കാലം പോയതറിയാതെ..... ശ്രീ.മന്നത്തു പദ്മനാഭൻ.... ഒരു അനുസ്മരണം....

കാലം പോയതറിയാതെ.....

ശ്രീ.മന്നത്തു പദ്മനാഭൻ.... ഒരു അനുസ്മരണം....

നായർ സമുദായത്തിന്റെ അനിഷേധ്യനായ നേതാവ് ശ്രീ മന്നത്തു പദ്മനാഭന്റെ സ്മരണാഞ്ജലിക്ക് ....ഈ കഴിഞ്ഞ ഫെബ്രുവരി 25 ന്,..... 52 വർഷങ്ങൾ....!!! 
അവിസ്മരണീയമായ ഓർമ്മകൾ.....
മുന്ന് ദിവസത്തെ ശവസംസ്കാര ചടങ്ങുകൾ....ആ മുന്ന് ദിവസം, രാവും പകലും പൊതുദർശനത്തിനായി കണ്ടത്തിയ സ്ഥലം....അന്ന്വർത്ഥം  എന്നോണം, ചങ്ങനാശേരി എൻ. എസ്സ്. എസ്സ്.  ഹിന്ദു കോളേജ്, ആഡിറ്റോറിയം,
പെരുന്ന..... അന്നത്തെ ഇംഗ്ലീഷ് ലെക്ചറ്ർ ജെ. റോസ്ചന്ദ്രന്റെ നേതൃത്വത്തിലു
ണ്ടായായിരുന്ന, ഞങ്ങൾ അൻപത്തി അഞ്ച്, റോവേഴ്സ് ക്ലബ് (Rovers Club)
വിദ്യാർത്ഥികൾ ,അഹോരാത്രം വോളണ്ടിയേഴ്‌സായി സേവനം അനുഷ്ഠിച്ചു.
ഒരു കർമ്മ ബന്ധംപോലെ......
പല ഗ്രുപ്പുകളായി റോസ്സചന്ദ്രൻ സാർ അന്ന് ഞങ്ങളെ തരം തിരിച്ചിരുന്നു.
ഞാൻ ഉൾപ്പെടുന്ന പത്തു പേർ വി.വി.ഐ.പ്പി.കളുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ഗ്രുപ്പിലായിരുന്നു....

(അന്നൊക്കെ രാഷ്ട്രീയപ്പാർട്ടികൾക്കുപരി, സാമൂഹിക, സാംസ്ക്കാരിക, വിദ്യാർത്ഥി സംഘടനകൾ കുടി ഉണ്ടായിരുന്നു.... 
എൻ. എസ്സ്. എസ്സ്.  അഥവാ "നാഷണൽ സർവീസ് സ്‌കീം"..... "റോവേഴ്സ് ക്ലബ്".... തുടങ്ങിയവ).....

....കേരളത്തിലെ വിവിധ മേഖലയിലുള്ള പ്രഗത്ഭരായ  മഹത്തുക്കൾ വന്നു തൊഴുതു പൂക്കൾ അർപ്പിച്ചും, റീത്തുകൾ വച്ചും, ബഹുമാനമറിയിച്ചു മടങ്ങുന്നു..... 
കേരള ഗവർണറായിരുന്ന വി. വിശ്വനാഥൻ, 
ഇന്ത്യൻ പ്രസിഡന്റിനു വേണ്ടി റീത്തു സമർപ്പിച്ചു... വിലാപയാത്രയിൽ പങ്കു കൊണ്ട് ചരമപ്രസംഗം നടത്തി...

