കാലം പോയതറിയാതെ...
ജൂലൈ ഒന്ന്...(July 1st) ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികം...
ഈ ലേഖനം ആരെയും ഇകഴ്ത്തിക്കാട്ടാനോ പുകഴ്ത്തിക്കാട്ടാനോ എഴുതുന്നതല്ല. മറിച്ചു എന്റെ ആത്മനൊമ്പരത്തിന്റെ നേർക്കാഴ്ചയാണ്...
ജനിച്ചു വളർന്ന ഗ്രാമത്തിനപ്പുറം ലോകമില്ലന്നു ചിന്തിച്ചു നടന്ന ബാല്യം...
കുടി ആശാന്മാരായ തെക്കുംപുറത്താശാനും നടുവത്തിന്മേലിൽ ആശാനും അരിയിൽ ഹരിശ്രീ എഴുതിപ്പിച്ച ബാല്യം. തൊട്ടടുത്തുള്ള ലോവർ പ്രൈമറി സ്‌കൂളും,വള്ളംകുളത്തുള്ള അപ്പർ പ്രൈമറി സ്കൂളും, ഇരവിപേരൂർ സെയിന്റ് ജോൺസ് ഹൈസ്കൂൾ വിദ്യാഭ്യാസവും, അവിടെയൊക്കെ ഉണ്ടായിരുന്ന കുറെ അധ്യാപകരും മനസ്സ് നിറയെ. ഒപ്പം അമ്പല കമ്മിറ്റിയും ഉത്സവ കമ്മിറ്റിയും കരയോഗം
കമ്മിറ്റിയുമൊക്കെയുമായി അച്ഛന്റെ കയ്യിൽ പിടിച്ചു നടന്ന ബാല്യത്തിലെ ഓർമ്മകളും...
കൗമാരത്തിൽ ടി.എം.സൗന്ദരരാജൻ
സാറിന്റെയും,സുശീലാമ്മയുടെയും, മുഹമ്മദ് റാഫി സഹാബിന്റെയും,
ലതാജിയുടെയും,ഒക്കെ സിനിമാ ഗാനങ്ങളിലും, പ്രൊഫസ്സർ സാംബശിവൻ സാറിനെപ്പോലെയുള്ളവരുടെ കഥാപ്രസംഗങ്ങളിലും, തൃപ്പുണിത്തറ
അരവിന്ദാക്ഷമേനോനെപ്പോലെയുള്ള മഹാപ്രതിഭകളുടെ ബാലേയും,
നാമഗിരിപേട്ട കൃഷ്ണനെപ്പോലെയുള്ള മഹാന്മാരുടെ നാദസ്വരവും, മണക്കാൽ രംഗരാജഭഗവതരെപ്പോലെയുള്ള മഹാരഥന്മാരുടെ പാട്ടു കച്ചേരിയും, മാങ്കുളം വിഷ്ണുനമ്പൂതിരിയെപ്പോലെയുള്ള മഹാരഥന്മാരുടെവരുടെ കഥകളിയും, മുഖത്തല ചെല്ലപ്പൻപിള്ള ചേട്ടനെപ്പോലെയുള്ളവരുടെ ഭാഗവത സപ്താഹയജ്ഞം, ഗുരുവായൂരപ്പദാസാ സ്വാമികൾ, സ്വാമി ബോധാനന്ദ,
തുടങ്ങിയവരുടെ ആത്മപ്രബോധനങ്ങളും,
പള്ളി പെരുന്നാൾ കാലങ്ങളിൽ ആത്മ പ്രബോധനങ്ങൾ നടത്താനെത്തുന്ന ചെറിയ ചാണ്ടി വലിയ ചാണ്ടി പാസ്റ്ററന്മാരുടെ പ്രഭാഷണങ്ങൾ,റാസാ, കരോൾ,
വിവിധ അമ്പല ഉത്സവങ്ങൾ, കൂടാതെ എം.ജി.ആർ,ശിവാജി ഗണേശൻ, സത്യൻ, പ്രേംനസീർ,മധു, ജമിനി ഗണേശൻ തുടങ്ങിയ അഭ്രപാളികളിലെ നായകന്മാർ, പട്ടോഡി നവാബ് ഫാറൂഖ് എഞ്ചിനീയർ തുടങ്ങിയവർ കളിക്കുന്ന ക്രിക്കറ്റ് റേഡിയോ ദൃക്‌സാക്ഷി വിവരണങ്ങളും, ഇവരെയൊക്കെ ഉൾക്കൊണ്ടും അനുഭവിച്ചും കടന്നു പോയിട്ടുള്ള എന്റെ കൗമാരം...
