കാലം പോയതറിയാതെ... ഓർമ്മകളിൽ എന്നും അമ്മ....

കാലം പോയതറിയാതെ...
ഓർമ്മകളിൽ എന്നും അമ്മ.... 
ഏപ്രിൽ 20.അമ്മയുടെ സ്മരണാഞ്ജലിക്ക്  നീണ്ട 30 വർഷങ്ങൾ... 
മഹാജ്യോതിഷിയായിരുന്ന എന്റെ മൂത്ത സഹോദരൻ ദശാബ്ദങ്ങൾക്ക് മുൻപ് കുവൈറ്റിലിരുന്നു കിറുകൃത്യമായി അമ്മയുടെ മരണം പ്രവചിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തെപ്പറ്റി പ്രവചിച്ചത്  തെറ്റിപ്പോയെന്ന് മാത്രം...
സ്വന്തം സ്വാർത്ഥതക്കും, ജീവിത സുഖങ്ങൾക്കും, സാമ്പത്തിക ഭദ്രതക്കും, മാതാപിതാക്കന്മാരെ നട തള്ളാനും, വൃദ്ധസദനങ്ങളിലാക്കാനും, ശരണാലയങ്ങളിൽ അഭയം നൽകാനും, എന്തിന് അപായപ്പെടുത്താൻപോലും മടികാണിക്കാത്ത ഒരു സമൂഹത്തിനോട് ഇതൊന്നും പ്രസംഗിച്ചിട്ട് ഒരു ഫലവുമില്ലന്നറിയാം...!!!
എവിടെയോ ഇരിക്കുന്ന കുറെ 
ദൈവങ്ങളുടേയും, അല്ലാഹുവിന്റേയും, മിശിഹായുടേയും, പുറകേ പുണ്യം തേടി പോകുന്നവരോട് ഒരു വാക്ക്...
"ജന്മം തന്ന മാതാപിതാക്കളെ മറന്ന്, ഏതു ദൈവത്തിന്റെ പിറകേപോയാലും നിങ്ങളാരും ഒരു ചുക്കും നേടാൻ പോകുന്നില്ല"...
ശിവകാശിയിൽ നല്ല കളറിൽ പ്രിന്റ് ചെയ്തു വരുന്ന, ശ്രീരാമന്റെയും, മിശിഹായുടെ, മക്കായുടേയും, പടങ്ങളുടെ മുൻപിൽ നിലവിളക്കും മെഴുകുതിരിയും സാംബ്രാണിയുമൊക്കെ കത്തിച്ചു വെച്ച് പ്രാർത്ഥിക്കിമ്പോഴും, കുമ്പിട്ട് തൊഴുമ്പോഴും, നിസ്‌ക്കരിക്കുമ്പോഴും,
ഒന്നോർക്കുക.....!!! 
സർവജ്ഞപീഠം കയറിയ ആദി ശങ്കരൻ പോലും സ്വന്തം അമ്മ ആര്യാംബയോട് പറഞ്ഞ അവസാനത്തെ വാക്ക് "സമസ്താപരാധം ക്ഷമിക്കായ്‌ വരേണം" എന്നാണ്...
മിശിഹാതമ്പുരാൻ "ദൈവമാതാ"വെന്നാണ് സ്വന്തം അമ്മയേപ്പറ്റിപറഞ്ഞു മലഞ്ചരുവിൽ തന്റെ മഹത്തായ ദൈവപ്രമാണങ്ങൾ പറഞ്ഞു തന്നത്... 
തന്റെ അനുചരന്മാർ ഈ ലോകത്തു ഏറ്റവും കൂടുതൽ കടപ്പാട് ആരോടാണ്  നബിതിരുമേനിയോട് മുന്ന് പ്രാവിശ്യം ചോദിച്ചപ്പോഴും, ഒന്നും... രണ്ടും...മുന്നും..."നിന്റെ അമ്മ"യോട് എന്നാണ് മറുപടി...
ഇതൊക്കെ വാരിക്കോരി വിളമ്പുന്ന ശപ്പന്മാരോട് ഒരേ ഒരു ചോദ്യം...
അവരൊക്കെ പറഞ്ഞത് ശരിയാണങ്കിൽ, പിന്നെന്തേ? ഇവിടെ മാതാപിതാക്കൾ ഇത്രയധികം ദുഖിക്കുന്നത്...എന്തേ?വഴിയാധാരം ആകുന്നത്...എന്തേ? വൃദ്ധസദനങ്ങളിൽ എത്തിച്ചേരുന്നത്...
പണ്ടൊരിക്കൽ ഒരു പ്രശസ്തനായ ജ്യോതിഷി വീട്ടിൽ വന്ന സമയത്തു മരിച്ചു പോയ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ദൈവങ്ങളുടെ സമീപത്തു വച്ചിരിക്കുന്നത് കണ്ടപ്പോൾ ഇത് ഇവിടെ വയ്ക്കാൻ പാടില്ല. ദോഷം ചെയ്യുമെന്ന് പറഞ്ഞു...
