കാലം പോയതറിയാതെ...
പി. ജയചദ്രൻ സാർ വിട വാങ്ങി.
ഒരനുസ്മരണം. (ഭാഗം ഒന്ന്).
അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഓരോ ആസ്വാദകരും അവരവരുടെ ഇഷാനിഷ്ടങ്ങളും അനുഭവങ്ങളും നേർക്കാഴ്ചകയും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ എഴുതിയിരുന്നു...ഇന്നും തുടരുന്നു...
1966ൽ തുടങ്ങിയ സിനിമ സംഗീത സപര്യ 2024ൽ അവസാനിക്കുന്നു... നീണ്ട അൻപത്തെട്ടു വർഷങ്ങൾ...ഒപ്പം നിരവധി ഭക്തി ഗാനങ്ങൾ. അതും എല്ലാ മതവിശ്വാസങ്ങളിലുമുള്ളവർക്ക് വേണ്ടി. അന്യഭാഷാ ചിത്രങ്ങളിലെ ഗാനങ്ങൾ. കുളിർമ്മ ഏറിയ ലളിത ഗാനങ്ങൾ.
അർത്ഥശാസ്ത്രീയ ഗാനങ്ങൾ. അപൂർവം ശാസ്ത്രീയ ഗാനങ്ങൾ.ഇടയ്ക്ക് അഭ്രപാളികളും കയറിയിറങ്ങി...
ഞാൻ ഇദ്ദേഹത്തെ ആദ്യമായി കാണുന്നതും ഓർമ്മയിൽ നിൽക്കുന്നതുമായ ഒരു ചരിത്രം എന്റെ ബാല്യത്തിലാണ്. തൃക്കവിയൂർ മഹാദേവർ ക്ഷേത്രത്തിൽ ആണ്ടുതോറും നടന്നു വരുന്ന ഹനുമൽ ജയന്തി ആഘോഷങ്ങളിൽ പ്രശസ്തനായ ഒരു സന്യാസിവര്യൻ അക്കാലങ്ങളിൽ ഏഴു ദിവസത്തെ നാരായണീയ പ്രവചനം നടത്തി വന്നിരുന്നത് പഴമക്കാർ ഓർക്കുന്നുണ്ടാവണം. അക്കാലത്തെ യുവജനങ്ങൾ ഉൾപ്പടെയുള്ള ഈശ്വരവിശ്വാസികളുടെ ഹരമായിരുന്ന സൂര്യതേജോസ്സോടെ നോക്കി കാണാൻ
പറ്റുന്ന ആ സന്യാസി വര്യന്റെ പേര് "ഗുരുവായൂരപ്പദാസാ സ്വാമികൾ"... അക്കാലങ്ങളിൽ ഏറെ പ്രശസ്തിയിലുണ്ടായിരുന്ന സ്വാമി ബോധാനന്ദ, സ്വാമി ചിന്മയാനന്ദ, തുടങ്ങിയ ആത്മ തേജസ്സുകൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനവും മഹിമയും... ശാസ്ത്രീയമായ രീതിയിൽ നാരായണീയം വായിച്ചർത്ഥം പറഞ്ഞിരുന്നത് കേൾക്കാൻ നൂറു കണക്കിന് ഭക്തജനങ്ങൾ കൂടുന്നത് ഇന്നുമോർക്കുന്നു. കവിയൂർ "മഹാദേവ"ക്ഷേത്രമെന്നാണ് പറയുന്നതെങ്കിലും, ഹനുമൽ സ്വാമിക്കാണ് അവിടെ പ്രാധാന്യം. കേട്ടിട്ടില്ലേ? കവിയൂർ
അവൽപ്പന്തനാഴി വഴിപാട്. വളരെ പ്രസിദ്ധിയായുള്ള ആ വഴിപാട്
ഹനുമൽസ്വാമിക്കാണ്.