യൗവ്വനത്തിലേക്കു കാലെടുത്തു വച്ചപ്പോൾ വിദ്യാർത്ഥി രാഷ്ട്രീയം. മഹാനായ എ.കെ.ജി. യും, ഇ.എം.എസ്സുമൊക്കെ മനസ്സ് നിറയെ.... മഹത്തുക്കളായ നിരവധി കവികളും സാഹിത്യകാരന്മാരും നിരൂപകരും, പിന്നെ നമ്മുടെ ദാസ് സാറും ജയചന്ദ്രൻ സാറുമൊക്കെ മനസ്സിലേക്ക് ചേക്കേറുന്ന കാലം. ഇരുപത്തി മുന്ന് വയസ്സ് പൂർത്തിയായപ്പോൾ വിവാഹം. പതിനെട്ടു വയസ്സ് പൂർത്തിയാകാൻ മാസങ്ങൾ ബാക്കി നിൽക്കുന്ന പെൺകുട്ടി. ഇന്നാണെങ്കിൽ സ്ത്രീപീഡനത്തിനു കേസെടുക്കും. വീട്ടുകാർ തമ്മിലുറപ്പിച്ച വിവാഹം.
മഹാ ജ്യോതിഷിയായിരുന്ന മുതിർന്ന സഹോദരൻ പറയുന്നു. "ഒൻപതാം ഭാഗമായ ഭാഗ്യസ്ഥാനത്തേക്കു വ്യഴത്തിന്റെ പ്രത്യേക ദൃഷ്ടിയുള്ള ജാതകം.
ഒരു സ്ത്രീയ്ക്ക് വ്യാഴം എന്നാൽ എന്താണെന്നറിയാമോ? ഭർതൃസ്ഥാനം. അപ്രതീക്ഷിതമായ അപ്രാപ്യമായ ഭാഗ്യങ്ങൾ നിന്നെ തേടിയെത്തും. കണ്ണുമടച്ചു വിവാഹം നടത്തിക്കോ...നടത്തി.
വിവാഹം കഴിഞ്ഞു. മാസങ്ങൾക്കുള്ളിൽ കുവൈറ്റിലെത്തിയ എന്റെ സഹധർമ്മിണിക്ക് സ്വസ്ഥമായ ഒരു ജീവിതം കൊടുക്കാൻ എനിക്കിന്നു വരെ കഴിഞ്ഞിട്ടില്ല എന്നത് യാഥാർഥ്യം...കാരണം മാനസീക സംഘർഷം നിറഞ്ഞ എന്റെ ജീവിതം തന്നെ. അഞ്ച് വാല്യക്കാരുണ്ടായിരുന്ന സാഹചര്യത്തിൽ നിന്ന്, അഞ്ച് പേരുടെ വാല്യക്കാരി ആയി മാറുമ്പോഴുണ്ടാകുന്ന അവസ്ഥയിലേക്ക് എന്റെ ഭാര്യക്ക് മാറേണ്ടി വന്നത് ജീവിത സാഹചര്യം തന്നെ. വാല്യക്കാരി എന്ന് പറഞ്ഞതിനെ ദയവായി അക്ഷരാർത്ഥത്തിൽ എടുക്കരുത്. ഒരു പ്രാസം ഒപ്പിച്ചു പറഞ്ഞു എന്ന് ധരിച്ചാൽ മതി .അതായത് വിവാഹത്തിന് മുൻപ് അവൾ അഞ്ച് വാല്യക്കാരുടെ സഹായത്തിൽ ആണ് അവളുടെ സ്വന്തം വീട്ടിൽ ജീവിച്ചിരുന്നത്.മുന്ന് വാല്യക്കാർ വീടിന് പുറത്തും, രണ്ട് വാല്യക്കാർ വീടിന് അകത്തും സഹായത്തിനുണ്ടായിരുന്നു. കുളത്തിൽ കൊച്ചും, അവരുടെ മകളും മകളുടെ ഭർത്താവ് കുട്ടനും എല്ലാ സഹായത്തിനും വീടിന് പുറത്തുള്ളപ്പോൾ, ജാനകിയും മീനാക്ഷിയും എല്ലാ സഹായത്തിനും വീടിനകത്തുണ്ടായിരുന്നു. പഴയ കാലത്തേ ഒരു ജീവിതചര്യാ.