അന്നത്തെ ചീഫ് മിനിസ്റ്റർ സി. അച്യുത മേനോൻ,മുൻ മുഖ്യ മന്ത്രിമാർ സി. എച് . മുഹമ്മദ് കോയ, ആർ. ശങ്കർ, സഖാവ് സി. എഛ്. കണാരൻ,കൂടാതെ കെ. കരുണാകരൻ, കെ. എം. രാഘവൻ, മങ്കുഴി മാധവൻ, പ്രഫസ്സർ ശ്രീനിവാസൻ, 
ബാഫക്കി തങ്ങൾ, ചങ്ങനാശേരി ആർച്ചു ബിഷപ്പ്, എം. ഈ.  എസ്സ്. നേതാവ് ഡോക്ടർ അബ്ദുൽ ഗഫൂർ,ജോസഫ് മുണ്ടശ്ശേരി, ഇമ്പാച്ചി ബാവ, ബേബി ജോൺ,  ആർ. ബാലകൃഷ്ണ പിള്ള, കെ. എം. ജോർജ്,
എ.കെ. ആന്റണി, എം. എൻ. ഗോവിന്ദൻ നായർ, ടി. വി. തോമസ്, ഗൗരി അമ്മ,ടി.കെ. ദിവാകരൻ, വക്കം പുരുഷോത്തമൻ, തിക്കുറിശ്ശി സുകുമാരൻ നായർ, കോട്ടയം മലങ്കര അതിരൂപത മെത്രാൻ, പി.പി.ഉമ്മർ കോയ, പാത്രികിസ്സ് ബാവ, സിനിമ നടൻ മധു, കെ. പി. ഉമ്മർ, ജി. കെ. പിള്ള, സിനിമ സംവിധായകൻ എം. കൃഷ്ണൻ നായർ, ഒപ്പം തമിഴ്‌നാടിന്റെ മക്കൾ തിലകം സാക്ഷാൽ എം. ജി. രാമചന്ദ്രൻ....അങ്ങനെ അവിടെ വന്നുപോയ പലരെയും ഓർമ്മയിൽ.....

എം.പി.മന്മഥൻ സാറിന്റെ ചതുരവടിവിലുള്ള വികാരോജ്യാലമായ  ഓർമ്മക്കുറിപ്പുകൾ ഉച്ചഭാഷിണിയിലൂടെ ഒഴുകുന്നു....
ഇടയ്ക്കിടെ ഇന്ത്യൻ പ്രസിഡന്റിന്റെയും, പ്രധാനമന്ത്രിയുടെയും, മറ്റു പ്രമുഖരുടെയും ടെലിഗ്രാം മെസ്സേജുകൾ കിടങ്ങൂർ ഗോപാല കൃഷ്ണ പിള്ള ചേട്ടൻ മൈക്കിലൂടെ വായിക്കുന്നുണ്ടായിരുന്നു....മൂന്നാം ദിവസം രണ്ടു മണിക്ക് വിലാപയാത്രയിൽ, എം. ജി. രാമചന്ദ്രൻ ഉൾപ്പടെ പലരുമുണ്ടായിരുന്നു... ചിതയ്ക്ക് തീ കൊളുത്തിക്കഴിഞ്ഞപ്പോൾ പ്രസിദ്ധരായ തിരുവതാംകൂർ സഹോദരി
മാർ സ്വന്തം സഹോധരനുമൊത്ത് അതാ കടന്നു വരുന്നു ....ലളിത, പദ്മിനി, രാഗിണി.....സാഹിത്യമേഖലയിലെ എത്രയോ മഹാരഥന്മാർ അവിടെയെത്തിയിരുന്നു....  മഹാകവി പി. കുഞ്ഞിരാമൻ നായർ, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, പൊറ്റക്കാട്, മലയാറ്റൂർ, തുടങ്ങി എണ്ണമറ്റ നിരവധി പ്രശസ്തർ  അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.....കേരളത്തിൽ ഉള്ള കരയോഗം അംഗങ്ങൾ, സ്ത്രീ പുരുഷ ഭേദമെന്യേ, ബസ്സുകളും ലോറികളും വാടകക്കെടുത്തു പെരുന്നായിലേക്കു ഒഴുകുകയിയിരുന്നു... ചന്ദന മുട്ടികളും, മറ്റു സുഗന്ധ ദ്രവ്യങ്ങളുമായി, ഹരേ രാമ ഹരേ കൃഷ്ണ നാമജപങ്ങളുമായി പെരുന്നയിൽ വന്നു തൊഴുതു മടങ്ങുന്നത് ഇന്നും മായാതെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു....
.... കോട്ടയം ജില്ലാ കളക്ടർ ജയചന്ദ്രൻ സാറും, ഡി.എസ്സ്. പി. ആയിരുന്ന കൃഷ്ണൻ നായര് സാറും, അഹോരാത്രം ഈ ശവസംസ്‌കാരച്ചടങ്ങിൽ നേതൃത്വം വഹിച്ചിരുന്നു.... കളത്തിൽ വേലായുധൻ നായർ, കിടങ്ങൂർ ഗോപാലകൃഷ്ണ പിള്ള, മക്കപ്പുഴ വാസുദേവൻ പിള്ള , എം. ആർ. ജി. പണിക്കർ, വി. കെ. നാണുക്കുട്ടൻ നായർ,  തേവള്ളി മാധവൻ പിള്ള, ആർ ബാലകൃഷ്ണ പിള്ള,
തുടങ്ങിയവരുടെ  നിറസാന്നദ്ധ്യം ആ സമയത്തു അവിടെ എപ്പോഴും ഉണ്ടായിരുന്നു..... 
അന്ന് ഞാനൊരു കാര്യം ശ്രദ്ധിച്ചു. എം. ജി. രാമചന്ദ്രന് മലയാളം സംസാരിക്കാനറിയാം. അദ്ദേഹം ഗവർണ്ണർ വിശ്വനാഥനോടും, മുഖ്യമന്ത്രി അച്യുതമേനോനോടും മറുപടി പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.... കേൾക്കാനിടയായി.

