ഏഴാം കടലിനക്കരെ...(Across the seven seas)
യാത്രയിലെ ചില ഓർമ്മകൾ 2025.
(ഭാഗം രണ്ട്).Part-Two.
ഞാൻ ആദ്യമായി ഒരു ഇംഗ്ലീഷ് സിനിമാ കാണുന്നത് കോളേജിൽ പഠിക്കുന്ന കാലത്താണ്. "ദി സൗണ്ട് ഓഫ് മ്യൂസിക്"
(The Sound ofMusic). അന്ന് ഞാൻ പ്രീഡിഗ്രിയ്ക്ക് ചേർന്ന സമയമായിരുന്നു.
ഒന്നും മനസ്സിലായില്ല എന്നത് സത്യം. ഒരു യാഥാർഥ്യം. പിന്നെ വിദേശത്തു ചിത്രീകരിച്ച രണ്ട് ഹിന്ദി സിനിമകൾ കണ്ടതായി ഓർക്കുന്നു. ജോയി മുഖർജിയും സൈറാബാനുവും അഭിനയിച്ച "ലവ് ഇൻ ടോക്കിയോ"(Love in Tokyo) എന്ന ചിത്രത്തിലെ ചില ഭാഗങ്ങൾ ജപ്പാനിൽ ചിത്രീകരിച്ചതായിരുന്നു.
മറ്റൊന്ന് ഷമ്മികപൂറും, ശർമ്മിള ടാഗോറും ചേർന്നഭിനയിച്ച "ആൻ ഈവെനിംഗ് ഇൻ പാരീസ്"(An Evening in Paris) എന്ന മറ്റൊരു ചിത്രം. ചില ഭാഗങ്ങൾ ഫ്രാൻസിൽ ചിത്രീകരിച്ചതായിരുന്നു. പിന്നെ കണ്ടത്
നമ്മുടെ എം ജി ആറിന്റെ "ഉലകം ചുറ്റും വാലിബൻ". ഒരുപാട് വിദേശ സ്ഥലങ്ങളിൽ അദ്ദേഹം ഓടി നടന്നഭിനയിച്ച ഒരു സിനിമ. ലോകത്തിന്റെ പല ഭാഗങ്ങളിൽ വച്ച് ചിത്രീകരിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
എം. എ. യ്ക്ക് പഠിക്കുമ്പോഴാണെന്നു തോന്നുന്നു. എന്റെ കൂടെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന ഈ കഴിഞ്ഞ വർഷം ഇഹലോകവാസം വെടിഞ്ഞ എന്റെ
ആത്മസുഹൃത് ശ്രീ. രാധാകൃഷ്ണപിള്ള
യുമൊത് എറണാകുളം ഷേണായിസിൽ പോയിക്കണ്ട ഒരു ജെയിംസ് ബോണ്ട്
ഇംഗ്ലീഷ് സിനിമ.(You Live only Twice).
ഞാൻ എന്തിനാണ് ഇതൊക്കെ പറയുന്നത് എന്ന് തോന്നുണ്ടാകും.
അന്നൊക്കെ പാച്യാത്യ സംസ്‌കാരവുമായി എനിക്കുള്ള അടുപ്പവും അറിവും അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു എന്ന് സമര്ഥിക്കാനാണ്. ഒപ്പം വിദേശ രാജ്യങ്ങളെ
ക്കുറിച്ചുള്ള അറിവും അക്കാലത്തു എല്ലാവർക്കും പരിമിതമായിരുന്നു എന്ന് പറയാനും കൂടിയാണ്.
ഏതാണ്ട് ഒരു അൻപതുകളുടെ തുടക്കം
(1950's). ഞങ്ങളുടെ ഗ്രാമത്തിലും, പ്രാന്ത പ്രദേശങ്ങളിലും, അതായത് ഇരവിപേരൂർ, കുമ്പനാട്, പുല്ലാട്, ഓതറ, കോഴഞ്ചേരി, തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഗൾഫ് നാടുകളിലേക്ക് ചുരുക്കം പേർ ചേക്കേറിയതായി പറഞ്ഞു കേട്ടിരുന്നു.
