കലൈമാമണി ശ്രീ.വി.കെ.ടി. ബാലൻ വിട വാങ്ങി...

കലൈമാമണി  ശ്രീ.വി.കെ.ടി. ബാലൻ വിട വാങ്ങി...പ്രണാമം.
മധുര ട്രാവൽസിന്റെ ചെയർമാനായിരുന്നു. ഇദ്ദേഹത്തെ എനിക്ക് ആദ്യമായി പരിചയപ്പെടുത്തി തന്നത്‌ അഭിവന്ദ്യനായ യശശരീരനായ ചെന്നൈ മഗല്ലൻ ട്രാവൽസിന്റെ ചെയർമാനായിരുന്ന 
ശ്രീ.കുമാറാണ്. യുഗപ്രഭാവനായ സംഗീത പ്രതിഭ  ശ്രീ. ടി. എം. സൗന്ദരാജനോടുള്ള എന്റെ അമിതമായ കണക്കറ്റ ആരാധനയായിരുന്നു എന്നെ 
ശ്രീ ബാലനിലേക്കടുപ്പിച്ചത്...
വീരശങ്കിലീ കന്നയ്യ തനബാലൻ എന്ന 
വി.കെ.ടി. ബാലൻ, തമിഴ് നാട്ടിലെ തിരിച്ചെന്തൂർ മുരുകന്റെ ഗ്രാമത്തിൽ ഒരു പിന്നൊക്കെ സമുദായത്തിൽ 1954ൽ
ജനിച്ചു.  കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ മകൻ സർക്കാർ സ്കൂളിൽ പഠിക്കാൻ തുടങ്ങി. എട്ടാം ക്ലാസ് മുഴുമിപ്പിച്ചില്ല. യാഥാസ്തികരുടെ വൃത്തികെട്ട വിവേചനത്തിന്റെ ഭാഗമായി ഏറ്റവും പുറകിലത്തെ സീറ്റിൽ ഇരിക്കാൻ വിസമ്മതിച്ചപ്പോൾ  പഠനം നിർത്തി. 
തുടർന്ന് അച്ഛനമ്മമാരുടെ കൂടെ 
ദിവസക്കൂലിക്ക് ജോലി ചെയ്യാൻ തയ്യാറായി. കഷ്ടിച്ചുള്ള അഷ്ടിക്ക് വേണ്ടി ഉടുതുണിക്ക് മറു തുണിയില്ലാതെ കഷ്ട്ടപ്പെട്ടു. അവിടെയും ജാതിവെറിപൂണ്ട യാഥാസ്ഥികരുടെ അപമാനങ്ങൾ.അവർ കഴിക്കുന്നതിന്റെ ബാക്കിയുണ്ടങ്കിൽ അത് കഴിച്ചുകൊള്ളണം. അവർ എടുത്തെറിയുന്ന കീറത്തുണികൾ ധരിച്ചോളണം. രാവിലെ മുതൽ അന്തി വരെ പണിഎടുത്താൽ എടുത്തെറിയുന്ന എന്തെങ്കിലും തുട്ടുകൾ കൊണ്ട് കഴിഞ്ഞുകുടി കൊള്ളണം.ബാലൻ എന്ന പേരുപോലും പറയാൻ അവകാശമില്ല.  
ആ ഒരു ചുറ്റുപാടിൽ നിന്ന് അച്ഛനമ്മമാർ പോലും അറിയാതെ ടിക്കറ്റെടുക്കാൻ കാശില്ലാതെ കള്ളവണ്ടി കയറി ബാലനായ ബാലൻ ട്രെയിനിൽ ചെന്നൈയിലേക്ക് പുറപ്പെട്ടു. ചെന്നിറങ്ങിയത് എഗ്ഗ്‌മോർ റെയിൽവേ സ്റ്റേഷനിൽ. ആഹാരത്തിനും വസ്ത്രത്തിനും ഉടുതുണിക്ക് മറുതുണിയുമില്ലാതെ പാവം ആ ബാലൻ അലഞ്ഞു തിരിഞ്ഞു നടന്നു.  എന്തെങ്കിലും ഒരു തൊഴിലിനായി മുട്ടാത്ത വാതിലുകൾ ഇല്ല. ഒരു  വാതിലുകളും തനിക്കു വേണ്ടി തുറന്നില്ല. അവസാനം റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങുന്നുന്ന പിച്ചക്കാരുടെയൊപ്പം ജീവിതം തുടങ്ങി. ഒരു ദിവസം വിശന്നു വലഞ്ഞപ്പോൾ വല്ലാത്ത ക്ഷിണം. സിമിന്റു തറയിൽ കിടന്നുറങ്ങിപോയി.