ഈ ശവസംസ്കാരച്ചടങ്ങുകൾ കഴിഞ്, ഏതാണ്ട് ഒരു മാസം പൂർത്തിയായപ്പോൾ, ചങ്ങനാശ്ശേരി ന്യൂ തീയേറ്ററിൽ എം. ജി. ആറിന്റെ ഒരു തമിഴ് സിനിമയോടൊപ്പം, മന്നത്തിന്റെ ശവസംസ്കാരച്ചടങ്ങുകൾ ന്യൂസ്‌റീലിൽ പ്രദർശിപ്പിക്കുന്നു എന്ന വാർത്ത പരന്നു.... അന്നൊക്കെ സിനിമാകൊട്ടകയിൽ അത്തരം ഒരു പരിപാടിയുണ്ടായിരുന്നു... സിനിമ തുടങ്ങുന്നതിന് മുൻപ് "ന്യൂസ്റീൽ"... 
ഇന്ന് അതെല്ലാം വാണിജ്യവൽക്കരിച്ചു അഡ്വെർടൈസ്‌മെന്റാക്കി (advertisements) കാശുണ്ടാക്കലാണ് സിനിമാക്കാർ ചെയ്യുന്നത്.... ആ ന്യൂസ്‌റീലിൽ ഞാനുണ്ടാകുമെന്ന് എനിക്കുറപ്പു
ണ്ടായിരുന്നു...കാരണം അന്നത്തെ വിലാപയാത്രയിലും, ശവസംസ്‌കാരം നടക്കുന്ന സമയത്തും,
എം. ജി. രാമചന്ദ്രന്റെ തൊട്ടടുത്ത് ഞാനുണ്ടായിരുന്നു...അന്നത്തെ റോവേഴ്സ് ക്ലബ്ബിന്റെ വസ്ത്രധാരണം വെള്ള ഷർട്ടും, കറുത്ത പാന്റും, കറുത്ത ടൈയ്യുമായിരുന്നു.
ആവേശത്തോടെ സിനിമ തിയേറ്ററിൽ മാറ്റിനി കണ്ടപ്പോൾ, അതാ ന്യൂസ്റീൽ തുടങ്ങുന്നു... എം.ജി.ആറിന്റെ തൊട്ടടുത്തു  കോലുപോലൊരു പയ്യൻ.... അദ്ദേഹത്തെ തന്നെ നോക്കി നടക്കുന്നു....ഇടയ്ക്കു അദ്ദേഹം മന്ദസ്മിതം പൊഴിക്കുന്നു..... കറുത്ത കണ്ണട വച്ചിരിക്കുന്നു.... ഞാൻ എന്നെ വെള്ളിത്തിരയിൽ കണ്ടു നിർവൃതി അടഞ്ഞു എന്നത് ഇന്നും മായാതെ മറയാതെ മനസ്സിൽ.....  