ഓർക്കാനൊരു സുഖം അല്ലേ? എന്ത് തോന്നുന്നു...
ചോറുണ്ണാനറിയാമെങ്കിൽ, അതുണ്ടാക്കിയുണ്ണാനറിയാത്ത ഒരു പെൺകുട്ടി. കുവൈറ്റിലേക്കെത്തിയപ്പോൾ ഒരു തമാശക്കെങ്കിലും പറയാൻ ജീവിതത്തിന്റെ മറ്റൊരു മുഖം.
മുന്ന് മുറിയുള്ള ഒരു ഫ്ളാറ്റിൽ, മാസ്റ്റർ ബെഡ്‌റൂമിൽ രണ്ടാമത്തെ സഹോദരനും അദേഹത്തിന്റെ ഭാര്യയും. രണ്ട് പേരും ജോലിക്കാരാണ്. അടുത്ത മുറിയിൽ അവിവാഹിതരായ രണ്ടു സഹോദരന്മാർ.
രണ്ട് പേരും ജോലിക്കാരാണ് .മൂന്നാമത്തെ മുറിയിൽ ഞാനും എന്റെ മണവാട്ടിയും. ഞാനും ജോലിക്കാരൻ. ചുരുക്കം ജോലിയില്ലാത്ത ഏക വ്യക്തി എന്റെ ഭാര്യ മാത്രം. പഠിക്കേണ്ട സമയത് കല്യാണം കഴിപ്പിച്ചാൽ പിന്നെ പഠിപ്പിക്കേണ്ടല്ലോ. ഓരോ ദുർവിധി...എല്ലാവരും ജോലിക്ക് പോകുമ്പോൾ അവൾ ഫ്ളാറ്റിന്റെ നാല് മുറിക്കുള്ളിൽ ജീവിതം ഒതുക്കി നിർത്തി. ചപ്പാത്തി കഴിക്കാനറിയാവുന്നവൾ അതുണ്ടാക്കാനും പഠിച്ചു.
മീൻ കുട്ടാത്തവൾ, ചിക്കൻ കഴിക്കാത്തവൾ ഇതെല്ലാം ഉണ്ടാക്കാൻ പഠിച്ചു. വീട് തൂത്തുവാരി വൃത്തിയാക്കുന്നത് കണ്ടു നടന്നിരുന്നവൾ, താമസിക്കുന്ന ഫ്ളാറ്റ് ക്ലീൻ ചെയ്യാനും പഠിച്ചു. അങ്ങനെ ഓരോന്നും പഠിച്ചു...
അന്നൊക്കെ ആഴ്ചയിലൊരിക്കൽ മാത്രമേ അവുധി ഉണ്ടായിരുന്നുള്ളു.
ഒരു വെള്ളിയാഴ്ച്ച കിട്ടിയാൽ നൂറു കൂട്ടം കാര്യങ്ങൾ. "ദേ വന്ന് ദാ പോയി" എന്ന് പറയുന്നത് പോലെ...ദിവസങ്ങൾ മാസങ്ങൾക്കും വർഷങ്ങൾക്കും വഴി മാറിയപ്പോൾ, വന്ന് കയറിയ വീടിന്റെ ഉയർച്ചയെപ്പറ്റി അവൾ ചിന്തിച്ചു.
അന്നൊക്കെ നാട്ടിൽ ജോലി ചെയ്താൽ കഷ്ട്ടിച്ചു ജീവിച്ചു പോകാനേ പറ്റു.
ഇന്നങ്ങനെയല്ല. ഇന്ന് നാട്ടിൽ കാശുണ്ടാക്കാനറിയം.അങ്ങനെ നാട്ടിൽ ജോലിയുണ്ടായിരുന്ന രണ്ടു സഹോദരങ്ങളെ കുവൈറ്റിലെത്തിച്ചു.