ആരോ ഒരു പോലീസ് ലാത്തികൊണ്ട് വയറ്റത്ത് കുത്തുന്നത് പോലെ തോന്നി. ചാടിപിടഞ്ഞെഴുന്നേറ്റപ്പോൾ ഒരു പോലീസ് കാരൻ...!!! എന്തെടാ നിന്റെ പേരു? ബാലൻ.  അവൻ പേര് പറഞ്ഞു. ഫാ തെണ്ടി നിനക്ക് പേരുപറയാൻ  ധൈര്യമോ?  ചെകിട്ടത്തൊരു അടി. അവിടെ നിന്ന് ബാലനെ പിടിച്ചു ഒരു മൈതാനത്തിലേക്ക് മാറ്റി നിർത്തി.ചുറ്റും നോക്കിയപ്പോൾ തന്റെ പ്രായത്തിലുള്ള മൂന്നാല് കുട്ടികൾ ഇതുപോലെ വേറെയും. പോലീസ്‌കാർ പിടിച്ചു നിർത്തിയിരിക്കുന്നു. തൊട്ടടുത്ത് നിന്ന മറ്റൊരു കുട്ടി ബാലന്റെ ചെവിയിൽ മന്ത്രിച്ചു. ഇതിവരുടെ ഒരു സ്ഥിരം പരിപാടിയാണ്. ഏതാണ്ട് എഴുപത്തിയഞ്ചിലധികം കുറ്റ കൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പലതും ഇപ്പോൾ നമ്മുടെ മണ്ടയിൽ കെട്ടിവയ്ക്കും. അങ്ങനെ നമ്മളെ ജയിലിൽ പിടിച്ചിടും. ഇത് കേട്ട് ഭയന്ന ബാലൻ പോലീസിനെ വെട്ടിച്ചു അവിടെ നിന്നോടി. പോലീസ് പുറകെ ഓടി. കുറെ ഓടിക്കഴിഞ്ഞു തളർന്നവശനായ ബാലൻ തിരിഞ്ഞു നോക്കിയപ്പോൾ പോലിസിനെ കണ്ടില്ല. വിശന്നോടിത്തളർന്ന ബാലൻ മുൻപിൽ കണ്ട ഒരു കെട്ടിടത്തിന്റെ വരാന്തയിൽ കയറി കിടന്നുറങ്ങിപ്പോയി.നേരം വെളുക്കാറായപ്പോൾ ബാലൻ കണ്ണ് തുറന്നു നോക്കിയപ്പോൾ തന്റെ മുൻപിൽ ഏതാണ്ട് ഇരുപതോളം ആൾക്കാർ ക്യു നിൽക്കുന്നു. പിന്നിൽ ഇരുനൂറിലധികവും ആൾക്കാർ ക്യു നിൽക്കുന്നു.
എന്തെന്നറിയാതെ അന്തം വിട്ടു നിന്ന ബാലനോട്  വളരെ പുറകിൽ നിന്ന ഒരാൾ ചെന്ന് ചോദിക്കുന്നു. നിന്റെ സ്ഥലം എനിക്ക് താരമെങ്കിൽ ഞാൻ നിനക്കു രണ്ടു രൂപാ തരാം. സമ്മതിച്ചു. കാശും വാങ്ങി മാറിപ്പോയി. കിട്ടിയ കാശും കൊണ്ട് ആദ്യം വിശപ്പടക്കി. തിരികെ വന്നു നോക്കിയപ്പോൾ ക്യു വിന്റെ നീളം കുടി.  വിവരങ്ങൾ തിരക്കിയപ്പോൾ അത് അമേരിക്കൻ എംബസ്സിയുടെ ചെന്നൈ കോൺസുലേറ്റ് ഓഫീസാണെന്നും അവിടെ ദിനംതോറും ആയിരക്കണക്കിന് ആളുകൾ വിസയ്ക്ക് വേണ്ടി അപ്ലിക്കേഷൻ കൊടുക്കാനും മറ്റും കാലത്തേ വന്നു ക്യു നിൽക്കുന്ന പരിപാടിയുണ്ടന്നും മനസ്സിലായി. അങ്ങനെ അന്ന് മുതൽ ആളുകൾക്ക് വേണ്ടി ക്യു നില്ക്കാൻ തുടക്കമിട്ടു.അങ്ങനെ ബാലനുമൊരു സ്ഥിരം ജോലി ആയി. വേദനമായി. കുറെ തുടർന്നപ്പോൾ ക്യു വിൽ കൂടുതൽ ഇടം കണ്ടെത്താൻ ചാക്ക് കൊണ്ട് വയ്ക്കുകയും കല്ല് കൊണ്ട് വയ്ക്കുകയും ചെയ്തു വരുമാനം കുടുതലാക്കാനും ശ്രമങ്ങൾ നടത്തി. അങ്ങനെയിരിക്കുമ്പോൾ പ്ലെയിൻ ടിക്കറ്റുമായി ചില ട്രാവൽ ഏജൻസികൾ വിസയുടെ കാര്യങ്ങൾക്കായി അവിടെ വന്നു കൊണ്ടിരുന്നു .അവരുമായിട്ടുള്ള സ്ഥിര ബന്ധങ്ങൾ ബാലനെ ട്രാവൽ ഏജൻസിയുടെ മേഖലയിലേക്ക് ആകര്ഷിക്കപ്പെടുന്നു. അവിടെ തുടങ്ങുന്നു ബാലന്റെ ഉയർച്ചയും വളർച്ചയും...