എന്റെ പറഞ്ഞു കെട്ടുള്ള ഓർമ്മയിൽ ഇരവിപേരൂർ ഗ്രാമത്തിൽ ആദ്യമുണ്ടായ 344ആം  നമ്പർ കരയോഗത്തിന് വേണ്ടി... സ്ഥലം വാങ്ങി... അവിടെ കരയോഗത്തിന്റെ കെട്ടിടം പണിയാൻ തുടങ്ങുന്ന കല്ലിടീൽ കർമ്മത്തിന്റെ  ഉത്ഘാടത്തിനു, വേലുക്കുട്ടി നായരും, എം. പി. മന്മഥനും, മന്നത്തു പദ്മനാഭനും, വന്ന വിശേഷങ്ങൾ വീട്ടിൽ അച്ഛൻ പറയുന്നതൊക്കെ കേട്ടിട്ടുള്ളതാണ്.....
എന്റെ ഓർമ്മയിൽ... ഇരവിപേരൂർ ഹൈസ്കൂളിന്റെ ഫുട്ബോൾ ഗ്രൗണ്ടിൽ ഭാരത കേസരി മന്നത്തു പദ്മനാഭൻ വന്നു പ്രസംഗിക്കുന്നു....അച്ഛന്റെയും 
അമ്മയുടെയും കുടി പ്രസംഗം കേൾക്കാൻ പോയത് നേരിയ ഓർമ്മയിൽ... സ്കൂൾ ഗ്രൗണ്ടിന്റെ കിഴക്കു ഭാഗത്തു വളരെ ഉയർത്തിക്കെട്ടിയ ഒരു സ്റ്റേജ്  അന്നുണ്ടായിരുന്നു.... അമ്പതുകളിൽ ഇന്ത്യയിലെ പ്രധാനമന്ത്രി ആയിരുന്ന ജവാഹർലാൽ നെഹ്‌റു വന്നപ്പോൾ വളരെ ഉയരത്തിൽ കയറ്റി നിർത്തി പ്രസംഗിപ്പിക്കാൻ വേണ്ടി കെട്ടിയുണ്ടാക്കിയ ഒരു സ്റ്റേജ്... ഇപ്പോഴുണ്ടോ എന്ന് ശ്രദ്ധിച്ചിട്ടില്ല.... അവിടെത്തന്നെയായിരുന്നു മന്നത്തിന്റെയും പ്രസംഗം....അന്ന് കേരളത്തിൽ മൂന്നുപേർക്ക് മാത്രമുണ്ടായിരുന്ന അമേരിക്കൻ കാർ "പോണ്ടിയാക്ക്".... ഒന്ന് കേരള മുഖ്യമന്ത്രി, രണ്ടു തിരുവനന്തപുരം ആർച്ചുബിഷപ്പ്,  പിന്നെ മന്നത്തു പദ്മനാഭൻ......

കേരളത്തിലെ നവോദ്ധാന നായികാ നായകന്മാരിൽ നിറഞ്ഞു നിന്നിരുന്ന ഒരു പേരാണ് മന്നത്തു പദ്മനാഭ പിള്ള എന്ന മന്നത്തു പദ്മനാഭൻ.... എന്നിരുന്നാലും "നായർ സമൂഹമാണ് എന്റെ ശ്വാസം" എന്ന് തുറന്നു പറയാൻ ഒരിക്കലും മടി കാണിച്ചിട്ടില്ല.....പലപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ അവസരമുണ്ടായിട്ടുണ്ട്...ചില വാക്കുകൾ ഇന്നും മായാതെ മനസ്സിൽ...!!!

1.ഞാൻ എന്റെ അമ്മക്ക് മകനും, ഭാര്യക്ക് ഭർത്താവും, മകൾക്കു അച്ഛനുമാണ്....  ഒരേസമയം...ഈ തിരിച്ചറിവ് നിങ്ങൾക്കുണ്ടാകണം... 
ഈ തിരിച്ചറിവ് ഇല്ലാത്തതല്ലേ? ഇന്നത്തെ ഏറ്റവും വലിയ ശാപം....!!! 
2.നായരു മുടിഞ്ഞാൽ കാപ്പിക്കട...!!!
മാപ്പിള മുടിഞ്ഞാൽ മീൻ കച്ചവടം.....!!!

സ്മരണാഞ്ജലി....