വൈകിട്ടത്തെ ദീപാരാധന കഴിഞ്ഞു ഹനുമൽസ്വാമിയുടെ നടയിൽ പുഷ്പ്പാഞ്ജലി കഴിയാൻ ഏതാണ്ട് രണ്ടു മണിക്കൂർ സമയമെടുക്കും. ഈ സമയത്താണ് സ്വാമിജിയുടെ നാരായണീയ പ്രവചനം ഏഴു ദിവസവും തുടർച്ചയായി നടന്നിരുന്നത്.
സന്ധ്യക്ക് ദീപാരാധന കഴിയുമ്പോൾ നാലമ്പലത്തിനകത്തുള്ള സർപ്പങ്ങൾക്ക് ഇരിപ്പടമുള്ള ആൽത്തറയുടെ ചുവട്ടിൽ ഗുരുവായൂരപ്പന്റെ ഒരു ഫോട്ടോ പട്ടു വിരിച്ചു അതിനുമേൽ ഇരുത്തി തൊട്ടടുത് മൈക്കിന്റെ പിൻപിൽ ഏതാണ്ട് ഹനുമാൻ സ്വാമിക്ക് അഭിമുഖമായിരുന്നു സ്വാമിജി നാരായണീയ പ്രവചനം നടത്തുമ്പോൾ കൂടെ സഹായിയായി കേശവ് എന്ന പരികർമ്മി തൊട്ടു പുറകിൽ ഇരിക്കുന്നുണ്ടാകും. കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിന് എണ്ണ ഒഴിക്കാൻ ഇടയ്ക്കിടെ കേശവ് മുന്നിലോട്ടു വരാറുണ്ട്. മറ്റു ചിലപ്പോൾ സ്വാമിജി പ്രവചനത്തിനിടയിൽ പത്തു മിനിറ്റ് വിശ്രമിക്കുമ്പോൾ, കേശവ് ഗ്ലാസിൽ ചൂടുള്ള പാലുമായി മുന്നോട്ടു വന്നു സ്വാമിക്ക് കുടിക്കാൻ കൊടുക്കാറുണ്ട്. ഞാനന്ന് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയാണ്. അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങൾക്കുമൊപ്പം എല്ലാ ദിവസവും ഈ പ്രവചനം കേൾക്കാൻ പോകാറുണ്ടായിരുന്നു. ഇരിങ്ങാലക്കുട
യായിരുന്നു സ്വാമിജിയുടെ ആശ്രമം. സ്വാമിജി നാരായണീയ പ്രവചനത്തിനിടയിൽ ഇടയ്ക്കു ബ്രേക്കെടുക്കുമ്പോൾ ഏതെങ്കിലും കൂട്ടികൾ സ്റ്റേജിൽ കയറിയിരുന്നു ഭക്തി ഗാനങ്ങൾ ആലപിക്കും. രണ്ടു മുന്ന് പാട്ടുകൾ കഴിയുമ്പോൾ സ്വാമികൾ വീണ്ടും പ്രവചനം ആരംഭിക്കും. ഏതോ ഒരു വർഷം നടന്ന ഹനുമൽ ജയന്തിയിൽ സ്വാമിജിയുടെ പ്രവചനത്തിനിടയിൽ ഇടയ്ക്കൊരു ബ്രേക്കിന്റെ സമയത്തു സ്വാമിജി മൈക്കിലൂടെ പറയുന്നത് ഇന്നും മനസ്സിൽ മറക്കാതെ ഓർമ്മയായി നിറഞ്ഞു നിൽക്കുന്നു. ഇനിയും നമ്മുടെ "പാലിയത്തെ ജയൻകുട്ടൻ" രണ്ടു മുന്ന് ഭക്തി ഗാനങ്ങൾ ആലപിക്കും. നിക്കറും ഉടുപ്പുമൊക്കെയിട്ട അതിസുന്ദരമായ ഒരു കൗമാരക്കാരൻ സ്റ്റേജിലേക്ക് വന്നു മൈക്കിന് മുന്നിലിരുന്നു പാടുന്നു. കൂടെ ആരോ പ്രായമായ ഒരു അമ്മുമ്മ ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ. ഒരുപക്ഷേ സ്വാമിജിയുടെ ശിഷ്യ ഗണങ്ങളിൽപ്പെട്ട ആരുടെയെങ്കിലും കൂടെ എത്തിയതാകാനാണ് സാധ്യത. വെളുത്തു ചുമന്നു നീളം കുറഞ്ഞ അതി സുന്ദരനായ ആ കുട്ടിയുടെ മുഖം ഇന്നുമോർക്കുന്നു. ഇന്നുമെനിക്കോർത്തെടുക്കാൻ കഴിയുന്ന ചന്ദനക്കുറിയും കുങ്കുമവും നെറ്റിയിൽ ധരിച്ച പാലിയത് ജയചന്ദ്രൻ...
