കാലം പോയതറിയാതെ...
വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ...(ഭാഗം ഒന്ന്).
----------------------------------------------------------------------------
എഴുതുന്നത് - രാധാകൃഷണന്‍ നായര്‍
(നൃൂസിലന്‍ഡ്)
======================================
വള്ളംകുളത്തെപ്പറ്റിയോർക്കുമ്പോൾ, ചെറുപ്പത്തിലേ കേട്ട് മറന്ന നാലു വരി
കവിത ഓർമ്മയിൽ ഓടി എത്തുന്നു.
ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇന്നും എനിക്കറിയില്ല. പക്ഷേ ഇപ്പോഴും ഇത് നിത്യ ഹരിതം എന്നാണ് എന്റെ മനസ്സ് പറയുന്നത്...
"വള്ളംകുളത്തുന്നൊരു തോണി കേറി...
വെള്ളം കുടിക്കാഞ്ഞു മനസ്സു മുട്ടി...
വള്ളം വരട്ടാറ്റിൽ എറിഞ്ഞു മുക്കി...
വെള്ളം കുടിച്ചേനവസാനമില്ല"...
ഇത് ദശബ്ദങ്ങൾക്ക് മുൻപ് എന്റെ ബാല്യകാലത്തിലെ കൊച്ചു കൊച്ചു ഓർമ്മകളാണ്.
അക്കാലത്തെ ജീവിത രീതിയും,ഭാഷ ശൈലിയും, ജീവിത നിലവാരവും,എല്ലാം വ്യത്യസ്തമായിരുന്നു.
ഞങ്ങളൊക്കെ ഇരവിപേരൂർ "എ വാർഡ്"
(A-ward) കാരണന്ന് ഒരു വാദത്തിനു വേണ്ടി സമ്മതിക്കാമെങ്കിലും, വള്ളംകുളം ജംഗ്ഷനോടുള്ള ഒരു പ്രതിപത്തി ഒരിക്കലും ഇരവിപേരൂർ ജംഗ്ഷനോട് ഉണ്ടന്ന് പറയാൻ കഴിയുകയില്ല. ഒരു പക്ഷേ "അന്നത്തെ ദൂരക്കൂടുതലാകാം" ഒരു കാരണം...വള്ളംകുളം എന്ന സ്ഥലം ഇരവിപേരൂർ പഞ്ചായത്തിന്റെ ഒരു ഭാഗമാണെങ്കിലും, വളരെ ചെറുപ്പത്തിൽ തലമുടി വെട്ടിക്കാൻ, നാരായണശാരുടേയും കുട്ടശാരുടെയും ബാർബർ ഷോപ്പിൽ അച്ഛൻ കൊണ്ടു പോകുമ്പോൾ, ഇപ്പോൾ നമ്മൾ നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്ക് പോകുമ്പോഴുണ്ടാകുന്ന ഒരു അനുഭുതിയിലാണ് അന്നൊക്കെ ഞാൻ.പണ്ടൊക്കെ വള്ളംകുളം അപ്പർ പ്രൈമറി ക്ലാസ്സിൽ പഠിക്കുമ്പോൾ, ഇരവിപേരൂർ "എ" വാർഡിൽ നിന്ന് അവിടെ
പ്പോയി പഠിക്കുന്ന എനിക്ക്, മറ്റൊരു രാജ്യത്തു പോയി പഠിക്കുന്നത് പോലെയാണ് അന്ന് തോന്നിയിരുന്നത്...ഗ്രാമത്തിനപ്പുറം ലോകമെന്താണന്നറിയാത്ത എന്റെ ബാല്യം...
വള്ളംകുളം ജംഗ്ഷനോടെ ചേർന്ന് ഒരു "അന്തിച്ചന്ത". എന്നും സന്ധ്യക്ക് മാത്രം ആളുകൾ കൂടുന്ന ചന്ത ഉണ്ട്. ഇപ്പോഴും അതിന്റെ ഒരു നിഴൽ അവിടെയുണ്ടന്നാണ് എന്റെ തോന്നൽ.ഉണക്ക മീൻ മുതൽ പച്ച മീനിൽ തുടങ്ങി ഉപ്പിൽ തൊട്ടു കർപ്പുരം വരെ വിൽക്കുന്ന തുറന്ന സ്ഥലം.
അന്നത്തെ നാട്ടിലെ ഇടവഴികളും,നാട്ട് വഴികളും, ഒക്കെ വളരെ പരിമിതികൾ നിറഞ്ഞതായിരുന്നു.ഇന്നത്തെപ്പോലെ ടാറിട്ട റോഡുകൾ തിരുവല്ല/കോഴഞ്ചേരി റോഡ് മാത്രം...!!! അപൂർവ്വം ബസ്സുകൾ ഓടുന്ന, ഇരവിപേരൂർ ജംഗ്ഷനിൽ നിന്ന് പുറമറ്റം വഴി റാന്നിയ്ക്കുള്ള റോഡ് പോലും ടാറിട്ടിരുന്നില്ല...!!!ആന വണ്ടികളൊന്നും അക്കാലങ്ങളിൽ ആ റോഡിലൂടെ വന്നിരുന്നില്ല."കുന്നിൽ" മോട്ടോഴ്‌സാണ് അന്നത്തെ സൂപ്പർസ്റ്റാർ..."സെന്റ് ജോർജ്" മോട്ടോർസ് പേരിന് പറയാനുണ്ട് .
