കാലം പോയതറിയാതെ... പി. ജയചദ്രൻ സാർ വിട വാങ്ങി. ഒരനുസ്മരണം. (ഭാഗം മുന്ന്).

കാലം പോയതറിയാതെ...

പി. ജയചദ്രൻ സാർ വിട വാങ്ങി.
ഒരനുസ്മരണം. (ഭാഗം മുന്ന്).

ഇളയരാജയുടെ ഏതാണ്ട് പത്തു കൊല്ലം നീണ്ടു നിന്ന സിഹാസനത്തിന്റെ ആദ്യത്തെ ചവുട്ടി പടിയിൽ നിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് ഞാൻ മുൻ അദ്ധ്യായത്തിൽ പറഞ്ഞ മെഗാ മ്യൂസിക്കൽ പ്രോഗ്രാം കുവൈറ്റിലെ ആന്തലോസ് തീയേറ്ററിൽ 1979ൽ അരങ്ങേറിയത്. 1976ൽ പുറത്തിറങ്ങിയ അന്നക്കിളി എന്ന സിനിമയിലൂടെ തുടക്കം കുറിച്ചെങ്കിലും മുൻ നിരയിലെത്താനും ഒരു സിംഹാസനം പടുത്തുയർത്താനും വർഷങ്ങൾ പിന്നെയും താണ്ടേണ്ടി വന്നു എന്നുള്ളത് ചരിത്ര സത്യം. അന്നക്കിളിക്ക് ശേഷം വന്ന ഭദ്രകാളി ദീപം തുടങ്ങിയ ചില ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയെങ്കിലും ദശാബ്ദങ്ങളായി സിഹ്‌സാനത്തിൽ എം. എസ്സ്. വിശ്വനാഥൻ തന്നെയായിരുന്നു അപ്പോഴും മുൻനിരയിൽ...ഏതു നിലയിലായാലും ഇളയരാജ സംഗീതത്തോട്  അത്ര പ്രതിപത്തിയുള്ള ഒരാളല്ല ഞാൻ. തമിഴ് സംസ്ക്കാരത്തിലെ ഗ്രാമീണതയെ പുറത്തു കൊണ്ട് വരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല. ഒപ്പം തെക്കൻ ഭാരതത്തിൽ സിനിമ മേഖലയിൽ ഒരു സംഗീത സംവിധായകന്റെ പ്രസക്തി എത്ര വലുതാണ് എന്ന് സാംസ്‌കാരിക ലോകത്തിനു കാണിച്ചു കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു എന്നതും ഒരു യാഥാർഥ്യമാണ്.
ഇദ്ദേഹത്തിന് ഇത്രയധികം പോപ്പുലാരിറ്റി കിട്ടാൻ അദ്ദേഹത്തിന്റെ സംഗീതം മാത്രമായിരുന്നില്ല ഒരു പ്രധാന ഘടകം.  
സിനിമ രംഗത്ത് ഇദ്ദേഹം വന്നു ഏതാണ്ടൊരു അഞ്ചു വർഷക്കാലം കഴിഞ്ഞപ്പോൾ ആണ് ദൃശ്യമാദ്ധ്യമായ വീഡിയോ കാസ്സറ്റുകളുടെ
വരവും തുടക്കവും. നാളത് വരെ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള അറിയേണ്ടതും   കേൾക്കേണ്ടതുമായിട്ടുള്ള  പല നല്ല കാര്യങ്ങളും വല്ല പത്രവാർത്തകളിൽ  കൂടി മാത്രം കേട്ടറിഞ്ഞിരുന്ന സംസ്ക്കാരിക
സമൂഹം, അതൊക്കെ നേരിൽ കാണാനും അറിയാനും വീഡിയോ കാസ്സറ്റുകൾ വഴിയൊരുക്കി. ഉദാഹരണത്തിന് ഒരു ഗായകനോ ഗായികയോ സ്റ്റേജിൽ പാടുന്നത് അന്ന് വരെ കാണാനും കേൾക്കാനും കഴിയണമെങ്കിൽ നമ്മൾ നേരിട്ട് പോയി കാണണം. അതെല്ലാവർക്കും പറ്റിയെന്നു വരില്ല. അപ്പോൾ ഒരു വീഡിയോ കാസറ്റിലൂടെ അത് സമൂഹത്തിനു കാണാൻ കഴിയുന്നത് തികച്ചും ഒരു പുതുമയായി സാംസ്ക്കാരിക ലോകത്തിനനുഭവപ്പെട്ടു എന്നതാണ് യാഥാർഥ്യം. അക്കാലങ്ങളിൽ ഈ ദൃശ്യമാധ്യമത്തെ ഏറ്റവും നന്നായി   ഉപയോഗപ്പെടുത്തിയത് ഇളയരാജയും കുട്ടരുമായിരുന്നു. ഇളയരാജയ്ക്കു സ്റ്റേജിൽ തിളങ്ങാൻ വലിയ കഴിവുള്ള ഒരാളായിരുന്നില്ല. അതിനു എരിവും പുളിവും ചേർത്ത് കാണികളെ രസിപ്പിക്കാൻ അയാളുടെ സഹോദരൻ ഗംഗൈ അമരൻ ചെയ്തിട്ടുള്ള സേവനങ്ങൾ ഒരു ജന്മം കൊണ്ട് തീർക്കാവുന്ന കടപ്പാടുകൾ ആയിരുന്നില്ല ഇളയരാജയ്ക്കു ഉള്ളത്. ദേവരാജൻ മാസ്റ്റർക്കും, അർജുനൻ മാസ്റ്റർക്കും, കെ.വി. മഹാദേവനും,  എം.എസ്. വിശ്വനാഥനും, ഒന്നും കിട്ടാതെ പോയ ഒരേ ദൃശ്യാവിഷ്കരണ മേഖല ഇളയരാജയ്ക്കു കിട്ടിയെന്ന് സാരം. 
ഇന്ത്യ, സിങ്കപ്പൂർ, മലേഷ്യ, ഗൾഫ് രാജ്യങ്ങൾ, പാശ്ചാത്യ രാജ്യങ്ങൾ, ഇവിടെയെല്ലാം ഇളയരാജ തന്റെ സഹോദരൻ ഗംഗൈ അമരനും കുട്ടരുമൊത് സ്റ്റേജ് ഷോകൾ നടത്തി തന്റെ പ്രാതിനിധ്യം ലോകമെമ്പാടും വീഡിയോ ക്യാസറ്റുകളിലൂടെ ലോകത്തെ അറിയിച്ചു കൊണ്ടേയിരുന്നു. അന്ന് വരെ ഒരു രണ്ടാം നിര ഗായകനായി നിലനിന്നിരുന്ന എസ്സ്.പി.ബാല സുബ്രമണ്യത്തിനും അതിലൂടെ ഒരു അപ്രതീക്ഷിത നേട്ടം കൈവരിക്കാനും 
സാധിച്ചു എന്നുള്ളത് ചരിത്രമാണ്. 
അല്ലാതെ ഇതൊന്നും കടംകഥയല്ല. അങ്ങനെയുള്ള ഒരു പരിപാടിയുടെ ഭാഗമായാണ് ഇവർ അന്ന് കുവൈറ്റിലും
1979ൽ എത്തിയത്...തമിഴ് ഗായക പ്രതിഭയായിരുന്ന ടി എം സൗന്ദരരാജൻ സാറിന്റെ കടുത്ത ആരാധകനായിരുന്ന 
ഞാൻ അന്നത്തെ ഡിന്നർ സൽക്കാരത്തിൽ ഒരു  വി.ഐ.പി.യെപ്പോലെ((V.I.P.) കോട്ടും സൂട്ടും ഒക്കെ ഇട്ടു വന്ന് അദ്ദേഹത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ വിഷയം 
അതിലേക്കു തിരിഞ്ഞു...
എങ്കെ നിമ്മതിയെന്ന അദ്ദേഹത്തിന്റെ ഗാനം അക്കാലങ്ങളിൽ സ്റ്റേജിൽ പാടാൻ ഭയന്നിന്നിരുന്നു, ഞാനൊക്കെ അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാണ് വളർന്നത്. ദാസ് സാർ ഒറ്റ വാചകത്തിൽ നിർത്തി...
എനിക്ക് അദ്ദേഹത്തിന്റെ സ്റ്റേജ് ഷോ കേൾക്കാനും, അദ്ദേഹത്തിന്റെ കൂടെ ചെന്നൈയിൽ നടന്ന മൂവ്ന്തർ മ്യൂസിക്കിൽ സ്റ്റേജിൽ പാടാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്... ചിത്രാജിയുടെ വാക്കുകൾ... 
എസ്സ്. പി  ബാലസുബ്രഹ്മണ്യം ഇംഗ്ലീഷിലാണ് പറഞ്ഞത്. അത് അതുപോലെ ഇവിടെ എഴുതിയിടുന്നു..."There is only one Ghantasala, one Mohd Rafi, and one Soundararajan. 
You cannot  compare them with anybody"...
ഇളയരാജ ഒരു വിഡ്ഢിച്ചിരിയുമായി എല്ലാം കേട്ട്  നോക്കിയിരുന്നപ്പോൾ, ഗംഗൈ അമരൻ 
ആ കാലഘട്ടത്തെപ്പറ്റിയും അദ്ദേഹത്തെപ്പറ്റിയും കുറെയൊക്കെ തമിഴിൽ പറഞ്ഞു...