കാലങ്ങൾ മുന്നോട്ട് പൊയപ്പോൾ പല ട്രാവൽ ഏജൻസികളുടെയും സഹായത്താൽ ചെന്നൈ സിറ്റിയിൽ മധുരാ ട്രാവൽസ് എന്നൊരു ട്രാവൽ ഏജൻസി 1986ൽ ബാലൻ  സ്ഥാപിക്കുന്നു.
പിന്നീടുള്ളതെല്ലാം നേട്ടങ്ങളുടെ ചരിത്രമായിരുന്നു. ട്രാവൽ ഏജൻസിക്കൊപ്പം ടൂറിസം വളർത്തിയെടുക്കാനും ബാലൻ മറന്നില്ല.  കേരളം ഉൾപ്പടെ ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളിലും ബാലൻ ചുറ്റിസഞ്ചരിച്ചു ടൂറിസം പാക്കേജുകളും നടപ്പിലാക്കി. 
1992 ൽ  മധുര ട്രാവൽസ് ഒരു വലിയ സംഗീത വിരുന്നും കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. അതൊരു വൻ വിജയമായിരുന്നു. തെക്കൻ ഭാരതത്തിലെ ഒരുവിധപ്പെട്ട പിന്നണി ഗായകർ നടിനടന്മാർ സംഗീതജ്ഞർ സംഗീത സംവിധായകർ ഒക്കെ പങ്കെടുത്ത വിവിധ പരിപാടികൾ പലസ്ഥലങ്ങളിലും അരങ്ങേറി. 1992 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ 25 വിദേശ രാജ്യങ്ങളിൽ ഇരുനൂറിലധികം സംഗീത കലാ സാംസ്കാരിക പരിപാടികൾ നടത്തി ബാലൻ ലിംകാ ബുക്കിൽ സ്ഥാനം പിടിച്ചു. സമുഹവും രാഷ്ട്രീയ നേതൃത്വവും ബാലന്റെ പ്രവർത്തികളെ അംഗീകരിച്ചാദരിച്ചു. 
ശ്രീ കരുണാനിധി "തങ്കപതക്കം" നൽകി ആദരിച്ചു. തമിഴ്നാട്  ജനത കലൈമാമണി പ്പട്ടം കൊടുത്തു ആദരിച്ചു. കേന്ദ്ര സർക്കാരിന്റെ ടൂറിസം വകുപ്പിലും തമിഴ്നാട് ടൂറിസം വകുപ്പിലും അഡ്വൈസറി ബോർഡിൽ മെമ്പറായി വളരെക്കാലം ഇരുന്നിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ,
ഇന്ത്യൻ ടൂറിസം വകുപ്പ് ഇവരൊക്കെ ബാലനെ ആദരിച്ചിട്ടുണ്ട്. അയാറ്റ പോലെയുള്ള അന്തർദേശീയ വ്യോമയാന സംഘടനകളിലെല്ലാം രേജിസ്റെർഡ്‌ മെമ്പറും അവരുടെയൊക്കെ ആദരവുകളും ബാലനെത്തേടി എത്തിയിട്ടുണ്ട്.  കോടിക്കണക്കിനു രൂപായുടെ ആസ്തിയും സെയിൽസ്  ടേൺഓവറുമുള്ള മധുര ട്രാവൽസിന്റെ ഹെഡ്ക്വാട്ടേഴ്‌സ് എവിടെയാണന്നറിയേണ്ടെ? ഒരു നേരത്തെ ആഹാരത്തിനു മാർഗ്ഗമില്ലാതെ ഉടുതുണിക്ക് മറുതുണിയില്ലാതെ കയറിക്കെടക്കാൻ ഇടമില്ലാതെ ടിക്കറ്റെടുക്കാതെ വന്നിറങ്ങിയ എഗ്‌മോർ റെയിൽവേസ്റ്റേഷൻ നേരെ എതിരെയുള്ള സ്വന്തം വ്യവസായ സ്ഥാപനത്തിൽ...സംശയമുണ്ടോ?  ഞാനവിടെ പോയിട്ടുണ്ട്. അദ്ദേഹത്തെ പല പ്രാവിശ്യം കണ്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം അവിടെയിരുന്നു ആഹാരം കഴിച്ചിട്ടുണ്ട്.