ഇടയ്ക്കൊരു "വലിയ താന്നിക്കൽ" ബസും ഓടുന്നതായി ഓർക്കുന്നു...ഈ സെന്റ് ജോർജ് വണ്ടിയുടെ റൂട്ട് വേറെയാണ്... കോഴഞ്ചേരിയിൽ നിന്ന് പുറപ്പെട്ട് , പുല്ലാട്, കുമ്പനാട്, ഇരവിപേരൂർ,നെല്ലെടു,
വള്ളംകുളം ജംഗ്ഷനിലൂടെ കടന്നു, തോട്ടഭാഗം അനിയൻകുഞ്ഞിന്റെ ആശുപത്രി കടന്നു റൂട്ട് നേരെ കവിയൂർ
വഴി, കുന്നന്താനം, പായിപ്പാട് വഴി, പെരുന്നയിലെത്തി, ചങ്ങനാശേരിയിലെത്തി, മടങ്ങുന്ന ഒരു ബസ്സാണ്. നെല്ലെടു കവലയ്ക്കു ആനവാരിക്കവല എന്ന വിചിത്രമായ പേര് ഇന്നും പ്രസിദ്ധമാണ്. അതിന്റെ ചരിത്രവും പ്രസിദ്ധമാണ്..അന്നത്തെ കാലത്തു "മൈൽ", "ഫർലോങ്","കാതം", ഇങ്ങനെയൊക്കെയുള്ള വാക്കുകളാണ് ദൂരത്തിന്റെ അളവുകോൽ ആയി ജനങ്ങൾ പറഞ്ഞിരുന്നത്.ഇന്നത്തെപ്പോലെ കിലോ മീറ്ററുകൾ ആയിരുന്നില്ല...അന്ന് തിരുവല്ല ജംഗ്ഷനിൽ നിന്ന് കിഴിക്കോട്ടുള്ള കോഴഞ്ചേരി അല്ലങ്കിൽ റാന്നി റോഡിലൂടെ വരുമ്പോൾ "മഞ്ഞാടി" കവല...അതിന് അൽപ്പം പിൻപ് ഒരു ബസ്സ് സ്റ്റോപ്പ്...പുഷ്പഗിരി എന്നൊരു ചെറിയ ആശുപത്രി ജംഗ്ഷൻ. പിന്നത്തെ ജംഗ്ഷൻ "കറ്റോട്". അത് കഴിഞ്ഞാൽ "മനക്കച്ചിറ" അത് കഴിഞ്ഞാൽ "തോട്ടഭാഗം" .പിന്നീട് വരുന്നതാണ് ഞങ്ങളുടെ "വള്ളംകുളം" ജംഗ്ഷൻ...അന്ന് ഈപ്പറയുന്ന പുഷ്പഗിരി ഹോസ്പിറ്റൽ
അത്ര പ്രശസ്‌തിയൊന്നുമുണ്ടായിരുന്ന ഒരു ഹോസ്പിറ്റൽ എന്ന് പറയാനൊന്നുമില്ല. അന്നുണ്ടായിരുന്ന സായിപ്പിന്റെ ഹോസ്പിറ്റലിനാ
യിരുന്നു കൂടുതൽ പ്രശസ്തി. ഇപ്പോഴത്തെ തിരുവല്ല റെയിൽവേസ്റ്റേഷന് സമീപമുള്ള ഹോസ്പിറ്റലാണന്നു തോന്നുന്നു. പണ്ടു കാലത് ഏതോ ഒരു സായിപ്പു തുടങ്ങി വച്ചതാണ്. ഇന്ന് കാണുന്ന റെയിൽപാളങ്ങളോ റെയിൽവേ സ്റ്റേഷനോ ഒന്നും അന്ന് വന്നിരുന്നില്ല. ഇന്ന് കാണുന്ന ട്രാൻസ്‌പോർട് ബസ്സ്റ്റന്റോ,
പ്രൈവറ്റ് ബസ്റ്റന്റുകളോ, ഒന്നും തിരുവല്ലയിൽ ഉണ്ടായിരുന്നതായി ഓർമ്മയിലില്ല. ഡോക്ടർ കൊച്ചു ബേബിയുടെ ഒരു ക്ലിനിക് വളരെ പ്രശസ്തിയോടെ തിരുവല്ല/കോഴഞ്ചേരി റോഡ് തുടങ്ങുന്ന ആദ്യത്തെ വളവിൽ, ഇടതു അൽപ്പം മുകളിലായി ഉണ്ടായിരുന്നത് ഓർമ്മയിൽ.
തിരുവല്ല വഴി പോകുന്ന റെയിൽവേ ഒക്കെ ആയിവരുന്നതേ ഉണ്ടായിരുന്നുള്ളു...