അതുപോലെ തന്നെ അറുപതുകളുടെ ഒടുക്കം(1960's)"പേർഷ്യാ"(Persia) എന്ന പേരു് പതുക്കെ മനുഷ്യരുടെ വായിൽ നിന്ന് പോയി തുടങ്ങി. പകരം സൗദി, കുവൈറ്റ്, ബഹറിൻ, ഒമാൻ, തുടങ്ങിയ പേരുകൾ വന്നു.
പിന്നെയും കാലങ്ങൾ എടുത്തു ദുബായ്, അബുദാബി, ഖത്തർ, തുടങ്ങിയ ഗൾഫ് നാടുകളെപ്പറ്റി മലയാളികൾ വാതോരാതെ സംസാരിക്കാൻ...
എഴുപതുകളുടെ തുടക്കത്തിൽ ഗൾഫ് നാടുകളിലേക്കുള്ള ഒഴുക്കിന്റെ ആക്കം വളരെ കൂടുകയും ഗൾഫ് രാജ്യങ്ങളുടെ സുവർണ്ണ കാലഘട്ടം ആരംഭമാകുകയും ചെയ്തു എന്നത് യാഥാർഥ്യം. ഞാനൊക്കെ അതിന്റെ ഭാഗമായത് കൊണ്ട് ഇതിൽ നേർകാഴ്ച്ചയുടെ ഒരു അന്തസത്തയുമുണ്ട്.
ഇതുവരെയായിട്ടും നമ്മൾ അറേബ്യൻ കടലും ഇന്ത്യൻ മഹാസമുദ്രവും വരെ ആയിട്ടുള്ളൂ. നമ്മുക്ക് ഏഴാം കടൽ കടക്കെണ്ടേ?
ഓർമ്മയിലെ ആദ്യ അമേരിക്കൻ യാത്രയുടെ പശ്ചാത്തലം, ഞങ്ങൾ പ്രീഡിഗ്രി രണ്ടാമത്തെ വർഷം പഠിക്കുമ്പോൾ, പരീക്ഷ എഴുതുന്നതിന്
മുൻപ് തന്നെ ന്യൂയോർക് എന്ന സ്ഥലത്തേക്ക് ചേക്കേറിയ പാറയിൽ പിലിപ്പോസ് തോമസ് എന്ന പി പി തോമസ്. ചങ്ങനാശേരിയിൽ
നിന്ന് ബസ്സിൽ തിരുവല്ലയ്ക്ക് വരുമ്പോൾ ഇടിഞ്ഞില്ലത്തിറങ്ങി അന്നത്തെ ആ
കണ്ടത്തിന്റെ വരമ്പത്തുകൂടി നടന്ന് അഴിയിടത്തു ചിറയ്ക്കു പോകുന്ന ഭാഗത്തെവിടെയോ ആയിരുന്നു
തോമസ്ന്റെ വീട്. ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. പ്രീഡിഗ്രി പാസാകാനൊന്നും കാത്തു നിന്നില്ല.
അദ്ദേഹത്തിന്റെ മൂത്ത സഹോദരി അവിടെ നഴ്‌സായി ജോലിയിൽ അമേരിക്കയിൽ
അന്നുണ്ടായിരുന്നു. അവർ കൊണ്ട് പോയതാണ്. പോകാൻ സമയത്തു കെട്ടിപിടിച്ചു കരഞ്ഞു കുവിയൊക്കെയാണ് അന്ന് പോയെതെങ്കിലും, പിന്നെ യാതൊരു വിവരവും അദ്ദേഹത്തെപ്പറ്റി അറിയാൻ കഴിഞ്ഞിട്ടില്ല. പലരീതിയിലും പിന്നീട് ഞങ്ങളുടെ അലുമിനയ് അസോസിയേഷൻ(Alumni)ശ്രമിച്ചു നോക്കിയെങ്കിലും മുൻപന്തിയിലെ രണ്ട് പല്ലുകൾ പൊങ്ങിയിരുന്ന ആ തോമ്മാച്ചന്റെ അഡ്രസ്സൊന്നും കണ്ടു കിട്ടിയതായി അറിവില്ല.
ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് ആദ്യമായി
സങ്കൽപ്പത്തിലെ ഈ ഏഴാം കടലും കടന്ന് അമേരിക്കയിൽ ആദ്യമായി എത്തിച്ചേർന്നത് ഞങ്ങളുടെ വീടിന്റെ അയൽപ്പക്കത്തുള്ള കരിപ്പുമുറിയിൽ മത്തായി മാപ്പിള എന്ന് ഞങ്ങളുടെ അച്ഛൻ സ്നേഹത്തോടെ വിളിച്ചിരുന്ന, ഞങ്ങളൊക്കെ മത്തായിച്ചായൻ എന്ന് വിളിച്ചിരുന്ന, അദ്ദേഹത്തിന്റെ മൂത്ത മകൾ ലീലാമ്മ ചേച്ചിയാണെന്നാണ് എന്റെ ഓർമ്മ...(പേരു ശരിയാണോ? ആവോ?
ഓർമ്മ നിൽക്കുന്നില്ല). അവർ വടക്കേ ഇന്ത്യയിൽ ഒരു നഴ്‌സായിരുന്നു. അവിടെ നിന്നാണ് അമേരിക്കയിലെത്തിയത്. മത്തായിച്ചായനും അമ്മാമ്മയ്ക്കും അഞ്ച് മക്കൾ. മൂത്തചേച്ചിയാണ് അമേരിക്കയിലേക്ക് ചേക്കേറിയത്. പിന്നെ ജോയിച്ചായൻ, കുഞ്ഞുമോനാച്ചയാൻ, ജയ്‌കോക്കുട്ടി, ആലിസ്. ഇതിൽ ആലിസ് എന്റെകൂടെ സ്കൂളിൽ പഠിച്ചതായി ഓർക്കുന്നു.
ജയ്‌കോക്കുട്ടി എന്നേക്കാൾ പ്രായക്കൂടുതൽ ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നിരുന്നാലും ഞാൻ കുവൈറ്റിൽ പോയ ശേഷം ഇവരെ ആരെയും ഒരിക്കൽ പോലും കണ്ടിട്ടില്ല. കാരണം ഞാൻ അവുധിക്കു വരുമ്പോഴേക്ക് ഇവരെല്ലാം ജോലി തേടി വടക്കേ ഇന്ത്യയിലേക്ക് ചേക്കേറിയിരുന്നു. ഇന്നിപ്പോൾ ഈ സഹോദരങ്ങൾ എല്ലാം കുടുംബസമേതം അമേരിക്കയിൽ എവിടെയൊക്കെയോ ആണന്നറിയാം... എല്ലാവരേയും ആ മൂത്ത ചേച്ചി അവിടെയെത്തിച്ചു എന്നതാണ് സത്യം. സ്നേഹിക്കാൻ മാത്രം അറിയാവുന്ന അയല്പക്കകാർ. ഞായറാഴ്‍ച്ച ദിവസങ്ങളിൽ വെള്ള വസ്ത്രം ധരിച്ചു ഞങ്ങളുടെ കുന്നേപ്പള്ളിയിൽ പോയി പ്രാർത്ഥിച്ചു മടങ്ങുമ്പോൾ അമ്മാമ്മയും അച്ചായനും എന്റെ അച്ഛനോടും അമ്മയോടും നിന്ന് കുശലപ്രശ്നങ്ങൾ പറഞ്ഞു പിരിയുന്നത് കുളിരുള്ള ഓർമ്മകളായി ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ഒരു ജനസമൂഹത്തിൽ (ഇന്നത്തെപ്പോലെ അല്ല) ജാതിക്കും മതവും വിശ്വാസപ്രമാണങ്ങൾക്കും ഒന്നും "വലിയ" പ്രസക്തി ഇല്ലാത്ത സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു സമൂഹത്തിലായിരുന്നു എന്റെ ബാല്യം.