ശ്രീ. വി. കെ. ടി. ബാലൻ  അനശ്വര ഗായക പ്രതിഭ  ശ്രീ. ടി. എം. സൗന്ദരരാജൻ സാറിന്റെ മന്ദവലി പക്കത്തിലുള്ള വീടിന്റെ അയല്പക്കത്തായിരുന്നു താമസിച്ചിരുന്നത്.
ബാലൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനും സ്നേഹിതനുമായിരുന്നു.  ടി.എം.എസ്സ്. സാറിന്റെ എല്ലാ വിദേശ യാത്രകളും ഹോട്ടൽ താമസ സൗകര്യങ്ങളും 1986 മുതൽ നോക്കി നടത്തിയിരുന്നത്  ബാലനായിരുന്നു. 1999ൽ, ഒരു യൂറോപ്യൻ സംഗീതപരിപാടിക്ക് വേണ്ടി കൊടുത്ത അഡ്വാൻസിന്റെ മറുപടി, 
ശ്രീ.  ടി. എം. സൗന്ദരരാജൻ സാർ തന്റെ സ്വന്തം കൈപ്പടയിൽ ശ്രീ ബാലനെഴുതിയ കത്ത്,  
അദ്ദേഹം ഓഫീസിൽ ഫ്രെയിം ചെയ്തു വച്ചിരുന്നു. ഒപ്പം  സൗന്ദരരാജൻ സാറിന്റെ കയ്യൊപ്പുള്ള വലിപ്പത്തിലുള്ള ഒരു പഴയകാല   ഒരു നൂറു രൂപ നോട്ടും... ഇതിന്റെ കോപ്പിയെല്ലാം ബാലൻ എനിക്ക് തന്നിട്ടുണ്ട്.ശ്രീ കുമാർ വഴിയാണ് ഞാൻ ശ്രീ ബാലനിലേക്കു എത്തിച്ചേർന്നത്.  യൂട്യൂബിന്റെ ചരിത്രത്തിൽ 
ടി. എം. സൗന്ദരരാജൻ  സാറിന്റെ സ്റ്റേജിൽ നടത്തിയിട്ടുള്ള ലൈവ് പെർഫോമൻസ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്  ഞാനണെങ്കിൽ, അതിൽ പലതിന്റെയും  വീഡിയോ കാസ്സറ്റുകൾ എനിക്ക് തന്നിട്ടുള്ളത് ശ്രീ ബാലനായിരുന്നു. 
എപ്പോഴും ഖദർ വസ്ത്രധാരിയായി നെറ്റിയിൽ ഭസ്മക്കുറിയും സിന്ദുരവും തേച്ചു വരുന്ന ബാലന്റെ സംസാരത്തിനു അവാച്യമായ ഒരു ചാരുതയുണ്ടായിരുന്നു. ടെലിഫോണിലൂടെ സംസാരിക്കുമ്പോഴും ഈ വശ്യത പലപ്പോഴും
ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. 
ബാലനും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിലേക്ക് അസമയത് കടന്നു വന്ന മരണം എന്നിൽ കടുത്ത വേദനയുളവാക്കുന്നു. 2013ൽ സൗന്ദരരാജൻ സാറിന്റെ മരണം ചെന്നൈയിൽ നിന്ന് ഔദ്യോഗികമായി വിളിച്ചറിയിച്ചത് ശ്രീ ബാലനാണ്. അകാലത്തിൽ പൊലിഞ്ഞു പോയ എന്റെ സഹോദരന് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം, കുടുംബത്തിലുള്ള എല്ലാവരുടെയും ദുഖത്തിലും സാംസ്‌കാരിക തമിഴ്‌നാടിന്റെ വേദനയിലും ഞാനും എന്റെ കുടുംബവും പങ്കു ചേരുന്നു...  
പ്രണാമം...