കാലം പോയതറിയാതെ...
പി. ജയചദ്രൻ സാർ വിട വാങ്ങി.
ഒരനുസ്മരണം. (ഭാഗം രണ്ട് ).
കുവൈറ്റിൽ എത്തിയ എനിക്ക്, ജയചന്ദ്രൻ സാറിന്റെ ഗാനമേള കേൾക്കാൻ അദ്ദേഹത്തിന്റെ കുവൈറ്റിലേക്കുള്ള ആദ്യ വരവിൽ തന്നെ സാധിച്ചു എന്നുള്ളത് അഭിമാനകരമായി തോന്നി. അദ്ദേഹം ആദ്യമായി വിദേശത്തു പോയത് എവിടെയാണെന്നൊന്നും എനിക്കറിവില്ല. പക്ഷേ അദ്ദേഹം ആദ്യമായി കുവൈറ്റിൽ എത്തിയത് 1976ൽ ആയിരുന്നു. കൂടെപ്പാടൻ ഒരു പെൺകുട്ടിയുണ്ടായിരുന്നു. പേര് സുനന്ദ.
സാൽമിയ ഇന്ത്യൻ ആര്ട്ട് സർക്കിളിൽ നടന്ന വർണ്ണാഭമായ ആ പരിപാടി ഉത്ഘാടനം ചെയ്തത് അന്നത്തെ കുവൈറ്റിലെ ഇന്ത്യൻ അംബാസ്സഡറായിരുന്നു. ഹിറ്റുകളായിട്ടുള്ള നിരവധിഗാനങ്ങൾ പാടിയെങ്കിലും, "പാലം കടക്കുവോളം നാരായണ" എന്ന തട്ട് പൊളിപ്പൻ കോമഡി പാടിക്കഴിഞ്ഞപ്പോളുണ്ടായ ഹർഷാരവം ഏതാണ്ട് അഞ്ചു മിനിറ്റു നീണ്ടു നിന്നു. മലയാളികൾ അല്ലാത്ത ശ്രോതാക്കൾ പോലും എഴുനേറ്റു നിന്ന് കയ്യടിച്ചപ്പോൾ അദ്ദേഹം താണ് കുനിഞ്ഞു കൈകൂപ്പി നിന്ന് സന്തോഷിച്ചു. അതെ ജയചന്ദ്രൻ ഒരു കുട്ടി "വൈ ദിസ് കൊലവറി" എന്ന പാട്ടു ചാനലിൽ പാടിയപ്പോൾ അതിനെ നിരാകരിച്ചെഴുനേറ്റു പോകാൻ തുനിഞ്ഞത് വിരോധാഭാസമായി എനിക്ക് അന്ന് തോന്നിയിരുന്നു.
1979 ലായിരുന്നു പിന്നീട് ജയചന്ദ്രൻ സാറിന്റെ കുവൈറ്റിലേക്കുള്ള വരവ്. മുന്ന് ദിവസം നീണ്ടു നിന്ന ഒരു വലിയ മെഗാ മ്യൂസിക്കൽ പ്രോഗ്രാം കുവൈറ്റിലെ ആന്തലോസ് തീയേറ്ററിൽ അന്ന് അരങ്ങേറി. കുവൈറ്റിലെ അൽ ആന്താലോസ് തീയേറ്ററിന് അന്ന് (1979ൽ) ഏതാണ്ട് 29 വർഷത്തെ ചരിത്രമുണ്ടായിരുന്നു .ആധുനിക കുവൈറ്റിന്റെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്ന ഹിസ്സ് ഹൈനെസ്സ് ഷെയ്ഖ് അബ്ദുള്ള അൽ സലാം അൽ സബാഹിന്റെ സ്ഥാനാരോഹണ ചടങ്ങു കാലത്തു പണി കഴിപ്പിച്ചിട്ടുള്ള ഒരു വലിയ തീയറ്ററായിരുന്നു അൽ ആന്താലോസ്. ലോക പ്രസിദ്ധരായിട്ടുള്ള ബീജീസ്, ബീറ്റിൽസ്, ബോണി. എം, മൈക്കിൾ ജാക്സൺ, മഡോണ, തുടങ്ങിയവർ അവിടെ പരിപാടികൾ നടത്തിയിട്ടുണ്ട്. കൂടാതെ അറബ് ലോകത്തിലെ പ്രശസ്തരായ ഫൈറൂസ്, സമീറ തൗഫീഖ്,
ഈജിപ്തിലെ ആതൽ ഇമാം, കുവൈറ്റിലെ ഹുസൈൻ അബ്ദുൽറത, ഇബ്രാഹിം അൽ സല്ലാൽ, സ്വാദ് അബ്ദുല്ല തുടങ്ങിയവരും ഇവിടെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. എന്തിനേറെ നമ്മുടെ റഫി സാഹബും, ലതാജിയും, കിഷോർജിയും, ആശാജിയും, ഒക്കെ അവിടെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
തൊണ്ണൂറിലെ കുവൈറ്റ് ഇറാഖ് യുദ്ധത്തിന് ശേഷം ഈ തീയേറ്റർ ഇടിച്ചു പൊളിച്ചു,