മനക്കച്ചിറയുടെ പ്രശസ്തി അവിടെ ഒരു കള്ളൂഷാപ്പുണ്ടായിരുന്നു എന്നതാണ്.
അന്ന് ഇപ്പോൾ നെല്ലെടു കവലയിലുള്ള അഥവാ ഉണ്ടായിരുന്ന കള്ളൂഷാപ്പൊന്നു
മുണ്ടായിരുന്നില്ല.മനക്കച്ചിറ ഷാപ്പിന്റെ വലത്തോട്ട് ഒരു ചെറിയ ഇടവഴിയുണ്ട് .അവിടെ ഒരു ബോർഡ് എഴുതി വച്ചിരുന്നത് ഇപ്പോഴും മായാതെ മനസ്സിൽ."കവിയൂർ ഹനുമൽസ്വാമി ക്ഷേത്രം".തോട്ടഭാഗത്തുണ്ടായിരുന്ന തലേക്കാട്ടിൽ കുഞ്ഞുകുഞ്ഞിന്റെ ഹോസ്പിറ്റൽ അന്ന് വളരെ പ്രശസ്തമായിരുന്ന ഒരു ഹോസ്പിറ്റലായിരുന്നു. അദ്ദേഹത്തിന്റെ ഏകമകൻ ഡോക്ടർ അനിയൻകുഞ്ഞു
ഒരു M B B S സർജൻ കുടി ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ തങ്കം തോമസ് അവിടത്തന്നെ ലേഡി ഡോക്ടറായി സഹായത്തിനുണ്ടായിരുന്നു. ഞാനൊക്കെ അവിടെയാണ് ജനിച്ചത്.
ഞങ്ങളുടെ ഒക്കെ അക്കാലത്തെ ഒരു മെഡിക്കൽ കോളേജാണ് അന്നത്തെ ഈ ആശുപത്രി...അന്ന് ഉല്ത്തൂലിലെയാണോ
അതോ വേഴലിലെയാണോ എന്നൊരു സംശയം...ഒരു തങ്കമ്മ നഴ്സ് വളരെ പ്രശസ്തയായി ആ ആശുപത്രിയിൽ ഉണ്ടായിരുന്നത് ഇന്നും ഓർമ്മയിൽ.
അറുപതുകളിൽ(1960's) ഞങ്ങളുടെ വള്ളംകുളത് ഒരു വലിയ സംഭവം നടന്നു... വള്ളംകുളം ജംഗ്ഷനിൽ നിന്ന് ശരിക്കും പടിഞ്ഞാറോട്ട് ഒരു വഴി പോകുന്നുണ്ട്. നന്നൂർ പുത്തങ്കവുമല തുടങ്ങിയ ഭാഗത്തേക്കുള്ള വഴി. ഇന്നത്തെ പോലെ ടാറൊക്കെയിട്ട് വിശാലമായിരുന്നില്ല. ജംഗ്ഷനിൽ നിന്ന് ആ റോഡിലൂടെ മുന്നോട്ട് നടക്കുമ്പോൾ ഇടത് ഭാഗത്തു ആദ്യത്തെ വീട് ഊരയിലെ തങ്കമ്മ സാറിന്റെ വീട്.അത് കഴിഞ്ഞാൽ വളരെ പ്രശസ്തമായ പുരാതനമായ ഒരു തറവാടാണ്. "മുടപ്പിലാങ്ങൽ" .ആ വീട്ടിലെ മൂത്ത ചേച്ചിയേ (പേരു മറന്നു) വിവാഹം കഴിച്ചിരുന്നത് അക്കാലത്തെ പ്രശസ്തനായ സിനിമ നിർമ്മാതാവ് ശ്രീ. ടി. ഇ. വാസുദേവൻ സാറായിരുന്നു.ജയ്മാരുതി പ്രോഡക്ഷന്റെ ബാനറിൽ അദ്ദേഹം ധാരാളം ഹിറ്റ് ചിത്രങ്ങൾ പുറത്തിറക്കിയിരുന്നു.
വാസുദേവൻ സാർ അവിടെയൊരു പുതിയ വീട് വച്ചു.ആ വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിൻറെ മകളുടെ വിവാഹം. അക്കാലത്തെ മലയാളത്തിലെ ഒട്ടുമിക്ക പ്രതിഭകളും ആ വിവാഹത്തിൽ പങ്കെടുത്തിരുന്നതായി പറഞ്ഞു കേട്ടിരുന്നു.
ഞാൻ കണ്ടിരുന്നില്ല. പ്രേംനസീർ, ഷീലാ, ദക്ഷിണാമൂർത്തി സ്വാമി, യേശുദാസ്,
മധു, ശാരദ, ശങ്കരാടി, ബഹദൂർ, നിർമ്മാതാക്കൾ, സംവിധായകർ, അടൂർ ഭാസി, ജോസ് പ്രകാശ്, ജി.കെ.പിള്ള തുടങ്ങിയ ഒരു പിടി പ്രതിഭകളുടെ പേരുകൾ അന്ന് പറഞ്ഞു കേട്ടിരുന്നു.
തുടരും...