പിൽക്കാലത്തു അദ്ദേഹം ലോകം എമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ ചേക്കേറിയ
പി. ജയചന്ദ്രനാകുമെന്ന് എനിക്ക് ഊഹിക്കാൻ പോലുമുള്ള പ്രായമായിരുന്നില്ല അന്നത്തെ എന്റെ ബാല്യം. ഒപ്പം കൗമാരക്കാരനായ അന്നത്തെ ജയൻ കുട്ടനും.
സ്വാമിജിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. അമാനുഷീക പ്രതിഭ ആയിരുന്നു ഗുരുവായൂരപ്പദാസാ സ്വാമികൾ. ഒരു പക്ഷേ പാല്യത് കുടുംബത്തിലെ പ്രായമായ വിശ്വാസികളിൽ ആരുടെയെങ്കിലും കൂടെ എത്തിയതാവാം അന്നത്തെ ജയൻ കുട്ടൻ.
സ്വാമിജിയെ ഞാൻ അവസാനമായി കണ്ടത് 1981ലാണ്. കുവൈറ്റിൽ നിന്ന് അവുധിക്ക് വന്ന സമയത് ഏതോ ആവിശ്യത്തിന് എറണാകുളത്തിന് പോയി മടങ്ങി വരുമ്പോൾ ട്രെയിനിൽ എന്റെ അടുത്ത സീറ്റിൽ വന്നിരുന്ന സന്യാസി ശ്രേഷ്ഠനെ പ്രായമായെങ്കിലും ഒറ്റ നോട്ടത്തിൽ എനിക്ക് ഓർത്തെടുക്കാൻ പറ്റി. തിരുവല്ല വരെ ഞങ്ങൾ സംസാരിച്ചിരുന്നു. പണ്ടത്തെ സഹായി കേശവ് ഒക്കെ ഇഹലോക വാസം വെടിഞ്ഞ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്. കൊല്ലത്തെവിടെയോ ഒരു ക്ഷേത്രത്തിൽ പ്രവചനത്തിനായി പോകുന്ന വഴിയായിരുന്നു ആ യാത്ര.
പിന്നീട് വളരെ വർഷങ്ങൾക്ക് ശേഷമാണ്
1972ൽ പി. ജയചന്ദ്രനെന്ന ഗായകന്റെ
ഗാനമേള കേൾക്കാൻ ഒരവസരമുണ്ടാകുന്നത്. അക്കാലങ്ങളിൽ മധ്യതിരുവതാംകൂറിൽ ഒരു പ്രത്യേകത അമ്പലപ്പറമ്പുകളിൽ യേശുദാസിന്റെ ഗാനമേളയും കച്ചേരിയും, പള്ളിയങ്കണത്തിൽ ജയചന്ദ്രന്റെ ഗാനമേളകളും ഒരു സ്ഥിരം പരിപാടികളായിരുന്നു. മതവിശ്വാസങ്ങളിലെ മറ്റൊരു തലം. നാനാത്വങ്ങളിലെ ഏകത്വം. എന്തായാലും അക്കാലങ്ങളിൽ അതൊരു ട്രെൻഡായിരുന്നു...