ഒരു വലിയ ബിസിനസ് കോംപ്ലക്സാക്കി മാറ്റുകയുണ്ടായി. ആ തീയേറ്ററിലാണ് നമ്മുടെ ജയചന്ദ്രൻ സാറുൾപ്പടെയുള്ളവരുടെ മുകളിൽപ്പറഞ്ഞ മെഗാ മ്യൂസിക്കൽ പ്രോഗ്രാം 1979ൽ നടന്നത്. ആ പരിപാടി ഒരു തമിഴ് സംഘടനയുടെ ആഭിമുഖ്യത്തിൽ ആണ് നടന്നതെങ്കിലും അതിന്റെ ഒരു മെയിൻ സ്പോൺസർ എന്റെ ഒരു കോബ്രദറായിരുന്ന ശ്രീ ഗോപാലകൃഷ്ണപിള്ള ചേട്ടന്റെ പാർട്ണർഷിപ്പിലുണ്ടായിരുന്ന കുവൈറ്റ് മറൈൻ സപ്ലൈ ആൻഡ് സർവീസ് സെന്റർ എന്ന കമ്പനി ആയിരുന്നു. ഇത്തരത്തിൽ വിപുലമായ ഒരു മ്യൂസിക്കൽ പ്രോഗ്രാം മുൻപും പിൻപും കുവൈറ്റിൽ നടന്നതായി ഓർക്കുന്നില്ല. അതിൽ പങ്കെടുത്തവർ കെ.ജെ. യേശുദാസ്, എസ്സ്. പി. ബാലസുബ്രഹ്മണ്യം, പി. ജയചന്ദ്രൻ, കെ. എസ്സ്. ചിത്ര, മനോ, കൂടാതെ അവരെ നയിക്കാൻ ഇളയരാജ, സഹോദരൻ ഗംഗൈ അമരൻ, പിന്നെ തമിഴിലെ മുന്ന് മിമിക്രി ആർട്ടിസ്റ്റുകളും പക്കമേളക്കാരും.
കുവൈറ്റിൽ നേരത്തെ എത്തിയിരുന്നെങ്കിലും ജയചന്ദ്രൻ സാർ ആദ്യ ദിവസത്തെ ഗാന മേളയിൽ പങ്കെടുത്തിരുന്നില്ല. പിറ്റേ ദിവസം ദാസ് സാർ കുവൈറ്റിൽ ഉണ്ടായിരുന്നെങ്കിലും അന്നത്തെ ഗാനമേളയിൽ അദ്ദേഹം പങ്കെടിത്തിരുന്നില്ല. അന്ന് രാത്രിയിൽ ദാസ് സാർ ദുബായിലേക്ക് പ്ലെയിൻ കയറി. ചുരുക്കം ഇവർ രണ്ടുപേരും ഒന്നിച്ചു പ്രോഗ്രാമിൽ ഉണ്ടായിരുന്നില്ല. അത് സംഘാടകരുടെ ഒരു തീരുമാനമായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. മറ്റെല്ലാവരും മുന്ന് ദിവസവും പങ്കെടുത്തു. ഇതിന്റെ മെയിൻ സ്പോൺസറായിരുന്ന കുവൈറ്റ് മറൈൻ സപ്ലൈയുടെ അന്നത്തെ ജനറൽ മാനേജർ, കമ്പനിയുടെ പാർട്ണറായിരുന്ന
ശ്രീ. ഗോപാലകൃഷ്ണപിള്ള
ചേട്ടന്റെ അനിന്തിരവനും എന്റെ ആത്മ സുഹൃത്തുമായിരുന്ന ഏഴുമറ്റൂർ കോയിക്കൽ തമ്പുരാന്റെ മകൻ രാജനായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ ഈ ആർട്ടിസ്റ്റുകൾക്കെല്ലാം ചേർത്ത് ഒരു ഡിന്നർ സൽക്കാരം കൊടുക്കുകയുണ്ടായി.
ആയിടയ്ക്ക് എനിക്ക് ബാങ്കിൽ ഒരു അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായി പ്രൊമോഷൻ കിട്ടിയ കാലഘട്ടം. അത് കൊണ്ട് തന്നെ കുവൈറ്റിലുണ്ടായിരുന്ന എന്റെ ബന്ധു മിത്രാദികൾക്കിടയിൽ എനിക്ക് ഒരു ചെറിയ മതിപ്പും ബഹുമാനവും ഒക്കെ വന്ന കാലമെന്ന് പറയാം. അങ്ങനെയാണല്ലോ നാട്ടു നടപ്പ്. ഘനമുള്ള ആസനം താങ്ങുന്ന ലോകം. ഏതായാലും ആ ഡിന്നർ സൽക്കാരത്തിൽ എനിക്കും കാര്യമായ പങ്കുണ്ടായിരുന്നു.
അന്ന് ആർട്ടിസ്റ്റുകളിൽ ചിലരെയൊക്കെ ജീവിതത്തിൽ ആദ്യമായി കാണുന്നു.
ചിത്രാജി, ഇളയരാജ, ഗംഗൈ അമരൻ, മനോ, ബാലസുബ്രഹ്മണ്യം, ചിന്ന ജയന്ത്, തുടങ്ങിയവർ. ദാസ് സാർ, ജയചന്ദ്രൻ സാർ ഇവരുടെയൊക്കെ പ്രോഗ്രാം നേരത്തെ കേട്ടിരുന്നു. ഓർക്കാനും ഓർമ്മിക്കാനും എന്തൊരു സുഖം...അല്ലേ..?
ഇതിന്റെ മൂന്നാം ഭാഗം അടുത്ത ചൊവാഴ്ച.
തുടരും...