എന്നാൽ നമ്മുടെ ജയചന്ദ്രൻ സാർ അദ്ദേഹത്തിന്റെ കാര്യങ്ങളും ഒരു കാലത് ആരാധനയോട് അദ്ദേഹത്തെ ദുരെ നിന്ന് നോക്കി കണ്ടതും, അദ്ദേഹം പാടിയ ചില പാട്ടുകളുടെ പ്രത്യേകതകളും അതൊരുത്തർക്കും അതെ ഭാവത്തോടും, ശബ്ദസ്പുടതയോടും,ഗാംഭിര്യത്തോടും, പാടി ഫലിപ്പിക്കാൻ കഴിയില്ല എന്നുകൂടി പറഞ്ഞു...

അവിടെയാണ് ജയചന്ദ്രൻ എന്ന ഗായകന്റെ വേറിട്ട ഒരു മഹത്വവും വ്യക്തിത്വവും...  
മറ്റു ഗായകരെ പറ്റി പാടി പുകഴ്ത്താനുള്ള 
"ആ വലിയ മനസ്സ്"  മറ്റൊരു തരത്തിൽ പറഞ്ഞാൽ മറ്റുള്ളവരെ അംഗീകരിക്കാനുള്ള ഒരു മനോഭാവം (എന്റെ അറിവിൽ) ഇന്ത്യയിലെ ഒരു ഗായകർക്കും ഇത്രത്തോളമുണ്ടാവില്ല എന്നോർക്കുക...

ഇതിന്റെ അവസാന ഭാഗം അടുത്ത ചൊവാഴ്ച...

തുടരും...