1972ൽ കറ്റാനം പള്ളിയിലെ പെരുന്നാൾ
ദിവസം ജയചന്ദ്രന്റെ ഗാനമേളയുണ്ടന്ന്
പന്തളം കോളേജ് ഹോസ്റ്റലിൽ ഇരിക്കുമ്പോൾ പത്രത്തിൽ വായിച്ചറിയുന്നു. ഇത് വായിച്ചറിഞ്ഞ ഞാനും കൂടെ മുറിയിൽ താമസിച്ചിരുന്ന അടൂർ ഭാസിയുടെ അനിന്തിരവനായിരുന്ന ബി. ഹരികുമാറും, സുഹൃത്തുക്കളായിരുന്ന ജൂനിയർ രവീന്ദ്രനും, സീനിയർ രവീന്ദ്രനും, ജഗദീഷ് ചന്ദും, കെ. കെ. എം. കർത്താവും, രാജഗോപാലും, ഒക്കെ ഹോസ്റ്റലിൽ നിന്ന് ചാടി ഗാനമേളയ്ക്കു പോകാൻ തീരുമാനിച്ചു. എല്ലാവരും പോസ്റ്റ് ഗ്രാജുവൈറ്റ് (postgraduate)
വിദ്യാർത്ഥികളാകയാൽ ആ വിങ്ങിന്റെ വാർഡനായിരുന്ന (wing warden) വരദരാജൻ സാർ പോകാനാനുമതി നൽകി. അങ്ങനെ കറ്റാനം പള്ളിയങ്കണത്തിൽ രാത്രി എട്ടു മണിക്കെത്തിച്ചേർന്നപ്പോൾ ഗാനമേള തുടങ്ങാൻ സമയമായിരുന്നു. ആദ്യം
ശ്രീശബരീശ എന്ന ഭക്തി ഗാനവും തുടർന്ന് ഒരു ക്രിസ്ത്യൻ ഭക്തി ഗാനവും പാടി കഴിഞ്ഞപ്പോൾ അദ്ദേഹം മൈക്കിലൂടെ പറയുന്നു.
"ഇന്ന് കാലത്തു ഞാൻ മദിരാശിയിൽ നിന്നെത്തിയതേ ഉള്ളു. മിനിയാന്ന് ഒരു സിനിമ ഗാനം റെക്കോർഡ് ചെയ്തിട്ടാണ് ഇങ്ങോട്ടു തിരിച്ചത്. അതായത് ഇനിയും പാടാൻ പോകുന്ന ഗാനം റെക്കോർഡ് ചെയ്തു കഴിഞ്ഞിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു.
സിനിമ ഇറങ്ങിയിട്ട് പോലുമില്ല. ആ ഗാനം ആദ്യമായി ഇവിടെ നിങ്ങൾക്കായി പാടുകയാണ്".
സിനിമയുടെ പേര് ഒന്നും അദ്ദേഹം പറഞ്ഞില്ല. സുപ്രഭാതം...സുപ്രഭാതം...സുപ്രഭാതം...
ഞങ്ങൾ എല്ലാവരും കോരിത്തരിച്ചു കേട്ടു
കൊണ്ടിരുന്നു...
മലയാള സിനിമ സംഗീതം 2024 കഴിയുമ്പോൾ എണ്ണത്തിൽ 26000 തികഞ്ഞിട്ടില്ല എന്നത് ചരിത്ര സത്യം. അതിൽ നിന്ന് പത്തു പാട്ടുകൾ തെരഞ്ഞെടുക്കാൻ എന്നോട് പറഞ്ഞാൽ തീർച്ചയായും അതിലൊന്ന് ഈ
ഗാനമായിരിക്കും...
പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നത്
അങ്ങ് വിദേശത്തു കുവൈറ്റിൽ വച്ചാണ്.
അത് ഇതിന്റെ രണ്ടാം ഭാഗത്തിൽ...
അടുത്ത ചൊവാഴ്ച.
തുടരും...