മറ്റൊരു ഫ്ളാറ്റിലേക്കു ഞങ്ങൾ നാലു പേരുംകൂടി താമസം മാറിയെങ്കിലും ഫലത്തിൽ അവൾ മാത്രം നാലുഭിത്തിയുടെ ചുമരുകൾക്കുള്ളിൽ.കൂടെ രണ്ട് മക്കളും.
ഇടയ്ക്ക് ഞങ്ങൾ മാത്രമായി ഒന്ന് താമസിക്കാൻ ഒരു ശ്രമം നടത്തി. മഹാനായ സദ്ദാംഹുസൈൻ അതിന് സമ്മതം തന്നില്ല. നാട്ടിലെ വാടക വീട്ടിലേക്ക് ഒരു തിരിച്ചുപോക്ക്. വീണ്ടും ഗൾഫ് പ്രവാസം.
അവിടെ നിന്ന് പാച്ചാത്യ സംസ്ക്കാരത്തിൽ കുട്ടികളുമൊത്തു മറ്റൊരു പറിച്ചു നടൽ. ഞാൻ അപ്പോഴും ഗൾഫു പ്രവാസത്തിന്റെ ലഹരിയിൽ. സ്വന്തമായൊരു വീടുണ്ടായപ്പോൾ അവൾ പൂന്തോട്ടമുണ്ടാക്കി. ഫലങ്ങൾ തരുന്ന വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചു. ഒപ്പം വീട് വൃത്തിയാക്കലും പാചക കലയും തുടർന്ന് കൊണ്ടേയിരിക്കുന്നു. എത്രയൊക്കെ വൃത്തിയാക്കിയാലും ആരൊക്കെ വൃത്തിയാക്കിയാലും തൃപ്തി വരില്ല. ജന്മനാ നാലാം ഭാവത്തിൽ ശനി നിൽക്കുന്നതാണ് കാരണം.ഒപ്പം പാചകത്തിലും ഇത് തന്നെ ഗതി. ഇന്നും തുടർന്ന് കൊണ്ടേയിരിക്കുന്നു.
അനവരതം അക്ഷീണം...
ഒരു ഭർത്താവ് എന്ന നിലയിൽ അവളുടെ ആഗ്രഹങ്ങൾ എന്തൊക്കെയാണെന്ന് ഒരിക്കൽ പോലും ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഞാൻ സാംബ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ വെമ്പൽപൂണ്ട് ഓടിനടക്കുമ്പോൾ ഉണ്ടാകുന്ന മാനസീക സംഘർഷങ്ങൾ എല്ലാം പാവം ഭാര്യയിലേക്കാണ് ചെന്ന് ചേരുന്നത്. കുത്തുവാക്കുകൾ കൊണ്ട് അഭിഷേകം നടത്തുമ്പോൾ എന്തിനു,ഒരു പ്രാവിശ്യം ദേഹോപദ്രവം നടത്തിയപ്പോൾ പ്പോലും, ഒരു പരിഭവും പറയാതെ ഭൂമിദേവിയോളം ക്ഷമയോടെ എല്ലാം സഹിച്ചു മുന്നോട്ടു പോയി...തീരെ സഹിക്കാൻ കഴിയാത്ത അവസരങ്ങളിൽ മുറിയിൽ കയറിയിരുന്നു കരയും. കലങ്ങിയ കണ്ണുകൾ കാണുമ്പോൾ പലപ്പോഴും എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. ഒരിക്കൽപ്പോലും ഒന്നും അവൾ ആവിശ്യപ്പെട്ടില്ല. ഞാൻ എന്തെങ്കിലും അറിഞ്ഞു ചെയ്താൽ സന്തോഷം. അതിനപ്പുറം അത്യാഹ്ലാദങ്ങളൊന്നും കാണിക്കാറില്ല.അനാവശ്യമായി സംസാരിക്കാറില്ല. ചോദിക്കുന്നതിന് മാത്രം വ്യക്തമായ ഉത്തരം... സന്തോഷത്തിൽ അമിതാഹ്ലാദമോ സന്താപത്തിൽ അമിത ദുഖമോ അവൾ പ്രകടിപ്പിക്കാറില്ല...