അതേ കാലഘട്ടത്തിൽ തന്നെ ഞങ്ങളുടെ വാലെലെ അമ്മിണി ഇച്ചേയിയും അമേരിക്കയിലെ ന്യൂയോർക്കിലേക്ക് ചേക്കേറുകയുണ്ടായി. അവരും ഒരു നഴ്‌സായിരുന്നു. ബോംബയിൽ ജോലിയിൽ ഇരിക്കുമ്പോൾ ആഫ്രിക്കയിൽ ജോലിക്കുള്ള അവസരങ്ങൾ വന്ന് ചേർന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം മടങ്ങി വന്ന് അമേരിക്കയിലേക്ക് പോകാൻ അവസരങ്ങൾ കിട്ടി പോവുകയാണുണ്ടായത്.
ഇത്രയൊക്കെയാണ് ഞാൻ എഴുപതുകളുടെ ആദ്യ പാദങ്ങളിൽ(1970's) കുവൈറ്റിലേക്ക് ചേക്കേറുന്നതിന് മുൻപുണ്ടായിരുന്ന
ഏഴാം കടലിനക്കരയിലെ അമേരിക്കയെ കുറിച്ചുണ്ടായിരുന്ന അറിവും സങ്കൽപ്പവും...
എന്നാൽ ഇന്നിപ്പോൾ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയൊന്നുമില്ല. കേരളത്തിലെ ഏതു കോണിൽ ഉള്ള ഒരു വീട്ടിൽ ചെന്ന് അന്വേഷിച്ചാലും, അവരുടെ മക്കൾ, ഒന്നുകിൽ അമേരിക്ക, അല്ലങ്കിൽ കാനഡ, അതുമല്ലങ്കിൽ യൂറോപ്യൻ രാജ്യങ്ങൾ, അതുമല്ലങ്കിൽ
ഓസ്‌ട്രേലിയൻ കോണ്ടിനെന്റ്ൽ ആണെന്ന് പറഞ്ഞിരിക്കും...
പണ്ടത്തെപ്പോലെ വെറുതെ അമേരിക്കയിൽ ആണ് എന്ന പറച്ചിലല്ല...മറിച്ചു ഫ്ലോറിഡയിലെ മിയാമിയിൽ സെന്റ് ലൂയിസ് സ്‌ട്രീറ്റിൽ അഞ്ചാമത്തെ ബ്ലോക്കിൽ നാലാമത്തെ ഫ്ലാറ്റിലാണെന്ന് അനായാസമായി വീട്ടിലിരിക്കുന്ന അച്ഛനും അമ്മയും എന്തിന് കൊച്ചു കൂട്ടികൾ പോലും പറഞ്ഞിരിക്കും...
അത്രകണ്ട് മലയാളി മനസ്സുകളിൽ ഈ
വിദേശരാജ്യങ്ങളൊക്കെ ഇടം പിടിച്ചിരിക്കുന്നു...
ഞാൻ മുന്ന് വർഷങ്ങൾക്ക് മുൻപ് നാട്ടിൽ വന്നപ്പോൾ അയൽപ്പക്കങ്ങളിലുള്ള പല വീടുകളിൽ സന്നർശിച്ചപ്പോഴും ഇതേ
രീതികൾ...മക്കളെല്ലാം തന്നെ ഓരോരോ വിദേശങ്ങളിൽ ആണെന്ന് മാതാപിതാക്കൾ തന്നെ പറയുന്നുണ്ടായിരുന്നു.
ഇത് ഞാനെന്റെ ഭാര്യയുടെ മൂത്ത
സഹോദരൻ ശശികൊച്ചാട്ടനോട്
പറഞ്ഞപ്പോൾ പരിഹാസരൂപേണ അദ്ദേഹത്തിന്റെ മറുപടി ഓർത്തോർത്തു ചിരിക്കാൻ വഴിയൊരുക്കി. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. "നീ ഏതുകാലത്താ ജീവിക്കുന്നത്. ഇത് പഴയ നാടൊന്നുമല്ല. കല്ലേലിവാലയിൽ എരുമയും കാളയും
പോത്തിനേയും ഒക്കെ അടിച്ചോണ്ട് നടന്ന പിള്ളേരൊക്കെ ഇപ്പോൾ അമേരിക്കയിലാ"...
ഞാൻ മനസ്സിലോർത്തു കാലം പോയ ഒരു പോക്കേ...