ഭയന്ന് ഉടൻതന്നെ ഫോട്ടോകൾ അവിടെ  നിന്ന് മാറ്റി... ഇന്നായിരുന്നെങ്കിൽ ജ്യോതിഷത്തിൽ ഏതു ഭാഗത്തു ആരു പറഞ്ഞിരിക്കുന്നു എന്ന് ചോദിക്കാമായിരുന്നു. അന്ന് അതേപ്പറ്റി ചോദിക്കാൻ വേണ്ട അറിവുണ്ടായിരുന്നില്ല...!!!  
കാലം എനിക്കെന്താണ് വച്ചിരിക്കുന്നതെ
ന്നറിയില്ല. അത് ആ കാല പുരുഷന്റെ മുന്നിൽ എപ്പോഴും നിൽക്കുന്ന പ്രപഞ്ച സത്യത്തിനു മാത്രമേ അറിയൂ...
പക്ഷേ ഒന്നറിയാം...നാം ചെയ്യുന്ന പ്രവർത്തികളും പറയുന്ന വാക്കുകളും  നമ്മുടെ കൂടെയുണ്ടാകും...
അമ്മമാരിൽ നിന്ന് ഏറ്റവും കൂടുതൽ തല്ലു വാങ്ങിയവരുടെയും വഴക്കു കേട്ടവരുടെയും ഒരു ലിസ്റ്റ് എടുത്താൽ, ഒന്നാമത്തെ വരിയിൽ തന്നെ ഞാനുണ്ടാകും...
അത്രയ്ക്ക് കുസൃതി ആയിരുന്ന ഒരു ബാല്യ/കൗമാരം...പക്ഷേ പത്തിൽ തോറ്റപ്പോൾ അമ്മ തല്ലിയില്ല... വഴക്കു പറഞ്ഞില്ല... ദുഖിച്ചിരുന്ന എന്നെ കെട്ടിപ്പിടിച്ചാശ്ലേഷിച്ചു...
"മോൻ വിഷമിക്കേണ്ട...അടുത്ത പ്രാവിശ്യം മിടുക്കനായി പഠിച്ചു പാസ്സാകാം"... 
ഏതൊരു പ്രതിസന്ധിയിലും "എനിക്കാ വാക്കുകൾ" ഭഗവത് ഗീതയാണ്...സത്യാ വേദപുസ്തകമാണ്.. ഹോളി ഖുറാനാണ്... ധർമ്മപാതയാണ്...തളരുമ്പോൾ ഉയർത്താനും, സന്തോഷിക്കുമ്പോൾ അഹങ്കരിക്കാതിരിക്കാനും, മനുഷ്യ ജീവിതത്തിൽ ഇതിനേക്കാൾ കൂടിയ 
എന്ത് പുണ്യപുസ്തകങ്ങൾ എവിടെയാണ് തേടിപ്പോകേണ്ടത് ?
കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ഒരു ബ്രാഞ്ച് മാനേജരായിരിക്കുമ്പോഴാണ്‌ അമ്മ ഇഹലോകവാസം വെടിഞ്ഞത്.
മരിക്കുന്നതിന്‌ മുൻപ് ഒരിക്കൽ അമ്മ ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നു...
"നീ ഒരു ബാങ്കിന്റെ തലപ്പത്തെത്തും. പക്ഷേ അന്ന് ഞാനുണ്ടാകണമെന്നില്ലാ"...
കൃത്യം പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിന്റെ അഞ്ച് ഡിവിഷന്റെ ചുമതലയുള്ള ഒരു ജനറൽ മാനേജരായി അവരോധിക്കപ്പെട്ടു... 
അതിൽ കൂടുതൽ  ഏതു ദൈവ
വചനത്തെത്തേടിയാണ് ഞാൻ പോകേണ്ടത്...
മക്കളെ കൊല്ലുന്ന, വിൽക്കുന്ന, അമ്മമാരുണ്ടാകാം...പെൺമക്കളെ ബലാത്സംഗം ചെയ്യാൻ മടി കാണിക്കാത്ത അച്ഛന്മാരുണ്ടാകാം...അമ്മയേയും അച്ഛനെയുമൊക്കെ കൊല്ലാൻ ശ്രമിക്കുന്ന മക്കളുമുണ്ടാകും... മറിച്ചുമുണ്ടാകും... പ്രകൃതിയിൽ വൈരുദ്ധ്യങ്ങൾ ധാരാളം...
എന്തോ? ഏതോ?  ഒരു പത്താമുദയത്തിൽ ജനിച്ചു ഇന്നേക്ക് 30 വർഷങ്ങൾക്ക് മുൻപ് ഞങ്ങളെ വിട്ടു പോയ എന്റെ അമ്മയ്ക്കപ്പുറം ദൈവങ്ങളുണ്ടാകാം... നിഷേധിക്കാനൊന്നും ഞാനില്ല...പക്ഷേ അവരൊന്നും അമ്മയ്‌ക്കൊപ്പമാകില്ല... 
സ്മരണാഞ്ജലി...