹാമാരിക്ക് തൊട്ടു മുൻപാണ്. കോവിഡ് വന്നതോടെ അത് മുടങ്ങി. എന്നിരുന്നാലും ഒരു ഇന്ത്യൻ വംശജനായത് കൊണ്ട് ഇന്ത്യൻ പാസ്സ്പോർട് ഉള്ളവർക്ക് അമേരിക്കയിൽ പോകണമെങ്കിൽ വിസ കൂടിയേ തീരു. ഇന്ത്യയിൽ നിന്ന് വിസാ കിട്ടി യാത്ര ചെയ്യണമെങ്കിൽ കുറഞ്ഞത് ആറുമാസത്തിലധികം സമയമെടുക്കും. ന്യൂസിഅലൻഡിൽ നിന്ന് അപേക്ഷിച്ചാൽ ചിലപ്പോൾ ഒരു മാസത്തിനകം ഇന്റർവ്യൂവിന് വിളിക്കുക പതിവാണ്. എന്നാൽ ന്യൂസിലൻഡുമായി അമേരിക്കൻ ഭരണകൂടം ഇപ്പോൾ അത്ര സുഖത്തിലല്ല. അതുകൊണ്ട് താമസം വരുമെന്നാണ് പ്രതീക്ഷിച്ചത്. ഏതായാലും എന്റെ കാര്യത്തിൽ "ശ്രീമാൻ ട്രംപ്" കനിഞ്ഞു. ഒരു ഇന്റർവ്യൂവിന് ആരും ഒന്നും വിളിച്ചത് പോലുമില്ല. ഒരു കടന്ന് കയറ്റക്കാരനല്ല എന്നത് കൊണ്ടാകാം. ഒരാഴച്ചക്കുള്ളിൽ എനിക്ക് പത്തു വർഷത്തേക്കുള്ള വിസാ അവർ തരുകയും ചെയ്തപ്പോൾ, തുടർന്നുള്ള കാര്യങ്ങൾക്ക് ആക്കം കുടി...
ന്യൂസിലാന്റ്‌കാർക്ക് അമേരിക്കയിൽ പോകാൻ വിസാ ആവിശ്യമില്ലാത്തത് കൊണ്ട് ഭാര്യക്കും മകൾക്കും പ്രത്യേകിച്ചൊരു വിസയുടെ ആവിശ്യമൊട്ടില്ലതാനും...
ഏതായാലും യാത്രകളൊന്നും തൽക്കാലം വേണ്ടായെന്ന് കരുതിയിരിക്കുമ്പോഴാണ് കഴിഞ്ഞ വർഷം ദുബായിലേക്ക് ഒരു പത്തു ദിവസത്തെ യാത്രയ്ക്ക് കളമൊരുങ്ങിയത്. നവംബർ അവസാനം പോയി ഡിസംബർ ആദ്യം മടങ്ങിയെത്തി. ആ യാത്രയ്‌ക്ക് തൊട്ടുമുൻപ് ഒരു അപ്രതീക്ഷിത വീഴ്ച പറ്റി ശാരീരിക അസ്വസ്ഥത അനുഭവിച്ചെങ്കിലും,ആ യാത്ര വീണ്ടും ഒരു യാത്ര ചെയ്യാനുള്ള പ്രചോദനമായോ എന്ന് സംശയം...
ഒരു നീണ്ട യാത്ര ഒറ്റയ്ക്ക് സാദ്ധ്യമല്ല.
അങ്ങനെ അത്യാവശ്യം കുടുംബാംഗങ്ങളെയും ചേർത്തു യാത്രാസൗകര്യങ്ങളും, താമസ
സൗകര്യങ്ങളുമായി മഹാലക്ഷ്മി മുന്നിൽ വന്ന് വിളിക്കുമ്പോൾ, മറിച്ചു ചിന്തിക്കാതെ യാത്ര പുറപ്പെടുകയായി. 2025 ജൂൺ പത്തിന് തുടങ്ങിയ യാത്ര, ഓർമ്മകളുടെ കുമ്പാരങ്ങൾ വാരി വിതറിക്കൊണ്ട് ജൂലൈ ഇരുപത്തി ഒൻപതിന് ഈശ്വരാനുഗ്രഹം കൊണ്ട് മടങ്ങിയെത്തുമ്പോൾ ഉണ്ടായ അനുഭവങ്ങൾ ഓർമ്മിക്കാനും പങ്ക് വെയ്ക്കാനും ഒരുപാട് അവസരങ്ങളും തരുന്നു എന്ന് പറയാതെ വയ്യാ. ധാരാളം ബന്ധുമിത്രാദികളും, സുഹൃത്‌വലയങ്ങളും, അമേരിക്കയിലും, കാനഡയിലും, ഫിജിയിലുമൊക്കെ ഉണ്ടങ്കിലും ആരെയും വിളിക്കാനും കാണാനുമുള്ള സാഹചര്യത്തിലായിരുന്നില്ല എന്റെ ഈ നീണ്ട യാത്ര. എല്ലാവരും ക്ഷമിക്കുമല്ലൊ. എന്റെ യാത്രയുടെയിടയിൽ എവിടെയൊക്കെയോ വച്ച് സാഹിത്യ മേഖലയിലെ സുഹൃത് ശ്രീ.മംഗളനന്തനേയും കുടുംബത്തെയും കണ്ടിരിന്നിരിക്കണം. ശ്രീ. മംഗളനന്തൻ സ്വന്ത മകളുടെ അടുത്ത് ന്യൂയോർക്കിലും പരിസര പ്രദേശങ്ങളും സന്നർശിക്കുന്ന വിവരം ഞാൻ മുഖപുസ്തകത്തിലൂടെ കണ്ടറിഞ്ഞിരുന്നെങ്കിലും ഒന്ന് വിളിക്കാനൊന്നും സാഹചര്യം അനുവദിച്ചില്ല. ഒപ്പം സ്വരമണ്ഡപത്തിലെ എന്റെ സുഹൃത്തു
ശ്രീ.ശരത്ചന്ദ്രനും ഞാൻ പോയ സ്ഥലങ്ങളിൽ എവിടെയൊ ഉണ്ടായിരുന്നു. ആരെയും വിളിക്കാൻ പറ്റിയില്ല. ക്ഷമിക്കുക. പല സ്ഥലങ്ങളും ഒരു ഓട്ട പ്രദിക്ഷണമായിരുന്നു. ചില സ്ഥലങ്ങൾ വിശാലതയുടെ വാതായനങ്ങൾ തുറന്നിട്ടു് കാര്യങ്ങൾക്ക് വ്യക്തത ഉണ്ടാക്കിത്തന്നു എന്ന് പറയാനാണെക്കിഷ്ടം.യാത്രയിലെ അനുഭവങ്ങൾ പലപ്പോഴും പഴയ ഓർമ്മകളുമായി സാമാന്യയിപ്പിക്കുമ്പോഴാണ് അതിനൊരു സുഗന്ധമുണ്ടാകുന്നത്.
അപ്പോൾ ഞാൻ തുടങ്ങട്ടെ. എല്ലാവരും കുടെയുണ്ടാകുമല്ലോ. അനുഭവങ്ങൾ പാഠങ്ങളാകണം. അത് യാത്രയിലായാലും ശരി. അതാതു നിമിഷങ്ങളിലായാലും ശരി. എങ്കിലേ ഓർമ്മകൾക്ക് സുഗന്ധമുണ്ടാകൂ...
തുടരും...