ഒരു സ്ത്രീ, വന്ന് കയറിയ വീടിനോട് എങ്ങനെ ആത്മാർത്ഥത പുലർത്തണമെന്നും, ഒപ്പം ജനിച്ചു വളർന്ന വീടിനോട് എങ്ങനെ സ്നേഹം നിലനിർത്തണമെന്നും, എന്നെ പഠിപ്പിച്ചു തന്നത് എന്റെ ഭാര്യ ആണന്ന് തുറന്നു പറയേണ്ടി വരുന്നത് എന്റെ ദുരഭിമാനം സമ്മതിക്കില്ലെങ്കിലും, അതൊരു യാഥാർഥ്യമാണ്. ഒരിക്കലും ഒരു പ്രശ്നവും അവൾ സങ്കീർണ്ണമാക്കാറില്ല. ആ രണ്ടു വീടുകളുടെയും സാമ്പത്തിക വളർച്ചകൾ നോക്കിക്കാണാൻ കഴിയുന്നു എന്നത് മറ്റൊരു യാഥാർഥ്യം. അത് തന്നെയാണ് അതിന്റെ അടിസ്ഥാനവും...മക്കളെക്കാൾ സ്നേഹവും ആദരവും നേടിയ മരുമകൻ... മരുമകൾ... രക്തബന്ധമില്ലെങ്കിലും എല്ലാവരും സ്വന്തം കുടപ്പിറപ്പുകൾക്ക് തുല്യം. ഇന്നത്തെ ഞങ്ങളുടെ പിൻ തലമുറയും അത് ഊട്ടിഉറപ്പിച്ചുകൊണ്ട് നടക്കുന്നെങ്കിൽ അതിന്റെ ഒരു കാരണം എന്റെ ഭാര്യ തന്നെയാണ്. അന്യം നിന്ന് പോകുന്ന ഒരു കാലഘട്ടത്തിന്റെ ബാക്കി പത്രം...
കാലം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല. ആനപ്പുറത്തു ഇരുന്ന ഞാൻ താഴെയിറങ്ങി.ഗൾഫിന്റെ വരുമാനം നിലച്ചു.
കോവിടെന്ന മഹാമാരിയിൽ ഉണ്ടായിരുന്ന സമ്പാദ്യവും തീർന്നു. ഗൾഫുകാരന് പെൻഷനില്ല.ഇവിടെയും പെൻഷനില്ല.
കാരണം ഇവിടെ പെൻഷൻ കിട്ടണമെങ്കിൽ മൂവായിരത്തി അറുന്നൂറ്റി നാൽപ്പതു ദിവസങ്ങൾ (ഏതാണ്ട് പത്തു വർഷങ്ങൾ) സ്ഥിരമായി താമസിച്ചിരിക്കണം...
ആ ഇടയ്ക്കാണ് ദൈവമുണ്ടന്നു എനിക്ക് ശരിക്കും മനസ്സിലായത്. ഇവുടുത്തെ ഗവൺമെന്റ് അവളെ വിളിച്ചു പെൻഷൻ കൊടുക്കുന്നു. ഭർത്താവിന് ജോലിയുണ്ടോ?
ഇല്ല. അപ്പോൾ ഭർത്താവിനും കുടി ഒരു ചെറിയ അലവൻസ് ചേർത്താണ് ഇപ്പോൾ അവൾക്ക് കിട്ടുന്ന പെൻഷൻ...
ഇടയ്ക്കു ഞാൻ മകനോട് ചോദിക്കും. മോനെ അമ്മേടെ പെൻഷൻ വന്നോടാ? അപ്പോൾ അവൻ ചോദിക്കും?
എന്നോത്തിനാ...? വണ്ടിയിൽ പെട്രോളടിക്കാനാ...എന്റെ മറുപടി.
കാലം എനിക്ക് വച്ച് നീട്ടിയ അനുഭവ പാഠം...
ഈ സത്യം എനിക്ക് മനസ്സിലാക്കി തന്ന അവൾക്ക് ആയുസ്സും ആരോഗ്യവും നീണ്ട് നിൽക്കട്ടെ എന്ന് ആത്മാർഥമായി ആ ആത്മചൈതന്യത്തോട് പ്രാർത്ഥിക്കുന്നു...
ആയുരാരോഗ്യസൗഖ്യത്തെ നേരുന്നു...
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും പ്രതീക്ഷിച്ചു കൊണ്ട്...
സസ്നേഹം രാധകൃഷ്ണൻ നായർ
ന്യൂസിഅലൻഡിൽ നിന്ന് ...